മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം. അനാവശ്യ ഭേദഗതികളാണ് കമീഷൻ നിർദേശിക്കുന്നത്. ഭരണഘടനയുടെ 324-ാം വകുപ്പുപ്രകാരം തെരഞ്ഞെടുപ്പുകളുടെ സംവിധാനം, മേൽനോട്ടം, നിയന്ത്രണം എന്നിവയാണ് കമീഷന്റെ ചുമതലകൾ.
തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്ന മാർഗം രാഷ്‌ട്രീയപാർടികൾ വെളിപ്പെടുത്തണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയിൽ വരുന്നതല്ല. ‘‘ധനകാര്യ സുസ്ഥിരത’’ സംബന്ധിച്ച് രാഷ്‌ട്രീയവും നയപരവുമായ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടാകാം. ഉദാഹരണത്തിന് ധനകമ്മി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനം കവിയരുതെന്ന് വ്യവസ്ഥ ചെയ്യുന്നതിനോട് സിപിഐ എം യോജിക്കുന്നില്ല. ധനപരമായ യാഥാസ്ഥിതിക ആശയങ്ങൾക്ക് ബദലുകളുണ്ട്. സുബ്രഹ്‌മണ്യം ബാലാജി കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പ്രായോഗികസാധുത വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കമീഷൻ നിലപാട് മാറ്റിയത് അത്ഭുതകരമാണ്.
തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്‌ദാനങ്ങൾ ചെയ്യുന്നതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ അവസരത്തിൽ രാഷ്‌ട്രീയപാർടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കമീഷന്റെ ഭേദഗതി ശുപാർശ ആവശ്യമില്ലാത്ത നടപടിയാണ്.