Skip to main content

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ ഓൺ ചെയ്യാൻ താമസിച്ചപ്പോൾ അവരോടു പ്രത്യേകം ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. കേരളത്തിന്റെ വാദങ്ങളെ ഇപ്പോൾ തകർത്തുകളയുമെന്ന ഭാവത്തിലായിരുന്നു പിന്നീടുള്ള സംസാരം.

“നുണ, പെരുംനുണ, പിന്നെ സ്ഥിതിവിവര കണക്കുകൾ” എന്നൊരു ചൊല്ല് ഇംഗ്ലീഷിലുണ്ട്. ഇതാണ് കേന്ദ്ര ധനമന്ത്രിയുടെ സ്ഥിരിവിവരണകണക്കു പ്രകടനം കണ്ടപ്പോൾ തോന്നിയത്. മോദിയുടെ ഭരണത്തിനുകീഴിൽ മുൻപൊരുകാലത്തുമില്ലാത്തവണ്ണം കേന്ദ്ര സഹായം കേരളത്തിനു ലഭിച്ചുവെന്നാണ് അവർ സമർത്ഥിക്കാൻ ശ്രമിച്ചത്.

കേന്ദ്ര ധനമന്ത്രിയുടെ കണക്ക്

“ഒരു അവസാനവാക്ക് 2009–10നും 2023–24നും ഇടയിൽ സംസ്ഥാന സർക്കാരിനു നൽകിയ ഫിനാൻസ് കമ്മീഷൻ ഗ്രാന്റുകളുടെ കണക്കുകൾ പെട്ടെന്നു വായിക്കട്ടെ. മോദിയുടെ കീഴിലാണ് ഏറ്റവും കൂടുതൽ ഗ്രാന്റുകൾ നൽകപ്പെട്ടതെന്ന യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കണം.

ഞാൻ അവ നിങ്ങൾക്കുവേണ്ടി വായിക്കാം. 2009–10ൽ അതുവെറും 602 കോടി രൂപയായിരുന്നു. പിന്നെ 2010–11ൽ 439 കോടി രൂപ, 2011–12ൽ 1387 കോടി രൂപ, 2012–13ൽ 635 കോടി രൂപ, 2013–14ൽ 1630 കോടി രൂപ.

പിന്നെയാണു മോദിയുടെ കാലം ആരംഭിക്കുന്നത്. 2014–15ൽ 1694 കോടി രൂപ. 2015–16ൽ 5171 കോടി രൂപ, 2016–17ൽ 4955 കോടി രൂപ, 2017–18ൽ 3407 കോടി രൂപ, 2018–19ൽ 4551 കോടി രൂപ, 2019–20ൽ 2343 കോടി രൂപ.

2020–21ൽ അത് 18049 കോടി രൂപയായി. 2021–22ൽ 22171 കോടി രൂപ, 2022–23ൽ 15388 കോടി രൂപ. പ്രിയ മാധ്യമങ്ങളേ നിങ്ങൾ പറയൂ കേരളത്തിനു ലഭിച്ച തുക എത്രയാണെന്ന്?”

കേന്ദ്ര ധനമന്ത്രി മറച്ചുവച്ചതെന്ത്?

കണക്കുകൾ എല്ലാം കൃത്യമാണ്. പക്ഷേ, എല്ലാ കണക്കുകളും പറയുന്നില്ല. അങ്ങനെയാണ് നിർമ്മലാ സീതാരാമന്റെ കണക്കുകൾ പെരുംനുണയാകുന്നത്.

1) ആദ്യം പറയേണ്ടത് 2014–15 മുതൽ 2019–20 വരെയുള്ള കാലത്തുണ്ടായ വർദ്ധനയിൽ മോദിക്കു പങ്കൊന്നും ഇല്ലായെന്ന കാര്യമാണ്. യുപിഎ സർക്കാരിന്റെ കാലത്തു നിയമിച്ച 14–ാം ധനകാര്യ കമ്മീഷന്റെ അവാർഡാണ് ഈ തുകകൾ കേരളത്തിന് അനുവദിച്ചത്.

