Skip to main content

വർഗീയശക്തികളുടെ വളർച്ചയ്‌ക്കെതിരെ ആശയപരവും സംഘടനാപരവുമായ ഇടപെടൽ ഉറപ്പാക്കും

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ‘ഇന്ത്യ കൂട്ടായ്മ’യാണ് വൻ വിജയം നേടിയതെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നു. ഇതിന് പ്രധാനകാരണം മൂന്നാമതും വിജയം നേടാൻ ബിജെപിയും പ്രധാനമന്ത്രിയും സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാർഗങ്ങളാണ്. ഭരണഘടനയ്‌ക്ക് വിരുദ്ധമായി ഇലക്ടറൽ ബോണ്ടിലൂടെ നേടിയ കോടിക്കണക്കിനു രൂപ ഉപയോഗിച്ച് ഓരോ മണ്ഡലത്തിലും പണമൊഴുക്കാൻ ബിജെപി തയ്യാറായി. രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങളെന്ന് വിളിക്കപ്പെടുന്ന "മടിത്തട്ട് മാധ്യമങ്ങൾ’ പൂർണമായും പ്രധാനമന്ത്രിയെയും ബിജെപിയെയും പിന്തുണച്ചു. പ്രധാനമന്ത്രിതന്നെ ഉയർത്തിയ "ഇക്കുറി 400 സീറ്റ് കടക്കുമെന്ന’ പ്രചാരണം ഈ മാധ്യമങ്ങൾ ഏറ്റുപാടി. ഇത് സ്ഥിരീകരിക്കുന്ന ഒരു ഡസനോളം എക്‌സിറ്റ് പോളുകളും ഈ മാധ്യമങ്ങൾ ആഘോഷിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയുംപോലെ തെരഞ്ഞെടുപ്പ് കമീഷനെയും മോദിയുടെ വിനീതദാസനാക്കി അധഃപതിപ്പിച്ചു. ഇഡി, സിബിഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലടയ്‌ക്കുകയും ചെയ്തു. അതായത്, തെരഞ്ഞെടുപ്പിൽ മൂന്നാംവിജയം ഉറപ്പാക്കാൻ എല്ലാ ജനാധിപത്യ വിരുദ്ധ മാർഗങ്ങളും സ്വീകരിച്ചിട്ടും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ല. വിജയിച്ചിട്ടും പരാജയപ്പെട്ട സഖ്യമാണ് എൻഡിഎ എന്നു പറയുന്നത് ഇതിനാലാണ്. മോദിയും ബിജെപിയും സൃഷ്ടിച്ച എണ്ണമറ്റ പ്രതിസന്ധികൾ അതിജീവിച്ച് ഇന്ത്യ കൂട്ടായ്മ ബിജെപിക്ക് ഒപ്പമെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയം ആകുന്നതും ഇതിനാലാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ (മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കർണാടകം) കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ ഇന്ത്യകൂട്ടായ്മതന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമായിരുന്നു.

ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു ജനങ്ങളാണ്. എന്നും ജനാധിപത്യം അപകടത്തിലാകുമ്പോൾ അതിന് കാരണക്കാരായവരെ ജനങ്ങൾ ശിക്ഷിക്കുമെന്നും മോദിയുടെ പതനം ആവർത്തിച്ച് തെളിയിക്കുന്നു. 1977ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസിനെതിരെ വിധിയെഴുതിയ ജനങ്ങൾ ഇക്കുറി മോദിയുടെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കെതിരെയും വിധിയെഴുതി. വർഗീയ ധ്രുവീകരണത്തിലൂടെ എല്ലാക്കാലത്തും തെരഞ്ഞെടുപ്പ് വിജയം കൊയ്യാനാകില്ലെന്ന മുന്നറിയിപ്പും ജനങ്ങൾ ഇക്കുറി മോദിക്ക് നൽകി. ഒന്നാംഘട്ട വോട്ടെടുപ്പിൽത്തന്നെ പരാജയം മണത്ത മോദി തുടർന്ന്‌ തനി വർഗീയപ്രചാരണമാണ് നടത്തിയത്. മുസ്ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതൽ കുട്ടികളെ വളർത്തുന്നവരാണെന്നും പറഞ്ഞ മോദി രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്കായി നൽകാനാണ് ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ശ്രീരാമ വിരുദ്ധ പട്ടവും മോദി പ്രതിപക്ഷത്തിന് ചാർത്തി നൽകി. എന്നാൽ, ഇതുകൊണ്ടൊന്നും ബിജെപിക്ക് രക്ഷപ്പെടാനായില്ല. മോദി നേരിട്ട് പ്രാണപ്രതിഷ്ഠ നടത്തിയിട്ടും അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിക്ക് ജയിക്കാനായില്ല. ശ്രീരാമനുമായി ബന്ധപ്പെട്ട ചിത്രകൂടിലും ബിജെപി തോറ്റു. ഇത് ബോധ്യപ്പെടുത്തുന്നത് ബിജെപിയുടെ വർഗീയ ധ്രുവീകരണ തന്ത്രം ജനം തള്ളിയെന്നാണ്‌. സിപിഐ എം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയതുപോലെ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ജീവനോപാധികൾക്കും നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങൾക്കും എതിരായുള്ള പോരാട്ടങ്ങളെ ജനങ്ങൾ പിന്തുണയ്ക്കുമെന്ന സന്ദേശവും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്.

