ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിൽ തോൽവി അറിയാതെയുള്ള ഇന്ത്യൻ യാത്രയ്ക്ക് കലാശപ്പോരിലും കാലിടറിയില്ല. നീണ്ട 17 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ രണ്ടാമത്തെ പുരുഷ ട്വന്റി 20 ലോകകപ്പ് വിജയമെന്നത് കിരീടനേട്ടത്തിന്റെ അഭിമാനവും ആനന്ദവും വർധിപ്പിക്കുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ അതുല്യമായ പോരാട്ടവീറാണ് ദക്ഷിണാഫ്രിക്ക കാഴ്ച്ചവെച്ചത്. എന്നാൽ ആത്മവിശ്വാസം കൈവിടാത്ത ഇന്ത്യൻ കരുത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. ലോകോത്തര മത്സരവേദികളിൽ തുടർന്നും മികവ് തെളിയിക്കാൻ ഇന്ത്യൻ ക്രിക്കറ്റിനും കായികമേഖലയ്ക്കാകെയും ഊർജം പകരുന്നതാണ് ഈ വിജയം.
ഇന്ത്യയെ വിശ്വവിജയത്തിലേക്ക് മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും ഫൈനലിൽ അര്‍ദ്ധ സെഞ്ച്വറി നേട്ടത്തോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ വിരാട് കോഹ്‌ലിയും കിരീട നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്നും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പ് വിജയത്തിന്റെ അഭിമാനത്തോടെയാണ് ഇരുവരും ട്വന്റി 20 ഫോർമാറ്റിനോട് വിട പറയുന്നത്. ഇതിഹാസ താരങ്ങളായ കോഹ്‌ലിക്കും രോഹിത്തിനും ടീം ഇന്ത്യക്കും ആശംസകൾ.