Skip to main content

വയനാട് ദുരിതാശ്വാസം, വ്യാജ വാർത്തകൾക്ക് എതിരെ സർക്കാർ നിയമ നടപടിയെടുക്കും

കേരളത്തിന്‍റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായത്. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്‍പ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍ ചെലവിന്‍റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.

ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയില്‍ ദുരന്തത്തിന്‍റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ സംവിധാനങ്ങളുടേയും ദുരിതാശ്വാസ നിധികളുടെയും വിശ്വാസ്യത തകര്‍ക്കുന്നതിനായി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക. ഒരു വാര്‍ത്ത ആര്‍ക്കെതിരെയാണോ റിപ്പോര്‍ട്ട് ചെയ്യുന്നത്, അതിനു മുന്‍പ് അവരോട് അതിന്‍റെ വിശദാംശങ്ങള്‍ അന്വേഷിക്കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മ്മം പാലിക്കാതെയാണ് ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തിലുള്ള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വസ്തുതകള്‍ സ്വയം മനസ്സിലാക്കാന്‍ ആയില്ലെങ്കില്‍ അതിനാവശ്യമായ വൈദഗ്ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിച്ചില്ല.

കേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്തക്കാര്‍ആഗ്രഹിച്ചത്. ഒരു കുടുംബത്തിന്‍റെ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത്ര ലളിതയുക്തിയിലാണ് ഒരു മഹാദുരന്തത്തിന്‍റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അത് അറിയാത്തവര്‍ അല്ല കേരളത്തിലെ മാധ്യമങ്ങള്‍. 2012 മുതല്‍ 2019 വരെ വിവിധ സര്‍ക്കാരുകള്‍ പല ദുരന്തഘട്ടങ്ങളില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഉണ്ട്. അത് ഒറ്റ ക്ലിക്ക് അകലെ എല്ലാവര്‍ക്കും ലഭ്യമാണ്. 2012 മുതല്‍ 16 വരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തു തയ്യാറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ څധൂര്‍ത്ത്' ആയോ പെരുപ്പിച്ച കണക്കായോ ഇന്ന് വരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? ഇതിന് വ്യവസ്ഥാപിതമായ രീതികളുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണല്ലോ ആരും അന്നത് വിവാദമാക്കാതെ ഇരുന്നത്.

വരള്‍ച്ച മുതല്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം വരെയുള്ള ദുരന്തഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം ചോദിച്ചു വാങ്ങണം എന്നതിനാണ് അന്നത്തെ പ്രതിപക്ഷം പോലും മുന്‍ഗണന നല്‍കിയത്. എന്നാലിപ്പോള്‍ ദുരന്തങ്ങള്‍ നമ്മുടെ നാടിനെ ഗ്രസിക്കുമ്പോള്‍ മലയാളികള്‍ കൂട്ടായ്മ കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അവ തരണം ചെയ്യാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ അതിനെ തുരങ്കം വെക്കുന്നതിന്‍റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകള്‍ ആണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അവലംബിക്കുന്ന ചില രീതികളുമുണ്ട്. ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നതിന്‍റെ മധ്യത്തില്‍ തയ്യാറാക്കപ്പെടുന്ന മെമ്മോറാണ്ടത്തില്‍ പല സാദ്ധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കുകളും തയ്യാറാക്കാന്‍. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെ ആണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചത്.
ഇക്കൂട്ടര്‍ ആദ്യം മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. എസ്.ഡി.ആര്‍.എഫിന്‍റെ വളരെ ഇടുങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം 219കോടി രൂപ മാത്രമാണ് സര്‍ക്കാരിന് മെമ്മോറാണ്ടത്തിലുടെ ആവശ്യപ്പെടാന്‍ സാധിച്ചത്. എന്നാല്‍ മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ യഥാര്‍ത്ഥ നഷ്ടം 1200 കോടി രൂപയിലധികമാണെന്ന് കണക്കാക്കിയിരുന്നു. വയനാട് ദുരന്തബാധിതമേഖലയെ പുനര്‍നിര്‍മ്മിക്കാന്‍ 2200 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അപ്പോഴാണ് 219 കോടി രൂപ മാനദണ്ഡപ്രകാരം സഹായമായി ചോദിച്ചതിന് ഈ വ്യാജപ്രചരണം.
കണക്ക് പെരുപ്പിച്ചു കാണിച്ചു എന്ന് പറയുന്നവര്‍ക്ക് ഓരോന്നായി വസ്തുതതകള്‍ പരിശോധിക്കാവുന്നതാണ്. അതിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്ന കാര്യത്തിലും മെമ്മോറാണ്ടം തയ്യാറാക്കുന്നത് എങ്ങനെ എന്നതിലും പ്രാഥമിക ധാരണ ഉണ്ടായിരിക്കണം. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനകാര്യകമ്മീഷന്‍ നിശ്ചയിക്കുന്ന പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓരോ വര്‍ഷവും പണം നീക്കി വെക്കുന്നുണ്ട് അതിനോടൊപ്പം സംസ്ഥാന വിഹിതം കൂടി ചേര്‍ത്തതാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധി.

