Skip to main content

മോദിസർക്കാരിന്റെ കോർപറേറ്റ് - ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും നടപടികളും മാറിക്കഴിഞ്ഞു

ഇന്ത്യയിൽ തൊണ്ണൂറുകൾമുതൽ നടപ്പാക്കിവരുന്ന നിയോലിബറൽ സാമ്പത്തികനയമാണ് മോദി സർക്കാർ പിന്തുടരുന്നത്. ഈ നയത്തിന്റെ ഫലമായി ഏതാനും വ്യക്തികളുടെ കൈവശം സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുകയും സാമ്പത്തിക അസമത്വം പതിന്മടങ്ങ് വർധിക്കുകയും ചെയ്തു. ഉയർന്ന തൊഴിലില്ലായ്മയ്‌ക്കും ഇതു കാരണമായി. ഇന്ത്യയുടെ തകർന്ന സമ്പദ്‌വ്യവസ്ഥയ്‌ക്ക് മോദി സർക്കാർ എന്നപോലെ, അദ്ദേഹം തുടർന്നുവരുന്ന നിയോലിബറൽ നയവും കാരണമാണെന്നർഥം. നിയോലിബറലിസം സൃഷ്ടിച്ച സാമ്പത്തിക പരാധീനതകൾ ചർച്ച ചെയ്യാതിരിക്കാനാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലേക്ക് നയിക്കുന്നതും വർഗീയവും സ്വേച്ഛാധിപത്യ ചുവയുള്ളതുമായ പ്രചാരണം മോദി നടത്തുന്നത്‌. പരാജയഭീതിയും ഈ പ്രചാരണത്തിന് കാരണമാകാം.

എന്നാൽ, ഈ കോർപറേറ്റ് - ഹിന്ദുത്വ നയങ്ങൾക്ക് ബദൽ ഉയർത്തിപ്പിടിക്കുന്നതാണ് കേരളത്തിൽ കഴിഞ്ഞ എട്ട് വർഷത്തെ പിണറായി സർക്കാരിന്റെ ഭരണം. നിയോലിബറൽ -ഹിന്ദുത്വ കൂട്ടുകെട്ടിന്റെ ഭരണത്തിന്റെ ഫലമായി രാജ്യം പിന്നോട്ടു പോയ പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം, മതസൗഹാർദം, ക്രമസമാധാനം, വികസനം എന്നീ മേഖലകളിലെല്ലാം കേരളം ഈ കാലയളവിൽ വൻ മുന്നേറ്റം നടത്തി. ഏതു മേഖലയെടുത്താലും നിതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്രസംവിധാനങ്ങളും ഏജൻസികളും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളിൽ കേരളം ഒന്നാമതായത് സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമത്തിലും സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനത്തിലും ഊന്നുന്ന ബദൽനയങ്ങളുടെ ഫലമായാണ്. 2021ൽ പിണറായി സർക്കാരിന് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത തുടർഭരണം ലഭിച്ചതും ഈ നയത്തിന്റെ മികവാണ് പ്രകടമാക്കിയത്. രണ്ടു പ്രളയത്തെയും ഓഖി ദുരന്തത്തെയും നിപാ,- കോവിഡ് പ്രതിസന്ധികളെയും ഫലപ്രദമായി നേരിട്ടതും ഈ ബദൽ നയത്തിന്റെ കരുത്തിലാണ്.

രൊക്കം പൈസയുടെ കണക്കിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും കണ്ട മോദി സർക്കാരിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ദുരിത കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ച് അവർക്കാവശ്യമായ മരുന്നുകളും ചികിത്സ–- താമസ സൗകര്യങ്ങളും നൽകി. പട്ടിണി കിടക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകി. എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി. സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി തുടർഭരണം നേടിയ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയത് ഈ പശ്‌ചാത്തലത്തിലാണ്. 2016നേക്കാൾ എട്ട് സീറ്റ് അധികം (99 സീറ്റ്) നേടിയാണ് 2021 മെയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറിയത്. ആ സർക്കാരിണിപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുന്നത്. പിണറായി സർക്കാർ ഒമ്പതാം വർഷത്തിലേക്കും.
വികസിതരാഷ്ട്രങ്ങളെപ്പോലും അമ്പരിപ്പിക്കുന്ന ഈ നേട്ടങ്ങൾ കേരളം നേടിയതിനു പിന്നിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ നയങ്ങളുടെയും സമീപനങ്ങളുടെയും മായാത്ത മുദ്ര പതിഞ്ഞിട്ടുണ്ട്. 1957ൽ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാരും അതിനുശേഷം പല കാലങ്ങളിലായി വന്ന കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള സർക്കാരുകളും സ്വീകരിച്ച നയങ്ങളും നടപ്പാക്കിയ പരിപാടികളുമാണ് ഈ നേട്ടങ്ങൾക്ക് വഴിവെട്ടിയതെന്ന് നിസ്സംശയം പറയാം. സ്വാതന്ത്ര്യസമര കാലംതൊട്ട് കമ്യൂണിസ്റ്റ് പാർടികളും വർഗബഹുജന സംഘടനകളും നടത്തിയ ജനകീയ പോരാട്ടങ്ങളും കേരളത്തെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, കേരളത്തിൽ ഇടതുപക്ഷത്തെയും കമ്യൂണിസ്റ്റ് പാർടികളെയും എതിർക്കുന്നവർക്കുപോലും അവരുയർത്തുന്ന ജനപക്ഷമുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കേണ്ടി വരുന്നത്.