2) അങ്ങനെയെങ്കിൽ 2021–22 മുതൽ 2022–23 കാലത്തുണ്ടായ വർദ്ധനയ്ക്കു കാരണക്കാരൻ മോദിയല്ലേ? മോദി സർക്കാരല്ലേ 15–ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്? ഇതിനുള്ള മറുപടി ഇതാണ്: മോദി കനിഞ്ഞതുകൊണ്ടല്ല നമുക്ക് ഈ തുക കിട്ടിയത്. ഈ ഗ്രാന്റ് കേരളത്തിനു നിഷേധിക്കാനുള്ള മോദിയുടെ പരിശ്രമം പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തിനു കിട്ടിയത്. വിശദീകരിക്കാം.

ഈ ഗ്രാന്റിന്റെ സിംഹപങ്കും റവന്യുക്കമ്മി നികത്താനുള്ള പ്രത്യേക ധനസഹായമാണ് (റവന്യു ഡെഫിസിറ്റ് ഗ്രാന്റ്). 15–ാം ധനകാര്യ കമ്മീഷനെ നിയമിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ പരിഗണനാ വിഷയങ്ങളിൽ (ടേംസ് ഓഫ് റഫറൻസിൽ) പ്രത്യേകം എടുത്തു പറഞ്ഞ ഒരു കാര്യം റവന്യുക്കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക ഗ്രാന്റ് നൽകണ്ടേ എന്നാണ്.

പരിഗണനാ വിഷയങ്ങളിൽ അഞ്ചാമത്തെ ക്ലോസിൽ പറയുന്നു: “റവന്യുക്കമ്മി ഗ്രാന്റുകൾ ഇനി തുടരേണ്ടതുണ്ടോ എന്നത് കമ്മീഷൻ പരിശോധിക്കണം” (Commission may also examine whether revenue deficit grants be provided at all)
“provided at all” എന്ന പ്രയോഗത്തിലെ പുച്ഛം ഒന്നുമാത്രംമതി കേന്ദ്രത്തിന്റെ മനസ്സിലിരിപ്പു തിരിച്ചറിയാൻ.

ഇതിനെ എല്ലാ സംസ്ഥാനങ്ങളും എതിർത്തു. കേരള സർക്കാർ തിരുവനന്തപുരം, പുതുശ്ശേരി, വിജയവാഡ, ന്യൂഡൽഹി എന്നിവടങ്ങളിൽ നടത്തിയ 15–ാം ധനകാര്യകമ്മീഷൻ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച സെമിനാറുകളിൽ ഏറ്റവും രൂക്ഷവിമർശനം നേരിട്ട വ്യവസ്ഥകളിൽ ഒന്ന് അതായിരുന്നു. ഈ ഏകകണ്ഠമായ എതിർപ്പിനു കമ്മീഷൻ വഴങ്ങി. അങ്ങനെയാണ് ഈ ഗ്രാന്റ് കേരളത്തിനു കിട്ടിയത്. അല്ലാതെ മോദിയുടെ ഔദാര്യമല്ല.

3) കേന്ദ്ര ധനമന്ത്രി പറയാൻ മറന്നുപോയ ഒരുകാര്യം ഇതാണ്: 2023–24ൽ റവന്യുക്കമ്മി ഗ്രാന്റ് ഇല്ല. നാല് വർഷത്തേക്കേ ഈ ഗ്രാന്റ് ഫിനാൻസ് കമ്മീഷൻ അനുവദിച്ചുള്ളൂ. ഗ്രാന്റിൽ ഉണ്ടായ ഇടിവ് ഇന്നത്തെ ധനപ്രതിസന്ധിക്ക് ഒരു പ്രധാന കാരണമാണ്.

