ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണ്. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും. എന്നാൽ ഗവർണർ ഒപ്പിടാതെ പിടിച്ചു വെക്കുകയായിരുന്നു.
സുപ്രീംകോടതി ഇടപെടലുണ്ടായതോടെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന നില വന്നതോടെയാണ് രാഷ്ട്രപതിക്ക് അയച്ചത്. ഒരു തരത്തിലും കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമാകരുത് എന്ന നിലയിലായിരുന്നു ഗവർണറുടെ ഇടപെടൽ. രാഷ്ട്രപതി ഒപ്പിട്ടതോടെ സംസ്ഥാന സർക്കാർ നിലപാട് ശരിയാണെന്ന് അംഗീകരിക്കപ്പെട്ടു. ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനും കൂടിയുള്ള തിരിച്ചടിയാണിത്. വിഷയങ്ങളുടെ മെറിറ്റ് നോക്കിയല്ല പ്രതിപക്ഷത്തിൻ്റെ എതിർപ്പ്. ഗവൺമെൻ്റിനെ എന്തിലും എതിർക്കുകയെന്നതാണ് അവരുടെ നിലപാട്. അതും തെറ്റാണെന്ന് രാഷ്ട്രപതിയുടെ നിലപാട് തെളിയിച്ചു.