ബിജെപിയുടെ തട്ടകമായി അറിയപ്പെടുന്ന വടക്ക്–- പടിഞ്ഞാറൻ ഇന്ത്യയിലാണ് അവർക്ക് വലിയ സീറ്റ് നഷ്ടമുണ്ടായത് എന്നതിൽനിന്നും ഈ വസ്തുത കൂടുതൽ വ്യക്തമാകുന്നു. വടക്കേ ഇന്ത്യയിൽ 2.3 ശതമാനവും പടിഞ്ഞാറൻ ഇന്ത്യയിൽ 14.4 ശതമാനവും വോട്ടാണ് ബിജെപിക്ക് നഷ്ടമായത്. പ്രധാനമായും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് കനത്ത പ്രഹരം ലഭിച്ചു. ഭരണഘടന മാറ്റിയെഴുതാനാണ് നാനൂറിലധികം സീറ്റ് ബിജെപി നേടാൻ ശ്രമിച്ചതെന്ന് മനസ്സിലാക്കിയ ആദിവാസികളും ദളിതരും ന്യൂനപക്ഷവും വർധിച്ചതോതിൽ ഇന്ത്യ കൂട്ടായ്മയെ പിന്തുണച്ചു. ബിഎസ്‌പിക്ക്‌ സീറ്റ് ലഭിക്കാത്തതും വോട്ട് ശതമാനം കുറഞ്ഞതും ഇതാണ് സൂചിപ്പിക്കുന്നത്.

മോദിയുടെ വർഗീയ പ്രചാരണത്തിൽ വീഴാതെ ജനകീയവിഷയങ്ങൾ ഉയർത്തിയുള്ള ഇന്ത്യ കൂട്ടായ്മയുടെ പ്രചാരണവും ബിജെപിയുടെ പരാജയത്തിനു കാരണമായി. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി എന്നീ വിഷയങ്ങൾ സജീവമായി ഉയർത്തിയപ്പോൾ മോദിയുടെ വർഗീയപ്രചാരണങ്ങളും വൈകാരികവിഷയങ്ങളും ജനങ്ങളിൽ ഏശിയില്ല. മൂന്ന് വിവാദ കാർഷിക ബില്ലുകൾക്കെതിരെ സമരം നയിച്ച കർഷകരും ബിജെപി സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ വലിയ പങ്കുവഹിച്ചു. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, പശ്ചിമ യുപി എന്നിവിടങ്ങളിൽ ബിജെപിക്ക് അടി തെറ്റിയത് കർഷകരോഷത്തിന്റെ ഫലമാണ്. രാജസ്ഥാനിൽനിന്ന്‌ കർഷകനേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ അമ്രാറാം വിജയിച്ചത് ഇതിന്റെ പ്രതിഫലനമാണ്. കാൽനൂറ്റാണ്ടിനുശേഷം ആദ്യമായാണ് സിപിഐ എമ്മിന് ഹിന്ദി ഭാഷാസംസ്ഥാനത്തുനിന്ന്‌ ഒരു ലോക്‌സഭാംഗമുണ്ടാകുന്നത്. (1989 നുശേഷം) ഇടതുപക്ഷം ഇക്കുറി സീറ്റ് ഇരട്ടിയോളം വർധിപ്പിക്കുകയും ചെയ്തു. സിപിഐ എം മൂന്നിൽനിന്ന് നാലു സീറ്റായി വർധിപ്പിച്ചു. സിപിഐക്കും സിപിഐ എം എല്ലിനും രണ്ടുവീതം സീറ്റ് ലഭിച്ചു. സിപിഐ എം എൽ രണ്ടു സീറ്റും നേടിയത് ഹിന്ദിമേഖലയിലെ ബിഹാറിൽനിന്നാണ്.

ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ജനവിധിയാണ് ഉണ്ടായതെന്നാണ്. അധികാരം ഒരു വ്യക്തിയിലും കക്ഷിയിലും കേന്ദ്രീകരിച്ചപ്പോൾ പ്രതിപക്ഷം നയിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും സാമ്പത്തികമായും രാഷ്ട്രീയമായും വേട്ടയാടലിന് വിധേയരായി. കേരളത്തിലെ പിണറായി വിജയൻ സർക്കാരിന് അർഹമായ 60,000 കോടി രൂപയോളമാണ് കേന്ദ്രം തടഞ്ഞുവച്ചത്. ഫെഡറൽസ്വഭാവത്തെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നാനൂറിലധികം സീറ്റ് എന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തിയതെങ്കിലും ജനങ്ങൾ വിധിയെഴുതിയത് കൂട്ടുകക്ഷി സർക്കാരിന് അനുകൂലമായാണ്. സ്വാഭാവികമായും സമവായത്തിന്റെ പാത സ്വീകരിക്കാൻ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നവർ നിർബന്ധിതമാകുമെന്ന് പ്രതീക്ഷിക്കാം.