4) ഏറ്റവും വലിയ തട്ടിപ്പ് ഇതൊന്നുമല്ല. ഗ്രാന്റുകൾ ഫിനാൻസ് കമ്മീഷന്റെ ധനസഹായത്തിന്റെ 20 ശതമാനത്തിൽ താഴെയേ വരൂ. 80 ശതമാനം നികുതി വിഹിതമാണ്. ഇത് 10–ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.8 ശതമാനമായിരുന്നു. പിന്നെ പടിപടിയായി കുറഞ്ഞ 14–ാം ധനകാര്യ കമ്മീഷൻ കാലത്ത് (മോദിയുടെ ഒന്നാം ഊഴം) 2.5 ശതമാനമായി കുറഞ്ഞു.

15–ാം ധനകാര്യ കമ്മീഷന്റെ കാലത്ത് (മോദിയുടെ രണ്ടാം ഊഴം) 1.9 ശതമാനമായി കുറഞ്ഞു. റെക്കോർഡ് ഗ്രാന്റ് തുക കേരളത്തിനു കിട്ടിയെന്നു പറയുമ്പോൾ 80 ശതമാനം വരുന്ന നികുതി വിഹിതത്തിൽ റെക്കോർഡ് ഇടിവുണ്ടായി എന്നുകൂടി പറയണ്ടേ? ഈ യാഥാർത്ഥ്യം മറച്ചുവയ്ക്കുന്നതാണ് നിർമ്മലാ സീതാരാമന്റെ കണക്കുകളെ പെരുംനുണയാക്കുന്നത്.

5) ഫിനാൻസ് കമ്മീഷൻ തുക കൃത്യമായി തന്നില്ലേ എന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ ചോദ്യം. തരാതിരിക്കാൻ പറ്റില്ലല്ലോ! ഭരണഘടന അവർക്ക് ഇക്കാര്യത്തിൽ ഒരു വിവേചനാധികാരവും നൽകുന്നില്ല. അതേസമയം അവരുടെ വിവേചനാധികാരത്തിൽപ്പെട്ട മറ്റു ഗ്രാന്റുകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും കേരളത്തോടു കടുത്ത വിവേചനമാണ്. അവിടെ കേന്ദ്ര സഹായം കുടിശ്ശികയുമാണ്. വായ്പയുടെ കാര്യത്തിലാണെങ്കിൽ അനധികൃതമായ വെട്ടിക്കുറച്ചിലുകളാണു നടത്തുന്നത്.

അതെ “നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ സ്ഥിതിവിവര കണക്കുകളും” എന്നതാവുന്നു പുതിയ ചൊല്ല്.

കേരളത്തിനു കിട്ടാനുള്ള കുടിശ്ശിക

കേന്ദ്രത്തിൽ നിന്നും കേരളത്തിനു കിട്ടാനുള്ള കുടിശ്ശിക എത്ര? നിർമ്മലാ സീതാരാമൻ പറയുന്നു കുടിശ്ശികയൊക്കെ തീർന്നൂവെന്ന്. ഇനി കിട്ടാനുള്ളത് കേരളം മതിയായ രേഖകൾ സമർപ്പിക്കാത്തതുകൊണ്ട് മാത്രമാണെന്നാണ്. തീർത്ത കുടിശ്ശിക ഏതാണെന്നോ?

വയോജന പെൻഷൻ 200–300 രൂപ വീതം 5.88 ലക്ഷം പേർക്കു നൽകുന്നുണ്ട്. ഇവർക്കു കേരളം നൽകുന്നത് പ്രതിമാസം 1,600 രൂപ വീതമാണ്. ഇവർക്കു പുറമേ മറ്റൊരു 55–60 ലക്ഷം ഗുണഭോക്താക്കൾക്കും കേരളം പെൻഷൻ നൽകുന്നുണ്ട്. കേന്ദ്ര സഹായം രണ്ടുവർഷമായി കുടിശ്ശികയിലായിരുന്നു.

