Skip to main content

ഇന്ത്യക്ക് വിശക്കുന്നു

ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം പിറകിലായതിനെക്കുറിച്ച്‌ ഗൗരവ ചർച്ചകൾ നടക്കുകയാണ്. ആകെ 116 രാജ്യത്തിന്റെ പട്ടിക തയ്യാറാക്കിയപ്പോൾ ഇന്ത്യ 101–ാം സ്ഥാനത്താണ്. ഈ പട്ടികയിൽ ഇന്ത്യയിലെ യഥാർഥസ്ഥിതി പ്രതിഫലിപ്പിക്കുന്നില്ലെന്നു പറഞ്ഞ് ഇന്ത്യാ ഗവൺമെന്റ് ഇതിനെ ചോദ്യം ചെയ്യുകയാണ്. സൂചിക തയ്യാറാക്കാൻ ഉപയോഗിച്ച രീതിശാസ്ത്രം ശരിയല്ലെന്നാണ് സർക്കാർ വക്താക്കൾ വാദിക്കുന്നത്. എന്നാൽ, ഈ വാദത്തിന് വസ്തുതകളുടെ പിൻബലമില്ല. കഴിഞ്ഞവർഷം 107ൽ 94 ആയിരുന്നു നമ്മുടെ സ്ഥാനം. ഇതൊഴിച്ചു നിർത്തിയാൽ 2017നുശേഷം 100നും 103നും ഇടയ്ക്കായിരുന്നു ഇന്ത്യ. ഇതിനർഥം സൂചികയിൽ വലിയ മാറ്റമൊന്നും വന്നില്ലെന്നാണ്.

ശാസ്ത്രീയമായ രീതികളും മാനദണ്ഡങ്ങളും ആധികാരികമായ സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ചാണ് ആഗോളപട്ടിണി സൂചിക ഓരോ വർഷവും തയ്യാറാക്കുന്നത്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് കലോറി ലഭിക്കാത്തത്, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ ഭാരക്കുറവ്, പ്രായത്തിനൊത്ത് ഉയരമില്ലാത്ത പ്രശ്നം, ശിശുമരണ നിരക്ക് എന്നീ ഘടകങ്ങളാണ് പട്ടിണി സൂചിക തയ്യാറാക്കാൻ അവലംബിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രണ്ടു പ്രധാന ഏജൻസിയുടെ വിവരങ്ങൾ പ്രധാനമായും അടിസ്ഥാനമാക്കുന്നു. യൂണിസെഫും ഫുഡ് ആൻഡ്‌ അഗ്രികൾച്ചർ ഓർഗനൈസേഷനുമാണ് ഈ ഏജൻസികൾ. കലോറിയുടെ കാര്യത്തിൽ ഇന്ത്യയുടെ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) റിപ്പോർട്ട്‌ കണക്കിലെടുത്തിരുന്നുവെങ്കിൽ ഇന്ത്യയുടെ സ്ഥാനം ഇതിലും പിറകിലാകുമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതുകൊണ്ടാകാം എൻഎസ്എസ്ഒയുടേതടക്കം കണക്കുകൾ കേന്ദ്രം ഒളിപ്പിച്ചുവയ്‌ക്കുന്നത്‌. അത് മറ്റൊരു പ്രശ്നം.

നോട്ട് നിരോധനം, മുന്നൊരുക്കമില്ലാതെയും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ജിഎസ്ടി നടപ്പാക്കിയത്, മഹാമാരിക്കാലത്തെ അടച്ചിടൽ എന്നിവയും തീവ്രമായി നടപ്പാക്കുന്ന ഉദാരവൽക്കരണ നയങ്ങളുംമൂലം രാജ്യത്തിന്റെ സാമ്പത്തിക മേഖലയാകെ തകർച്ച നേരിടുകയാണ്. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച അടച്ചിടൽ കാരണം പ്രധാന സാമ്പത്തികപ്രക്രിയയെല്ലാം നിശ്ചലമായി. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽനഷ്ടമായി. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നേരിട്ട ദുരിതം വിവരിക്കാൻ പ്രയാസം. ഇങ്ങനെ കഷ്ടപ്പെട്ട ജനങ്ങൾക്ക് ഒരു സഹായവും കേന്ദ്രസർക്കാർ ചെയ്തില്ല. ഒരാൾക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യം അധികമായി നൽകുമെന്നും ഇത് ജനസംഖ്യയുടെ 80 ശതമാനത്തിന് ലഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വളരെ കുറച്ചുപേർക്ക് മാത്രമാണ് ലഭിച്ചത്. എല്ലാ വഴിയും അടഞ്ഞ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും എടുത്തെറിയപ്പെട്ടു.

