Skip to main content

തുടരുന്ന അവഗണന: ബജറ്റ് പ്രസംഗത്തിൽ കേരളം എന്ന വാക്ക്‌ പോലുമില്ല

കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റ്. സംസ്ഥാനത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനം തന്നെയാണിത്‌. ബജറ്റിന്റെ ലക്ഷ്യങ്ങള്‍ എന്ന്‌ പറഞ്ഞ്‌ വിശദമാക്കിയിട്ടുള്ള കാര്യങ്ങളിലടക്കം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വന്നിട്ടുപോലുമില്ല. അതേസമയം സ്വന്തം കസേര ഉറപ്പിച്ചു നിര്‍ത്താനായി ചില സംസ്ഥാനങ്ങള്‍ക്ക്‌ വാരിക്കോരി നല്‍കിയിട്ടുമുണ്ട്‌. മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്ക്‌ പണം അനുവദിക്കുന്നതിനോട്‌ എതിര്‍പ്പില്ല. പക്ഷെ, കേരളത്തോട്‌ തുടര്‍ച്ചയായി കാണിക്കുന്ന രണ്ടാനമ്മ നയം ഇവിടുത്തെ ജനജീവിതം ദുസഹമാക്കുമെന്ന കാര്യം ഏവരും ഓര്‍ക്കേണ്ടതുണ്ട്‌. ഒറ്റക്കെട്ടായി തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകണം.

മൂന്നാം പാതയും, ശബരിയും അടക്കമുള്ള റെയില്‍ പദ്ധതികള്‍, എത്രയോ കാലമായി ആവശ്യപ്പെടുന്ന എയിംസ്‌, വായ്‌പാപരിധി വെട്ടിക്കുറച്ച്‌ സാമ്പത്തികമായി ഞെരുക്കുന്ന സമീപനം, പ്രത്യേക സാമ്പത്തിക പാക്കേജ്‌, വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള വികസനത്തിന്‌ പണം തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ട ഒരു കാര്യവും പരിഗണിച്ചില്ല. പ്രകൃതി ദുരന്ത സഹായം വിനോദ സഞ്ചാര മേഖലയ്‌ക്കുള്ള വകയിരുത്തല്‍ മേഖലകളിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സമീപനങ്ങള്‍ മൂന്നര കോടി ജനങ്ങളെ രാജ്യത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നതിനുള്ള തെളിവാണ്‌. സംസ്ഥാനങ്ങള്‍ക്ക്‌ വിഹിതം നല്‍കേണ്ടതില്ലാത്ത സെസ്‌ ഒരു ഭാഗത്ത്‌ വര്‍ദ്ധിപ്പിക്കുമ്പോള്‍ മറുഭാഗത്ത്‌ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങളില്‍ കൈകടത്തുകയാണ്‌.

കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്നയോജന, പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ തുടങ്ങിയവയ്‌ക്കുള്ള വിഹിതം വെട്ടിക്കുറച്ചത്‌ ഏറ്റവും സാധാരണക്കാരുടെ ജീവിതത്തെയാണ്‌ ദോഷകരമായി ബാധിക്കുക. കേരളത്തില്‍ നിന്ന്‌ ബിജെപിക്ക്‌ ലോക്‌സഭാംഗത്തെ ലഭിച്ചതോടെ എല്ലാകാര്യങ്ങളും ഇപ്പോള്‍ ശരിയാക്കുമെന്ന്‌ പറഞ്ഞ്‌ വാഗ്‌ദാനങ്ങള്‍ ചൊരിഞ്ഞവരുടെ പൊള്ളത്തരവും ബജറ്റിലൂടെ പുറത്തായി. കേരളത്തെ ഒരു കാര്യത്തിലും പരിഗണിക്കില്ലയെന്ന പരമ്പരാഗത നിലപാട്‌ തന്നെയാണ്‌ കേന്ദ്രം തുടരുന്നത്‌. സ്ഥലം ഏറ്റെടുത്ത്‌ നല്‍കാന്‍ തയ്യാറായിട്ടുപോലും എയിംസ്‌ പരിഗണിച്ചില്ല. ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കം കേരളം ഇക്കാര്യത്തില്‍ ഉന്നയിച്ചിട്ടില്ല. എയിംസ്‌ ആവശ്യമാണെന്ന്‌ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന സ്ഥിതിയാണ്‌ കേരളത്തില്‍. എന്നിട്ടും കേന്ദ്ര ബിജെപി സര്‍ക്കാര്‍ അത്‌ തള്ളിക്കളഞ്ഞു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും പകുതി പണം ചെലവഴിക്കാമെന്ന്‌ അറിയിച്ചിട്ടും ശബരിപാതയോട്‌ നിഷേധാത്മക സമീപനമാണ്‌. ബജറ്റിലെ അവഗണന അതീവ ഗൗരവത്തോടെ കണ്ട് ഒറ്റക്കെട്ടായി ചെറുക്കാനാകണം.

