Skip to main content

ബദൽനയങ്ങളിലൂടെ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനും രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും എൽഡിഎഫ് സർക്കാരിന്റെ എട്ടു വർഷത്തെ പ്രവർത്തനത്തിനായി

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിധി നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ആ ഘട്ടത്തിൽത്തന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ എട്ടാം വാർഷികം കടന്നുപോകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ ഇടപെടലുകൾ വിവിധ ഘട്ടങ്ങളിൽ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ പൂർണ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വവിരുദ്ധ സമരത്തോടൊപ്പം ജന്മിത്വത്തെ തകർക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമുള്ള പോരാട്ടം അത് മുന്നോട്ടുവച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ മുദ്രാവാക്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇടപെടലും നടത്തി. ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ജനകീയ ബദൽ ഉയർത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങൾക്കും ഇടതുപക്ഷം നേതൃത്വം നൽകി. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം നടത്തിയ ഇടപെടലുകളാണ് തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശനിയമം തുടങ്ങിയവ പ്രാബല്യത്തിൽ വരുത്തിയത്. അക്കാലത്ത് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയെ തകർച്ചയിലേക്ക് നയിക്കാതിരുന്നതും ഇടതുപക്ഷത്തിന്റെ ഇടപെടലുകൾ കൊണ്ടുതന്നെ.

ഇന്ത്യയിൽ ഇടതുപക്ഷം മുന്നോട്ടുവച്ച രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അനുഗുണമായവിധം ഇടപെടുന്നതിനും ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞു. സിപിഐ എമ്മിന്റെ പാർടി പരിപാടി ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. "1957ൽ കേരളത്തിൽ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീട്, പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തിൽ അധികാരമേറ്റ ഗവൺമെന്റുകളും ഈ ജനകീയ നയങ്ങൾ നടപ്പാക്കുന്നതിൽ മാതൃക കാട്ടി. ഈ സർക്കാരുകൾ നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ ഭൂപരിഷ്കരണം നടപ്പാക്കുകയും അധികാരം വികേന്ദ്രീകരിക്കുകയും പഞ്ചായത്ത് വ്യവസ്ഥയെ ചൈതന്യപൂർണമാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുകയും അങ്ങനെ രാജ്യത്ത് ബദൽ നയങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന ജനാധിപത്യ ശക്തികൾക്ക് കരുത്ത് പകരുകയും ചെയ്യുന്നു'. (പാർടി പരിപാടി 1.19)

പാർടി പരിപാടി വിലയിരുത്തുന്നതുപോലെ രാജ്യത്തെ ജനാധിപത്യ ശക്തികൾക്ക് കരുത്തുപകരുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ മുന്നോട്ടുകൊണ്ടുപോയി. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഭവങ്ങൾ നൽകാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരം ഈ ദിശയിലെ സുപ്രധാനമായ കാൽവയ്‌പായിരുന്നു. പ്രതിപക്ഷ കക്ഷികൾ നേതൃത്വം കൊടുക്കുന്ന സർക്കാരുകളെ ഗവർണറെ ഉപയോഗിച്ച് ദുർബലപ്പെടുത്താനുള്ള നയത്തിനെതിരെയും അർഹതപ്പെട്ട വിഭവങ്ങൾ സംസ്ഥാനത്തിന് നൽകാത്ത നടപടിക്കെതിരെയും രണ്ട് കേസ്‌ സംസ്ഥാന സർക്കാർ നൽകുകയുണ്ടായി. ഇത്, ഫെഡറലിസത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പുതിയ മുഖമായി മാറി. മറ്റ് സർക്കാരുകളെയും ഈ ദിശയിലേക്ക് നയിക്കുന്നതിനുള്ള പ്രചോദനമായും അത് ഉയർന്നുവന്നു.

