ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം എസ് വല്യത്താന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈദ്യലോകത്ത് കേരളത്തിന്റെ പേര് കൊത്തിവെച്ച പ്രതിഭാധനനായ ഭിഷഗ്വരനെയാണ് ഡോ. വല്യത്താന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസിന്റെ ആദ്യ ഡയറക്ടറായിരുന്ന അദ്ദേഹം മെഡിക്കൽ സാങ്കേതിക വിദ്യക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിച്ചത്. ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് കുറഞ്ഞ ചെലവിൽ ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കിയ അദ്ദേഹം ആ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. രക്തബാഗുകൾ നിർമിച്ച് സാർവത്രികമാക്കിയതും കേരളത്തിന് മറ്റൊരു നേട്ടമായി. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള നിർദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു. ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിൽ വിവിധ സ്ഥാപനങ്ങളെ എകീകരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ മാനിച്ച് പത്മവിഭൂഷൺ അടക്കമുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിന് നികത്താൻ കഴിയാത്ത വിടവാണ് ഡോ. വല്യത്താന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വൈദ്യ മേഖലയുടെയും വേദനയിൽ പങ്കുചേരുന്നു. അദ്ദേഹം ലോകത്തിന് നൽകിയ സേവനങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.