700 കോടി രൂപയായിരുന്നു കുടിശ്ശിക. അതിൽ 500 കോടി രൂപ ഒരാഴ്ച മുമ്പ് അനുവദിച്ചു. ഇതാണ് വലിയ കേമത്തമായി കേന്ദ്ര ധനമന്ത്രി തിരുവനന്തപുരത്തു വീമ്പിളക്കിയത്. ഇതു കിഴിച്ചാലും 5,000ത്തിൽപ്പരം കോടി രൂപ ഇനിയും കേരളത്തിനു കിട്ടാനുണ്ട്. അവയുടെ കണക്ക് ചുവടെ പട്ടികയിൽ കൊടുക്കുന്നു.

എന്തെങ്കിലും നൊടുക്കു ന്യായം പറഞ്ഞ് കേരളത്തിനു ലഭിക്കാനുള്ള തുക പിടിച്ചുവയ്ക്കുകയെന്നതു പതിവാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ എജിയുടെ അവസാന റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ജി.എസ്.ടി നഷ്ടപരിഹാരത്തുക ഇപ്പോഴും സെറ്റിൽ ചെയ്തിട്ടില്ല.

കേന്ദ്ര ബ്രാൻഡ് ഇട്ടില്ലെങ്കിൽ �പണമില്ലത്രേ

കേന്ദ്ര സർക്കാരിന്റെ സ്കീമുകളുടെ പണം സംസ്ഥാനം അവരുടെ ബ്രാൻഡ് ആക്കുന്നുവെന്നതായിരുന്നു മറ്റൊരു ആക്ഷേപം. കേന്ദ്ര മാർഗ്ഗനിർദ്ദേശ പ്രകാരം ബ്രാൻഡ് ചെയ്തില്ലെങ്കിൽ പണം നൽകില്ലായെന്നും പ്രഖ്യാപിച്ചു. ഇതുമൂലമാണത്രേ ചില കാര്യങ്ങളിൽ കുടിശ്ശിക കിടക്കുന്നത്.

പാർലമെന്റിന്റെ തീരുമാനം സംസ്ഥാനങ്ങൾ അനുസരിച്ചേ മതിയാകൂവെന്നും മറ്റും പറയുന്നുണ്ടായിരുന്നു. ആദ്യം എനിക്കിതു മനസ്സിലായില്ല.

ആലോചിച്ചപ്പോൾ ഇങ്ങനെയാണു വാദമെന്നു തോന്നുന്നു. ബജറ്റ് പാസ്സാക്കിയ കേന്ദ്ര സ്കീമുകളുടെ പേരിലാണല്ലോ പണം വകയിരുത്തിയിട്ടുള്ളത്.

ആ പേര് തന്നെ ഇട്ടില്ലെങ്കിൽ പാർലമെന്റിന്റെ തീരുമാനത്തെ സംസ്ഥാനം ലംഘിക്കുകയാണ്. കളിയുടെ നിയമം ഇതാണ്. ഇതൊക്കെയായിരുന്നു ഗീർവാണങ്ങൾ.

ഉദാഹരണത്തിന് കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനിമേൽ ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കി മാറ്റിയില്ലെങ്കിൽ കേന്ദ്രസഹായം നിഷേധിക്കുമെന്ന് കേരള സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. എത്രയോ നാളായി കേരളത്തിലെ ആരോഗ്യമേഖലയിൽ അറിയപ്പെടുന്ന പേരുകളാണ് പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശൂപത്രി, ജില്ലാ ആശുപത്രി തുടങ്ങിയവ. സമീപകാലത്ത് ആർദ്രംമിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

ഇതോടെ ഇവിടെ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിച്ച് കാലത്തും വൈകിട്ടും ഒപിയാക്കി. ഫാർമസി അടക്കമുള്ള കെട്ടിടസൗകര്യങ്ങൾ വിപുലീകരിച്ചു. ലാബ് സൗകര്യങ്ങൾ ഏർപ്പെടുത്തി. മരുന്നുകൾ കൂടുതൽ ലഭ്യമാക്കി. ഇവയുടെ ചെലവിന്റെ 95 ശതമാനം വഹിച്ചതു സംസ്ഥാന സർക്കാരാണ്.