ഇടതുപക്ഷ സർക്കാരുകൾ ബദൽനയം രൂപപ്പെടുത്തണമെന്ന കോയമ്പത്തൂർ പാർടി കോൺഗ്രസിന്റെ നിർദേശം കേരളത്തിൽ നല്ല നിലയിൽ നടപ്പാക്കാനായി. പൊതുമേഖലയെ തകർക്കുക, കാർഷിക മേഖലയിൽനിന്ന്‌ സർക്കാർ പിന്മാറുക, ആരോഗ്യ– -വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികൾ തകർക്കുക, മതനിരപേക്ഷതയെയും അധികാര വികേന്ദ്രീകരണത്തെയും ദുർബലപ്പെടുത്തുക തുടങ്ങിയ നയങ്ങൾക്കുള്ള ബദലുകൾ കേരളമുയർത്തി. ബദൽ സാധ്യമല്ലെന്ന വലതുപക്ഷ ചിന്തകളുടെ മുനയൊടിക്കാനും ഇതിലൂടെ സർക്കാരിന് കഴിഞ്ഞു. ആഗോളവൽക്കരണ നയങ്ങൾക്കെതിരെയുള്ള ബദൽ കാഴ്ചപ്പാടിനെ സംസ്ഥാനത്തിന്റെ വികസനവുമായി കണ്ണിചേർത്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സർക്കാരുകൾ ക്ഷേമ പ്രവർത്തനങ്ങൾമാത്രം നടത്തുന്ന സർക്കാരാണെന്നും വികസന പദ്ധതികളെ കൈയൊഴിയുന്നതാണ് അതിന്റെ നയമെന്നുമുള്ള വിമർശങ്ങളെ പൂർണമായും ഇല്ലാതാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വികസനപ്രവർത്തനത്തെ തടയുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്ന നിലയാണ് കേരളത്തിലുണ്ടായത്. വികസനവിരുദ്ധരാണ് ഇടതുപക്ഷമെന്ന വലതുപക്ഷത്തിന്റെ സ്ഥിരം പല്ലവി കേരളത്തിൽ കേൾക്കാനില്ലാത്ത അവസ്ഥയായി. പശ്ചാത്തല സൗകര്യ വികസനത്തിൽ കിഫ്ബിയിലൂടെ വികസിപ്പിച്ചെടുത്ത വികസന കാഴ്ചപ്പാട് സംസ്ഥാന സർക്കാരിന്റെ പുതിയ കാൽവയ്‌പായി മാറി.

ആഗോളവൽക്കരണ കാലഘട്ടത്തിൽ കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ഏറ്റവും പിന്നണിയിലുള്ള ജനവിഭാഗങ്ങൾ പിന്തള്ളപ്പെട്ടുപോകുന്നെന്ന പ്രശ്നം അഭിമുഖീകരിച്ച് ജനകീയ നയങ്ങൾ രൂപപ്പെടുത്താനും സർക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പ് നടത്തി. ആർദ്രം പദ്ധതിയിലൂടെ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി പാവപ്പെട്ടവർക്ക് ആശ്വാസം നൽകി. വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിയിലൂടെ തലചായ്ക്കാനുള്ള ഒരിടം ജനങ്ങൾക്കാകമാനം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന പദ്ധതിയും രൂപപ്പെടുത്തി. സാമൂഹ്യക്ഷേമ പെൻഷനുകൾ 600 രൂപയിൽനിന്ന്‌ 1600 രൂപയായി വർധിപ്പിച്ചു. പെൻഷൻ വാങ്ങുന്ന ജനങ്ങളുടെ എണ്ണം 33 ലക്ഷത്തിൽനിന്ന്‌ 63 ലക്ഷമായി വർധിപ്പിക്കുന്ന സമീപനം സ്വീകരിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ഇടപെടലും ശക്തിപ്പെടുത്തി. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യയേക്കാൾ കൂടുതൽ അനുപാതം ബജറ്റിൽ അനുവദിച്ചു. ജൻഡർ ബജറ്റിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങളെയും അഭിമുഖീകരിച്ചു. കുടുംബശ്രീ കൂടുതൽ കാര്യക്ഷമമാക്കിയതോടെ സ്ത്രീ ശാക്തീകരണത്തിന് വലിയ കുതിപ്പും നൽകാനായി. എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ കുടുംബശ്രീയിൽ 40 ലക്ഷത്തോളം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലമാകുമ്പോഴേക്കും അത് 47 ലക്ഷമായി വർധിച്ചു.