ഇത് മറ്റ് പദ്ധതി വിഹിതങ്ങളെ പോലെയല്ല, ഉപയോഗിച്ചില്ലെങ്കില്‍ ലാപ്സ് ആയി പോകില്ല. അടുത്ത വര്‍ഷങ്ങളില്‍ ഉപയോഗിക്കാം. എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാന്‍ സാധിക്കുകയുമില്ല. ഈ ഫണ്ടിന്‍റെ നിയന്ത്രണം പൂര്‍ണമായും സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന 5 സെക്രട്ടറിമാര്‍ അടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. വാര്‍ഷികമായി ലഭിക്കുന്ന തുകക്ക് പുറമെ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അധിക ധനസഹായം ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ലഭ്യമാക്കാന്‍ ആണ് നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ മെമ്മോറാണ്ടം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്. ഇത് ഉന്നതതല സംഘം പരിശോധിച്ച് വിലയിരുത്തിയാണ് അധിക സഹായം ലഭ്യമാക്കുക.

ഓഗസ്റ്റ് 9 ന് തന്നെ കേരളത്തിലെത്തിയ കേന്ദ്ര സംഘവുമായി കൂടിയാലോചനകള്‍ നടത്തുകയും അവരെ ദുരന്തത്തിന്‍റെ ആഘാതംബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഓഗസ്റ്റ് 17 നോട് കൂടി കേരളം മെമ്മോറാണ്ടം തയ്യാറാക്കി സമര്‍പ്പിച്ചത്. ഓഗസ്റ്റ് 14 വരെ ലഭ്യമായ കണക്കുകളാണ് പ്രസ്തുത മെമ്മോറാണ്ടം തയ്യാറാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആശ്രയിച്ചത്.

എസ്.ഡി.ആര്‍.എഫ് ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുണ്ട്. ഇത് രണ്ട് തരത്തിലാണ് ചെലവഴിക്കാനാവുക. ഒന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട യൂണിറ്റ് കോസ്റ്റ് വെച്ച് കൊണ്ട്. മറ്റൊന്ന് എത്രയാണോ യഥാര്‍ത്ഥചെലവ് അതിന്‍റെ ആക്ച്വല്‍സ് ( actuals ) അഥവാ അത് മുഴുവനായി തന്നെ. അതായത് ഒരു വീട് നഷ്ടപ്പെട്ടാല്‍ അത് എത്ര ലക്ഷങ്ങള്‍ വിലയുള്ളത് ആണെങ്കിലും പരമാവധി എസ്.ഡി.ആര്‍.എഫില്‍ നിന്ന് നല്‍കാന്‍ സാധിക്കുക 1.3 ലക്ഷം രൂപ മാത്രമാണ്. ഒരു കിലോമീറ്റര്‍ റോഡിന് 1 ലക്ഷം രൂപ, ഒരു സ്കൂളിന് 2 ലക്ഷം രൂപ തുടങ്ങിയവ ആണ് എസ്.ഡി.ആര്‍.എഫില്‍ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ സാഹചര്യത്തില്‍ ഇവ എത്രമാത്രം അപര്യാപ്തമാണ് എന്ന് കൂടി നമ്മള്‍ ഓര്‍ക്കണം. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൊണ്ട് ഒരു വീടു വെക്കാനാകുമോ? കേരളത്തില്‍ ഒരു വീടിന് ഏറ്റവും ചുരുങ്ങിയത് 4 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നത് എസ്.ഡി.ആര്‍.എഫ്നു പുറമെ ജനങ്ങള്‍ സംഭാവന നല്‍കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടി ഉപയോഗിച്ച് കൊണ്ടാണ്. കോടികള്‍ ചെലവാക്കി പണിത സ്കൂളുകളാണ് നമ്മുടെ നാട്ടിലേത്. അത് തകര്‍ന്നാല്‍ രണ്ടു ലക്ഷ രൂപകൊണ്ട് അടിത്തറ പോലും കെട്ടാനാകില്ല. ഇങ്ങനെ തീര്‍ത്തും അപര്യാപ്തമായ തുക നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഒരു പരിധിവരെ അസംബന്ധവുമാണ്. ആ മാനദണ്ഡപ്രകാരം ഒരു ദുരന്ത ഘട്ടത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നിസ്സാരമായ തുകയെ ലഭിക്കുകയുള്ളൂ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അത് തന്നെ പലപ്പോഴും കിട്ടാറില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിന്‍റെ അനുഭവം. ഇവിടെ, നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരമാവധി സഹായം ലഭിക്കാന്‍ നല്‍കിയ മെമ്മോറാണ്ടത്തെയാണ് ആക്രമിക്കുന്നത്. അത് പോലും കിട്ടരുത് എന്ന ദുഷ്ടലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രചാരണം വയനാട്ടിലെ ദുരിതബാധിതര്‍ക്കെതിരായ കടന്നാക്രമണമായേ കാണാനാവൂ.