നായനാർ സർക്കാർ കർഷകത്തൊഴിലാളി പെൻഷൻ നൽകാൻ തീരുമാനിച്ചപ്പോൾ അതിനെ പരിഹസിച്ചവർക്കുപോലും അത് നിർത്താൻ ധൈര്യമുണ്ടായില്ല. സമാനമാണ് മാവേലി സ്റ്റോറുകളുടെ കാര്യവും. നിയോലിബറൽ യുക്തി കടമെടുത്ത്, ക്ഷേമപെൻഷനുകൾ അനാവശ്യച്ചെലവും ധൂർത്തുമാണെന്ന്‌ ആക്ഷേപിച്ച വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇന്ന് പെൻഷൻ നൽകാൻ അൽപ്പം വൈകിയപ്പോൾ വൻ കോലാഹലം സൃഷ്ടിക്കുന്നത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന് അർഹമായ 57,000 കോടിയിൽപ്പരം വരുന്ന ധനവിഹിതംപോലും കേന്ദ്രം തടയുന്നത് ഇത്തരം ജനാശ്വാസ നടപടികൾ സ്തംഭിപ്പിച്ച് ഇടതുപക്ഷത്തെത്തന്നെ തകർക്കുകയെന്ന വലതുപക്ഷ അജൻഡയുടെ ഭാഗമാണ്. എന്തുകൊണ്ട് കോൺഗ്രസ്‌ നയിക്കുന്ന കേരളത്തിലെ പ്രതിപക്ഷം മോദി സർക്കാരിന്റെ എൽഡിഎഫ് സർക്കാർവിരുദ്ധ നടപടികളെ പിന്തുണയ്‌ക്കുന്നെന്ന ചോദ്യത്തിനുള്ള ഉത്തരം മോദി നടപ്പാക്കുന്ന നിയോലിബറൽ നയങ്ങൾ തന്നെയാണ് കോൺഗ്രസിന്റേതും എന്നതുകൂടിയാണ്. കമ്യൂണിസ്റ്റ് പാർടികളെയും ഇടതുപക്ഷത്തെയും ഇല്ലാതാക്കുക ഇരുവരുടെയും ലക്ഷ്യമാണ്.

എന്നാൽ, സംഘടിതമായ ഈ ആക്രമണങ്ങളെ നേരിട്ടാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യമായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറാൻ പോകുകയാണ്. അടുത്ത വർഷം കേരളപ്പിറവി ദിനത്തിനകം മഹത്തരമായ ഈ ലക്ഷ്യം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പന്ന വികസിത രാജ്യങ്ങൾക്കുപോലും നേടാൻ കഴിയാത്ത അപൂർവ നേട്ടത്തിലേക്കാണ് കേരളം കുതിക്കുന്നത്. വിഴിഞ്ഞം തുറമുഖം, ദേശീയപാതാ വികസനം, മലയോര–-- തീരദേശ ഹൈവേകൾ, ഗെയിൽ പൈപ്പ് ലൈൻ, കെ ഫോൺ തുടങ്ങിയ വികസന പദ്ധതികളെല്ലാം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കുമെന്നുറപ്പ്. വീടില്ലാത്തവരും ഭൂമിയില്ലാത്തവരുമായി സംസ്ഥാനത്ത് ആരുംതന്നെ ഉണ്ടാകരുതെന്ന ഉയർന്ന മാനവിക ലക്ഷ്യവും പിണറായി സർക്കാർ പൂർത്തീകരിച്ചു വരികയാണ്. ലൈഫ് മിഷന് കീഴിൽ അഞ്ചു ലക്ഷം വീടുകളാണ് നിർമിച്ചു നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ നാല് ലക്ഷം വീട്‌ ഇതിനകം നിർമിച്ചു നൽകി. 1,53,103 പട്ടയവും ഇതിനകം വിതരണം ചെയ്തു. കൊച്ചിയിൽ രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയും യാഥാർഥ്യമായി. രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയ്‌ക്കും തുടക്കമിട്ടു. ചെറുകിട വ്യവസായ സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വിപുലമായ ശൃംഖലയ്‌ക്കുതന്നെ തുടക്കമിട്ടു.

