കർണാടകത്തിൽ ഈ മാസം 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു. 150 സീറ്റ് നേടുമെന്ന് പറഞ്ഞ് (അമിത് ഷാ) പ്രചാരണം ആരംഭിച്ച ബിജെപിക്ക് 66 സീറ്റുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു. ‘ഓപ്പറേഷൻ താമര’യ്‌ക്ക് അവസരം നൽകാതെ കർണാടകത്തിലെ ജനങ്ങൾ കോൺഗ്രസിന് വ്യക്തവും സുരക്ഷിതവുമായ ഭൂരിപക്ഷം നൽകി. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യവാദികൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ് കർണാടകത്തിലെ കോൺഗ്രസ് വിജയം. കടുത്ത വർഗീയ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയതെങ്കിലും ഭരണവിരുദ്ധ വികാരത്തെ അതുകൊണ്ടൊന്നും മറികടക്കാനായില്ല. അത്രമേൽ ദുസ്സഹമായിരുന്നു ജനജീവിതം. അഴിമതിയും ദുർഭരണവും ബസവരാജ് ബൊമ്മെ സർക്കാരിന്റെ ജനപ്രീതി നഷ്ടപ്പെടുത്തി. ഈ ജനവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിയുകയും ചെയ്‌തു.
ബിജെപിവിരുദ്ധ ചേരി ശക്തമാക്കണം
ബിജെപിക്ക് ഒരിക്കലും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനമാണ് കർണാടകം. പണവും പദവിയും വാഗ്‌ദാനംചെയ്‌ത് കോൺഗ്രസിൽനിന്നുൾപ്പെടെ എംഎൽഎമാരെ അടർത്തിയെടുത്താണ് ബിജെപി ഇവിടെ അധികാരം നേടിയിട്ടുള്ളത്. വോട്ടിങ് ശതമാനത്തിൽ എന്നും ബിജെപിയേക്കാളും മുന്നിലായിരുന്നു കോൺഗ്രസ്. അതായത് കോൺഗ്രസിന് സ്വാധീനം നഷ്ടപ്പെടാത്ത സംസ്ഥാനത്താണ് അവർക്ക് അധികാരം തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. മോദിയെയും ബിജെപിയെയും താഴെ ഇറക്കാൻ കഴിയുമെന്ന സന്ദേശമാണ് കർണാടകം നൽകുന്നത്. 2019ലെ തെരഞ്ഞെടുപ്പിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പരാജയമുണ്ടായി. ഹിന്ദിമേഖലയിൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും ഹരിയാനയിലും മാത്രമാണ് ബിജെപിക്ക് ഭരണമുള്ളത്. ബിഹാറിലും ഹിമാചലിലും ഭരണം നഷ്ടമായി. പഞ്ചാബിലും ഡൽഹിയിലും ദയനീയമായിരുന്നു തോൽവി. ത്രിപുരയിൽ തിപ്രമോത രംഗത്തുണ്ടായിരുന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടുമായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസമിൽ ഒഴിച്ച് മറ്റൊരിടത്തും ബിജെപിക്ക് കാര്യമായ സ്വാധീനമില്ല. അതായത് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കുക പ്രയാസമായിരിക്കും. കോൺഗ്രസിനെക്കൊണ്ടുമാത്രം ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ, ചെറുതും വലുതുമായ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും സംസ്ഥാനാടിസ്ഥാനത്തിൽ ബിജെപിവിരുദ്ധ ചേരിയിൽ അണിചേർക്കാനുള്ള ശ്രമമാണ് വേണ്ടത്. കർണാടക വിജയത്തിന്റെ പേരിൽ വല്യേട്ടൻ മനോഭാവത്തോടെ പെരുമാറാൻ തുടങ്ങിയാൽ അത് ബിജെപിവിരുദ്ധ ശക്തികളുടെ ഏകോപനത്തെ തടയും. കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന് ഭൂരിപക്ഷം സീറ്റും നഷ്ടമായതാണ് അധികാരം കിട്ടാതിരിക്കാൻ കാരണമായതെന്ന് ആർജെഡി അഭിപ്രായപ്പെട്ടത് മറക്കാറായിട്ടില്ല.