ഭക്ഷ്യ, ഇന്ധന സബ്സിഡികളടക്കം തുടര്‍ച്ചയായി വെട്ടിക്കുറച്ചു. ഇക്കുറി വിവിധ സബ്സിഡിയ്ക്കായി നീക്കിവച്ചത് 3,81,175 കോടി രൂപ മാത്രം. മുൻ സാമ്പത്തികവര്‍ഷം ഇത് 4,13,466 കോടിയായിരുന്നു. 32291 കോടിയുടെ കുറവ്. (7.8 ശതമാനം). ഭക്ഷ്യ സബ്സിഡിക്കായി നീക്കിവച്ചത് 2,05,250 കോടി. മുൻ സാമ്പത്തികവര്‍ഷത്തെ പുതുക്കിയ കണക്കുപ്രകാരം 2,12,332 കോടിയായിരുന്നു നീക്കിവച്ചത്. 2022 –- -23ൽ 2.87 ലക്ഷം കോടി രൂപയായിരുന്നു ഭക്ഷ്യ സബ്സിഡി. ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് കുത്തനെ ഉയരുമ്പോഴാണ് കോര്‍പറേറ്റ് പ്രീണനത്തിനായി സബ്സിഡി വെട്ടിക്കുറച്ചത്. പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയ്ക്ക് കൂടുതൽ പ്രഹരമേൽപ്പിച്ച് വളത്തിനുള്ള സബ്സിഡി 1,88,894 കോടിയിൽ നിന്ന് 1,64,000 കോടിയായി കുറച്ചു. പാചകവാതകത്തിന് ഉള്‍പ്പടെയുള്ള ഇന്ധന സബ്സിഡി 12,240 കോടിയിൽ നിന്ന് 11,925 കോടിയാക്കി. 2023 –- 24 വര്‍ഷത്തെ ബജറ്റിൽ 1.59 ലക്ഷം കോടിയാണ് സബ്സിഡി വെട്ടിക്കുറച്ചത്.

ഭിന്നശേഷിവിഭാ​ഗക്കാരുടെ ശാക്തീകരണത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന ആവശ്യം പരി​ഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആകെ വരുത്തിയത് നാമമാത്ര വര്‍ധന. ഭിന്നശേഷി ശാക്തീകരണ വകുപ്പിന് 1,225.27 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞസാമ്പത്തികവര്‍ഷമിത് 1,225.01 കോടിയായിരുന്നു. 0.02 ശതമാനം മാത്രമാണ് വര്‍ധന. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് തുക കുറച്ചു. കഴിഞ്ഞതവണ 155 കോടി അനുവദിച്ചത് 142.68 കോടിയായി കുറച്ചു.സെൻര്‍ ഫോര്‍ ഡിസെബിലിറ്റി സ്പോര്‍ട്സിനുള്ള തുക 76 കോടിയിൽ നിന്ന് 25 കോടിയായി കുറച്ചു. വിവിധ ദേശീയ സ്ഥാപനങ്ങള്‍ക്കുള്ള തുക 408.75 കോടിയിൽ നിന്ന് 370 കോടിയായും ദേശീയ ട്രസ്റ്റിനുള്ള തുക 35 കോടിയിൽ നിന്ന് 25 കോടിയായും കുറച്ചു. ആകെ ബജറ്റിന്റെ 0.025 ശതമാനമാണ് ഭിന്നശേഷിക്കാര്‍ക്ക് നീക്കിവച്ചത്. ഈ വിഭാ​ഗത്തെ അവ​ഗണിക്കുന്നത് മോദി സര്‍ക്കാര്‍ തുടരുകയാണ്. 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.