ഓരോന്നിനും ഒരു കോടി രൂപ വരെ ആസ്തിയുണ്ട്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ഭാരതത്തിൽ നിന്നും അഞ്ചുലക്ഷം രൂപ വീതം ഉപയോഗിച്ചു. ഈ വർഷം അവസാനിക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സർക്കാരിന്റെ പുതിയ പേര് പ്രദർശിപ്പിക്കണമെന്നാണു നിർദ്ദേശം. ഇതിനുവേണ്ടി 3000 രൂപ വീതം അനുവദിച്ചിരിക്കുകയാണ്.

ഇതുപോല അല്പത്തം കാണിക്കുന്ന കേന്ദ്രമന്ത്രിമാർക്കെതിരെ എന്താണു പറയേണ്ടത്? ഒരുകോടി രൂപയോളം മുടക്കുന്ന കേരള സർക്കാർ പുറത്ത്. അഞ്ചുലക്ഷം രൂപ മാത്രം മുടക്കുകയും പേര് എഴുതാൻ 3000 വീതം നൽകുകയും ചെയ്ത കേരളത്തിലെ ആശുപത്രികളെ ചാപ്പകുത്താൻ കേന്ദ്ര സർക്കാർ ഇറങ്ങിയിരിക്കുകയാണ്. നല്ല മലയാളത്തിലുള്ള പേരുമാറ്റി ഹിന്ദിപ്പേര് ഇടുന്നതിനുള്ള നീക്കത്തെ കേരളം ചെറുക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ അഹങ്കാരം തമിഴ്നാട്ടിൽ നടക്കുമോ?

90 ശതമാനവും�സംസ്ഥാനം പണം മുടക്കുന്ന പദ്ധതിക്ക് �സംസ്ഥാനത്തിന്റെ പേരിട്ടാലെന്ത്?

കേരളത്തിൽ നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കു കേരളം ഒരുവർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. കേന്ദ്ര സർക്കാർ നൽകുന്നത് വെറും 130 കോടി രൂപ മാത്രമാണ്. 10 ശതമാനം മാത്രം. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 22 ലക്ഷം മാത്രമാണ്. അവർക്ക് ശരാശരി 600 രൂപ വീതമാണു നൽകുന്നത്.

എന്നാൽ കേരള സർക്കാർ 42 ലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് നൽകുന്നുണ്ട്. ശരാശരി ചെലവാക്കുന്നത് 2800 രൂപ വീതം. പക്ഷേ, പേര് കേന്ദ്രത്തിനുവേണം. ആയുഷ്മാൻ ഭാരത് കാരുണ്യ ഇൻഷ്വറൻസ് പദ്ധതി എന്ന പേര് പറ്റില്ല. പേരിൽ നിന്നും കാരുണ്യ നീക്കം ചെയ്തേ തീരൂ.

കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ. കേരളത്തിൽ ഇപ്പോൾ സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണു നിലവിലുള്ളത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയവയിൽ നിന്നും കവറേജുണ്ട്. 80 ലക്ഷം കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് ഉള്ളപ്പോൾ, കേന്ദ്ര സർക്കാരിന്റെ നാമമാത്ര സഹായം ലഭിക്കുന്നത് 22 ലക്ഷം പേർക്കു മാത്രമാണ്.

ലൈഫ് ഭവന പദ്ധതി എന്ന പേര് പറ്റില്ലപോലും. ആ സ്കീമിൽ വീട് ഒന്നിനു കേരള സർക്കാർ നൽകുന്നത് 4 ലക്ഷം രൂപയും, ഫ്ലാറ്റിന് 10–20 ലക്ഷം രൂപയുമാണ്. ബിപിഎൽ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 75000 രൂപ വീതം നൽകുന്നുണ്ട്.

മൊത്തം ഭവന പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം 10 ശതമാനത്തിൽ താഴെയാണ്. പക്ഷേ, വീടിനു മുകളിൽ കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ മുദ്ര പതിപ്പിച്ചേ തീരൂ.

