Skip to main content

സംഘപരിവാറിന് ഹിന്ദുത്വരാഷ്ട്രത്തോട് മാത്രമാണ് പ്രതിപത്തിയുള്ളത്

ബുധനാഴ്‌ചത്തെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാനവാർത്തയുടെ തലക്കെട്ട്‌ മോദിക്ക്‌ ‘ഇന്ത്യാ’പ്പേടി എന്നാണ്‌. ഇവിടെ പറയുന്ന ‘ഇന്ത്യ’, 26 പ്രതിപക്ഷ പാർടി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിന്റെ പേരിന്റെ ചുരുക്കമാണ്‌. (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ്‌ അലയൻസ്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌ ഇന്ത്യ) അത്തരമൊരു പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി മോദി ഭയക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്‌ തലക്കെട്ട്‌ നൽകുന്ന സന്ദേശം. അതിനിടയാക്കിയത്‌ മോദി ചൊവ്വാഴ്‌ച നടത്തിയ പ്രസ്‌താവനയാണ്‌. മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ വിസമ്മതിച്ച പ്രധാനമന്ത്രി ബിജെപി പാർലമെന്ററി പാർടി യോഗത്തിലാണ്‌ പ്രതിപക്ഷ സഖ്യത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചത്‌. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയിലുമടക്കം ഇന്ത്യ എന്ന പേരുണ്ട്‌ എന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. അതായത്‌ പ്രതിപക്ഷത്തെ ഭീകരവാദികളും തീവ്രവാദികളുമായാണ്‌ പ്രധാനമന്ത്രി തുലനം ചെയ്യുന്നത്‌. ഇന്ത്യ എന്നാൽ ഭീകരവാദം എന്ന ആഖ്യാനമാണ്‌ ഇവിടെ നിർമിക്കപ്പെടുന്നത്‌. ഇത്‌ നമ്മുടെ രാഷ്ട്രത്തെയും അതിലെ 139 കോടി ജനങ്ങളെയും അപമാനിക്കുന്നതിന്‌, അവഹേളിക്കുന്നതിന്‌ തുല്യമാണ്‌.
‘പ്രതിപക്ഷമുക്ത ഭാരതം’ എന്ന ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യം ഉയർത്തുന്ന, സ്വേച്ഛാധിപത്യത്തിൽ അഭിരമിക്കുന്ന മോദിക്ക്‌ ഇന്ത്യയെന്ന്‌ കേൾക്കുമ്പോൾ കലികയറുന്നത്‌ എന്തിനാണ്‌. ലോകത്ത്‌ നമ്മുടെ രാജ്യം അറിയപ്പെടുന്നത്‌ ഇന്ത്യയെന്ന പേരിലാണ്. നരേന്ദ്ര മോദിയെ ഇന്ന്‌ ലോകം വിശേഷിപ്പിക്കുന്നത്‌ പ്രൈം മിനിസ്റ്റർ ഓഫ്‌ ഇന്ത്യ എന്നാണ്‌. പാസ്‌പോർട്ടിലുള്ളത്‌ റിപ്പബ്ലിക് ഓഫ്‌ ഇന്ത്യ എന്നാണ്‌. മോദി വിദേശരാജ്യങ്ങളിൽ പ്രസംഗിക്കുമ്പോൾ അഭിമാനത്തോടെ അവകാശപ്പെടാറുള്ളത്‌ ‘ഇന്ത്യ ഈസ്‌ മദർ ഓഫ്‌ ഡെമോക്രസി’യെന്നാണ്‌. കഴിഞ്ഞ മാസാവസാനം നടത്തിയ അമേരിക്കൻ സന്ദർശനവേളയിൽ പാർലമെന്റിന്റെ ഇരുസഭയെയും അഭിസംബോധന ചെയ്‌തപ്പോഴും ഇതേ വാചകം മോദി ആവർത്തിച്ചു. മോദിസർക്കാർ കൊട്ടും കുരവയുമായി തുടങ്ങിയ പല പദ്ധതികളുടെ പേരിലും ഈ ഇന്ത്യയുണ്ടല്ലോ? മേക്ക്‌ ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്‌ ഇന്ത്യ, ക്ലീൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവ ഉദാഹരണങ്ങൾ. മോദി സർക്കാരിന്റെ ഈ പദ്ധതികളും ഭീകരവാദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നുകൂടി പ്രധാനമന്ത്രി വ്യക്തമാക്കുന്നത്‌ നല്ലതാണ്‌.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചതുപോലെ ‘ഇന്ത്യ എന്ന പേരിനോട്‌ എന്താണ്‌ ഇത്ര വിദ്വേഷം’. ‘ബ്രിട്ടീഷ്‌ ഭരണത്തിൽനിന്ന്‌ രാജ്യത്തെ മോചിപ്പിക്കാൻ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതിനെക്കുറിച്ച്‌ മോദിക്ക്‌ അറിയില്ലേ’ എന്നും യെച്ചൂരി ചോദിക്കുകയുണ്ടായി. അതറിയാനുള്ള സാധ്യത വിരളമാണ്‌. കാരണം കൊളോണിയൽ മേധാവിയായ ബ്രിട്ടനെ ഒരു മടിയുമില്ലാതെ സേവിച്ചവരുടെ പിന്മുറക്കാരാണ്‌ ഇന്ന്‌ രാജ്യം ഭരിക്കുന്നത്‌. ബ്രിട്ടീഷുകാർക്കെതിരെ പൊരുതി ഊർജം പാഴാക്കുന്നതിനു പകരം ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങൾക്കും ക്രൈസ്‌തവർക്കും കമ്യൂണിസ്റ്റുകാർക്കുമെതിരെ അത്‌ കരുതിവയ്‌ക്കാൻ ആവശ്യപ്പെട്ട ഗോൾവാൾക്കറുടെ ശിഷ്യഗണങ്ങളാണ്‌ ഇന്ന്‌ രാജ്യഭരണത്തിന്റെ ചക്രം തിരിക്കുന്നത്‌. ബ്രിട്ടീഷ്‌ നുകത്തിൽനിന്ന്‌ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാത്മാഗാന്ധിയെ വധിച്ചതും ഇക്കൂട്ടർതന്നെയാണ്‌. അവരെ സംബന്ധിച്ച്‌ എന്ത്‌ ഇന്ത്യ. അവർക്ക്‌ ഇന്ത്യയോട്‌ ഒരു സ്‌നേഹവുമില്ല. ഹിന്ദുത്വരാഷ്ട്രത്തോട്‌ മാത്രമാണ്‌ അവർക്ക്‌ പ്രതിപത്തിയുള്ളത്‌. അതുകൊണ്ടുതന്നെ ഇന്ത്യയെയും ഇന്ത്യക്കാരെയും ഭീകരവാദികളും തീവ്രവാദികളുമായും ചിത്രീകരിക്കുന്നതിൽ ഒരു മടിയുമില്ലാത്ത കൂട്ടരാണ്‌ സംഘപരിവാർ.