കേന്ദ്രത്തിൽ മോദിയുടെയും ബിജെപിയുടെയും തകർച്ച ആവേശകരമാണെങ്കിലും കേരളത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് എൽഡിഎഫിന് ലഭിച്ചത്. ഇക്കുറിയും ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. 2019ൽ ആലപ്പുഴയാണെങ്കിൽ ഇക്കുറി ആലത്തൂരാണെന്നുമാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് കേരളത്തിൽ മുൻതൂക്കം ലഭിക്കാറുള്ളത്. 1984നു ശേഷം നടന്ന 11 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒൻപതു തവണയും യുഡിഎഫിനായിരുന്നു മുൻതൂക്കം. അടിയന്തരാവസ്ഥയ്‌ക്ക് എതിരെ ശക്തമായ പോരാട്ടം നടത്തിയ ഇടതുപക്ഷത്തിന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞിരുന്നില്ലെന്ന് ഓർമിപ്പിക്കട്ടെ. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചെറുതാണെന്ന് ചിത്രീകരിക്കാനല്ല ഈ കാര്യങ്ങൾ ഓർമപ്പെടുത്തിയത്. ഇടതുപക്ഷം ഒരു സീറ്റിൽമാത്രം ഒതുങ്ങിയതും ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചതും ഗൗരവമേറിയ വിഷയംതന്നെയാണ്. നേരത്തേ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തിൽനിന്ന്‌ എൻഡിഎ സ്ഥാനാർഥി ജയിച്ചിരുന്നു. നേമത്തുനിന്ന്‌ ബിജെപി നേതാവ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. എന്നാൽ, ഇരുമണ്ഡലത്തിലും അവർക്ക് വിജയം ആവർത്തിക്കാൻ കഴിയാത്ത രാഷ്ട്രീയസാഹചര്യം ഒരുക്കാൻ എൽഡിഎഫിന് കഴിഞ്ഞു. തൃശൂരിന്റെ കാര്യത്തിലും അതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാം. വർഗീയശക്തികളുടെ വളർച്ചയ്‌ക്കെതിരെ ആശയപരവും സംഘടനാപരവുമായ ഇടപെടൽ ഉറപ്പാക്കും. അതോടൊപ്പം പരാജയത്തിന്റെ കാരണങ്ങൾ ഇഴകീറി പരിശോധിക്കും. ആവശ്യമായ തിരുത്തലും വരുത്തും. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. അവർ നൽകുന്ന മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകും. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സജീവമായി ഏറ്റെടുത്ത് അവരോടൊപ്പം ചേർന്ന് എൽഡിഎഫ് പ്രയാണം തുടരും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ക്ഷേമപെൻഷൻ എല്ലാമാസവും നൽകും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നൽകുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കും

സ. പിണറായി വിജയൻ

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ്‌ ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന്‌ എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും.

പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹം

സ. പിണറായി വിജയൻ

പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണ്.

ശ്രീനാരായണദർശനത്തെ മുന്നോട്ടുവയ്‌ക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് എസ്എൻഡിപി രൂപീകരിക്കപ്പെട്ടത് അല്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് അവരെ നയിക്കാനല്ല

സ. പുത്തലത്ത് ദിനേശൻ

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചത്. ആ ആശയങ്ങളുൾപ്പെടെ പ്രചരിപ്പിക്കാനാണ് എസ്എൻഡിപി രൂപീകരിച്ചത്. അതിന്റെ ജനറൽ സെക്രട്ടറിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടെന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്.

മതനിരപേക്ഷ ലോകത്താണ് എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവരുടെ അഭിപ്രായങ്ങൾ സംരക്ഷിച്ച്‌ മുന്നോട്ടുപോകാനാകുക അതിനാൽ, മതനിരപേക്ഷ രാഷ്ട്രത്തിനായാണ് മതവിശ്വാസികൾ അണിചേരേണ്ടത്

സ. പുത്തലത്ത് ദിനേശൻ

തെരഞ്ഞെടുപ്പിനുശേഷം പലവിധ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ചന്ദ്രികയിൽ ലീഗിന്റെ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സിപിഐ എം മതനിരാസത്തിന്റെ പ്രസ്ഥാനമാണെന്നും മുസ്ലിം വിഭാഗത്തിനെതിരായി നിലകൊള്ളുന്നതാണെന്നും പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത്.