Skip to main content

സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്

രണ്ടാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ട് മുന്നോട്ടുപോകുകയാണ്. ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് ആശ്വാസകരമായി മാറി. ഇത് സർക്കാരിനുള്ള ജനപിന്തുണ കൂടുതൽ വർധിപ്പിക്കുന്നു.

എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്ന ഇത്തരം നയങ്ങൾ രാജ്യത്തെമ്പാടുമുള്ള ബദൽ നയങ്ങൾക്കായുള്ള പോരാട്ടത്തിൽ മതനിരപേക്ഷതയ്‌ക്കു വേണ്ടിയുള്ള ഇടപെടലുകളെയും കൂടുതൽ ശക്തിപ്പെടുത്തി. അതുകൊണ്ടു തന്നെയാണ് സർക്കാരിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികൾ യോജിച്ചുനിന്ന് സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവരുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്.

വലതുപക്ഷ മാധ്യമങ്ങൾ സർക്കാരിനും സിപിഐ എമ്മിനും എതിരെയുള്ള ശക്തമായ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ ലഹരിമാഫിയയും വലതുപക്ഷക്കാരും ആക്രമിച്ച് മൃതപ്രായയാക്കിയ അപർണ ഗൗരിയെ സംബന്ധിച്ച വാർത്ത കൊടുക്കുന്നതിനുപോലും ഇവർ കാണിച്ച പിശുക്ക് വലതുപക്ഷ മാധ്യമങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്.

യഥാർഥ പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിനു പകരം അപവാദ വ്യവസായമായി വലതുപക്ഷ മാധ്യമപ്രവർത്തനം അധഃപതിച്ചിരിക്കുകയാണ്. നാടിന്റെ വികസനത്തിന് അനുകൂലമായി നിൽക്കാൻ ഉത്തരവാദിത്വപ്പെട്ടവയാണ് മാധ്യമങ്ങൾ. എന്നാൽ, അവർ എത്രത്തോളം ആ ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ട് എന്നത് പരിശോധിക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖ വികസനമെന്നത് കേരളത്തിന്റെ പൊതുവായ വികസനത്തിന് അത്യന്താപേക്ഷിതമാണ്. വികസനത്തിന് കക്ഷിരാഷ്ട്രീയം തടസ്സമാകരുതെന്ന നിലപാട് 1956ലെ കേരള വികസനത്തെ സംബന്ധിച്ച കമ്യൂണിസ്റ്റ് പാർടിയുടെ രേഖതന്നെ മുന്നോട്ടുവച്ചതും പൊതുവിൽ കേരളസമൂഹം അംഗീകരിച്ചതുമാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതി ഇത്തരത്തിൽ കേരളവികസനത്തിന് പ്രധാനമായിക്കണ്ട് അംഗീകരിക്കപ്പെട്ടതാണ്. ആ തുറമുഖ പദ്ധതിയുടെ പ്രവർത്തനം ഏറെ മുന്നോട്ടുപോകുകയും ചെയ്തു. എന്നിട്ടും പദ്ധതി നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഒരു ചെറുവിഭാഗം മറ്റ് പലരുടെയും സഹായത്തോടെ നടത്തിയ സമരത്തെ സമീപിച്ച രീതി ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. കലാപവും സംഘർഷവും ഉണ്ടാക്കി മുന്നോട്ടു പോകാനുള്ള ശ്രമത്തെ ഏതുതരത്തിലാണ് പല മാധ്യമങ്ങളും കണ്ടിട്ടുള്ളതെന്ന് വ്യക്തമാണ്.

സർക്കാർ ഇക്കാര്യത്തിൽ ശരിയായ സമീപനം സ്വീകരിച്ച് മുന്നോട്ടുപോയപ്പോൾ കേരളത്തിലെ ജനങ്ങൾ അതോടൊപ്പം നിലയുറപ്പിക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമപ്രചാരണങ്ങളെ തള്ളി ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നപ്പോഴാണ് സമരസമിതിക്കാർക്ക് പ്രക്ഷോഭം പിൻവലിക്കേണ്ട സ്ഥിതിയുണ്ടായത്. യുഡിഎഫ് കൂടി അംഗീകരിച്ച പദ്ധതി തടസ്സപ്പെടുത്താനുള്ള പ്രവർത്തനത്തെ അവർ വീക്ഷിച്ച രീതി ഒരുകാര്യം വ്യക്തമാക്കുന്നു. കേരളത്തിന്റെ വികസനപ്രശ്നമല്ല സംസ്ഥാന സർക്കാരിനെതിരെ ഓരോ വിഭാഗത്തെയും എങ്ങനെ എതിരാക്കിത്തീർക്കാമെന്ന ഗവേഷണത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങളെന്ന് വ്യക്തം. ജവാഹർലാൽ നെഹ്റുപോലും ആർഎസ്എസുമായി സന്ധിയുണ്ടാക്കിയെന്ന് തെറ്റായി പ്രചരിപ്പിച്ച് കോൺഗ്രസ്‌, ബിജെപി ഐക്യത്തിന് അടിത്തറയുണ്ടാക്കാനുള്ള ശ്രമവും നടന്നുകഴിഞ്ഞു.

കേന്ദ്ര സർക്കാരാകട്ടെ സംസ്ഥാനത്തിന്റെ വികസനപരിശ്രമങ്ങളെ തുരങ്കംവയ്‌ക്കുകയാണ്. വികസന പദ്ധതികൾക്ക് അംഗീകാരം നൽകാതിരിക്കുക, അർഹതപ്പെട്ട വിഹിതം നൽകാതിരിക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ എടുക്കുന്ന കടംപോലും സർക്കാരിന്റെ പൊതുവായ കടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനവുമുണ്ടായി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിനായി ഗവർണർമാരെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന സ്ഥിതി വ്യാപകമാണ്. അതിന്റെ ഭാഗമായി കൂടുതൽ തീവ്രമായി ഇടപെടുന്ന സമീപനമാണ് കേരളത്തിലെ ഗവർണർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ യുഡിഎഫ് ആദ്യം സ്വീകരിച്ച സമീപനം ഇതിനെയും സംസ്ഥാന സർക്കാരിനെതിരെ ഉപയോഗപ്പെടുത്തുക എന്നതായിരുന്നു.

ഗവർണർ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനത്തെയാകെ ദുർബലപ്പെടുത്താനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന കാര്യം ജനങ്ങളോട് വിശദീകരിക്കുന്ന നില കേരളത്തിലെ അക്കാദമിക സമൂഹത്തിന്റെ മുൻകൈയിൽ നടക്കുകയുണ്ടായി. ഇതിന് വമ്പിച്ച പിന്തുണയാണ് കേരളീയ സമൂഹത്തിൽ നിന്നുണ്ടായത്.

കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽഡിഎഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജൻഡകൾക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആർജിച്ചു.

എൽഡിഎഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യുഡിഎഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്ലിംലീഗ് പരസ്യമായി രംഗത്തുവന്നു. ആർഎസ്‌പിയും ഗവർണറുടെ പ്രശ്നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത് യുഡിഎഫിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിനെ യുഡിഎഫിനും പിന്തുണയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടായി.

കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സിപിഐ എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. എൽഡിഎഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

സ. പിണറായി വിജയൻ

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്‌.

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.

സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർത്താൽ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിന്?

സ. പ്രകാശ് കാരാട്ട്

പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?