കലയെയും സാഹിത്യത്തേയും സംബന്ധിച്ച ലെനിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധമാണ്. മനുഷ്യസമൂഹം ആർജിച്ച എല്ലാ വിജ്ഞാനങ്ങളും മനുഷ്യസമൂഹത്തിന്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനാൽ അവ സംരക്ഷിക്കപ്പെടണം. ഇന്നത്തെക്കാലത്തേക്കുവേണ്ടത് സ്വീകരിക്കുകയും വേണം. പഴയതെല്ലാം നിരാകരിക്കുകയെന്ന ഫ്യൂച്ചറിസ്റ്റുകളുടെ വാദത്തെ അദ്ദേഹം ശക്തമായി എതിർത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ലെനിന്റെ അടയാളങ്ങളുണ്ട്. മൂന്നാംലോക രാജ്യങ്ങളുടെ വിമോചനത്തെ സംബന്ധിച്ച ഒരു തീസിസ് തന്നെ ലെനിൻ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ ദേശീയപ്രസ്ഥാനവുമായി ചേർന്ന് സ്വന്തമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും ലെനിൻ എടുത്തുപറഞ്ഞു. തിലകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നടന്ന തൊഴിലാളി പണിമുടക്കുകളെ വിലയിരുത്തിക്കൊണ്ട് ഇന്ത്യൻ തൊഴിലാളിവർഗത്തിന് പ്രായപൂർത്തിയായി എന്നും ലെനിൻ വിലയിരുത്തുകയുണ്ടായി.
ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നതു കൂടിയായിരുന്നു ലെനിന്റെ ഇടപെടലുകൾ. റഷ്യൻ വിപ്ലവത്തിന് അദ്ദേഹം നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനത്തിന് ഇന്നും മുതൽക്കൂട്ടാണ്. അതുകൊണ്ടാണ് മാർക്സിസം ലെനിന്റെ കാലശേഷം മാർക്സിസം ലെനിനിസം എന്ന പേരിൽ അറിയപ്പെടുന്ന നിലയുണ്ടായത്.