Skip to main content

എകെജി ദിനം

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവായ എ കെ ജിയുടെ വേർപാടിന്റെ 46-ാം വാർഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും എ കെ ജിയുടെ ഓർമ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്. മോദി സർക്കാരിനെതിരെ രണ്ടാം കർഷകപ്രക്ഷോഭത്തിന്‌ തുടക്കംകുറിച്ച സാഹചര്യത്തിലാണ്‌ നാം ഇത്തവണ ജനനേതാവായ എ കെ ജിയുടെ സ്‌മരണ പുതുക്കുന്നത്‌.
ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്ത സ്വഭാവത്തിലെ പ്രത്യയശാസ്ത്ര– -സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷ–കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനാണ് എ കെ ജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും തട്ടിയുണർത്തി മുന്നോട്ടുനയിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും അവസാനിപ്പിച്ച് ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എ കെ ജി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ച ആശയം. അതിനുവേണ്ടി ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ എല്ലാവിഭാഗം ജനങ്ങൾക്കും പ്രവേശനത്തിനും വഴിനടക്കലിനും സ്വാതന്ത്ര്യത്തിനുമായി പടപൊരുതി. ഗുരുവായൂർ സത്യഗ്രഹത്തിൽ കഠിനമായ മർദനമേൽക്കേണ്ടിവന്നു. പിന്നീട് ആ സമരം വിജയംകണ്ടു. 1932ൽ ഗുരുവായൂർ സത്യഗ്രഹം കഴിഞ്ഞ് പയ്യന്നൂരിൽ എത്തിയ എ കെ ജി അവിടെ കൊടികുത്തിവാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ പൊരുതി. കേരളീയനും ഒപ്പമുണ്ടായിരുന്നു. എ കെ ജിയെയും കേരളീയനെയും ബോധംകെടുവോളം അടിച്ചുവീഴ്ത്തി. എ കെ ജിയുടെ മരണമൊഴിപോലും മജിസ്ട്രേട്ട്‌ രേഖപ്പെടുത്തി.

ബ്രിട്ടീഷ് ഭരണത്തിലും പിൽക്കാലത്തെ ജനവിരുദ്ധ കേന്ദ്ര സർക്കാർ ഭരണങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയസമരങ്ങളിൽ എ കെ ജി നിർണായക പങ്കുവഹിച്ചു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ സമരനായകൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദീർഘകാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആൾ ആദ്യത്തെ സ്വാതന്ത്ര്യദിനം ജയിലിലാണ് ആഘോഷിച്ചത്. ദേശീയപതാകയേന്തി ജയിൽ വളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽ കെട്ടിടത്തിന്റെ മുകളിൽ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് തടവറയിൽ അടച്ചത്. ജയിൽവാസം 17 വർഷം നീണ്ടതാണ്. ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലൻ വേഴ്‌സസ്‌ സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ ഈ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച ആദ്യത്തെ വിധിന്യായമാണ്. ഭരണഘടനാ മൂല്യങ്ങളെ പിച്ചിച്ചീന്തി മോദി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ തേർവാഴ്ച നടത്തുമ്പോൾ ഭരണഘടന സംരക്ഷിക്കാൻ എ കെ ജി സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളിലും കോടതികൾക്കു പുറത്തും നടത്തിയ സമരം പ്രസക്തമാണ്.

