സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.
പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവിന പാതയിലൂടെ കേരളം മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഓണമെത്തുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിൽ സർവ്വം നഷ്ടമായവരെ പുനരധിവസിപ്പിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും, ടൗൺഷിപ്പുകൾ ഉൾപ്പടെ നിർമ്മിച്ച് ആ പ്രദേശത്തെയാകെ ഉന്നതിയിലേക്ക് ഉയർത്താനും സർക്കാർ നടത്തുന്ന പരിശ്രമങ്ങളിൽ നാടൊന്നാകെ കൈകോർക്കുകയാണ്. അതിജീവനത്തിന്റെ പുതുചരിതം രചിക്കുന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സഹോദരങ്ങളെ ഈ ഓണക്കാലത്ത് നമ്മോടൊപ്പം ചേർത്ത് നിർത്താനാകണം. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം കൂടുതൽ മനോഹരമാക്കാം.
മാനുഷരെല്ലാരും ഒരുപോലെ വസിക്കുന്ന നല്ല കാലത്തിലേക്കാണ് നമുക്ക് കുതിക്കേണ്ടത്. സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂഹത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം. ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക് കൈകോർക്കാം.
എല്ലാവർക്കും ഓണാശംസകൾ!