കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് കേന്ദ്ര ബജറ്റിൽ ഞാൻ കണ്ട ആശ്വാസം. ബജറ്റ് കമ്മി 5.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചുവെന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ അവകാശവാദം. പക്ഷേ, നിയമം എന്താ? 3 ശതമാനത്തിനപ്പുറം പാടില്ല. കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും. ധനകമ്മി 3 ശതമാനം അധികരിക്കുന്നുവെന്നു പറഞ്ഞ് കേരളത്തിനു നേരെ കുതിരകയറുന്ന കേന്ദ്രം 5.1 ശതമാനം എന്നത് അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുകയാണ്. എന്നിട്ട് പണ്ട് കേരളം 3 ശതമാനം അധികരിച്ചുവെന്നു പറഞ്ഞ് അക്കാലത്ത് അധിക വായ്പയൊക്കെ ഇന്ന് വെട്ടിക്കുറയ്ക്കുകയാണ്. അങ്ങനെ കേരളത്തിന്റെ ധനകമ്മി ഒരുപക്ഷേ 2 ശതമാനം ആകാനാണു സാധ്യത.
ബജറ്റിലെ ശ്രദ്ധേയമായ കാര്യം കേന്ദ്രം മൂലധനച്ചെലവ് ഉയർത്തി നിർത്താൻ തയ്യാറായി എന്നുള്ളതാണ്. മൂലധനച്ചെലവ് 11 ശതമാനം വർദ്ധിപ്പിച്ച് 11,11,111 കോടിയാക്കി. കാണാൻ നല്ല രസമുള്ള എണ്ണം. പക്ഷേ, ഇത്രയും രസം കേന്ദ്രത്തിനു മാത്രം മതിയെന്നാണ് നിർമ്മലാ സീതാരാമന്റെ നിലപാട്. ഇത് NHAI-യും മറ്റും വഴി ചെലവാക്കുന്ന പണമാണല്ലോ. NHAI-യും വായ്പയെടുക്കുന്നുണ്ട്. ഇതിനു പുറമേ കരാർ എടുക്കുന്ന സ്വകാര്യവ്യക്തികൾകൂടി വായ്പയെടുത്ത് മുതൽമുടക്കുന്നതുകൊണ്ടാണ് ബജറ്റിൽ വീമ്പ് പറയുന്ന പശ്ചാത്തലസൗകര്യ വർദ്ധന ഉണ്ടായിട്ടുള്ളത്.
ഇതു തന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. സർക്കാർ നൽകുന്ന പണം ഉപയോഗപ്പെടുത്തി കൂടുതൽ വായ്പയെടുത്ത് കിഫ്ബി പശ്ചാത്തലസൗകര്യമൊരുക്കുന്നു. ഇങ്ങനെ ചെയ്യുന്നത് സ്വകാര്യ മുതലാളി ആയാലേ സമ്മതിക്കൂ, പൊതുമേഖലാ സ്ഥാപനമാണെങ്കിൽ പറ്റില്ല എന്നാണു കേന്ദ്ര ധനമന്ത്രിയുടെ നിലപാട്. അതുകൊണ്ടാണല്ലോ കിഫ്ബി വായ്പയുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ചത്. ഇങ്ങനെ വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാരിന്റെ ദേശീയപാത പണിയുന്നതിനുവേണ്ടി കിഫ്ബി എടുത്ത 6000 കോടി രൂപകൂടി ഉൾപ്പെടുന്നുവെന്നതാണ് വിരോധാഭാസം.
കേരളം കടക്കെണിയിലാണെന്നും മറ്റും പറയുന്ന ചില വലിയ വിദ്വാന്മാർ കേരളത്തിൽ ഉണ്ടല്ലോ. അവർ ഈ ബജറ്റിലെ കണക്കുകൾ ഒരിക്കൽക്കൂടി നോക്കട്ടെ. കേന്ദ്രത്തിന്റെ ഒരു രൂപ വരുമാനത്തിൽ 28 പൈസയും കടമാണ്. കേരളത്തിൽ ഇത് 15 പൈസയേ വരൂ. കേന്ദ്രത്തിന്റെ ഒരു രൂപ ചെലവിൽ പലിശ 20 പൈസ വരും. കേരളത്തിൽ 14 പൈസ. പക്ഷേ, കേരളം വലിയ കടക്കെണിയിലും കേന്ദ്രം വലിയ കേമവും.
ഈ ബജറ്റ് അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ മാക്രോ ഇക്കണോമിക് വെല്ലുവിളി എന്താണ്? ജിഡിപി 7.3 ശതമാനം വളർന്നുവെന്നാണ് അവകാശവാദമെങ്കിലും കൃഷി 1.8 ശതമാനമേ വളർന്നുള്ളൂ. വ്യവസായ വളർച്ചയും മുരടിപ്പിലാണ്. വളർച്ചയുണ്ടായത് സേവന മേഖലയിലാണ്. ഉപഭോഗവും സ്വകാര്യനിക്ഷേപവും മുരടിപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ ഏതൊരു ബജറ്റും ചെയ്യേണ്ടത് ചെലവ് വർദ്ധിപ്പിക്കലാണ്. എന്നാൽ നിർമ്മലാ സീതാരാമൻ ചെയ്യുന്നത് നേർവിപരീതമാണ്.
