ഇതിലെന്താണിത്ര വിവാദം? രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചത് വളരെ സ്വാഭാവികമല്ലേ? അത്രമേൽ രാഷ്ട്രീയ നിരക്ഷരരായവർ മാത്രമേ അതിൽ അദ്ഭുതപ്പെടുകയുള്ളൂ. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധിക്കും കോൺഗ്രസിനും അർഹതയുണ്ട്. ബിജെപിയോളം ഒരുപക്ഷേ അവരെക്കാൾ അൽപ്പം അധികമായും. 1989ൽ അയോദ്ധ്യയിൽ ആദ്യമായി ശിലാന്യാസം അനുവദിച്ച അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധിയുടെ പിൻഗാമി സോണിയാ ഗാന്ധിക്ക്, അന്ന് പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാകുന്ന ചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കാൻ അർഹതയില്ലെങ്കിൽ പിന്നെ മറ്റാർക്കാണുള്ളത്? നെഹ്റു അടച്ചിട്ട അയോദ്ധ്യ അധ്യായം അന്ന് രാജീവ് ഗാന്ധി തുറന്നില്ലെങ്കിൽ, പുതിയ ക്ഷേത്രവും പ്രതിഷ്ഠയും വല്ലതും നടക്കുമായിരുന്നോ? 1992 ഡിസംബർ 6ന്, കേന്ദ്ര ഭരണാധികാരം കയ്യിലുണ്ടായിട്ടും, യുപി സർക്കാരിനെ പിരിച്ചുവിടാൻ അനുച്ഛേദം 356 ഭരണഘടനയിലുണ്ടായിട്ടും, ബാബറി മസ്ജിദ് നിന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിന് സംഘപരിവാർ ശക്തികൾ പാകപ്പെടുത്തും വരെ, ഒരു സാഹസത്തിനും മുതിരാതെ സംയമനം പാലിച്ച കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്മുറക്കാരിയായ സോണിയാഗാന്ധി പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നതിലല്ലേ അനൗചിത്യം? നരസിംഹ റാവു അന്ന് അത് തടഞ്ഞിരുന്നെങ്കിൽ ഇന്ന് എന്ത് ക്ഷേത്രം? എവിടെ പ്രതിഷ്ഠ നടത്താൻ? ഒടുവിൽ അയോധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ അത് ദേശീയ ഐക്യത്തിന്റെ മുഹൂർത്തമാണെന്ന് മൊഴിഞ്ഞ പ്രിയങ്കാഗാന്ധിയുടെ അമ്മയ്ക്ക് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നോ? തറക്കല്ലിടാൻ വെള്ളി ഇഷ്ടിക സമ്മാനിച്ച കമൽനാഥിന്റെയും, ഹനുമാൻ ചാലിസയും ഭജനയുമായി പിന്തുണച്ച ദിഗ് വിജയ് സിംഗിന്റെയും നേതാവായ സോണിയാജിക്ക് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള അർഹതയെ ചോദ്യം ചെയ്യാൻ ആർക്കാണധികാരം?
ചരിത്രത്തിൽ എക്കാലത്തും ആർ എസ് എസുമായി കൊടുക്കൽവാങ്ങലുകളിലേർപ്പെട്ട കോൺഗ്രസിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാന നേതാവിന്, അവരുടെ ക്ഷണം ഇപ്പോൾ മാത്രം എങ്ങനെ നിരാകരിക്കും? 1949 ഒക്ടോബർ 7 ന് നെഹ്റു വിദേശത്ത് പോയ തക്കത്തിൽ പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ആർ എസ് എസുകാരെ കോൺഗ്രസിന്റെ അംഗങ്ങളാവാൻ ക്ഷണിച്ചതല്ലേ? അതും ഗാന്ധി വധത്തിന്റെ പേരിൽ ആർ എസ് എസ് നിരോധനം നേരിട്ട് അധികം കഴിയും മുൻപ്. (പിന്നീട് 1949 നവംബർ 7ന് തിരിച്ചെത്തിയ നെഹ്റു അത് റദ്ദാക്കുകയായിരുന്നു) മാത്രമല്ല കോൺഗ്രസ് സർക്കാർ ആർ എസ് എസിനെ ഗണവേഷത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ ക്ഷണിച്ചതും പങ്കെടുപ്പിച്ചതും ചരിത്രമാണല്ലോ. ഗാന്ധി വധത്തിന്റെ കരിനിഴലിൽ കഴിഞ്ഞ ആർ എസ് എസിന് ആ ക്ഷണം വഴി കോൺഗ്രസ് സർക്കാർ നൽകിയ മാന്യതയുടെ മുഖംമൂടി എത്ര വലുതായിരുന്നു?