മഹാമാരി നേരിടാൻ അമേരിക്ക ജിഡിപിയുടെ 10 ശതമാനമാണ് നീക്കിവച്ചത്. ജർമനി അഞ്ച്‌ ശതമാനവും. എന്നാൽ, ഇന്ത്യ വകയിരുത്തിയത്‌ ജിഡിപിയുടെ ഒരു ശതമാനംപോലും വരില്ല. മുൻ ബജറ്റുകളിലെ വാഗ്ദാനങ്ങൾ ആവർത്തിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ദാരിദ്ര്യം ലഘൂകരിക്കാനും പട്ടിണി മാറ്റാനും ഉതകുന്ന നയങ്ങൾ ആവിഷ്കരിക്കാനോ പദ്ധതികൾ നടപ്പാക്കാനോ മോദി സർക്കാർ തയ്യാറല്ല. ആഗോള പട്ടിണിസൂചികയിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന മനസ്സോടെ ഇടപെടുന്നതിനുപകരം സൂചികയുടെ ആധികാരികത ചോദ്യം ചെയ്യുകയാണ് സർക്കാർ. സാമ്പത്തികത്തകർച്ചയിൽനിന്ന് കരകയറാൻ വിപണിയിലെ ഡിമാൻഡ്‌ വലിയതോതിൽ വർധിപ്പിക്കണം. പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുകയാണ് ഇതിനുള്ള ഒരു വഴി. രണ്ടാമത്, മോദിസർക്കാർ അതിന്റെ ചെലവുകൾ വർധിപ്പിക്കണം. ആദായനികുതി പരിധിയിൽ വരാത്ത കുടുംബങ്ങൾക്ക് മഹാമാരിയുടെ ആഘാതം മാറുന്നതുവരെ 7500 രൂപവരെ പ്രതിമാസം നൽകണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഒന്നും നൽകാൻ കേന്ദ്രം തയ്യാറായില്ല.

മിക്കവാറും സംസ്ഥാനങ്ങളിൽ അടച്ചിടൽ പിൻവലിക്കപ്പെട്ടുവെങ്കിലും ഉൽപ്പാദനം മുമ്പുള്ള നിലയിലേക്ക് എത്താൻ സമയമെടുക്കും. കാരണം, അടച്ചിടൽ സൃഷ്ടിച്ച ദുരിതത്തിൽനിന്ന് ജനങ്ങൾ കരകയറിയിട്ടില്ല. അക്കാലത്തെ കടങ്ങളിൽനിന്ന് മോചിതരായിട്ടില്ല. വിപണിയിൽ മാന്ദ്യം നിലനിൽക്കുകയാണ്. സാധനങ്ങൾക്കുള്ള ഡിമാൻഡ്‌ പഴയ നിലയിലേക്ക് എത്തിയിട്ടില്ല. തൊഴിലില്ലായ്മ അപകടകരമായ നിലയിൽ വർധിക്കുകയാണ്. ഇതു പുറത്തുവരാതിരിക്കാനാണ് നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകൾ സർക്കാർ ഇടപെട്ട് പൂഴ്‌‌ത്തിവച്ചത്. ദശാബ്ദംമുമ്പ് രണ്ട്‌ ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2017-18ൽ 6.1 ശതമാനമായി വളർന്നുവെന്ന് എൻഎസ്എസ്ഒ കണക്ക്‌ സൂചിപ്പിക്കുന്നു. 2017-18നുശേഷം തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ കണക്കുകൾ പുറത്തുവിടുന്നില്ല. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. യുവാക്കളുടെ തൊഴിലില്ലായ്മ 17 ശതമാനത്തിൽ കൂടുതലാണ്. നഗരങ്ങളിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 27 ശതമാനത്തിന് മുകളിലാണെന്ന് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