എന്നാൽ ഇന്ത്യയെന്ന ആശയത്തെ, അതിന്റെ ബഹുസ്വരതയെ, വൈവിധ്യങ്ങളെ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ ഇന്ത്യയിലെ പ്രതിപക്ഷം ഏർപ്പെട്ടിരിക്കുന്നത്‌. വെറുപ്പും വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ മോദിയുടെ ഇന്ത്യക്ക്‌ പകരം സ്‌നേഹവും സാഹോദര്യവും ഐക്യവും പ്രതീകമായ രാഷ്ട്രമാണ്‌ ‘ഇന്ത്യ’ മുന്നോട്ടുവയ്‌ക്കുന്നത്‌. പട്‌നയ്‌ക്കുശേഷം ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ വച്ചാണ്‌ പ്രതിപക്ഷ സഖ്യത്തിന്‌ ‘ഇന്ത്യ’ എന്ന പേര്‌ നൽകുന്നത്‌. അതോടൊപ്പം സംയുക്ത പ്രസ്‌താവനയും പുറത്തിറക്കി. ആദ്യ യോഗത്തിൽ 16 കക്ഷികളാണ്‌ പങ്കെടുത്തതെങ്കിൽ ബംഗളൂരു യോഗത്തിൽ 26 കക്ഷികൾ പങ്കെടുത്തു. അടുത്തമാസം മുംബൈയിൽ ചേരുന്ന യോഗത്തിലേക്ക്‌ കൂടുതൽ കക്ഷികളെ പ്രതീക്ഷിക്കുന്നുവെന്ന്‌ മാത്രമല്ല, പുതിയ സംഘടനാസംവിധാനവും ഈ കൂട്ടായ്മയ്‌ക്ക്‌ കൈവരും.

വലിയ പ്രതീക്ഷയാണ്‌ ‘ഇന്ത്യ’ എന്ന കൂട്ടായ്‌മ രാജ്യത്തെ ജനങ്ങൾക്ക്‌ നൽകിയിട്ടുള്ളത്‌. ബംഗളൂരു യോഗത്തിനുശേഷം വിവിധ മാധ്യമങ്ങളിൽ വന്ന വിശകലനങ്ങൾ ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാകും. ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ വീശുന്ന പുതിയ കാറ്റാണ്‌ ‘ഇന്ത്യ’ യെന്നാണ്‌ പ്രശസ്‌ത മാധ്യമപ്രവർത്തകയും ഗ്രന്ഥകർത്താവുമായ സാഗരിക ഘോഷ്‌ വിശേഷിപ്പിച്ചത്‌. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സ്വരാജ്‌ ഇന്ത്യയുടെ പ്രവർത്തകനുമായ യോഗേന്ദ്ര യാദവ്‌ ‘ദ പ്രിന്റിൽ’ എഴുതിയ ലേഖനത്തിൽ പറഞ്ഞത്‌ ‘ഇന്ത്യ എന്ന പേര്‌ അത്യുജ്വലമായി’എന്നാണ്‌. ‘ജനങ്ങളുമായി ദീർഘകാലത്തേക്കുള്ള ആശയവിനിമയത്തിന്‌ പ്രതിപക്ഷം നടത്തിയ മികച്ച ശ്രമങ്ങളിലൊന്നാണിത്‌. ഇന്ത്യയെന്ന ആശയത്തിന്റെ വീണ്ടെടുപ്പിനെ പ്രതീകവൽക്കരിക്കുന്നതിനൊപ്പം ബിജെപിയെയും അവരുടെ മാധ്യമപ്പടയെയും വിഷമവൃത്തത്തിലാക്കുന്നതുകൂടിയാണിത്‌.’ ആ വിഷമമാണ്‌ മോദിയുടെ അപക്വമായ പ്രതികരണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്‌. അതായത്‌ പ്രതിപക്ഷത്തിന്റെ നീക്കം വലിയ ചലനങ്ങളാണ്‌ രാജ്യത്ത്‌ സൃഷ്ടിക്കുന്നത്‌. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌ ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം. അത്‌ ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുകയാണെന്ന്‌ മോദിയുടെയും ബിജെപിയുടെയും വിറളിപിടിച്ച നീക്കങ്ങളിൽനിന്ന്‌ വ്യക്തമാകുന്നു.

ആദ്യ ഉദാഹരണം ബംഗളൂരുവിൽ ‘ഇന്ത്യ’യുടെ സുപ്രധാനയോഗം നടന്ന ജൂലൈ 18നു തന്നെ ന്യൂഡൽഹിയിൽ ബിജെപി നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) യോഗം വിളിച്ചുചേർത്തതാണ്‌. 2019ൽ തനിച്ച്‌ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നശേഷം ആദ്യമായാണ്‌ എൻഡിഎയുടെ യോഗം വിളിച്ചുചേർത്തത്‌. അതിൽ 38 കക്ഷികൾ പങ്കെടുത്തുവെങ്കിലും മൂന്നിലൊന്ന്‌ കക്ഷികൾക്ക്‌ മാത്രമാണ്‌ പാർലമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ഉള്ളത്‌. അക്കങ്ങളുടെ കളിയിൽ ഞങ്ങളാണ്‌ മുന്നിലെന്ന്‌ മേനിനടിക്കാനുള്ള വെപ്രാളമാണ്‌ ആ നീക്കത്തിൽ നിഴലിച്ചുകണ്ടത്‌. അതുകൊണ്ടാണ്‌ പ്രശസ്‌ത സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകനായ സുഹാസ്‌ പാൽഷിക്കർ ‘എങ്ങനെയും ശ്രദ്ധ നേടാൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിനോട്‌’ പുതിയ എൻഡിഎയെ ഉപമിച്ചത്‌. മോദികാലത്ത്‌ അഗണ്യകോടിയിൽ തള്ളപ്പെട്ട സഖ്യം ജീവിച്ചിരിപ്പുണ്ടെന്ന്‌ മാലോകരെ ബോധ്യപ്പെടുത്താനായിരുന്നു ധൃതിപിടിച്ച്‌ എൻഡിഎ യോഗം വിളിച്ചുചേർത്തത്‌. കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസ്‌താവന ബിജെപിയും സംഘപരിവാറും ചെന്നുപെട്ട പ്രതിസന്ധിയുടെ ആഴമാണ്‌ ബോധ്യപ്പെടുത്തുന്നത്‌. ‘ഇന്ത്യ’ക്കെതിരെ മോദിയുടെ ഉറഞ്ഞുതുള്ളലിനെ ന്യായീകരിച്ച്‌ കടന്നൽക്കൂട്‌ ഇളകിയതുപോലെ ബിജെപി മുഖ്യമന്ത്രിമാരും മന്ത്രിമാരും നേതാക്കളും ഗോദി മീഡിയയും രംഗത്തുവന്നതിൽനിന്ന്‌ ഇത്‌ വായിച്ചെടുക്കാം. അടുത്തിടെ നിയമമന്ത്രിസ്ഥാനം നഷ്ടപ്പെട്ട കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ, മുൻ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്‌ എന്നിവരെല്ലാം മോദി നടത്തിയ പ്രസ്‌താവന ആവർത്തിച്ചപ്പോൾ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌ ‘പേര്‌ മാറ്റിയതുകൊണ്ടുമാത്രം മാറ്റമുണ്ടാകില്ലെന്ന്‌’ ട്വീറ്റ്‌ ചെയ്‌തു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും മോദിയെ പിന്തുണച്ച്‌ രംഗത്തുവന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞതുപോലെ ‘ഇന്ത്യ’ എന്ന ‘അസ്‌ത്രം ലക്ഷ്യസ്ഥാനത്തുതന്നെ കൊണ്ടതിലുള്ള വേദനയാണ്‌’ പലവിധത്തിലും പുറത്തുവരുന്നത്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മോദിക്ക്‌ വാട്ടർലൂ ആയിരിക്കുമെന്ന്‌ കഴിഞ്ഞ ആഴ്‌ച നടത്തിയ നിരീക്ഷണം ശരിവയ്‌ക്കുന്ന സംഭവങ്ങളാണ്‌ ഇതൊക്കെ.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.