ഇനി മറ്റ് ചില ഹെഡുകളില്‍ എസ്.ഡി.ആര്‍.എഫ് ല്‍ ചെലവായ മുഴുവന്‍ തുകയും അനുവദിക്കാന്‍ സാധിക്കും. രക്ഷാപ്രവര്‍ത്തനം, ക്യാമ്പ് മാനേജ്മെന്‍റ്, ദുരന്ത അവശിഷ്ടങ്ങള്‍ മാറ്റുന്നത്, കുടിവെള്ള വിതരണം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെട്ടവയാണ്. ഇതിന്‍റെയൊക്കെ ആകെ ചെലവ് എത്രയാണോ അത് മുഴുവന്‍ എസ്.ഡി.ആര്‍.എഫ് ൽ നിന്ന് അനുവദിക്കേണ്ടതുണ്ട്. ഇതാണ് ആക്ച്വല്‍സ് എന്ന് മെമ്മോറാണ്ടത്തില്‍ സൂചിപ്പിക്കുന്ന കാര്യം. എന്നാല്‍ മെമ്മോറാണ്ടത്തിലെ ഈ ആക്ച്വല്‍സ് കണ്ട് അത് ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞ പണം ആണെന്നാണ് ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചത്.

മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മുന്നില്‍ ഇവയുടെ ഒന്നും ചെലവുകളുടെ യഥാര്‍ത്ഥ ബില്ലുകള്‍ ലഭ്യമായിട്ടില്ല. നടക്കുന്ന രക്ഷാപ്രവര്‍ത്തനവും അത് എത്ര നാള്‍ തുടരാന്‍ സാധ്യതയുണ്ട് എന്നതിന്‍റെയും അടിസ്ഥാനത്തില്‍ ഒരു പ്രോജെക്ടഡ് തുക തയ്യാറാക്കി സമര്‍പ്പിക്കാനാണ് സാധിക്കുക. അത് ചിലപ്പോള്‍ കൂടുതലോ കുറവോ ആകാം. 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 102 കോടി രൂപയുടെ ബില്ല് വ്യോമസേന കേരളത്തിന് അയച്ചത് 2019 ഫെബ്രുവരിയിലാണ്. അത് എസ്.ഡി.ആര്‍.എഫ്ല്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്. 2018ല്‍ നല്‍കിയ അരിയുടെ വില 205.81 കോടി രൂപ ഈടാക്കാന്‍ കത്ത് നല്കിയത് 2019ല്‍ ആണ്. അതും എസ്.ഡി.ആര്‍.എഫ്ല്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്.

അതുപോലെ മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സേനകള്‍ക്ക് ഉണ്ടായ ചെലവുകള്‍, അവരുപയോഗിച്ച അത്യാധുനിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള ചെലവുകള്‍ തുടങ്ങിയവ എല്ലാം ബില്ലുകള്‍ ആയി പിന്നീടാണ് വരിക. അപ്പോള്‍ അത് കൊടുക്കാന്‍ എസ്.ഡി.ആര്‍.എഫ് ൽ പണം വേണം. അത് മുന്‍കൂട്ടി കണ്ട് കൊണ്ടാണ് മെമ്മോറാണ്ടം ഉണ്ടാക്കുക. ഇതൊന്നും മനക്കണക്ക് വെച്ചല്ല ചെയ്യുക. അതിന് അവലംബിക്കേണ്ട ശാസ്ത്രീയ രീതികളുണ്ട്. വിവിധ സാഹചര്യങ്ങള്‍ څസിമുലേറ്റ്چ ചെയ്ത് വേണം അതിന്‍റെ പരമാവധിയിലേക്ക് എത്തിപ്പെടാന്‍. അവ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ആവുകയാണെങ്കില്‍ അത് കേന്ദ്ര സംഘം പരിശോധിച്ചു കുറക്കും എന്നാല്‍ ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം അത്രയൊക്കെ മതി എന്നൊരു നിലപാട് സര്‍ക്കാരിന് സ്വീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ മെമ്മോറാണ്ടത്തില്‍ ഒരിടത്തും പെരുപ്പിച്ചു കാട്ടിയ കണക്കുകളല്ല. സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാന്‍ തയ്യാറാക്കിയതാണ്.