2017-18ൽ വൻതോതിൽ തൊഴിൽനഷ്ടമുണ്ടായതിന് കാരണം നോട്ട്‌ നിരോധനമായിരുന്നു. ചെറുകിടകൃഷി, ചെറുകിട വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയെ നോട്ട്‌ നിരോധനം വല്ലാതെ ബാധിച്ചു. കൃഷിക്കാർ വലിയ കടക്കാരായി എന്നുമാത്രമല്ല, കടമെടുത്തുണ്ടാക്കിയ ഉൽപ്പന്നങ്ങൾക്ക് വിലയും കിട്ടിയില്ല. കാരണം, വാങ്ങേണ്ടവരുടെ കൈകളിൽ പണമില്ലായിരുന്നു. ചെറുകിട വ്യാപാര-വ്യവസായ മേഖലകളിൽ തൊഴിലെടുക്കുന്നവരും ദുരിതത്തിലായി. നോട്ട്‌ നിരോധനമെന്ന മഹാവങ്കത്തത്തിന്റെ ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതുമൂലം പ്രതിവർഷം രണ്ടുകോടി തൊഴിലാണ് നഷ്ടപ്പെടുന്നത്.

തൊഴിൽമേഖലയിലെ ഈ ഗുരുതര സാഹചര്യം കേന്ദ്രം കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യയിൽ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകളൊന്നും യഥാർഥസ്ഥിതി പ്രതിഫലിപ്പിക്കുന്നതല്ല. കാരണം, സ്ഥിരം ജോലിയുള്ളവർ വളരെ കുറച്ചേയുള്ളൂ. അധികംപേരും സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്നവരാണ്. ഉദാഹരണം ചെറിയ കച്ചവടക്കാർ. താൽക്കാലിക ജോലിക്കാരുടെ തൊഴിലില്ലായ്മയും വേണ്ട രീതിയിൽ കണക്കുകളിൽ വരുന്നില്ല. തൊഴിൽനഷ്ടമുണ്ടാകുമ്പോഴുള്ള തൊഴിലുകൾ വീതിക്കപ്പെടുകയാണ്. വർഷത്തിൽ കുറച്ചുദിവസമേ ജോലിയുണ്ടാകൂ. തൊഴിലില്ലായ്മയുടെ കണക്കെടുക്കുമ്പോൾ ഇതൊന്നും പരിഗണിക്കപ്പെടുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലില്ലായ്മ കുറയണമെങ്കിൽ ആഭ്യന്തരവരുമാനം (ജിഡിപി) വർധിക്കണമെന്ന വാദം പ്രൊഫ. പ്രഭാത് പട്നായിക്കിനെപ്പോലുള്ള സാമ്പത്തികവിദഗ്ധർ ശരിവയ്ക്കുന്നില്ല. ജിഡിപി നിരക്ക് കൂടുമ്പോഴും തൊഴിലില്ലായ്മ വർധിപ്പിക്കും. കാരണം, നവ ഉദാരവൽക്കരണത്തിന്റെ ഭാഗമായി വന്ന സാമൂഹ്യബന്ധങ്ങൾ തൊഴിലില്ലായ്മ വർധിപ്പിക്കുന്നതാണ്. ഉദാരവൽക്കരണം ചെറുകിട ഉൽപ്പാദകരെ തളർത്തുന്നു എന്നത് ഇതിന് ഉദാഹരണം. എന്നാൽ, ജിഡിപി കുറയുമ്പോൾ തൊഴിലില്ലായ്മ നിരക്കിന്റെ വർധന വേഗത്തിലാകും എന്നത് ശരിയാണ്.

അടച്ചിടൽ കാലഘട്ടത്തിൽ നമ്മുടെ ജിഡിപി മൂക്കുകുത്തുകയാണുണ്ടായത്. 2020ലെ ആദ്യ പാദത്തിൽ ജിഡിപി ചുരുങ്ങിയത് 24 ശതമാനമാണ്. ഇത് ഔദ്യോഗിക കണക്ക്. എന്നാൽ, ജിഡിപിയിലെ കുറവ് 32 ശതമാനത്തിൽ കൂടുതലാണെന്നാണ് സാമ്പത്തികവിദഗ്ധർ കരുതുന്നത്. തൊഴിലില്ലായ്മ കുറയ്ക്കാനോ ദാരിദ്ര്യം ലഘൂകരിക്കാനോ പട്ടിണിയില്ലാതാക്കാനോ ഉള്ള ഒരു പരിപാടിയും മോദി സർക്കാരിനില്ല. കാർഷികത്തകർച്ച നമ്മുടെ ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലാക്കും. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത കുറയുകയാണ്. ഉദാരവൽക്കരണത്തിന്റെ ഭാഗമായി കൃഷിക്കുള്ള സബ്സിഡി കുറച്ചു. നാണ്യവിളകൾക്കുള്ള താങ്ങുവില സംവിധാനം ഇല്ലാതാക്കി. നാണ്യവിളകളുടെ ഇറക്കുമതി വർധിച്ചു. അതുമൂലം കൃഷിപ്പണിയിൽനിന്ന് ധാരാളമാളുകൾ പുറത്തായി. ജിഡിപി കൂടിയാലും തൊഴിൽ വർധിക്കണമെന്നില്ല എന്നു പറയുന്നത് ഇതെല്ലാം കണക്കിലെടുത്താണ്.