ഇന്ത്യൻ കർഷകവർഗത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും വിമോചനപ്പോരാട്ടങ്ങളിലെ ഏറ്റവുംവലിയ പ്രചോദനകേന്ദ്രവും വഴികാട്ടി നക്ഷത്രവുമാണ് എ കെ ജി. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ഒരുവർഷം നീണ്ട കർഷകസമരം കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കുകയും വിജയംനേടുകയും ചെയ്തു. പക്ഷേ, അന്ന്‌ സമരം ഒത്തുതീർപ്പാക്കാൻ അംഗീകരിച്ച സുപ്രധാന ആവശ്യങ്ങൾ നടപ്പാക്കാൻ പിന്നീട്‌ മോദി സർക്കാർ തയ്യാറായില്ല. രാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷക ജനസാമാന്യത്തെ വഞ്ചിക്കുകയാണ്‌ കേന്ദ്രം ചെയ്‌തത്‌. കർഷകർക്കു മുന്നിൽ വാഗ്‌ദാനങ്ങൾ വാരിവിതറിയ മോദി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അക്കാര്യമെല്ലാം മറന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ വാഗ്‌ദാനം നൽകുകയും പിന്നീട്‌ സൗകര്യപൂർവം മറക്കുകയും ചെയ്യുന്നതാണ്‌ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയം. ജനാധിപത്യമൂല്യങ്ങൾക്ക്‌ വില കൽപ്പിക്കാൻ തയ്യാറാകാത്ത മോദി സർക്കാരിനെതിരെ അതിശക്തമായ പോരാട്ടം ഉയർന്നുവരേണ്ടതുണ്ട്‌.
തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങൾക്ക് വേദനിക്കുന്നുവോ എന്ന് ആരാഞ്ഞ് അവരുടെ വേദനയകറ്റാൻ കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പംകൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായി.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത്‌ എ കെ ജിയെ അറസ്റ്റുചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിൽ എത്തി ഏകാധിപത്യഭരണത്തിന് താക്കീതുനൽകി. ഇന്ദിര ഗാന്ധി പെൺഹിറ്റ്‌ലർ ആകരുതെന്നു പറഞ്ഞു. ‘എന്നെയും ഇ എം എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലിൽനിന്നു വിടുന്നില്ല എന്നും മാർക്സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ എം എസിനെയുംമാത്രം മോചിപ്പിച്ചത്‌ ’എന്നും അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂർ ജയിൽചാടി ഒളിവിൽ കഴിഞ്ഞ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി. ഇതേ നേതാവുതന്നെ സമരാഭാസങ്ങളെ നഖശിഖാന്തം എതിർത്തിരുന്നു. വർഗശത്രുക്കളുടെ സമരാഭാസങ്ങളോട് പുരോഗമനശക്തികൾ എന്തുസമീപനം സ്വീകരിക്കണമെന്നതിന് എ കെ ജിയുടെ പ്രവർത്തനശൈലി ഉത്തരം നൽകുന്നതാണ്. ആത്മകഥയിൽ അദ്ദേഹം ആവേശകരമായൊരു സ്വപ്നം വിവരിച്ചിട്ടുണ്ട്. സമരങ്ങളിൽ വ്യാപൃതനായ താൻ കാലിടറി വീണെന്നുവരും. പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുകതന്നെ ചെയ്യുമെന്നായിരുന്നു എ കെ ജിയുടെ വാക്കുകൾ. ഇത്തരമൊരു വസന്തകാലം പിറക്കുന്നതിനുള്ള വഴി തെളിച്ചുവിടുന്നതിന് കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഉണ്ടാകണമെന്ന സ്വപ്നം എ കെ ജി, ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉണ്ടായിരുന്നു. അത് യാഥാർഥ്യമായി.

കേന്ദ്ര സർക്കാരിന്റെ ആഗോളവൽക്കരണനയത്തിനും മതരാഷ്‌ട്രവാദത്തിനും എതിരായി ബദൽ നയം ഉയർത്തിയാണ്‌ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്‌. ആ സർക്കാരിനെ ഏതുവിധേനയും പ്രതിസന്ധിയിലാക്കുന്നതാണ്‌ കേന്ദ്ര സർക്കാർ നയം. സംസ്ഥാനത്ത്‌ അതിന്‌ ചൂട്ടുപിടിച്ചുകൊടുക്കുന്ന നയമാണ്‌ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌. ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ കാത്തുസൂക്ഷിക്കുന്നത്‌ ഈ നാട്ടിലെ ജനങ്ങളാണ്‌. ഏറ്റവും അടിത്തട്ടിലുള്ളവരെപ്പോലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്‌ രണ്ടാം പിണറായി സർക്കാർ നടത്തുന്നത്‌. ഓരോ ദിവസം കഴിയുന്തോറും സർക്കാരിന്റെ ജനപിന്തുണ വർധിച്ചുവരുന്നത്‌ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. കേന്ദ്രനയത്തിനെതിരെ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രതിരോധജാഥയ്‌ക്ക്‌ ലഭിച്ച അംഗീകാരവും എതിരാളികളെ വിറളിപിടിപ്പിക്കുന്നു. അതുകൊണ്ടാണ്‌ അവർ സർക്കാരിനും പാർടിക്കുമെതിരെ നിരന്തരം കള്ളപ്രചാരണം നടത്തുന്നത്‌. ഇതെല്ലാം ചെറുത്ത്‌ ഉണർവോടെയുള്ള പ്രവർത്തനം നടത്താൻ എ കെ ജി സ്മരണ പ്രചോദനമാണ്. ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓർമകൾക്കുമുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃക

സ. സജി ചെറിയാൻ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം

സ. പിണറായി വിജയൻ

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്.

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ആയിരക്കണിക്കിന് വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 18ന് എൽഡിഎഫ് പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും.

നുണപ്രചരണത്തിലൂടെ വിജയം നേടാനുള്ള യുഡിഎഫിന്റെ നിന്ദ്യമായ നീക്കങ്ങളെയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഡോ. പി സരിൻ വിജയം നേടും

സ. പിണറായി വിജയൻ

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്ത് പുരോഗമനാശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ജനകീയ ശബ്ദമാവാൻ ഡോ. സരിന് സാധിക്കുമെന്നതിൽ സംശയമേതുമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.