ഇനിയുള്ള കാലത്തെ ജീവിതം ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഗവേഷണത്തിന്റെയും ആണെന്ന ബോധ്യം എൽഡിഎഫ് സർക്കാരിനുണ്ട്. അതുകൊണ്ടുതന്നെ, ഈ മേഖലയിൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ തയ്യാറായി. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവ് സൃഷ്ടിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അതു ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നതിന് ഉദാഹരണമാണ് കേരളത്തിലെ സർവകലാശാലകൾ സാർവദേശീയ ദേശീയ റാങ്കിങ്ങുകളിൽ സ്ഥാനം നേടുന്നത്. നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചതും നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകാൻ തുടങ്ങിയതും ഇതിന്റെ ഭാഗംതന്നെ. വൈജ്ഞാനിക മേഖലയിൽ നേടിയ നേട്ടങ്ങൾ ഉൽപ്പാദന മേഖലയുമായി ബന്ധിപ്പിക്കുന്ന വിവിധ പദ്ധതികൾക്കും തുടക്കമിട്ടു കഴിഞ്ഞു. ജ്ഞാന സമ്പദ്ഘടനയിലേക്ക് കേരളത്തെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി സർക്കാർ പ്രവർത്തിക്കുന്നത്. ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന പുതിയ ജനാധിപത്യ സംസ്കാരത്തിനും ഈ സർക്കാർ തുടക്കമിട്ടു.

വികസനരംഗത്തെ ദൗർബല്യങ്ങൾ മറികടന്ന് സാമ്പത്തികവളർച്ചയുടെ കാര്യത്തിൽ രാജ്യത്തെ ഒന്നാംസ്ഥാനത്ത് കേരളത്തെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഒന്നും രണ്ടും പിണറായി സർക്കാർ സംഘടിപ്പിച്ചത്. 2008ൽ കോയമ്പത്തൂരിൽ ചേർന്ന സിപിഐ എം 19-ാം പാർടി കോൺഗ്രസ് മുന്നോട്ടുവച്ച നയസമീപനത്തിന്റെ അടിസ്ഥാനത്തിൽ ജനവിരുദ്ധ നിയോലിബറൽ നയങ്ങളെ തള്ളിക്കളഞ്ഞും ബദൽ നയങ്ങൾ മുന്നോട്ടുവച്ചുമാണ് ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. പതുക്കെയാണെങ്കിലും ഈ ബദൽനയങ്ങൾ രാജ്യത്തെ പല സർക്കാരുകളും സ്വീകരിച്ചു വരുന്നുണ്ട്.

കേരളത്തിൽ എൽഡിഎഫിന്റെ നയങ്ങളെ എതിർക്കുന്ന കോൺഗ്രസിന്റെ സർക്കാരുകൾപോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി നടപ്പാക്കി വരുന്ന പല ജനക്ഷേമ പദ്ധതികളും പുതിയ രൂപത്തിലും പേരിലും നടപ്പാക്കി വരികയാണ്. ഇടതുപക്ഷത്തിന് ഇന്ത്യയിൽ എന്ത് പ്രസക്തിയെന്ന് ചോദിക്കുന്നവർതന്നെയാണ് ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുന്നത്. മോദിസർക്കാരിന്റെ കോർപറേറ്റ് -ഹിന്ദുത്വ രാഷ്ട്രീയ പദ്ധതികൾക്കെതിരായ ബദലായി കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും നടപടികളും മാറിക്കഴിഞ്ഞിരിക്കുന്നെന്നാണ് ദേശീയ ചിത്രം വ്യക്തമാക്കുന്നത്.

2022 മാർച്ച് ആദ്യവാരം എറണാകുളത്ത് ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച "നവകേരളത്തിനുള്ള പാർടി കാഴ്‌ചപ്പാടി’ ന്റെ അവസാന ഖണ്ഡികയിൽ (4, 12) പറയുന്നതുപോലെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പുതിയൊരു കരുത്തായി ഈ ബദൽ നയങ്ങൾ മാറുകയാണ്. സാർവദേശീയ തലത്തിൽത്തന്നെ ഒരു പുതിയ മാതൃക മുന്നോട്ടുവയ്‌ക്കുന്നതിനുള്ള ഇടപെടൽകൂടിയായി നവകേരള കാഴ്ചപ്പാടും അത് നടപ്പാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരും മാറുകയാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

 

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം

സ. ടി എം തോമസ് ഐസക്

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, നിപ, കോവിഡ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കേരള ജനത ഇത് തൊട്ടറിഞ്ഞിട്ടുള്ളതാണ്.

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം

സ. ടി പി രാമകൃഷ്ണൻ

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.