നമ്മുടെ ഗ്രാമീണമേഖലയിൽ പട്ടിണി മാറ്റാൻ ഏറ്റവും ഉപകരിക്കുന്ന പരിപാടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി. 2006ൽ യുപിഎ സർക്കാരാണ് ഇടതുപക്ഷത്തിന്റെ സമ്മർദത്തിന്റെ ഫലമായി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, നൂറുദിവസംപോലും ഇതനുസരിച്ച് തൊഴിൽ നൽകാനുള്ള പണം സർക്കാർ വകയിരുത്തുന്നില്ല. 2021-22 ലെ ബജറ്റിൽ 73,000 കോടിയാണ് തൊഴിലുറപ്പുപദ്ധതിക്കുവേണ്ടി വകയിരുത്തിയത്. 2020-21ൽ 1,11,500 കോടി ചെലവിട്ട സ്ഥാനത്താണ് 73,000 കോടി. ഗ്രാമീണമേഖലയിലെ രൂക്ഷമായ തൊഴിലില്ലായ്മ സർക്കാർ അവഗണിക്കുകയാണ് എന്നാണ് ഇതു വ്യക്തമാക്കുന്നത്.

ഗ്രാമീണമേഖലയിൽ ജനങ്ങൾ മുഖ്യആഹാരത്തിന് ചെലവാക്കുന്ന തുകയിൽ വലിയ കുറവു വന്നിട്ടുണ്ടെന്നാണ് നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകളിൽ കാണുന്നത്. 2017-18ലെ കണക്കുപ്രകാരം ഒമ്പതുശതമാനത്തിലേറെ കുറവ്. മഹാമാരി സ്ഥിതി കൂടുതൽ ഗുരുതരമാക്കി. സാമൂഹ്യസുരക്ഷാ പദ്ധതികളിൽ സർക്കാർ വെള്ളം ചേർക്കുകകൂടി ചെയ്തപ്പോൾ പട്ടിണി വർധിച്ചു. പൊതുവിതരണ സംവിധാനവും കേന്ദ്രസർക്കാർ ഫലത്തിൽ ഇല്ലാതാക്കുകയാണ്. കേരളത്തിൽ മാത്രമാണ് ഫലപ്രദവും ശക്തവുമായ പൊതുവിതരണമുള്ളത്. സംസ്ഥാന സർക്കാർ വൻതോതിൽ പണം ചെലവഴിച്ചാണ് കേരളത്തിൽ ഇതുനിലനിർത്തുന്നതെന്ന് നമുക്കറിയാം.

ഇന്ധനവിലവർധനയുടെ ഫലമായുണ്ടാകുന്ന വിലക്കയറ്റവും പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ്. രാജ്യത്ത് ദരിദ്രർ ഉണ്ടെന്നതുപോലും അംഗീകരിക്കാതെയാണ് സർക്കാർ നീങ്ങുന്നത്. മോദി സർക്കാരിന്റെ ഒന്നാമത്തെ പരിഗണന കോർപറേറ്റുകളുടെ ഉന്നതിയാണ്. കേന്ദ്രത്തിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നതും കോർപറേറ്റുകളാണ്. കർഷക സമരത്തിന് കാരണമായ മൂന്ന് കാർഷികനിയമം ഉദാഹരണം. കേന്ദ്രം ഈ നയങ്ങളാണ് തുടരുന്നതെങ്കിൽ പട്ടിണിയിൽനിന്ന് ക്ഷാമത്തിലേക്കാണ് രാജ്യം നീങ്ങുക. ഈ അപകടം തടയണമെങ്കിൽ ഉദാരവൽക്കരണ-സാമ്പത്തിക നയങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടണം. കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം ഒന്നിച്ചുനീങ്ങണം. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണിതെന്ന് എല്ലാവരും തിരിച്ചറിയണം. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണകൂടവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളെ നേരിടുകയും പ്രധാനമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.