ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറ്റിരണ്ട് പോരാട്ട വർഷങ്ങൾ പിന്നിടുകയാണ്. പുതിയൊരു രാഷ്ട്രത്തെ സ്വപ്നം കാണാൻ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് രാഷ്ട്രീയ അടിത്തറ നൽകിയ താഷ്കെന്റിലെ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണം 1920 ൽ ഇതേ ദിവസമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ ഒരു ജനതയുടെ വിമോചന സ്വപ്നങ്ങളെ മാർക്സിസം കൂടുതൽ വിശാലമാക്കുന്ന രാഷ്ട്രീയ പശ്ചാത്തലമായിരുന്നു. 1917ൽ റഷ്യയിൽ സാർ ഭരണം അവസാനിപ്പിച്ച തൊഴിലാളി വർഗ മുന്നേറ്റം മറ്റെല്ലായിടങ്ങളെയും പോലെ ഇന്ത്യയെയും ആവേശഭരിതമാക്കി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ ഇന്ത്യൻ തൊഴിലാളി കർഷക പോരാട്ടങ്ങൾക്ക് അത് ദിശാസൂചിയായി. സോവിയറ്റ് വിമോചന രാഷ്ട്രീയം ഇന്ത്യയിലും അവതരിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ ഏഴ് പേർ താഷ്ക്കെന്റിൽ യോഗം ചേർന്നു. സഖാക്കൾ എം എൻ റോയ്, എവലിൻ ട്രെന്റ് റോയ്, അബനി മുഖർജി, റോസാ ഫിറ്റിൻഗോഫ്, മുഹമ്മദ് അലി, മുഹമ്മദ് ഷെഫീഖ്, ആചാര്യ എന്നിവർ പങ്കെടുത്ത ആദ്യ യോഗം സ. മുഹമ്മദ് ഷെഫീഖിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയധാര സജീവമാക്കുന്നതിന് ഈ രൂപീകരണത്തിലൂടെ സാധിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചെറിയ ഗ്രൂപ്പുകളായി ആശയ വിദ്യാഭ്യാസമെത്തിക്കാനും താഷ്കെന്റിന്റെ തുടർച്ചകൾക്ക് സാധിച്ചു. തൊഴിലാളി വർഗ പോരാട്ടത്തിന്റെ ആദ്യ പാഠമെന്ന നിലയിൽ താഷ്ക്കെന്റിൽ വച്ച് നടന്ന പാർടി രൂപീകരണത്തിന് ചരിത്രപ്രാധാന്യം ഏറെയാണ്.