Skip to main content

ശ്രീനാരായണ ഗുരുവിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം | 29.04.2022

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട രണ്ട് ആഘോഷത്തിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദർശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമാണ്. ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയുടെയും തീർഥാടന നവതിയുടെയും ആഘോഷത്തിനാണ് തുടക്കം കുറിച്ചത്. ലോകത്തിന് കേരളം സംഭാവന ചെയ്‌ത മഹാനായ നവോത്ഥാന നായകനും ആത്മീയാചാര്യനുമായ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നന്നാണ്. എന്നാൽ, ആ അവസരം ഗുരുവിന്റെ ദർശനത്തെയും നിലപാടുകളെയും തിരസ്‌കരിക്കാനും സംഘപരിവാറിന്റെ കാവിവർണ ആശയങ്ങൾ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണ്. പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ഗുരുവിന്റെ സൂക്തം അദ്ദേഹം പറയാൻ ശ്രമിച്ചു. പ്രസിദ്ധമായ ഈ സൂക്തത്തിന് തുടർച്ചയായി ‘ഒരു യോനി, ഒരു ആകാരം, ഒരു ഭേദവുമില്ലതിൽ' എന്ന് ഗുരു കൂട്ടിച്ചേർത്തിട്ടുണ്ട്. ‘പുണർന്ന് പെറുന്നതെല്ലാം ഒരിനമാം' എന്നും ഓർമിപ്പിച്ച ഗുരു മനുഷ്യർക്ക് മനുഷ്യത്വമെന്ന ജാതി മാത്രമേയുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

ഇപ്രകാരമുള്ള ഒരു കാഴ്‌ചപ്പാട് മുറുകെപ്പിടിച്ച ഗുരുവും ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുവേണ്ടി ഭരണചക്രം തിരിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണവാഴ്ചയും എങ്ങനെ യോജിക്കും! രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള സാമ്യം മാത്രമേയുള്ളൂ. ഗുരുവിന്റെ സ്മരണ പുതുക്കിയ ചടങ്ങ് നടന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അധികം ദൂരെയല്ലല്ലോ ജഹാംഗിർപുരി. അവിടെയല്ലേ മുസ്ലിങ്ങളുടെ കടകളും വീടുകളും തകർക്കാൻ ബുൾഡോസറുകളെ അയച്ചത്. ബിജെപി നിയന്ത്രണത്തിലുള്ള നഗരഭരണക്കാർ സുപ്രീംകോടതിയുടെ സ്‌റ്റേ ഉത്തരവുപോലും പുല്ലാക്കി ഇടിച്ചുനിരത്തൽ തുടർന്നില്ലേ. അവിടേക്ക് സിപിഐ എം നേതാവ് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരെത്തി യന്ത്രക്കൈകളെ വിലക്കിയതുകൊണ്ടല്ലേ ആ വീടുകളും കടകളും ഇപ്പോഴും അവിടെ ശേഷിക്കുന്നത്. സുപ്രീംകോടതിയുടെ സ്‌റ്റേ ഉത്തരവ് ഉയർത്തി ബുൾഡോസറിനു മുന്നിൽ നിൽക്കുന്ന ബൃന്ദ കാരാട്ടിന്റെ ചിത്രം കണ്ടിട്ടെങ്കിലും ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രി പ്രതികരിക്കണ്ടേ. എല്ലാവരും സോദരത്വേന വാഴുന്ന ഒരു നാടിനുവേണ്ടിയാണ് ശ്രീനാരായണ ഗുരു ശബ്ദിച്ചത്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കിൽ മുസ്ലിംവേട്ട നടത്തുന്ന ബുൾഡോസർരാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്.

രാമനവമിയും ഹനുമാൻ ജയന്തിയുംപോലുള്ള ആഘോഷങ്ങളെ മുസ്ലിങ്ങൾക്കെതിരായ വർഗീയകലാപമാക്കാൻ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ തണലിൽ പത്തിലധികം സംസ്ഥാനങ്ങളിൽ തീവ്രപരിശീലനമുണ്ടായി. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ "ബുൾഡോസർരാജ്' അരങ്ങേറുകയാണ് ഇപ്പോൾ. രാമന്റെയും ഹനുമാന്റെയും പേരിലെന്നപോലെ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വർഗീയ ലഹളയ്ക്കാണോ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്. വാരാണസിയിലെ കാശി ശിവനഗരംപോലെയാണ് വർക്കലയിലെ ശിവഗിരി എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിലും കല്ലുകടിയുണ്ട്. വാരാണസിയിൽ ശിവനെ ഉണർത്താൻ പതിവായി ഷഹനായ് കച്ചേരി നടത്തിയ ബിസ്മില്ലാ ഖാൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് ടിക്കറ്റു കൊടുത്തവരാണ് കാവിപ്പട. അതുപോലെ വർഗീയ പകയുടെ കേന്ദ്രമാക്കി ശിവഗിരിയെ തരംതാഴ്‌ത്താൻ മോദിയല്ല ഏതു വർഗീയ ഭരണാധികാരി വിചാരിച്ചാലും എൽഡിഎഫ് ഭരണമുള്ള മതനിരപേക്ഷ കേരളം സമ്മതിക്കില്ല. അതുപോലെ ബുൾഡോസർരാജും.