2023-24-ൽ ബജറ്റ് ചെലവ് ദേശീയവരുമാനത്തിന്റെ 15.1 ശതമാനം വന്നെങ്കിൽ ഇപ്പോൾ പുതിയ ബജറ്റിൽ അത് 14.5 ശതമാനമാണ്. കമ്മി കൂട്ടി ചെലവ് വർദ്ധിപ്പിക്കണമെന്നല്ല. കൂടുതൽ വരുമാനം കണ്ടെത്തി ചെലവ് വർദ്ധിപ്പിക്കണം എന്നാണ്. ബജറ്റ് രേഖ പ്രകാരം 21 ലക്ഷത്തിൽപ്പരം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് വിവിധയിനങ്ങളിലായി പിരിഞ്ഞു കിട്ടാനുള്ളത്. ഇതിന്റെ പകുതി മാത്രമേ തർക്കത്തിൽപ്പെടുകയുള്ളൂ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം ചെലവ് 6 ശതമാനം മാത്രമാണു വർദ്ധിച്ചിട്ടുള്ളത്. വിലക്കയറ്റവുംകൂടി കണക്കിലെടുത്താൽ വർദ്ധനയേ ഇല്ല. അതുകൊണ്ടാണ് ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കുമ്പോൾ ചെലവ് ഇടിയുന്നത്. ഇത്തരമൊരു സമീപനം സമ്പദ്ഘടന ഇന്നു നേരിടുന്ന വെല്ലുവിളികൾ മറികടക്കുന്നതിനു സഹായകരമല്ല.
മേജർ വകുപ്പുകളിൽ ഏറ്റവും കൂടുതൽ ചെലവാക്കുന്നത് പ്രതിരോധത്തിനാണെങ്കിൽ ഏറ്റവും കുറച്ച് ചെലവാക്കുന്നത് കൃഷി വകുപ്പിനാണ്. 1.17 ലക്ഷം കോടി രൂപ. നടപ്പുവർഷം ചെലവഴിക്കുന്ന അതേ തുക തന്നെ. കാർഷിക മുരടിപ്പിനോടുള്ള ബജറ്റ് പ്രതികരണം ഇതാണ്. ഗ്രാമവികസനത്തിന് ഈ വർഷം ചെലവഴിക്കുമെന്നു പ്രതീക്ഷിക്കുന്നത് 1.71 ലക്ഷം കോടി രൂപയാണ്. പുതിയ ബജറ്റിലെ വകയിരുത്തൽ 1.77 ലക്ഷം കോടി രൂപ. വലിയ വർദ്ധന തന്നെ!
തൊഴിലുറപ്പ് പദ്ധതിയിൽ ഏതാണ്ട് ഒരുലക്ഷം കോടി രൂപവീതം ചെലവഴിച്ചുകൊണ്ടിരുന്നതാണ്. അത് കഴിഞ്ഞവർഷം 60,000 കോടിയായി വെട്ടിച്ചുരുക്കി. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായപ്പോൾ 86,000 കോടി രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പുതിയ ബജറ്റിലും ഇതേ തുക തന്നെയാണ് വകയിരുത്തിയിട്ടുള്ളത്. എന്നിട്ട് 60,000 കോടിയിൽ നിന്നും 26 കോടി വർദ്ധിപ്പിച്ചൂവെന്നു വമ്പു പറയുകയാണ്.
ഇതുപോലെ തന്നെയാണ് ഓരോ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും നില. പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിക്ക് കഴിഞ്ഞ വർഷവും ഈ വർഷവും 80000 കോടി രൂപ തന്നെ. ജലജീവൻ മിഷന്റെ 70,000 കോടിയിലും വ്യത്യാസമില്ല. ഒരു പ്രധാനപ്പെട്ട കേന്ദ്ര സ്കീമുകളിലും വർദ്ധനയില്ല.
ഏറ്റവും പ്രധാനപ്പെട്ട ആറ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കൽ കഴിഞ്ഞ വർഷത്തെ ബജറ്റിൽ 3.89 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷവും അതേ തുക തന്നെ. പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെയും അടങ്കലിൽ വർദ്ധനയില്ല.
കേരളത്തിന്റെ 1600 രൂപ പെൻഷൻ പിച്ചച്ചട്ടി പെൻഷൻ ആണെന്ന് ആക്ഷേപിച്ച ബിജെപിക്കാർക്ക് കേന്ദ്ര പെൻഷൻ സഹായം 150-200 രൂപയായി നിലനിർത്തുന്നതിനെക്കുറിച്ച് ഇപ്പോൾ എന്താണു പറയാനുള്ളത്? ഇതിനു കഴിഞ്ഞ വർഷം വകയിരുത്തിയ അതേ 9650 കോടി രൂപയാണ് ഈ വർഷവുമുള്ളത്.
പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത ഒരു വാചകമേള ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. എന്തിനും ഏതിനും അക്ഷരചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദിയുടെ ശൈലി ധനമന്ത്രിയും സ്വീകരിച്ചിരിക്കുകയാണ്.