Skip to main content

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഓരോ ദിവസം കഴിയുന്തോറും ഇടിയുന്നു

സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞ 17 ലോക്‌സഭാ തെരഞ്ഞെടുപ്പും വിജയകരമായി നടത്തി വിശ്വാസ്യത ആർജിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ പൂർണമായും എക്സിക്യൂട്ടീവിന്റെ അടിമയായി മാറിയോ എന്ന സംശയമാണ് പല കോണുകളിൽനിന്നും ഉയരുന്നത്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും പരാജയപ്പെട്ടെന്ന ആഖ്യാനമാണ് പൊതുവേ വരുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. എന്നാൽ, ജനാധിപത്യ സൂചികയിൽ മോദി ഭരണകാലത്തെ ഇന്ത്യ തലകുത്തി വീഴാൻ തുടങ്ങിയതിനു പിന്നിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയിലുള്ള തകർച്ചയും പ്രധാനഘടകമാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഓരോ ദിവസം കഴിയുന്തോറും ഇടിയുകയാണ്.

ഈ വിശ്വാസത്തകർച്ചയ്‌ക്ക് പല കാരണങ്ങളും ചൂണിക്കാട്ടാനാകും. അതിൽ ആദ്യത്തേത് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്നു ദിവസം മുമ്പ് രണ്ട് കമീഷണർമാർ മാറി പുതിയ കമീഷണർമാർ നിയമിക്കപ്പെട്ട രീതിയാണ്. തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കുന്ന പാനലിൽ ചീഫ് ജസ്റ്റിസിനെ മാറ്റി ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയ നിയമഭേദഗതിക്കുശേഷം നിയമിതരായവരാണ് ഈ രണ്ട് കമീഷണർമാരും. ഇതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ ചായ്‌വ് എക്സിക്യൂട്ടീവിന് അനുകൂലമായിരിക്കുമെന്ന് ഉറപ്പായി. മാർച്ച് 16ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ഓരോ സംഭവത്തിലും അത് പകൽപോലെ വ്യക്തമാകുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതൽ നിലവിൽ വന്ന പെരുമാറ്റച്ചട്ടം നടപ്പാക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽനിന്നുപോലും ഒളിച്ചോടുന്ന തെരഞ്ഞെടുപ്പ് കമീഷനെയാണ് കാണാനായത്. പെരുമാറ്റച്ചട്ടം നിലവിൽ വന്ന് അഞ്ചാമത്തെ ദിവസമാണ് ദേശീയ രാഷ്ട്രീയ കക്ഷിയായ ആം ആദ്മി പാർടിയുടെ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയനേതാക്കളെ വേട്ടയാടുന്ന ഇത്തരം നടപടികൾ കൈക്കൊള്ളരുതെന്ന് എല്ലാ കേന്ദ്ര ഏജൻസികൾക്കും കമീഷൻ നിർദേശം നൽകേണ്ടതായിരുന്നു. എന്നാൽ, ഒരു നടപടിയും കമീഷന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. ഇതിന്റെ ഫലമായി ആദായ നികുതി വിഭാഗം കോൺഗ്രസ് പാർടിയുടെ നാഷണൽ ബാങ്ക് അക്കൗണ്ടും സിപിഐ എമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടും മരവിപ്പിച്ചു. പ്രതിപക്ഷ പാർടികളെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സാമ്പത്തികമായി ഞെരുക്കാനാണ് ഈ നടപടി. തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തുല്യ അവസരവും പങ്കാളിത്തവും ഉറപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യത പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ല. പ്രതിപക്ഷമുക്ത ഭാരതം എന്ന ബിജെപിയുടെ ജനാധിപത്യവിരുദ്ധ അജൻഡ നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷനും പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. ഗുജറാത്തിലെ സൂറത്തിലും ഇൻഡോറിലും പ്രതിപക്ഷ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിൻവലിപ്പിച്ച് എതിരില്ലാതെ തെരഞ്ഞെടുക്കാൻ ബിജെപി നടത്തിയ ശ്രമത്തിനു നേരെയും തെരഞ്ഞെടുപ്പ് കമീഷൻ കണ്ണടച്ചു. സൂറത്തിൽ ബിജെപി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കാൻ അത്യുത്സാഹം കാട്ടുകയും ചെയ്തു.

എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്റെ ലജ്ജാകരമായ വിധേയത്വം തെളിഞ്ഞത് പ്രധാനമന്ത്രി മോദിയുടെ വർഗീയ, വിദ്വേഷ പ്രസംഗം തടയുന്നതിൽ കാട്ടുന്ന ക്രിമിനൽ അലംഭാവമാണ്. പ്രതിപക്ഷം ശ്രീരാമന് എതിരാണെന്നും ശ്രീരാമനെ അപമാനിക്കുന്നവരാണെന്നും മോദി പ്രസംഗിച്ചു. രാജസ്ഥാനിലെ ബൻസ്‌വാഡയിൽ ഏപ്രിൽ 21ന് നടത്തിയ പ്രസംഗത്തിൽ മോദി മുസ്ലിങ്ങളെ രാക്ഷസവൽക്കരിക്കുകയുണ്ടായി. മംഗല്യസൂത്രംപോലും കവർന്ന് മുസ്ലിങ്ങൾക്ക് നൽകുന്നവരാണ് പ്രതിപക്ഷമെന്നും മോദി ആക്ഷേപിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിനുശേഷം മോദി നടത്തിയ എല്ലാ പ്രസംഗങ്ങളും വർഗീയ വിദ്വേഷ പ്രസ്താവങ്ങളായിരുന്നു. പ്രധാനമന്ത്രിപദവിയുടെ അന്തസ്സ് കളഞ്ഞുകുളിക്കുംവിധം പച്ചക്കള്ളങ്ങളും തട്ടിവിട്ടു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രതിപക്ഷ പാർടി നേതാക്കൾ മോദിക്കെതിരെ പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ഒരു നോട്ടീസ് പോലും മോദിക്ക് അയച്ചില്ല. പകരം ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്‌ക്കാണ് കമീഷൻ നോട്ടീസ് അയച്ചത്. ആഴ്ചകൾ കഴിഞ്ഞാണ് നദ്ദ മറുപടി നൽകിയത്. ഇത് പുതിയ രീതിയാണ്. നടപടി വൈകിപ്പിക്കാനുള്ള തന്ത്രംകൂടിയാണിത്. ഇതിന്റെ ഫലമായി പ്രധാനമന്ത്രി വർഗീയ- വിദ്വേഷ പ്രസംഗം തുടരുകയുമാണ്. ഇതൊന്നും കാണാത്ത അന്ധത ബാധിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കാവൽ നായക്ക്. മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു വീഡിയോ കർണാടകത്തിൽ ബിജെപി നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ പരാതി ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് വീഡിയോ നീക്കം ചെയ്യാൻ കമീഷൻ ഉത്തരവിട്ടത്. ഭരണകക്ഷിയെ ഒരു തരത്തിലും നോവിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് കമീഷൻ.

കമീഷന്റെ സാങ്കേതിമായ മികവിലും ദൈനംദിന പ്രവർത്തനത്തിലുംവരെ സംശയമുയർന്നിരിക്കുന്നു. പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് യന്ത്രം എത്തിക്കുന്നതിലും വോട്ടിങ് ശതമാനം സംബന്ധിച്ച കൃത്യമായ കണക്ക് നൽകുന്നതിലും മികവാർന്ന പ്രവർത്തനം ദശാബ്ദങ്ങളായി കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. എന്നാൽ, കുറച്ചു വർഷങ്ങളായി ഇതിലും ഇടിവു തട്ടിയിരിക്കുന്നു. പ്രത്യേകിച്ചും 2014നു ശേഷം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മണ്ഡലം തിരിച്ചുള്ള, സംസ്ഥാനം തിരിച്ചുള്ള, അഖിലേന്ത്യാ പോളിങ് സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകൾ രണ്ടു വർഷം കഴിഞ്ഞാണ് കമീഷൻ പുറത്തുവിട്ടത്. ഇക്കുറി ആദ്യഘട്ടം വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ് പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവിട്ടത്. രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കണക്ക് നാലു ദിവസത്തിനു ശേഷവും. ഇത് എന്തുകൊണ്ടാണെന്ന ഒരു വിശദീകരണവും കമീഷൻ നൽകിയിട്ടില്ല. ഓരോ ഘട്ടം പോളിങ് കഴിയുന്തോറും സംസ്ഥാന, ദേശീയ അടിസ്ഥാനത്തിലുള്ള കണക്കും നൽകുന്നില്ല. വോട്ടർമാരുടെ കണക്ക് നൽകിയാലേ വോട്ടിങ് ശതമാനവും വോട്ടർമാരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസവും മറ്റും കണക്കാക്കാനാകൂ.