ആർ എസ് എസിന്റെ അഭിനന്ദനങ്ങളും പിന്തുണയും സോണിയ ഗാന്ധിയുടെ പൂർവസൂരികൾക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അടിയന്തിരാവസ്ഥയിൽ സോണിയാജിയുടെ ഭർതൃ മാതാവ് കൂടിയായ ഇന്ദിരാഗാന്ധിയെ ആർ എസ് എസ് മേധാവി കത്തിലൂടെ അഭിനന്ദിച്ചത് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ! മാത്രമല്ല കുപ്രസിദ്ധമായ ഇരുപതിന പരിപാടിക്ക് ലക്ഷക്കണക്കിന് സ്വയം സേവകരുടെ പിന്തുണയും സർസംഘചാലക് ഇന്ദിരാജിക്ക് വാഗ്ദാനം ചെയ്തു. അടിയന്തിരാവസ്ഥയിൽ തന്നെ സർസംഘചാലക് വീണ്ടുമൊരു കത്തിലൂടെ പിന്നെയും അഭിനന്ദിച്ചു. ചൈനയും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ദിര മുൻകൈ എടുത്തതിന്!! മനുഷ്യന്റെ ചിന്തയ്ക്കും നാവിനും വിലങ്ങിട്ട അടിയന്തിരാവസ്ഥയിൽ, 1975 നവംബർ 11ന് വീണ്ടും അഭിനന്ദന കത്ത്. ഇത്തവണ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി സാധുവായി പ്രഖ്യാപിച്ചതിൽ സന്തോഷചിത്തനായാണ് സർസംഘചാലകിന്റെ കത്ത്. 1977 ആഗസ്റ്റ് 22ന് പിന്നെയും കത്ത്. ഇപ്രാവശ്യം അഭിനന്ദനം ഇന്ദിരയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്. ഒടുവിൽ 1980 ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ തിരിച്ചുവരവിന് ആർ എസ് എസ് പിന്തുണയും. ഈ ഊഷ്മള ബന്ധം മകൻ രാജീവും തുടർന്നു. 1989ലെ തെരഞ്ഞെടുപ്പിൽ ഗോവ ഗവർണറായിരുന്ന ഭാനുപ്രകാശ് സിങ്ങിനെ ആർ എസ് എസിനടുത്തേക്ക് ദൂതനായി രാജീവ് ഗാന്ധി അയച്ചു. തുടർന്ന് രാജീവിന്റെ ആഭ്യന്തര മന്ത്രി ഭൂട്ടാ സിങ്ങും ആർ എസ് എസ് ജന. സെക്രട്ടറി രാജേന്ദ്ര സിംഗും തമ്മിൽ ധാരണ ഉറപ്പിച്ചു. 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണം താൻ ശിലാന്യാസം അനുവദിച്ച അയോധ്യയിൽ നിന്നുതന്നെ രാജീവ് ഗാന്ധി തുടങ്ങി. പക്ഷേ ബോഫോഴ്സ് അഴിമതി സൃഷ്ടിച്ച കുത്തൊഴുക്കിൽ ഇതൊന്നും ഫലം കണ്ടില്ല. തെരഞ്ഞെടുപ്പിൽ തോറ്റു.
ചുരുക്കിപ്പറഞ്ഞാൽ സോണിയ ഗാന്ധിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം ചരിത്രത്തിലെ ഊഷ്മളമായ അനേകം പരസ്പര വിനിമയങ്ങളുടെ ബാക്കിപത്രമാണ്. അതറിയാത്ത രാഷ്ട്രീയ നിരക്ഷരർക്ക് അദ്ഭുതപ്പെടാം, ആശങ്കപ്പെടാം. പതിറ്റാണ്ടുകളുടെ സംഘപരിവാർ- കോൺഗ്രസ് രക്തബന്ധത്തിന്റെ പിൻബലത്തിൽ സോണിയാജിക്ക് ക്ഷണം സന്തോഷത്തോടെ സ്വീകരിക്കാം.
തന്റെ പ്രിയതമൻ ശിലാന്യാസത്തിന് തുറന്നുകൊടുത്ത, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച, തന്റെ പാർട്ടി അധികാരത്തിലിരുന്ന കാലത്ത് പൊളിച്ചുപാകപ്പെടുത്തിയ അതേ സ്ഥലത്തെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യംവഹിച്ച് സോണിയാഗാന്ധിക്ക് സായൂജ്യമടയാം. അവർക്ക് അതിന് എല്ലാ അവകാശവുമുണ്ട്. പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയും നരസിംഹ റാവുവും നിലമൊരുക്കിക്കൊടുത്തിടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാർമ്മികത്വത്തിൽ ലക്ഷ്യം സാക്ഷാത്കരിക്കുന്ന സംയുക്ത സംരംഭത്തിൽ അവർക്കുള്ള അവകാശം അനിഷേധ്യമാണ്. മസ്ജിദ് പൊളിച്ച നടപടി നിയമവിരുദ്ധവും അപലപനീയവുമാണെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞതും, മതചടങ്ങ് സർക്കാർ തലപ്പത്തിരിക്കുന്നവർ ഏറ്റെടുത്ത് ഔദ്യോഗികമായിനടത്തുന്നത് തെറ്റാണെന്ന് പറഞ്ഞ് രാജേന്ദ്രപ്രസാദിനെ നെഹ്റു വിലക്കിയതും, സൗകര്യപൂർവ്വം സോണിയാജി മറക്കേണ്ടിവരുമെന്ന് മാത്രം.
വാൽക്കഷ്ണം- സീതാറാം യെച്ചൂരി സ്വന്തം പേരിനേയും വെറുക്കുന്നോ എന്ന് വിശ്വ ഹിന്ദു പരിഷത്ത്. സീതാറാമിലെ രാമൻ വിഎച്ച്പിയുടെ വില്ലുകുലച്ചുനിൽക്കുന്ന യുദ്ധോത്സുകനായ രാമനല്ല. ഗാന്ധിജിയുടെ രാമനും ആ രാമനായിരുന്നില്ല.