Skip to main content

കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം; കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന പണം മോദി തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുന്നു

കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. സെസും സർചാർജുകളും പങ്കുവയ്ക്കേണ്ട കേന്ദ്ര നികുതി വരുമാനത്തിൽ ഉൾപ്പെടുത്തണം. പതിനാറാം ധനകാര്യ കമ്മീഷനോട് വിട്ടുവീഴ്ചയില്ലാതെ ഒരുമിച്ചുനിന്ന് ഉയർത്തേണ്ട ആവശ്യമാണിത്. എങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും കൂടുതലായി സംസ്ഥാനങ്ങൾക്ക് ലഭിക്കും.
മൂന്ന് രീതികളിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ധനകാര്യ കമ്മീഷന്റെ തീർപ്പ് പ്രകാരമുള്ള നികുതി വിഹിതവും ഗ്രാന്റുകളും. രണ്ടാമത്തെ ഏജൻസി പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള പദ്ധതി ധനസഹായം പ്ലാനിംഗ് കമ്മീഷനാണ് തീരുമാനിച്ചിരുന്നത്. മൂന്നാമത്തേത്, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം നൽകുന്ന ഗ്രാന്റുകളാണ്. ഇപ്പോൾ പ്ലാനിംഗ് കമ്മീഷൻ ഇല്ല. അതുകൊണ്ട് അവർ പങ്കുവച്ചിരുന്ന പദ്ധതി ധനസഹായം കേന്ദ്ര സർക്കാരിന് തന്നിഷ്ടപ്രകാരം ചെലവഴിക്കാം. ഇത് കണക്കിലെടുത്തുകൊണ്ടാണ് പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് വേണമെന്ന വാദക്കാരനായിരുന്നു മോദി. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ നിലപാട് മാറ്റി. 32-ൽ നിന്നും 42 ശതമാനമായി നികുതി വിഹിതം വർദ്ധിപ്പിച്ചുകൊണ്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ തിരുത്താൻ ചെയർമാൻ വൈ.വി. റെഡ്ഡിയോട് ആവശ്യപ്പെട്ടു. പക്ഷേ, മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാൻ തയ്യാറല്ലായിരുന്നു.
താഴ്ന്ന തോതിൽ സംസ്ഥാനങ്ങൾക്കു പണം നൽകിയാൽ മതിയെന്ന അനുമാനത്തിൽ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങൾ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാർലമെന്റിൽ വർദ്ധനയുടെ ക്രെഡിറ്റ് എടുക്കാൻ പ്രസംഗവും നടത്തി. ആ പ്രസംഗത്തിൽ പാർലമെന്റിൽ ഒട്ടേറെ ചിരി ഉയർത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: “ചില സംസ്ഥാനങ്ങൾക്ക് ഇത്രയുമധികം പണം സൂക്ഷിക്കാൻ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”
പിന്നെ മോദിയുടെ പ്രവർത്തനം മുഴുവൻ എങ്ങനെ വർദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വർദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. 2015-16-നും 2018-19-നും ഇടയിൽ ഇതുമൂലം സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട തുക 5.26 ലക്ഷം കോടി രൂപ ആയിരുന്നു. ഇത് അന്നത്തെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം വരും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് 42 ശതമാനം വിഹിതം നൽകുന്നതിനു പകരം 32 ശതമാനമേ മോദി നൽകുന്നുള്ളൂ.
ഇങ്ങനെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ എന്നുള്ള മുദ്രാവാക്യം ഈ ധനവിവേചനത്തിന്റെ ദുർഭഗസന്തതിയാണ്. ഇത് 2024-25-ലെ ബജറ്റിലാണ് ഏറ്റവും വികൃതമായ രൂപം കൈക്കൊണ്ടത്. ഭരണം ഉറപ്പിക്കാനായി ബീഹാറിനും ആന്ധ്രയ്ക്കും 45,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ രാഷ്ട്രീയ വിവേചനമാണ് ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശനം.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം നികുതി വിഹിതത്തിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംസ്ഥാനങ്ങളുടെ ഒരു ഫെഡറൽ മുന്നണിക്കു രൂപം നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.