രാഷ്‌ട്രീയ യാഥാർഥ്യം തിരിച്ചറിയണം
കർണാടകത്തിൽ വിജയിച്ചതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഇതേ രീതിയിലുള്ള വിജയം കൈവരിക്കാനാകുമെന്ന് കരുതാനാകില്ല. ഓരോ സംസ്ഥാനത്തും പ്രത്യേക രാഷ്ട്രീയ സാഹചര്യമാണുള്ളത്. അധികാരം നഷ്ടപ്പെട്ട പല സംസ്ഥാനത്തും ദശകങ്ങൾ കഴിഞ്ഞിട്ടും അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്‌തുത. ഉദാഹരണത്തിന് 1967ൽ തമിഴ്‌നാട്ടിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് 55 വർഷം കഴിഞ്ഞിട്ടും ആ സംസ്ഥാനത്ത് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല. മണ്ഡൽ രാഷ്ട്രീയത്തിന്റെ ആവിർഭാവത്തോടെ 1988–-89 വർഷങ്ങളിലായി ഉത്തർപ്രദേശിലും ബിഹാറിലും കോൺഗ്രസിന് അധികാരം നഷ്ടമായി. 1977ൽ പശ്‌ചിമബംഗാളിലും 1995ൽ ഗുജറാത്തിലും 2000ൽ ഒഡിഷയിലും അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് പിന്നീട് ഒരിക്കലും തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. ഹിന്ദി ഹൃദയഭൂമിയിൽ കാലുറപ്പിക്കാൻ കഴിയാത്തിടത്തോളം കോൺഗ്രസിന് പഴയ പ്രതാപകാലം വീണ്ടെടുക്കാൻ കഴിയുമെന്ന് കരുതാനാകില്ല. ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊണ്ടുള്ള പ്രായോഗിക സമീപനം സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകണം. എങ്കിലേ ബിജെപിക്കെതിരെയുള്ള ശക്തികളെ യോജിപ്പിക്കാനാകൂ.
ജനവിരുദ്ധ സാമ്പത്തികനയം, കോർപറേറ്റ് സേവ
എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരമൊരു പതനത്തിലേക്ക് കൂപ്പുകുത്തിയത്. അതിന് പ്രധാനകാരണം അവരുടെ നയങ്ങളാണ്. നവ ഉദാരവാദ നയങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകാൻ തുടങ്ങിയതോടെയാണ് കോൺഗ്രസിന്റെ തകർച്ചയ്‌ക്ക് ആക്കം വർധിക്കുന്നത്. രാജീവ് ഗാന്ധിയുടെ കാലത്തുതന്നെ ഈ നയംമാറ്റത്തിനുള്ള സൂചന ലഭ്യമായിരുന്നു. എന്നാൽ, നരസിംഹറാവു സർക്കാരാണ് നവഉദാരവാദനയം സാമ്പത്തികനയമായി സ്വീകരിച്ച് കോർപറേറ്റുകൾക്കായുള്ള സ്വപ്‌നബജറ്റുകൾ അവതരിപ്പിക്കാൻ തുടങ്ങിയത്. സാമൂഹ്യസുരക്ഷാ പദ്ധതികൾ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുമെന്ന വാദം ഉയർത്തി പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. പെൻഷൻ സമ്പ്രദായവും മറ്റും ഉപേക്ഷിക്കപ്പെട്ടത് ഇതിന്റെ ചുവടുപിടിച്ചാണ്. അതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾ സ്വകാര്യമേഖലയ്‌ക്ക് കവാടം തുറന്നിട്ടു. സാധാരണ ജനങ്ങൾക്ക് ഈ മേഖല അപ്രാപ്യമാക്കപ്പെട്ടു. അതോടൊപ്പം സാമ്പത്തികവളർച്ച നേടാനുള്ള ഒറ്റമൂലി കോർപറേറ്റുകൾക്ക് സൗജന്യങ്ങൾ നൽകലാണെന്നു വന്നു. വൻകിട പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയ്‌ക്ക് സ്വകാര്യമേഖലയ്‌ക്ക് കൈമാറാനും തുടങ്ങി. ഈ നയത്തിന്റെ ഫലമായി സാമ്പത്തിക അസമത്വവും ദാരിദ്ര്യവും പതിന്മടങ്ങ് വർധിച്ചു. ഈ നയത്തെ അന്നും ഇന്നും എതിർക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. തുടക്കത്തിൽ സ്വദേശി മുദ്രാവാക്യമുയർത്തി നവഉദാരവാദ നയത്തെ എതിർത്ത ബിജെപി അധികാരം ലഭിച്ചപ്പോൾ അതേനയംതന്നെ വർധിച്ച ആവേശത്തോടെ നടപ്പാക്കാൻ തുടങ്ങി. പൊതുമേഖലാ ഓഹരിവിൽപ്പനയ്‌ക്കായി ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കാം ഒരു മന്ത്രാലയം തുടങ്ങിയത് ബിജെപി സർക്കാരായിരുന്നു. (വാജ്‌പേയി ഭരണകാലത്ത്) മോദി സർക്കാരിന്റെ മുഖമുദ്രതന്നെ കോർപറേറ്റ് സേവയാണ്. അദാനിമാരും അംബാനിമാരും തടിച്ചുകൊഴുക്കുമ്പോൾ ദരിദ്രർ അതിദരിദ്രരായി മാറ്റപ്പെടുന്നു.
