കോൺഗ്രസിന്റെ പ്രതികരണശേഷിപോലും തകർക്കുന്നതാണ് മാത്യു കുഴൽനാടന്റെ ഹർജിയിൽ വിജിലൻസ് കോടതിടെ വിധി. നിയമസഭാ തെരഞ്ഞെടുപ്പുവരെ പുകമറ സൃഷ്ടിക്കാൻ കാത്തുവച്ചിരുന്ന കേസ് വഴിയിലിട്ടുടച്ച കുഴൽനാടനും കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരിക്കുകയാണ്.
മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു. കോടതിയിൽനിന്നേറ്റ തിരിച്ചടി സംബന്ധിച്ച് എന്തെങ്കിലും ചർച്ച നടത്താൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. കുഴൽനാടന്റെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്ത് ആഘോഷിച്ചു. കോടതി കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ചർച്ച നടത്തേണ്ട വിഷയമായി മാധ്യമങ്ങൾക്ക് തോന്നുന്നില്ല. മാധ്യമങ്ങളുടെ വർഗപരമായ നിലപാട് ജനം തിരിച്ചറിയും. രാഷ്ട്രീയ പ്രേരിത ഹർജിയെന്ന് കോടതിപോലും പറയുന്ന സാഹചര്യമുണ്ടായി. സിപിഐ എം നേരത്തേമുതൽ സ്വീകരിച്ച നിലപാടാണ് കോടതിയും അംഗീകരിച്ചത്.
സിഎംആർഎല്ലിൽനിന്ന് പണം സ്വീകരിച്ചവർക്കെതിരെ കേസില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കമ്പനിയുടെ അപേക്ഷയിൽ മുഖ്യമന്ത്രി കുറിപ്പെഴുതിയത് സാധാരണ നടപടിക്രമം മാത്രമെന്നും ഒരാനുകൂല്യവും മുഖ്യമന്ത്രിയും സർക്കാരും നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി. ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് കുഴൽനാടൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന് അദ്ദേഹം തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം.