രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ വിനിയോഗമാണ് കേരള ഗവർണർ നടത്തുന്നത്. സകല മര്യാദകളും ലംഘിച്ച് ആർഎസ്എസ്സിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്. ഇപ്പോൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് അദ്ദേഹം കടന്നിരിക്കുകയാണ്. തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ തീർത്തും ഭരണഘടനാ വിരുദ്ധമാണ്. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത് ശുദ്ധമായ കോമാളിത്തരം മാത്രമാണ്. മാറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ വേണ്ടി അമിതാധികാരത്തിന്റെ ഉച്ചഭാഷിണിയായി പ്രവർത്തിക്കുന്ന ഗവർണർ സ്വയം പരിഹാസ്യനാവുകയും ആ പദവിയെ ആക്ഷേപിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ് അദ്ദേഹം ഉയർത്തുന്നത് എന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കണം. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനും നാടുവാഴിത്ത രീതിയിൽ താൻപ്രമാണിത്തം കാണിക്കാണും വേണ്ടി നടത്തുന്ന ഗവർണറുടെ ഈ പ്രകടനങ്ങളെ ജനാധിപത്യ കേരളം ചെറുത്ത് തോല്പിക്കും. സർ സി പിയെപ്പോലുള്ള അമിതാധികാരികൾക്ക് ചരിത്രം നൽകിയ സ്ഥാനം എന്താണെന്ന് കൂടെയുള്ളവരെങ്കിലും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണം.