Skip to main content

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രം ഇപ്പോൾ അവരുടെ ജനപ്രാതിനിധ്യത്തെയും വെട്ടിച്ചുരുക്കാനുള്ള നീക്കത്തിലാണ്

സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്. "ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്‌എസിന്റെ രാഷ്ട്രീയ മുന്നണിയായ ബിജെപി കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ആധിപത്യമുള്ള രാഷ്ട്രീയപാർടിയായി വളർന്നുവന്നിരിക്കുന്നുവെന്ന്" ഈ ഫാസിസ്റ്റ് സ്വഭാവവും അമിതാധികാര പ്രവണതയും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് മണ്ഡല പുനർനിർണയത്തിനുള്ള രഹസ്യവും ഏകപക്ഷീയവുമായ നീക്കം. ഓരോ സെൻസസിനുംശേഷം മണ്ഡല പുനർനിർണയം വേണമെന്നാണ് ഭരണഘടനയിലെ 82-ാം വകുപ്പ് പറയുന്നത്. എന്നാൽ കോവിഡിന്റെ കാരണം പറഞ്ഞ് 2021 ൽ സെൻസസ് നടത്താൻ മോദി സർക്കാർ തയ്യാറായില്ല. ലോകയുദ്ധകാലത്തുപോലും മുടങ്ങാതിരുന്ന സെൻസസാണ് മോദിയുടെ കാലത്ത് നടക്കാതെ പോയത്. ഡാറ്റകളെ വെറുക്കുന്ന സർക്കാരാണിത്. മോദി ഭരണത്തിന്റെ യഥാർഥ ചിത്രം ജനങ്ങൾ അറിയാതിരിക്കാനാണ് എല്ലാ ഡാറ്റ ശേഖരണത്തോടും വിമുഖത കാട്ടുന്നത്. സെൻസസ് മുടങ്ങാനും അതുതന്നെയാണ് പ്രധാനകാരണം.

മണ്ഡല പുനർനിർണയം സംബന്ധിച്ച ചർച്ച ഇപ്പോൾ ഉയരാൻ കാരണം 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനർനിർണയം മരവിപ്പിച്ചത് 2026 വരെയാണ് എന്നതിനാലാണ്. അതിനാൽ ഒരു വർഷത്തിനകം മണ്ഡല പുനർനിർണയം നടത്തണം. അതല്ലെങ്കിൽ വീണ്ടും ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിക്കണം. അവസാനമായി മണ്ഡല പുനർനിർണയം നടന്നത് 1971 ലെ സെൻസസ് അനുസരിച്ച് 1973 ലാണ്. അടുത്ത നീക്കം 1976ൽ ആരംഭിച്ചപ്പോൾ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം വഴി ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടത്തിയ സംസ്ഥാനങ്ങൾക്ക് സീറ്റ് കുറയുമെന്ന് വാദിക്കപ്പെട്ടപ്പോഴാണ് ഇന്ദിരാഗാന്ധിയുടെ സർക്കാർ (അടിയന്തരാവസ്ഥ കാലത്ത്) 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 2000 വരെ മരവിപ്പിച്ചത്. 2002ൽ വാജ്പേയി സർക്കാർ ഇത് 2026 വരെ നീട്ടുകയും ചെയ്തു. അടുത്ത വർഷം ഈ കാലാവധി തീരുമെന്നതിനാലാണ് ഉടൻ സെൻസസ് നടത്തി മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്രസർക്കാർ നീക്കങ്ങൾ ആരംഭിച്ചത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പാർലമെന്ററി ജനാധിപത്യത്തിലെ സുപ്രധാന നടപടികളിലൊന്നായ മണ്ഡല പുനർനിർണയം പോലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സർവകക്ഷി യോഗം വിളിച്ച്‌ ചർച്ച ചെയ്യുന്നതിനു പകരം ഏകപക്ഷീയ നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റ് വർധിപ്പിച്ചാൽ ബിജെപിക്ക് ഏറെ സ്വാധീനമുള്ള ഹിന്ദി ഹൃദയ ഭൂമി (ബിമാരു സംസ്ഥാനങ്ങൾ) സംസ്ഥാനങ്ങളായ യുപിയിലും ബിഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും സീറ്റുകൾ വൻതോതിൽ വർധിക്കുകയും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും (കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന) ചില വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലും (പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ) സീറ്റ് കുറയുകയും ചെയ്യും. ബിഹാറിൽ മൊത്തം ജനനനിരക്ക് മൂന്ന് ശതമാനവും യുപിയിൽ 2.35 ശതമാനവും ആണെങ്കിൽ കേരളത്തിലും തമിഴ്നാട്ടിലും അത് 1.8 ഉം ആന്ധ്രയിലും തെലങ്കാനയിലും 1.7 ശതമാനവുമാണ്. 2018ൽ സെപ്തംബറിൽ ചേർന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ അന്നത്തെ പാർടി അധ്യക്ഷനായ അമിത് ഷാ പറഞ്ഞതുപോലെ "അടുത്ത 50 വർഷം അധികാരത്തിലിരിക്കാനുള്ള" പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ലോക്‌സഭയിൽ 888 സീറ്റും രാജ്യസഭയിൽ 384 സീറ്റും ഒരുക്കിയതും ഇതിന്റെ ഭാഗമല്ലേ എന്നും ചർച്ച ഉയരുന്നുണ്ട്. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ലോക്‌സഭാ സീറ്റ് 848 ആയി വർധിപ്പിക്കുമെന്നാണ് (മിലൻ വൈഷ്ണവും ജാമി ഹിൻസ്റ്റണും കാർണിഗി എൻഡോവ്മെന്റിനു വേണ്ടി നടത്തിയ പഠനവും ഇതാണ് പറയുന്നത്) ഈ റിപ്പോർട്ടുകളനുസരിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ 40 സീറ്റ് മാത്രം വർധിക്കുമ്പോൾ യുപിയിൽ മാത്രം 63 സീറ്റ് വർധിക്കും. ബിഹാറിൽ 39 ഉം രാജസ്ഥാനിൽ 25 ഉം മധ്യപ്രദേശിൽ 23 ഉം സീറ്റ് വർധിക്കും. അതായത് ഈ നാല് സംസ്ഥാനങ്ങളിൽ മാത്രമായി 150 സീറ്റ് വർധിക്കും. ദക്ഷിണേന്ത്യയുടെ ശബ്ദം പാർലമെന്റിൽ മങ്ങും. നിലവിൽ 543 അംഗ ലോക്‌സഭയിൽ 130 അംഗങ്ങളാണ് (പുതുച്ചേരി ഉൾപ്പെടെ) ദക്ഷിണേന്ത്യയിൽ നിന്നുള്ളത്. ഇതുപ്രകാരം ലോക്‌സഭയുടെ 23.75 ശതമാനം പ്രാതിനിധ്യം ദക്ഷിണേന്ത്യക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കുന്നപക്ഷം അത് 20 ശതമാനമായി കുറയും.

ഇതുകൊണ്ടാണ് സിപിഐ എം പറയുന്നത് ഓരോ സംസ്ഥാനത്തിനും നിലവിലുള്ള എണ്ണത്തിന്റെ ശതമാനമനുസരിച്ച് സീറ്റ് നിശ്ചയിക്കണമെന്ന്. ഉദാഹരണത്തിന് ലോക്‌സഭാ സീറ്റ് 800 ആയാണ് വർധിപ്പിക്കുന്നത് എന്നുകരുതുക. തമിഴ്നാടിന് നിലവിൽ 39 സീറ്റാണുള്ളത്. അതായത് മൊത്തം സീറ്റിന്റെ 7.18 ശതമാനം. അത് 800 സീറ്റായി വർധിപ്പിക്കുമ്പോഴും ഈ 7.18 ശതമാനം സീറ്റ് ഉറപ്പാക്കണം. അങ്ങനെ വന്നാൽ തമിഴ്‌നാടിന് 57 സീറ്റ് ലഭിക്കും. ഇതേ മാനദണ്ഡമനുസരിച്ച് കേരളത്തിന്റെ സീറ്റ് 20ൽനിന്ന് 29 ആയി ഉയരും. 3.6 ശതമാനം സീറ്റ് ഉറപ്പാകും. ഇതേ മാനദണ്ഡം പാലിച്ചാൽ യുപിക്ക് 118 സീറ്റായും ബിഹാറിന് 79 സീറ്റായും മാത്രമേ വർധിക്കൂ. അതായത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് വർധിക്കുന്നതിന് ആനുപാതികമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റ് വർധനയുണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശബ്ദം പാർലമെന്റിൽ മങ്ങിപ്പോകില്ലെന്നർഥം.

എന്നാൽ, ഈ രീതിയല്ല സ്വീകരിക്കുന്നതെങ്കിൽ ബിജെപിക്ക് സ്വാധീനമുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ വൻതോതിൽ സീറ്റ് വർധിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ വർധന ഉണ്ടാകുകയും ചെയ്യും. ഫെബ്രുവരി അവസാനവാരം കേന്ദ്ര ആഭ്യന്തര മന്ത്രി കോയമ്പത്തൂരിൽ പ്രസംഗിക്കവേ പറഞ്ഞത് ഒരു സംസ്ഥാനത്തിനും സീറ്റ് നഷ്ടപ്പെടില്ല എന്നും ഒരു സംസ്ഥാനത്തോടും അനീതി കാട്ടില്ല എന്നുമായിരുന്നു. ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുകയെന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും പതിവ് രീതിയാണ്. ബാബ്‌റി മസ്ജിദ് തകർക്കപ്പെടില്ലെന്ന് സുപ്രീംകോടതിക്ക് ഉറപ്പ് നൽകിയ കല്യാൺസിങ് സർക്കാരാണ് തകർക്കാൻ എല്ലാ ഒത്താശയും ചെയ്തത്. ജനസംഖ്യാടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തുന്നതെങ്കിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങാൻ വഴിതുറക്കും. ഭരണഘടനാ ഭേദഗതിയിലൂടെ ഹിന്ദു രാഷ്ട്രപ്രഖ്യാപനത്തിനായിരിക്കാം അവർ ശ്രമിക്കുന്നത്. ഭരണഘടനയും പാർലമെന്ററി വ്യവസ്ഥയും ഉപയോഗിച്ചു തന്നെ ലക്ഷ്യം കൈവരിക്കാനാകുമോ എന്ന പരീക്ഷണമാണ് ബിജെപി നടത്തുന്നത്. അത്യന്തം അപകടകരമായ നീക്കമാണിത്.

എന്തു വിലകൊടുത്തും ഈ അപകടകരമായ നീക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 22 ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗം ചെന്നൈയിൽ ചേർന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്‌റ്റാലിൻ വിളിച്ചു ചേർത്ത യോഗത്തിൽ കേരള മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഒഡിഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് (ഓൺലൈനിൽ) ബി ആർ എസ് നേതാവ് കെ ടി രാമറാവു എന്നിവർ പങ്കെടുത്തു. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കി സാമൂഹ്യ-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്തിയതിന് ശിക്ഷയായി ജനപ്രാതിനിധ്യ സഭകളിൽ പ്രാതിനിധ്യം കുറയാനിടയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാർടി നേതാക്കളുമാണ് ഈ യോഗത്തിൽ പങ്കെടുത്തത്. അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ ഇത്തരം വിഷയങ്ങളിൽ കേന്ദ്രസർക്കാർ മുന്നോട്ടു പോകാവൂ എന്ന മുന്നറിയിപ്പാണ് യോഗം നൽകിയത്. മോദി-ഷാ ഭരണം ഏറ്റുമുട്ടലിന്റെയും വിരട്ടലിന്റെയും പാത സ്വീകരിച്ചാൽ അതിനെതിരെ യോജിച്ച് പോരാടുമെന്ന സന്ദേശമാണ് യോഗം നൽകിയത്. ഇന്ദിരാഗാന്ധിയും വാജ്പേയിയും ചെയ്തതുപോലെ 25 വർഷത്തേക്കുകൂടി മണ്ഡലപുനർനിർണയം മരവിപ്പിക്കണമെന്ന ആവശ്യമാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്. യു എൻ ജനസംഖ്യാ പ്രവചനം അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 2060 ആകുമ്പേഴേക്കും 170 കോടിയെന്ന ഉച്ചാവസ്ഥയിലെത്തും. പിന്നീടത് കുറയാൻ തുടങ്ങും. അങ്ങനെയെങ്കിൽ അതുവരെ കാത്തിരിക്കുന്നതല്ലേ നല്ലത് എന്ന അഭിപ്രായവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.

മേൽപ്പറഞ്ഞ ആവശ്യം ഉന്നയിച്ച് നിയമസഭകളിൽ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കാനും പ്രധാനമന്ത്രിയെ ഉടൻ തന്നെ കണ്ട് നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി. അടുത്തയോഗം ഹൈദരാബാദിൽ ചേരാനും ധാരണയായിട്ടുണ്ട്. കൂടുതൽ രാഷ്ട്രീയപാർടികളും നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രം ഇപ്പോൾ അവരുടെ ജനപ്രാതിനിധ്യത്തെയും വെട്ടിച്ചുരുക്കാനുള്ള നീക്കത്തിലാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധനിര തന്നെ ഉയർന്നുവരേണ്ടതുണ്ട്. മധുരയിൽ ഏപ്രിൽ രണ്ട് മുതൽ ആറ് നടക്കുന്ന സിപിഐ എമ്മിന്റെ 24-ാം പാർടി കോൺഗ്രസ് ഇത്തരം വിഷയങ്ങൾ ഗൗരവമായ ചർച്ചയ്‌ക്ക് വിധേയമാക്കുകയും പ്രക്ഷോഭ പരിപാടികൾക്ക്‌ രൂപം നൽകുകയും ചെയ്യും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.