ജനതയുടെ എല്ലാവിധ പ്രതിസന്ധികളിലും കൂടെ നിന്ന് അവ പരിഹരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതിനോടൊപ്പം അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ദീർഘകാല പദ്ധതികൾക്കും സർക്കാർ നേതൃത്വം നൽകി. നവകേരള പദ്ധതി ഇത്തരത്തിലുള്ള ചുവടുവയ്പായിരുന്നു. അതിനായി ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. വൈജ്ഞാനിക സമൂഹസൃഷ്ടിയിലൂടെ എല്ലാ മേഖലയിലും ആധുനിക വിജ്ഞാനത്തെ വിന്യസിക്കാനും അതുവഴി ഉൽപ്പാദനം ഉയർത്തുന്നതിനുമുള്ള ഇടപെടൽ നടത്തി. ഇതിലൂടെ, ഉന്നത വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവും നടപ്പാക്കാനായി. നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടി. കോഴിക്കോട്, കൊച്ചി, സംസ്കൃത സർവകലാശാലകൾ എ ഗ്രേഡ് നേടി. 16 കോളേജ്‌ കേരളത്തിൽനിന്ന് എ പ്ലസ് പ്ലസ് നേടി. 26 കോളേജ്‌ എ പ്ലസ് നേടി. 53 കോളേജ്‌ എ ഗ്രേഡും സ്വന്തമാക്കി. ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഏഷ്യയിലെ മൂന്നാമത്തെ റാങ്ക് ഐഐഎസ്‌സി ബംഗളൂരുവിനും അണ്ണാ യൂണിവേഴ്സിറ്റിക്കും പിന്നിൽ എംജി യൂണിവേഴ്സിറ്റി കരസ്ഥമാക്കി. ആദ്യ 150 റാങ്കിങ്ങിൽ ഇന്ത്യയിൽനിന്ന്‌ അഞ്ച്‌ യൂണിവേഴ്സിറ്റി മാത്രമേ ഇടം കണ്ടുള്ളൂ. ആധുനിക വിജ്ഞാനങ്ങളെയും പരമ്പരാഗതമായ അറിവുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വൈജ്ഞാനിക മുന്നേറ്റത്തിന് കേരളം നേതൃത്വം നൽകുകയാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിലും സർക്കാർ സജീവമായി ഇടപെട്ടു. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പ്രഖ്യാപനം മാത്രമല്ല, കോടതിയെ സമീപിക്കുകയും ചെയ്തു. ഏകീകൃത സിവിൽ നിയമം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമായിരുന്നു. വർഗീയ ധ്രുവീകരണം രാജ്യത്ത് ശക്തിപ്പെടുത്തുന്ന ഇടപെടൽ നടത്തുമ്പോഴും വർഗീയ സംഘർഷങ്ങളില്ലാത്ത നാടായി കേരളത്തെ നിലനിർത്തുന്നതിനും എൽഡിഎഫ് സർക്കാരിനായി. ഇടതുപക്ഷം നടത്തിയ പാർലമെന്റ്–- പാർലമെന്റ് ഇതര പോരാട്ടമാണ് ഇന്ന് ബിജെപിക്കെതിരായി തെരഞ്ഞെടുപ്പിൽ രാജ്യത്ത്‌ അലയടിക്കുന്ന ജനകീയ മുന്നേറ്റങ്ങളുടെ അടിസ്ഥാനം. കോർപറേറ്റ് മാധ്യമങ്ങൾ മറച്ചുവച്ച ഈ മുന്നേറ്റം ഇപ്പോൾ പുറത്തുവരുകയാണ്. രാമനും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ബിജെപിക്കും അവർ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രചാരണത്തിനും മുമ്പ് രാജ്യത്ത്‌ ഉണ്ടായതാണെന്നും അതിന്, ബിജെപിയുടെ സഹായം ആവശ്യമില്ലെന്നും വിശ്വാസികൾതന്നെ പരസ്യമായി പ്രതികരിക്കുന്ന നിലയിലെത്തി. ജനങ്ങൾക്കുവേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം എല്ലാ ഭാഗത്തുനിന്നും ബിജെപിക്കു നേരെ ഉയരുകയാണ്.

കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ബിജെപി എന്തു ചെയ്തുവെന്ന് ജനങ്ങൾ ചോദിക്കുകയാണ്. ബിജെപി സർക്കാർ സമ്പന്നന്റെ സർക്കാരാണെന്ന് ഇന്ത്യൻ ജനത പറയുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുകയാണ്. ഇത്തരം സ്ഥിതിവിശേഷം രാജ്യത്ത് രൂപപ്പെടുത്തുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത് കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും സാംസ്കാരിക രംഗത്തുമെല്ലാം ഇടതുപക്ഷം നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങളാണ്‌. ഇന്ത്യയിലെ ഇടതുപക്ഷം മുന്നോട്ടുവച്ച രാഷ്ട്രീയ പ്രശ്നങ്ങൾ ഇന്ത്യൻ ജനത ഏറ്റെടുക്കുന്നുവെന്നതാണ് വർത്തമാനകാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബദൽനയങ്ങളിലൂടെ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനും രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽകൂടി സഹായകമായെന്ന് ഇവിടെ കാണാം. ഇത്തരത്തിൽ രാജ്യത്തെ ജനാധിപത്യശക്തികളുടെ പോരാട്ടങ്ങൾക്ക് കരുത്തായി മാറുന്ന ഇടപെടൽകൂടിയാണ് എൽഡിഎഫ് സർക്കാരിന്റെ എട്ടു വർഷത്തെ പ്രവർത്തനമെന്ന് ഈ വാർഷികവേളയിൽ നിസ്സംശയം പറയാം.
 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.