ഏറ്റവും അവസാനമായി പുറത്തുവന്ന വാർത്ത, വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലുള്ള പൊരുത്തക്കേടിനെക്കുറിച്ചാണ്. മുംബൈയിലെ ആർടിഐ പ്രവർത്തകൻ മനോരഞ്ജൻ റോയിയെ ഉദ്ധരിച്ച് "ഐഡം' ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് 7.2 കോടി വോട്ടർമാരും 15,000 പോളിങ് ബൂത്തും കൂടിയിട്ടും 2019നേക്കാൾ 2.05 ലക്ഷം വോട്ടിങ് യന്ത്രം കുറഞ്ഞു. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വോട്ടിങ് യന്ത്രത്തിന്റെ എണ്ണത്തിലുള്ള പൊരുത്തക്കേടുകളെക്കുറിച്ചുള്ള വാർത്തയും വരുന്നത്. ഓരോഘട്ടം കഴിയുമ്പോഴും തെരഞ്ഞെടുപ്പ് കമീഷൻ നടത്താറുള്ള വാർത്താസമ്മേളനവും ഇക്കുറിയുണ്ടായിട്ടില്ല. മുഴുവൻ വസ്തുതയും എന്തുകൊണ്ട് നൽകുന്നില്ല എന്നതിനും ഒരു വിശദീകരണവും കമീഷന്റെ ഭാഗത്തു നിന്നില്ല. പരാജയ ഭീതിപൂണ്ട ബിജെപി, അവർക്ക് സർക്കാരുള്ള സംസ്ഥാനങ്ങളിൽ ബൂത്ത് പിടിക്കാനും പ്രതിപക്ഷ കക്ഷികൾക്ക് വോട്ടു ചെയ്യുമെന്ന് കരുതുന്നവരെ പോളിങ് ബൂത്തിലേക്ക് എത്തുന്നത് തടയാനും ശ്രമിക്കുകയാണെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഉത്തർപ്രദേശിലെ സംബൽ, മുറാദാബാദ്, ഫറൂഖാബാദ് എന്നിവിടങ്ങളിൽ മുസ്ലിം വോട്ടർമാരെ തടയാൻ ലാത്തിച്ചാർജ് ഉൾപ്പെടെ നടത്തിയതായും പരാതി ഉയർന്നു. യുപിയിൽ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് പൊലീസ് ഓഫീസർതന്നെ ചെയ്ത് അയക്കുന്ന രീതിവരെ ഉണ്ടായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഥുരയിൽ ചില ബൂത്തുകളിൽ മുസ്ലിം വോട്ടർമാരുടെ വോട്ടുകൾ ഏതാണ്ട് പൂർണമായും വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്തുവത്രെ. ഗുജറാത്തിലെ നവാദ്ര ഗ്രാമത്തിൽ വീടുകൾ ഇടിച്ചു നിരത്തപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മുഴുവനായും (700 പേരുടെ) വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ജനാധിപത്യഹത്യയിലൂടെ വിജയം നേടാനുള്ള കേന്ദ്രഭരണകക്ഷിയുടെ ശ്രമത്തെ തടയാൻ ഒരു ചെറുവിരലുപോലും അനക്കാൻ കമീഷൻ തയ്യാറാകുന്നില്ല.

കേന്ദ്രസർക്കാരിനും ഭരണകക്ഷിക്കും മുമ്പിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ കഴിയാത്തിടത്തോളം കാലം തെരഞ്ഞെടുപ്പ് കമീഷന് അവരുടെ ഭരണഘടനാ ചുമതല നിർവഹിക്കാൻ കഴിയില്ല. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പ് കമീഷന് അതിന് സാധിക്കണമെങ്കിൽ അതിന്റെ സ്വതന്ത്ര സ്വഭാവം ആദ്യം വീണ്ടെടുക്കണം. 2023ൽ മോദി സർക്കാർ പാസാക്കിയ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം സംബന്ധിച്ച ഭേദഗതി നിയമം പുനഃപരിശോധിക്കലാണ്‌ ഈ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്‌. എക്സിക്യൂട്ടീവിന് മേധാവിത്വമുള്ള സമിതിയാകരുത് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതെന്ന് ഉറപ്പു വരുത്തിയാലേ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത അൽപ്പമെങ്കിലും വീണ്ടെടുക്കാനാകൂ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.