ആരാണ് യഥാർത്ഥ കുറ്റവാളി?
ബഹു. സുപ്രീം കോടതിയുടെ ചോദ്യം കേന്ദ്രസർക്കാർ കേൾക്കുമോ? നാഗാലാൻഡും കേന്ദ്രവും ഭരിക്കുന്നത് ബിജെപി വനിതാസംവരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ ഭരണഘടനാവകാശങ്ങൾ അംഗീകരിക്കാതെ "ഒഴിഞ്ഞു മാറി കൈ കഴുകി രക്ഷപ്പെടാൻ അനുവദിക്കില്ല" - സുപ്രീം കോടതിയുടെ പ്രഖ്യാപനമാണ്.
വനിതകളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് കുറ്റകരമാണ്. ബഹു. കോടതി തന്നെ സർക്കാറിനെ ശക്തമായി വിമർശിക്കുന്നു.
ആരാണ് യഥാർത്ഥ കുറ്റവാളി?
മണിപ്പൂർ പെണ്മക്കൾ മത ഭ്രാന്തന്മാരാൽ പിച്ചി ചീന്തപ്പെട്ടു. അതിനു ആഹ്വാനം ചെയ്തവരിൽ സ്ത്രീകളുമുണ്ടായിരുന്നത്രെ.
അതിലെന്താണിത്ര അത്ഭുതപ്പെടാനുള്ളത് ?മതഭ്രാന്തിളക്കിവിട്ടാൽ മനുഷ്യൻ പിശാചായി മാറുന്നു. അതിൽ സ്തീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ വ്യത്യാസമുണ്ടാകില്ല. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പോലും ലൈംഗികമായി പീഢിപ്പിച്ചവരുടെകൂട്ടത്തിലുണ്ട്.
തളർന്ന ശരീരവും മരവിച്ച മനസുമായി ജീവച്ഛവമായി വീടും കൂടും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പെൺകുട്ടികൾക്ക് അത്താണിയായി മാറേണ്ട ഭരണാധികാരികൾ വനിതകൾ തന്നെ അത്യുന്നതസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും അവരെ ആശ്വസിപ്പിക്കാനോ സംരക്ഷിക്കാനോ എത്തിയുമില്ല; തയ്യാറായതുമില്ല. പെൺകുട്ടികളെ ആക്രമിക്കുന്നത് തടയാൻ മണിപ്പൂരിൽ സ്ത്രീകൾ തന്നെ വടിയും കുന്തവുമായി രംഗത്തുണ്ട്. പോലീസിനേയും പട്ടാളത്തേയും അവർക്ക് വിശ്വാസമില്ല.
ഇന്ത്യയുടെ സർവ്വ സൈന്യാധിപയായ ബഹുമാന്യയായ രാഷ്ടപതി ശ്രീമതി ദ്രൗപതി മുർമ്മു, രാഷ്ട്രപതി തന്നെ നോമിനേറ്റ് ചെയ്ത വനിതാ ഗവർണ്ണർ ശ്രീമതി അനുസ്വിയ, വനിതാ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, വനിതാ കമ്മീഷൻ ചെയർപ്പേഴ്സൺ രേഖാ ശർമ്മ - ആരുമുണ്ടായില്ല ആ പാവപ്പെട്ട സഹോദരിമാരുടെ കണ്ണീരൊപ്പാൻ. വേദന തിന്നു ജീവിക്കുന്നവർ. അവരുടെ അവകാശങ്ങൾ അംഗീകരിക്കാൻ ഇന്ത്യയിലെ ഭരണാധികാരികൾ തയ്യാറാകുന്നില്ല.
നമ്മുടെ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. പ്രതിഷേധവും രോഷവും ഉയരണം.