എസ്.ഡി.ആര്‍.എഫ് ലെ അനുവദനീയമായ ഓരോ ഹെഡുകളിലും നമ്മള്‍ ചെലവ് പ്രതീക്ഷിക്കുന്ന തുകയാണ് കണക്കാക്കിയിരിക്കുന്നത്. ഇവ കണക്കാക്കാന്‍ നിയതമായ രീതികളും മാനദണ്ഡങ്ങളുമുണ്ട്. ഉദാഹരണത്തിന് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ വേണ്ട ചെലവ് കണക്കാക്കുമ്പോള്‍, അതിന് ആവശ്യമായ ഭൂമി വാങ്ങുക, ആ ഭൂമി ഇതിനായി തയ്യാറാക്കുക, അവിടെ കുഴികള്‍ എടുക്കാന്‍ ആവശ്യമായ യന്ത്രങ്ങളും സാമഗ്രികളും മനുഷ്യവിഭവവും ലഭ്യമാക്കുക, ഓട്ടോപ്സി നടപടികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുക, മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവ മാര്‍ക്ക്ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ഇവ ട്രാന്‍സ്പോര്‍ട് ചെയ്യുക തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി കൊണ്ട് വേണം ചെലവ് കണക്കാക്കാന്‍.

വയനാട്ടിലെ കാര്യമാണെങ്കില്‍ മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ 128 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നുള്ള കാര്യം കൂടി മുന്‍കൂട്ടി കാണണം. അവ ശരീര ഭാഗങ്ങളായി ആണ് ലഭ്യമാകുന്നത് എങ്കില്‍ അവയെ ഓരോന്നിനെയും ഓരോ മൃതദേഹമായി തന്നെ കണ്ട് സംസ്കരിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നയം. അപ്പോള്‍ അതിന് കൂടിയുള്ള ചെലവുകള്‍ പ്രതീക്ഷിക്കണം. അധിക ഭൂമി ആവശ്യമെങ്കില്‍ വിലകൊടുത്തു വാങ്ങേണ്ടി വരും. അതിനെല്ലാം പ്രതീക്ഷിക്കുന്ന ചെലവാണ് മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തുക.

യഥാര്‍ത്ഥത്തില്‍ ചിലപ്പോള്‍ ഇതിനായി ഭൂമിയും മനുഷ്യാധ്വാനവും സൗജന്യമായി കേരളത്തിലെ നല്ലവരായ മനുഷ്യര്‍ ലഭ്യമാക്കിയേക്കാം. എന്നാല്‍ അത് വെച്ച് മാത്രമല്ല ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ കണക്ക് ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനൊന്നും നമുക്ക് പണം തരേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ പറ്റില്ല. നമുക്കിനിയും നിറവേറ്റാന്‍ ഒട്ടേറെ ആവശ്യങ്ങളുണ്ട്. അതിന് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊണ്ട് പണം ചെലവഴിക്കേണ്ടതുമുണ്ട്.

ഇത്തരത്തിലാണ് ഓരോ കണക്കുകളും തയ്യാറാക്കിയത്. മറ്റൊരു ആക്ഷേപം സന്നദ്ധ പ്രവര്‍ത്തകരുടെ പേരില്‍ കോടികള്‍ എന്നതായിരുന്നു. മെമ്മോറാണ്ടത്തിലെ വൊളണ്ടിയേഴ്സ് ആന്‍റ് ട്രൂപ്സ് എന്നതിലെ സേനകള്‍ എന്ന ഭാഗം സൗകര്യപൂര്‍വം ഒഴിവാക്കി ആ കണക്കുകളെ അവതരിപ്പിക്കുകയാണ് ഈ മാധ്യമങ്ങള്‍ ചെയ്തത്. രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലെത്തിച്ച കേന്ദ്ര സേനകളെ ട്രാന്‍സ്പോര്‍ട് ചെയ്യാനും അവര്‍ക്ക് താമസമൊരുക്കാനും ഒന്നും ചെലവാകില്ല എന്നാണോ?