പല രാജ്യങ്ങളും നാഗരികതകളും തങ്ങളുടെ കടമകളിൽനിന്ന് വ്യതിചലിച്ച് ഭൗതികവാദത്തെ പുണർന്നപ്പോഴും ഇന്ത്യയിൽ ആത്മീയത വളരുകയാണുണ്ടായതെന്നും അതിന്‌ ശ്രീനാരായണഗുരു സംഭാവന നൽകി എന്നുമാണ് മോദിയുടെ വിലയിരുത്തൽ. അത്തരം വിലയിരുത്തലുകൾ ചരിത്രനിഷേധവും അസംബന്ധവുമാണ്. ഭൗതികവാദത്തെയോ ഭൗതികവാദികളെയോ വെറുപ്പിന്റെ കള്ളിയിൽ അടയ്ക്കുകയായിരുന്നില്ല ഗുരു. ആത്മീയാചാര്യനായിരുന്നെങ്കിലും ഭൗതികവാദ ചിന്തയുള്ളവരെ അകറ്റുകയോ കൂടെക്കൂട്ടാതിരിക്കുകയോ ചെയ്തില്ല. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന് ഗുരു പറഞ്ഞപ്പോൾ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' എന്നാണ് സഹോദരൻ അയ്യപ്പൻ വ്യക്തമാക്കിയത്. അതുകൊണ്ട്, അയ്യപ്പൻ തന്റെ ഏറ്റവും ഉത്തമനായ ശിഷ്യൻ അല്ലാതായില്ല.

ഗുരു ആധുനികതയെക്കുറിച്ച് സംസാരിച്ചെങ്കിലും ഭാരതീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കിയെന്ന അഭിപ്രായവും മോദിയിൽനിന്നുണ്ടായി. ആധുനിക ജീവിതം കൈവരിക്കാൻ വിദ്യ അഭ്യസിക്കണമെന്നും അതിന് വിദ്യാലയങ്ങൾ വ്യാപകമായി തുടങ്ങണമെന്നും നല്ല തൊഴിൽ നേടണമെന്നും അതിന് വ്യവസായങ്ങൾ ആരംഭിക്കണമെന്നും ജാതിഭേദമില്ലാതെ ജീവിക്കണമെന്നുമുള്ള ഗുരുദർശനം ആധുനികതയിലേക്ക് സമൂഹത്തെ നയിക്കാനുള്ള ഉറച്ച പ്രേരണയായിരുന്നു. അത് ഗുരു അബദ്ധവശാൽ സംസാരിച്ചുപോയതാണെന്നു തോന്നും മോദിയുടെ അഭിപ്രായം കേട്ടാൽ. അങ്ങനെയായിരുന്നില്ലല്ലോ. മോദി ഗുരുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജൻഡയുടേതാണ്. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ തീർഥാടന കേന്ദ്രം വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല ‘ഏക ഭാരതം, ശ്രേഷ്ഠഭാരതം' എന്ന ചൈതന്യമുണർത്തുന്ന സ്ഥാപനമാണെന്ന, പ്രത്യക്ഷത്തിൽ ഭംഗിവാക്കെന്ന് തോന്നിപ്പിക്കുന്ന അഭിപ്രായം മോദിയിൽ നിന്നുണ്ടായത്.

