Skip to main content

സ. സുശീല ഗോപാലൻ ദിനം, സ. എ കണാരൻ ദിനം

സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സുശീല ഗോപാലൻ അന്തരിച്ചിട്ട് 22 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 19 വർഷവുമാകുന്നു. പുന്നപ്ര– വയലാറിന്റെ സമരപാരമ്പര്യം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയിലേക്കു വന്ന സുശീല 18-ാം വയസ്സിൽ പാർടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് അന്തരിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെയും ചേർത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ് സി കെ കരുണാകരപ്പണിക്കരുടെയും അനന്തരവളായ സുശീല ഐതിഹാസികമായ പുന്നപ്ര– വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയതാളമാക്കി. എകെജിയുമായി ഉണ്ടായ അടുപ്പം വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണത വർധിപ്പിച്ചു. തുടർന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളർത്തുകയും ചെയ്‌തു.

സ്‌ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ദേശീയശ്രദ്ധ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്ദവും അവരിലൂടെ പാർലമെന്റിൽ പ്രതിധ്വനിച്ചു. ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. ലോക്‌സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും ശോഭിച്ചു. പത്തുവർഷം ലോക്‌സഭാംഗമായിരുന്ന അവർ, ജനകീയപ്രശ്നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ എന്നും മുന്നിലായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ സുശീല ഗോപാലൻ തൊഴിലാളി, മഹിളാ രംഗങ്ങളിലാണ് സജീവശ്രദ്ധ ചെലുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. 1971ൽ കയർ വർക്കേഴ്സ് സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ നേതൃത്വത്തിലിരുന്ന അവർ, കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശത്തും പ്രവർത്തകരുമായി അടുപ്പം കാത്തുസൂക്ഷിച്ചു.

അധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയർന്ന കമ്യൂണിസ്റ്റാണ് എ കണാരൻ. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. പാർലമെന്റേറിയൻ എന്നനിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു. ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയ സഖാവ് അനീതിക്കെതിരെ അനന്യമായ കാർക്കശ്യം പുലർത്തി. കർഷകത്തൊഴിലാളികളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നു. ജൻമിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകൾക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരൻ നയിച്ചത്.

കർഷകത്തൊഴിലാളികൾക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അർപ്പണബോധം പുത്തൻ തലമുറയ്ക്ക് വലിയ പാഠംതന്നെ. കർഷകത്തൊഴിലാളിക്ക് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊർജവും ആവേശവും പകർന്ന എ കണാരൻ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരംതന്നെയായിരുന്നു. പോരാട്ടപാതകളിൽ എന്നും ഊർജമായിരുന്നു ഇരുനേതാക്കളും. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർപോലും സംസ്ഥാനത്തിനും സർക്കാരിനുമെതിരെ നടത്തുന്ന കടന്നാക്രമണങ്ങളെയും ബിജെപിയും യുഡിഎഫും നടത്തുന്ന അപവാദപ്രചാരണങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ കരുത്തുപകരുന്നതാണ് സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ.
 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.