ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഐതിഹാസികമായ ഏട് എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയ മുന്നേറ്റത്തിന് 78 വയസ്സ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്ക് രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ് പുന്നപ്ര–വയലാറിന്റേത്. വാർഷിക വാരാചരണത്തിന് സമാപനംകുറിച്ച് ഞായറാഴ്‌ച രണശൂരന്മാരായ വയലാർ രക്തസാക്ഷികൾക്ക് നാട് പ്രണാമം അർപ്പിക്കും. സി എച്ച് കണാരൻ ദിനമായ ഒക്‌ടോബർ 20ന് തുടങ്ങിയ വാരാചരണം വയലാർ രക്തസാക്ഷി ദിനത്തോടെയാണ് സമാപിക്കുക. അടിച്ചമർത്തലുകൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ, സ്വാതന്ത്ര്യ കുതുകികളായ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർ തൊഴിലാളികളുടെ മനസ്സിൽ ഉടലെടുത്ത തീപ്പൊരി ആളിപ്പടർന്നാണ്, കേരളചരിത്രത്തെ ചുവപ്പിച്ച ഈ ജനകീയമുന്നറ്റം സാധ്യമായത്. രാജവാഴ്‌ചയ്‌ക്കും സർ സി പി രാമസ്വാമിയുടെ ദിവാൻ ഭരണത്തിനും എതിരെ നടന്ന ഐതിഹാസികമായ ഈ ജനകീയമുന്നേറ്റത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയാണ്.
രാവന്തിയോളം പണിയെടുത്താലും കൂലി നൽകാതെ പലചരക്ക് കടകളിലേക്ക് ചിറ്റ് നൽകുകയായിരുന്നു കയർ ഫാക്‌ടറി ഉടമകൾ അക്കാലത്ത് ചെയ്‌തിരുന്നത്. കൂലി ചോദിച്ചാൽ ക്രൂരമർദനവും പിരിച്ചുവിടലും. ഒടുവിൽ സംഘടിതമായി പോരാടാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. 1922ൽ ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികൾ രഹസ്യയോഗം ചേർന്ന് "തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന സംഘടനയ്‌ക്ക് രൂപം നൽകി. ഇതറിഞ്ഞ മുതലാളിമാർ സംഘടന ഇല്ലാതാക്കാൻ ശ്രമമാരംഭിച്ചു. നിരവധി പേരെ മർദിച്ച് ജീവച്ഛവങ്ങളാക്കി. നിരവധി പേരെ തുറുങ്കിലടച്ചു. ചെറുത്തുനിൽപ്പിന് തയ്യാറായ തൊഴിലാളികൾക്ക് സംഘടന കരുത്തേകി. ഈ സംഘടന ക്രമേണ തൊഴിലാളികളുടെ വർഗസംഘടനയായി മാറുകയും അവകാശപ്പോരാട്ടങ്ങൾക്ക് നടുനായകത്വം വഹിക്കുകയും ചെയ്‌തു.
നിരവധി പോരാട്ടങ്ങളുടെ അഗ്നിജ്വാലകളിലൂടെ കടന്നുപോയ തൊഴിലാളിവർഗം, അടിച്ചമർത്തലുകൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാസമരത്തിന് തയ്യാറായി. 1122 കന്നി 27ന് ചേർന്ന തിരുവിതാംകൂർ ട്രേഡ് യൂണിയൻ സമ്മേളനമാണ് നിർണായക തീരുമാനമെടുത്തത്. അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദിത്വ ഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യം ഉന്നയിച്ച് പണിമുടക്കാൻ സമ്മേളനം നിശ്ചയിച്ചു. സഖാവ് പി കൃഷ്‌ണപിള്ളയുടെ സമരോത്സുക നേതൃത്വം വഴികാട്ടിയ ആ പണിമുടക്ക് തിരുവിതാംകൂറിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
പണിമുടക്കിനെ അടിച്ചമർത്താൻ ആകുന്നതെല്ലാം സർ സി പിയും പൊലീസും ചെയ്‌തു. പാർടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളുമെല്ലാം തല്ലിത്തകർത്തു. ജാഥകൾക്കു നേരെ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധി പേർ മരിച്ചുവീണു. തിരിച്ചടിക്കാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. പല സ്ഥലത്തും തൊഴിലാളികൾ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. നിരവധി പേർ രക്തസാക്ഷികളായി. ഒടുവിൽ പുന്നപ്ര പട്ടാള ക്യാമ്പിലേക്ക് തൊഴിലാളികൾ മാർച്ച് ചെയ്‌തു.
യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട ധീരതയുടെ പേരാണ് പുന്നപ്ര–വയലാർ. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി നൂറുകണക്കിനു വളന്റിയർമാർ രക്തസാക്ഷിത്വം വരിച്ചു. സമരം ഉയർത്തിവിട്ട രാഷ്ട്രീയക്കൊടുങ്കാറ്റിനൊടുവിൽ സർ സി പിക്ക് തിരുവിതാംകൂർ വിട്ട് ഓടേണ്ടിവന്നു. ആ സമരവും വിജയവുമാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിന് ദിശാബോധം നൽകിയത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ ഈ മുന്നേറ്റവും വലിയ പങ്കുവഹിച്ചു. ബ്രിട്ടീഷുകാരുടെ പിണിയാളന്മാരുടെ പിന്മുറക്കാർ ഇപ്പോഴും പുന്നപ്ര–വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കാണാൻ മടിക്കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.
പുന്നപ്ര–വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957-ൽ അധികാരത്തിൽ വന്ന, ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിന്തുടർച്ചയായാണ് 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. കേരളചരിത്രത്തിൽ ആദ്യമായാണ് 2021ൽ ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും വിശ്വാസവുമാർജിച്ചതാണ് പിണറായി സർക്കാരിന്റെ തുടർച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഈ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷവും അവർക്ക് ഒത്താശ ചെയ്യുന്ന വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ശ്രമിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ എല്ലാ വിധത്തിലും കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്. അർഹമായ വിഹിതം നിഷേധിച്ചും വായ്‌പാ പരിധി വെട്ടിക്കുറച്ചും വികസന സ്‌തംഭനമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലും കേരളം എല്ലാ വികസന സൂചികകളിലും മുന്നിൽത്തന്നെയാണ്. കേരളം മറ്റൊരു ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിലാണ് നാം പുന്നപ്ര–വയലാർ രക്തസാക്ഷികളുടെ സ്‌മരണ പുതുക്കുന്നത്. രാഷ്‌ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേലയെ അതിജീവിച്ച് എൽഡിഎഫിന് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുന്നപ്ര‐ വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണ നമുക്ക് കരുത്തുപകരും.