'ഏകഭാരതം, ശ്രേഷ്ഠഭാരതം' എന്നത് ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള വാതിലാണ്. ഹിന്ദുത്വം എന്നാൽ അത് പുരാതന ഭാരതീയ സംസ്‌കാരമാണെന്നും അതിലെ ചാതുർവർണ്യത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നുമാണ് ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാജ്യത്തിന്റെ വർണവ്യവസ്ഥയെ വിരാട്പുരുഷന്റെ നാല് അംഗങ്ങളാണെന്നും ശിരസ്സിൽനിന്ന്‌ ബ്രാഹ്മണരും ബാഹുക്കളിൽനിന്ന്‌ ക്ഷത്രിയരും ഉരുക്കളിൽനിന്ന് വൈശ്യരും പാദങ്ങളിൽനിന്ന് ശൂദ്രരും ഉത്ഭവിച്ചത് ചൂണ്ടിക്കാട്ടുന്ന ദീൻ ദയാൽ വർഗസമരത്തെയും വർഗവൈവിധ്യത്തെയും തള്ളിപ്പറയുന്നു. വർണങ്ങൾ പരസ്‌പരപൂരകമാണെന്നും പരസ്‌പരവിരുദ്ധമായി ഏറ്റുമുട്ടിയാൽ അധഃപതനവും വ്യവസ്ഥയുടെ പതനവും ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകുന്നു. ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ മാനവദർശനം സ്വീകരിക്കാനാകില്ല എന്നത് പകൽപോലെ വ്യക്തം. അതിനാലാണ് ഗുരുവിനെ റാഞ്ചി തീവ്രവർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയത്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ ഗുരു ‘പല മത സാരവുമേകം' എന്ന ആശയവും വിശദീകരിച്ചിട്ടുണ്ട്. ഗുരുവിനെ സ്‌തുതിക്കുന്നതായി ഭാവിച്ച പ്രധാനമന്ത്രിയുടെ ഭരണത്തിലെയും ഭരണത്തിന് നേതൃത്വം നൽകുന്ന ആർഎസ്എസ്-ബിജെപിയുടെയും പ്രവൃത്തികൾ ഗുരുവിന്റെ ആദർശങ്ങൾക്ക് കടകവിരുദ്ധമാണല്ലോ. അയോധ്യ, മുത്തലാഖ്‌, കശ്മീർ വിഷയങ്ങൾക്കുശേഷം ഇപ്പോൾ ഏകീകൃത സിവിൽ കോഡിൽ പിടിച്ചിരിക്കുകയായാണ്. മതം, വർണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയുള്ളതാണ് ഇന്ത്യൻ ഭരണഘടന. ഈ ഭരണഘടനയുടെ സത്തയെ പൊതുവിൽ ദുർബലപ്പെടുത്തുകയാണ് മോദി ഭരണവും സംഘപരിവാറും. ഇതിന്റെതന്നെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള മോദി ഭരണത്തിന്റെ ധൃതിപ്പെട്ട നീക്കങ്ങൾ. ഹിന്ദു സമുദായത്തിനുള്ളിൽ ജാതിയെയും പ്രദേശത്തെയും ആസ്പദമാക്കി നിലവിലുണ്ടായിരുന്ന വിവിധ നിയമങ്ങളുടെ സ്ഥാനത്ത് 1956-ൽ ഒരു ഹിന്ദു കോഡ് രൂപപ്പെട്ടു. അഹിന്ദു സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് മാറ്റമുണ്ടായില്ല.

പൊതുവ്യക്തിനിയമം ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അഭിപ്രായങ്ങളും താൽപ്പര്യങ്ങളുംകൂടി കണക്കിലെടുത്തേ നടപ്പാക്കാവൂ. എന്നാൽ, ഒറ്റ ഭാഷ, ഒരേതരം വേഷം, ഭക്ഷണരീതി, വിവാഹരീതി, വിശ്വാസം, ആചാരം ഇതെല്ലാം നടപ്പാക്കാനാണ് സംഘപരിവാർ നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള ഏകസംസ്‌കാര പ്രഘോഷണങ്ങൾ ഫാസിസത്തിന്റെ കുഴൽവിളിയാണ്. സംഘപരിവാറിന്റെ ഏകീകൃത സിവിൽ കോഡ്, ഭരണഘടനയുടെ 25–--ാം വകുപ്പ് ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കി ഹിന്ദുമതത്തിന്റെ നിയമസംഹിതകൾ എല്ലാ മതവിഭാഗത്തിനുംമേൽ അടിച്ചേൽപ്പിക്കാനുള്ളതാണ്. ഇതിനുവേണ്ടി ‘ബുൾഡോസർരാജ്’ നടപ്പാക്കുന്ന മോദിയും ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന' അനുകമ്പയെ തന്റെ ദർശനമായി വിളംബരം ചെയ്ത ഗുരുവും രണ്ടു തട്ടിലാണ്. ‘കരുണാവാൻ നബി മുത്തുരത്‌ന'മെന്ന് നബിയെയും ‘പരമേശപവിത്രപുത്രൻ' എന്ന് ക്രിസ്തുവിനെയും വിശേഷിപ്പിച്ച ശ്രീനാരായണ ഗുരു എവിടെ, അന്യമതസ്ഥരുടെ ജീവനും ജീവനോപാധികളും ഇല്ലാതാക്കുന്ന, വിദ്വേഷഭരണം നയിക്കുന്ന മോദിയെവിടെ?

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" സ. എം എ ബേബി ഉദ്ഘാടനം ചെയ്തു

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. വിജു കൃഷ്ണൻ, മന്ത്രി ശ്രീ. വി അബ്ദുറഹ്മാൻ, സ. സി കെ ശശീന്ദ്രൻ, സ. എം ഷാജർ എന്നിവർ സംസാരിച്ചു.

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുക എന്നതാണ് പുതിയ കാലത്തിന്റെ പ്രധാന കടമ

സ. എം എ ബേബി

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ പുതിയ കാലത്തിന്റെ പ്രധാന കടമ. വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു.

സംഘപരിവാറിന്റെ കേരളവിരുദ്ധ രാഷ്ട്രീയ അജണ്ടകളെ ജനങ്ങൾ പ്രതിരോധിക്കും

സ. എം സ്വരാജ്

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്

സ. കെ രാധാകൃഷ്‌ണൻ എംപി

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന്‌ സംഘപരിവാറിന്‌ താൽപര്യം ഉണ്ടായിരുന്നു; അംബേദ്‌കറാകട്ടെ മനുസ്‌മൃതി കത്തിച്ച ആളും.