Skip to main content

ഒരു രാജ്യം ഒരു പരീക്ഷ എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടി, നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് നൽകണം

“ഒരു രാജ്യം, ഒരു പരീക്ഷ” എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യം NEET. പിന്നീട് NET. പിന്നെ CSIR NET, NEET PG. ഇങ്ങനെ പോകുന്ന ദേശീയ എൻട്രൻസ് പരീക്ഷകൾ പൊളിയുന്നതിന്റെ മാലപ്പടക്കം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ചെയർമാൻ പ്രദീപ് കുമാർ ജോഷി രാജിവച്ചു. പക്ഷേ, ആദ്യം ഉത്തരം കാണേണ്ടത്, എങ്ങനെ അദ്ദേഹം ഈ സ്ഥാനത്ത് വന്നൂവെന്നുള്ളതാണ്.
ജബൽപ്പൂരിലെ റാണി ദുർഗ്ഗാവതി എന്ന ഒരു സാധാരണ കോളേജിൽ പഠിപ്പിക്കുകയായിരുന്നു ജോഷി. എടുത്തുപറയത്തക്കതായ ഒരു അക്കാദമിക് നേട്ടങ്ങളുമില്ലാത്ത അദ്ദേഹത്തെ ഒരു മുതിർന്ന ആർഎസ്എസ് നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ ആക്കിയതാണ് തുടക്കം. അദ്ദേഹത്തിന്റെ കാലയളവിലാണ് മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം പരീക്ഷാ തട്ടിപ്പ് അരങ്ങേറിയത്. മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന ആയൂർവേദ മെഡിക്കൽ പരീക്ഷാ തട്ടിപ്പിന്റെ പേരിൽ പിന്നീട് പുറത്തു പോകേണ്ടിവന്ന എസ്.കെ. ശർമ്മയെ പരീക്ഷ കൺട്രോളറായി നിയമിച്ചതാണ്. അധികം താമസിയാതെ ജോഷിയെ ചണ്ഡിഗഡ് പി.എസ്.സിയിലും പിന്നീട് യു.പി.എസ്.സിയിലേക്കും നിയമിച്ചു. താമസിയാതെ യു.പി.എസ്.സി ചെയർമാനുമായി. അടുത്ത കാൽവയ്പ്പായിരുന്നു എൻ.റ്റി.എ ചെയർമാൻ പദവി.
ഭരണസംവിധാനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ അനുചരന്മാരെ പ്രതിഷ്ഠിക്കുന്നതുപോലെ ആർഎസ്എസിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ് പ്രൊഫഷണൽ മേഖലയിൽ സ്ഥാനം ഉറപ്പിക്കുകയെന്നുള്ളത്. ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പ്രവേശന പരീക്ഷകളിലെ തങ്ങളുടെ ആളുകളെ തിരുകി കയറ്റുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ. കേന്ദ്ര സർവ്വകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ ജോഷിയെപ്പോലുള്ളവർക്ക് നേരിട്ട് പങ്കുണ്ട്.
ലക്ഷണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ ദേശീയ മത്സര പരീക്ഷകളിൽ കോച്ചിംഗ് കൊടുക്കുന്നത് സഹസ്രകോടികളുടെ വ്യവസായമായി മാറിയിട്ടുണ്ട്. കടുത്ത വാണിജ്യ മത്സരംമൂലം ഈ വിദ്യാഭ്യാസ കച്ചവടക്കാരും ചോദ്യ പേപ്പറുകൾ ചോർത്തുന്നതിനുള്ള തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ചിത്രം പൂർത്തിയായി. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.
എന്താണ് ഈ സ്ഥിതിവിശേഷത്തിനു സ്ഥായിയായ പരിഹാരം? ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം വിപരീതഫലങ്ങൾ ഉണ്ടാക്കുകയേയുള്ളൂ. കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടത്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.