ഇതുതന്നെയാണ് സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ കാര്യത്തിലും. കേന്ദ്ര സഹായമുള്ള ഗുണഭോക്താക്കൾ 5.88 ലക്ഷം പേർ മാത്രമാണ്. കേരളം അംഗീകരിച്ച ഗുണഭോക്താക്കളുടെ എണ്ണം 64 ലക്ഷവും. കേരളം പ്രതിമാസം 1600 രൂപ നൽകുമ്പോൾ കേന്ദ്ര സർക്കാർ 200–300 രൂപ മാത്രമാണ് നൽകുന്നത്.

കേരളം 10,000 കോടി രൂപ ക്ഷേമ പെൻഷനുകൾക്കു ചെലവഴിക്കുമ്പോൾ കേന്ദ്ര സഹായം വെറും 300 കോടി രൂപ മാത്രമാണ്. വെറും 3 ശതമാനം. സംസ്ഥാനം കൂടുതൽ പണം മുടക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തിനല്ലേ പേരിടാൻ അർഹത?

വായ്പയിൽ വരുത്തിയ �വെട്ടിക്കുറവ്

ഈ ബഹളത്തിനിടയിൽ സമർത്ഥമായി സംസ്ഥാനത്തിന്റെ വായ്പ വെട്ടിക്കുറച്ചതു മറച്ചുവച്ചു. 2021–22ൽ 42000 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2022–23ൽ 22000 കോടി രൂപയേ ലഭിച്ചുള്ളൂ. 2023–24ൽ ലഭിക്കുന്ന വായ്പ ഇതിലും കുറവായിരിക്കും. സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം വായ്പയ്ക്ക് അർഹതയുള്ള കേരളത്തിന് 2 ശതമാനത്തിനു താഴെ മാത്രമാണ് വായ്പയ്ക്ക് അനുമതി ലഭിക്കുക.

ഇതാണ് ഇന്നത്തെ ധനപ്രതിസന്ധിയുടെ അടിസ്ഥാനകാരണം. ഇതിനു പറയുന്ന ന്യായമോ? കിഫ്ബി എടുത്ത വായ്പകളും പെൻഷൻഫണ്ട് കമ്പനി എടുത്ത വായ്പകളും ആത്യന്തികമായി ബജറ്റിൽ നിന്നാണ് തിരിച്ചടയ്ക്കുന്നത് എന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കും. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ അർഹതപ്പെട്ട സാധാരണ വായ്പ വെട്ടിക്കുറയ്ക്കുകയാണ്.

താഴെപ്പറയുന്ന നാല് ചോദ്യങ്ങൾക്ക് കേന്ദ്ര ധനമന്ത്രി മറുപടി നൽകിയാൽ കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പും കേരളത്തോടുള്ള വിവേചനവും മനസ്സിലാക്കാം. അതുകൊണ്ടാണ് അവർ ഈ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്.

(1) ഇതിനു മുമ്പ് ഏതെങ്കിലും കാലത്ത് സംസ്ഥാനങ്ങളുടേയോ കേന്ദ്രത്തിന്റെയോ ഓഫ് ബജറ്റ് വായ്പകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള വായ്പയായി കണക്കാക്കി ധനക്കമ്മിയിൽ ഉൾപ്പെടുത്തിയ അനുഭവം ഉണ്ടോ? ഇല്ല എന്നാണ് ഞങ്ങളുടെ ഉത്തരം.

(2) കേന്ദ്ര സർക്കാർ 3–5 ലക്ഷം കോടി രൂപ വീതം ഓഫ് ബജറ്റ് വായ്പയായി ഓരോ വർഷവും എടുക്കുന്നുണ്ടല്ലോ. ഇതിൽ നല്ലൊരു ഭാഗം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ അനുബന്ധമായി അച്ചടിച്ചു നൽകുകയും ചെയ്യും. ഇത് എന്നെങ്കിലും കേന്ദ്രത്തിന്റെ കടത്തിലോ ധനക്കമ്മിയിലോ ഉൾപ്പെടുത്തിയിട്ടുണ്ടോ? ഇപ്പോൾ കേരളത്തിനുമേൽ വായ്പാ ഉപരോധം ഏർപ്പെടുത്തുമ്പോഴും കേന്ദ്ര സർക്കാർ സ്വന്തം കാര്യത്തിൽ ഈ തത്വം പാലിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഞങ്ങളുടെ ഉത്തരം.