കോൺഗ്രസ് പാഠം പഠിക്കുമോ
ഈ നയത്തിനെതിരെ പൊരുതാൻ കോൺഗ്രസിനുള്ള വിമുഖത പ്രകടമാണ്. ഇന്ത്യൻ കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറ വയ്‌ക്കാൻ മൂന്നുബില്ലുമായി മോദി സർക്കാർ രംഗത്ത് വന്നപ്പോൾ അതിനെതിരെ കർഷകർ നടത്തിയ സമരത്തിന്റെ മുൻനിരയിൽ അണിചേരാൻ കോൺഗ്രസ് തയ്യാറാകാതിരുന്നത് ഈ നയത്തോട് അവർക്ക് എതിർപ്പില്ലായിരുന്നു എന്നതുകൊണ്ടാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായി ചില ജനക്ഷേമ നടപടികൾ പൊതുമിനിമം പരിപാടിയുടെ ഭാഗമായി മൻ മോഹൻസിങ് സർക്കാരിന് നടപ്പാക്കേണ്ടിവന്നു. അതിലൊന്നാണ് തൊഴിലുറപ്പ് പദ്ധതി. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമവും വനാവകാശ നിയമവും പാസാക്കി. നവഉദാരവാദയുക്തിക്കെതിരായിരുന്നു ഈ നിയമനിർമാണങ്ങളൊക്കെ. എന്നിട്ടും അവ നടപ്പാക്കേണ്ടിവന്നത് കോൺഗ്രസിന് തനിച്ച് ഭൂരിപക്ഷമില്ലാത്തതുകൊണ്ടും സർക്കാരിന് നിർണായക പിന്തുണയാണ് അറുപതിലധികം എംപിമാരുള്ള ഇടതുപക്ഷ പാർടികൾ നൽകിയത് എന്നതിനാലുമായിരുന്നു. നവഉദാരവാദത്തിന് എതിരായ ഇത്തരം നിയമനിർമാണങ്ങൾ നടപ്പാക്കിയതാണ് യുപിഎ സർക്കാരിന് ജനപക്ഷ പ്രതിച്ഛായ നൽകിയതും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം നേടാൻ സഹായിച്ചതും. എന്നാൽ, രണ്ടാം യുപിഎ സർക്കാർ, ഇടതുപക്ഷത്തിന്റെ കടുത്ത സമ്മർദഫലമായി സ്വീകരിച്ച ജനപക്ഷ നയത്തിൽ വെള്ളം ചേർക്കുകയും വീണ്ടും ഉദാരവാദനയത്തിലേക്ക് തിരിച്ചുപോകുകയും ചെയ്‌തു. കൽക്കരി കുംഭകോണവും 2ജി സ്‌പെക്ട്രം അഴിമതിയും മറ്റും ഈ നയത്തിന്റെ ഭാഗമായി ഉണ്ടായതാണ്. മോദി സർക്കാരിന് അധികാരത്തിൽ വരാനുള്ള പശ്‌ചാത്തലവും അതായിരുന്നു. ഇതിൽനിന്ന് പാഠം പഠിക്കാൻ ഇനിയെങ്കിലും കോൺഗ്രസ് തയ്യാറാകുമോ? അതുപോലെതന്നെ മൃദുഹിന്ദുത്വനയം ഉപേക്ഷിച്ച് മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കാനും കോൺഗ്രസ് തയ്യാറാകണം. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് തോൽപ്പിക്കാനാകില്ല. മറിച്ച്, ഉറച്ച മതനിരപേക്ഷ അടിത്തറയിൽനിന്നു കൊണ്ടു മാത്രമേ അതിനെ നേരിടാനാകൂ.
ഛത്തീസ്‌ഗഢിൽ അടുത്തിടെ ക്രൈസ്‌തവർക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ ശക്തമായ നടപടി സ്വീകരിക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറായില്ലെന്ന ആക്ഷേപം ഉയർത്തിയത് ക്രിസ്‌ത്യൻ മതനേതാക്കളാണ്. ന്യൂനപക്ഷങ്ങളെ സംഘപരിവാർ വേട്ടയാടുമ്പോൾ അവിടം സന്ദർശിക്കാനോ ആ വിഭാഗം ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനോ കോൺഗ്രസ് നേതാക്കൾ തയ്യാറാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടത് പ്രശസ്‌ത സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാൽഷിക്കറാണ്. ഇത്തരം നയവൈകല്യങ്ങൾ തിരുത്താൻ കർണാടകത്തിലെ വിജയം കോൺഗ്രസിന് പ്രചോദനമാകുമെന്ന് കരുതാം.