Skip to main content

സഖാവ്‌ പി കൃഷ്ണപിള്ളയുടെ അവസാന നിർദേശം ‘സഖാക്കളെ മുന്നോട്ട്' എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കാൻ പ്രതിജ്ഞ പുതുക്കാം

കോഴിക്കോട്ട്‌ ഒരു തൊഴിലാളി യോഗത്തിൽ ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ്‌ പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന്‌ സാരാംശം. പിന്നീട്‌ തൊഴിലാളികളും കർഷകരുമടക്കമുള്ള കേരളജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ്‌ നാടു ദർശിച്ചത്‌. വയനാട്ടിലെ ഉരുൾപൊട്ടൽ നാടിന്റെയാകെ കരളുലച്ച സാഹചര്യത്തിലാണ്‌ ഇത്തവണ നാം കൃഷ്‌ണപിള്ളയുടെ ഓർമ പുതുക്കുന്നത്‌. രണ്ട്‌ പ്രളയവും ഓഖിയും നിപായും തുടങ്ങിയ ദുരന്തങ്ങളെയെല്ലാം ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൂട്ടായ്‌മയുടെയും കരുത്തിൽ അതിജീവിച്ചവരാണ്‌ നാം. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്‌ വയനാട്ടിൽ ഉണ്ടായത്‌. ഈ വലിയ ദുരന്തമുഖത്തും പകച്ചുനിൽക്കാതെ എൽഡിഎഫ്‌ സർക്കാർ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്‌. സർക്കാരിന്‌ കൈത്താങ്ങായി ജനങ്ങൾ ഒപ്പമുണ്ട്‌. സിപിഐ എം പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും ദുരന്തമുഖത്തും വയനാടിനെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിലും ആദ്യവസാനം മുന്നിലുണ്ട്‌. ആ പ്രവർത്തനങ്ങൾക്ക്‌ ഊർജമേകാനും പി കൃഷ്‌ണപിള്ളയുടെ ഓർമ നമുക്ക്‌ കരുത്തേകും.

ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സഖാവ് പി കൃഷ്ണപിള്ളയുടേത്. 1930 മുതൽ 1948 വരെ കേരളത്തിലെ പൊതുപ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവർഗ മുന്നേറ്റത്തിന്, ഇടതുപക്ഷ രാഷ്ട്രീയത്തിന്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 42 വയസ്സുവരെമാത്രം ജീവിച്ച ഒരു വിപ്ലവകാരി ഒരു നാടിന്റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവസാക്ഷ്യത്തിന്റെ പേരാണ് സഖാവ് പി കൃഷ്ണപിള്ള. 20 വർഷത്തോളമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം. പക്ഷേ, അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്നു. കമ്യൂണിസ്റ്റുകാർ പൊതുവിൽ പരസ്പരം സംബോധന ചെയ്യുന്ന പദമായ ‘സഖാവ്'എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. 1948ലെ ഇതേദിവസം ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് സഖാവ് മരിച്ചത്.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളിൽ സജീവമായിരുന്ന കൃഷ്ണപിള്ള ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് ബോധംകെട്ട് വീണു. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജയിൽ മോചിതനായശേഷം ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തു. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.

വൈക്കത്ത് 1906ലാണ് സഖാവിന്റെ ജനനം. ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസംമാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലി ചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്‌, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇ എം എസുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ തന്നെ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽ വച്ചായിരുന്നെന്നും ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്.

തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിൽ സഖാവിന്റെ കഴിവ് ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ, ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി.
അതുപോലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ 1931ൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി.

1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക്‌ സമരത്തെ നേരിടാൻ സർ സി പിയുടെ പൊലീസും പട്ടാളവും ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ ഒരു നാരങ്ങ കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി. ജനങ്ങൾ കോളറ, വസൂരി തുടങ്ങിയ മഹാദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ.

1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ’46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്‌തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര– വയലാർ സമരത്തിന് നേതൃത്വം നൽകുകയുംചെയ്തു. കേരള ചരിത്രത്തിലെ വിപ്ലവ ഇതിഹാസ അധ്യായമാണ് പുന്നപ്ര– വയലാർ സമരം. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട ഒരു മെലിഞ്ഞ മനുഷ്യനെ തൊഴിലാളികൾ കണ്ടു. തൊഴിലാളിവർഗം സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവരോട് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര– വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചു. ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്.'' മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളർത്തിയ കമ്യൂണിസ്റ്റ് പാർടി ബഹുജന വിപ്ലവ പാർടിയായി ഇനിയും കൂടുതൽ വളരും.

വൈക്കം സത്യഗ്രഹകാലത്ത്‌ പി കൃഷ്ണപിള്ള ആ സമരത്തിൽ നിന്ന്‌ ആവേശമുൾക്കൊണ്ട കാര്യം സത്യഗ്രഹത്തിന്റെ ശതാബ്ദിയിൽ സ്‌മരിക്കേണ്ടതാണ്‌. 1948ലെ ദേശാഭിമാനി വിശേഷാൽപ്രതിയിൽ അദ്ദേഹം വൈക്കം സത്യഗ്രഹത്തെപ്പറ്റി ലേഖനമെഴുതിയിട്ടുണ്ട്‌. ‘മലയാളവർഷം 99-ാമാണ്ടി (1924)ലുണ്ടായ വെള്ളപ്പൊക്കത്തിൽ, വൈക്കം ക്ഷേത്രത്തിന്റെ നടകളിൽ മഴയിൽ നനഞ്ഞൊലിച്ചുകൊണ്ട്‌ വെള്ളത്തിൽ നിന്നിരുന്ന സത്യഗ്രഹികൾ എതിരാളികളുടെ ഹൃദയത്തിൽപ്പോലും അനുഭാവമുളവാക്കി’ എന്നുപറഞ്ഞാണ്‌ ലേഖനം തുടങ്ങുന്നത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന ഫാസിസ്റ്റ്‌ ശക്തികൾക്ക്‌ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ തിരിച്ചടി നൽകാൻ നമുക്ക്‌ സാധിച്ചു. വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും പാർടിയുടെ സംഘടനാ അടിത്തറ വിപുലമാക്കാനുമുള്ള പ്രവർത്തനങ്ങൾക്കും കൃഷ്‌ണപിള്ള സ്‌മരണ നമുക്ക്‌ കരുത്താകും. വയനാടിനെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കും സഖാവ്‌ കാണിച്ചുതന്ന പാത നമുക്ക്‌ വഴികാട്ടിയാകും. നവഉദാര നയത്തിനും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി‐ കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ നയിച്ച പാത സ്‌മരിക്കാം. സഖാവിന്റെ അവസാന നിർദേശം ‘സഖാക്കളെ മുന്നോട്ട്' എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കാൻ പ്രതിജ്ഞ പുതുക്കാം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.