(3) ശരി. പക്ഷേ, ഞങ്ങൾ ഇപ്പോൾ കളിയുടെ നിയമം മാറ്റിയിരിക്കുന്നു. സംസ്ഥാനങ്ങൾക്ക് ഓഫ് ബജറ്റ് വായ്പ പാടില്ല എന്നതാണു പുതിയ ചട്ടം എന്നാണു കേന്ദ്ര സർക്കാർ പറയുന്നതെങ്കിൽ ഞങ്ങളുടെ ചോദ്യം ലളിതമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉണ്ടാക്കിയ ചട്ടത്തിനു മുൻകാല പ്രാബല്യം നൽകുന്നത്? കിഫ്ബിയോ പെൻഷൻഫണ്ട് കമ്പനിയോ ഇന്നോ അല്ലെങ്കിൽ ഭാവിയിലോ എടുക്കാൻ പോകുന്ന വായ്പ അല്ല വെട്ടിക്കുറയ്ക്കുന്നത്.

അവർ കഴിഞ്ഞ ഏഴു വർഷം എടുത്ത വായ്പകൾ അടുത്ത ഏതാനും വർഷംകൊണ്ട് വെട്ടിക്കുറയ്ക്കാനാണു കേന്ദ്ര സർക്കാരിന്റെ പുറപ്പാട്. ഇതു സ്വാഭാവിക നീതിക്കുപോലും എതിരല്ലേ?

(4) 2003ലാണല്ലോ ധനഉത്തരവാദിത്വ നിയമങ്ങൾ നിലവിൽ വന്നത്. കേന്ദ്രവും സംസ്ഥാനവും റവന്യുക്കമ്മി ഇല്ലാതാക്കണം. ധനക്കമ്മി 3 ശതമാനത്തിൽ പരിമിതപ്പെടുത്തണം. ഇതാണു നിയമം. സംസ്ഥാനങ്ങൾ മൊത്തത്തിൽ ഈ നിയമം പാലിച്ചു

കേന്ദ്ര സർക്കാർ ഏതെങ്കിലും ഒരു വർഷം ഈ നിയമം പാലിച്ചിട്ടുണ്ടോ? ഇങ്ങനെയുള്ള കേന്ദ്രമാണ് സംസ്ഥാന സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയുംകൂടി ചേർത്താൽ ധനക്കമ്മി പരിധി കഴിയുമെന്നു പറഞ്ഞ് കേരളത്തിനുമേൽ കുതിരകയറുന്നത്. ഇരട്ടത്താപ്പിനും ഇല്ലേ ഒരതിര്?

ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള ധനസഹായത്തിൽ ഗണ്യമായ കുറവുവന്ന വേളയിലാണ് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതിനുവേണ്ടി ആസൂത്രിതമായി ബജറ്റിനു പുറത്ത് സംസ്ഥാന സർക്കാരുകൾ എടുക്കുന്ന വായ്പകൾ സംബന്ധിച്ച ഇതുവരെ പിന്തുടർന്ന നിലപാട് കേന്ദ്രം തിരുത്തിയത്.

ഇതിനുപുറമേ അവിതർക്കിതമായ ഗ്രാന്റുകൾ കുടിശ്ശികയുമാക്കിയിരിക്കുന്നു. കേരള സർക്കാരിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം കേന്ദ്ര ധനമന്ത്രി നടത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

 

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം

സ. ടി എം തോമസ് ഐസക്

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, നിപ, കോവിഡ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കേരള ജനത ഇത് തൊട്ടറിഞ്ഞിട്ടുള്ളതാണ്.

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം

സ. ടി പി രാമകൃഷ്ണൻ

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.