വിമാനക്കൂലി മുതല്‍ ഇവരെയും ഉപകരണങ്ങളെയും കണ്ണൂരിലെയും കരിപ്പൂരിലെയും എയര്‍പോര്‍ട്ടില്‍ നിന്നും ദുരന്ത സ്ഥലത്ത് എത്തിക്കാനും അതുപോലെ ഇവരെ ഒക്കെ തിരിച്ചയക്കാനുമുള്ള ചെലവുകള്‍ കാണണ്ടേ? കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പോലീസും ഫയര്‍ഫോഴ്സും ആരോഗ്യപ്രവര്‍ത്തകരും അവിടെ എത്തിയില്ലേ? അവരുടെ താമസവും ഭക്ഷണവും യാത്രാച്ചെലവും കാണിക്കണ്ടേ? സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ട് വന്ന പരിശീലനം കിട്ടിയ ആപ്ത മിത്ര സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ ഉണ്ടല്ലോ. ഇതെല്ലാം കണക്കിലെടുക്കണ്ടേ?

90 ദിവസം വരെ തിരച്ചില്‍ തുടരുകയാണെങ്കില്‍ നൂറുകണക്കിന് വരുന്ന ഈ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാസേനകള്‍ക്കും വേണ്ടി പ്രതീക്ഷിക്കേണ്ട ചെലവുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു വാങ്ങേണ്ടേ? കേരളത്തിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ ഉള്‍പ്പടെ വിവിധ സന്നദ്ധ സംഘടനകള്‍ നിസ്വാര്‍ത്ഥമായ സേവനം ദുരന്ത ബാധിത പ്രദേശത്ത് ചെയ്തിട്ടുണ്ട്. അവരാരും തന്നെ അതില്‍ പണം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഇങ്ങനെ എല്ലാം ജനങ്ങള്‍ ചെയ്തുകൊള്ളും എന്നാണോ നമ്മള്‍ കേന്ദ്രത്തോട് പറയേണ്ടത്? ഇതെല്ലം പരിഗണിച്ചു വേണം മെമ്മോറാണ്ടത്തിലെ ഓരോ വരിയും തയ്യാറാക്കാന്‍. നിര്‍ഭാഗ്യവശാല്‍ ഇതിനെ കുറിച്ചു അജ്ഞരായവരോ അങ്ങനെ നടിക്കുന്നവരോ ആയി ഇവിടുത്തെ ഒരു കൂട്ടം മാധ്യമങ്ങള്‍ മാറി എന്നതാണ് വസ്തുത.

വിദ്യാസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്ന ചെലവുകളെ ചിലവഴിച്ച തുക എന്നും പിന്നീട് പെരുപ്പിച്ച തുക എന്നും പ്രചരിപ്പിക്കുന്നത് വിദ്യാഭ്യാസക്കുറവിന്‍റെ പ്രശ്നമല്ല, മറിച്ച് അവരുടെ ചില പ്രത്യേക താല്‍പര്യങ്ങളുടെ കുഴപ്പമാണ്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.

ഇവിടെയാകട്ടെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിന്യായത്തെയാണ് ദുര്‍വ്യാഖ്യാനം ചെയ്തത്. ഇന്‍റര്‍ഫിയറന്‍സ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് ജസ്റ്റിസ് ആണ് നടത്തിയിരിക്കുന്നത്. അതുകൂടി കണക്കിലെടുത്തുള്ള നിയമനടപടികള്‍ ആലോചിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃക

സ. സജി ചെറിയാൻ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം

സ. പിണറായി വിജയൻ

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്.

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ആയിരക്കണിക്കിന് വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 18ന് എൽഡിഎഫ് പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും.

നുണപ്രചരണത്തിലൂടെ വിജയം നേടാനുള്ള യുഡിഎഫിന്റെ നിന്ദ്യമായ നീക്കങ്ങളെയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഡോ. പി സരിൻ വിജയം നേടും

സ. പിണറായി വിജയൻ

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്ത് പുരോഗമനാശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ജനകീയ ശബ്ദമാവാൻ ഡോ. സരിന് സാധിക്കുമെന്നതിൽ സംശയമേതുമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.