പുതിയൊരു ലോകക്രമം എന്ന സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ട് 1924 ജനുവരി 21ന് ജീവിതത്തിൽനിന്ന് വിടവാങ്ങുമ്പോൾ ലെനിന് 54 വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. 1870 ഏപ്രിൽ 22ന് തുടങ്ങിയ ആ ജീവിതയാത്ര താരതമ്യേന ഹ്രസ്വമായിരുന്നു. എങ്കിലും ആ അരനൂറ്റാണ്ട് ലോകത്തെ പുതുക്കിപ്പണിയുന്ന ഭാവനയുടെയും ചിന്തയുടെയും പ്രയോഗത്തിന്റെയും കേന്ദ്രമായി മാറി. ഭീമാകാരമായ ഒരു ലോകക്രമത്തെ, ഘടനാപരമായി ആഴത്തിൽ വേരുപിടിച്ച അതിന്റെ ചൂഷണക്രമങ്ങളെ പൊളിച്ചുപണിയാൻ കഴിയുമെന്ന് ലെനിൻ ലോകത്തെ പഠിപ്പിച്ചു. ആ പൊളിച്ചുപണിയലിന്റെ സിദ്ധാന്തവും സംഘടനാരൂപവും നിർമിച്ചു. മനുഷ്യവംശവിമോചനത്തിന്റെ വഴിയിൽ ഉയർന്നുവന്ന പ്രതിബന്ധങ്ങളോടെല്ലാം സ്വന്തം സംഘടനാസംവിധാനത്തിലെ പിഴവുകൾ ഉൾപ്പെടെ, ഉറച്ചുനിന്നു പോരാടി. പിൽക്കാലത്ത് നെരൂദ കവിതയിലെഴുതിയതുപോലെ ‘നീ പകർന്ന പ്രത്യാശയ്ക്കും നീ പകർന്ന ഊർജത്തിനും നീ പകർന്ന ദൃഢതയ്ക്കും നന്ദി' എന്ന് ലോകം ലെനിനോട് പറഞ്ഞു.
അനന്യവും സവിശേഷവുമായ മൂന്നു തലങ്ങളിൽ ഒരുപോലെ പടർന്നുകിടക്കുന്നതാണ് ലെനിന്റെ വിപ്ലവപരമായ സംഭാവനകൾ. മുതലാളിത്തത്തിന്റെ കടപുഴക്കി പുതിയൊരു ജീവിതക്രമത്തിലേക്ക് മനുഷ്യവംശത്തിന് നടന്നെത്താൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിച്ചതാണ് അതിൽ ആദ്യത്തേതും പരമപ്രധാനവും. ഫ്രഞ്ച് വിപ്ലവവും 1848ലെ തൊഴിലാളി കലാപങ്ങളും 1871ലെ പാരീസ് കമ്യൂണും ഉൾപ്പെടെയുള്ള വിമോചനപര മുന്നേറ്റങ്ങളിൽനിന്നും 1917ലെ റഷ്യൻ വിപ്ലവത്തിന് നിർണായകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. മുതലാളിത്ത ലോകക്രമത്തെ കടപുഴക്കാനുള്ള 1848ലെയും 1871ലെയും ശ്രമങ്ങൾ അവയുടെ ലക്ഷ്യസാക്ഷാൽക്കാരത്തിൽ വിജയിച്ചില്ല. വരാനിരിക്കുന്ന വിപ്ലവമുന്നേറ്റങ്ങളിലെ സംഘാടനത്തിനുള്ള മുന്നറിയിപ്പുകൾ ബാക്കിവച്ച് അവ ചരിത്രത്തിന്റെ ഭാഗമായി. ജനാധിപത്യവിപ്ലവത്തിന്റെ ലോകകവാടമായി പരിഗണിക്കപ്പെട്ട ഫ്രഞ്ച് വിപ്ലവമാകട്ടെ ഗില്ലറ്റിനിലും രാജപ്രതാപത്തിന്റെ പുനഃസ്ഥാപനത്തിലുമാണ് പര്യവസാനിച്ചത്. പരാജയത്തിലും അവ ചരിത്രത്തിലെ വലിയ പാഠങ്ങൾ തന്നെയായിരുന്നു.
ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവം ഇതിൽനിന്നെല്ലാം അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു. കാൽപ്പനികമായ വിപ്ലവസാഹസികതയോ കേവലമായ വിധ്വംസകത്വമോ പരിഷ്കരണവാദപരമായ ഒത്തുതീർപ്പുകളോ കൊണ്ട് സാധ്യമാകുന്നതല്ല വിപ്ലവപരമയ സാമൂഹ്യപുനഃസംഘാടനം എന്നദ്ദേഹത്തിന് വ്യക്തമായിരുന്നു. ചരിത്രഗതിയുടെ നിർണായക സന്ദർഭങ്ങളിൽ ഏറ്റവും അർഥവത്തായി ഇടപെട്ട് അതിന്റെ ഗതി തിരിച്ചുവിടാൻ കഴിയുന്ന പ്രായോഗികതയും സംഘാടനമികവും ലെനിനുണ്ടായിരുന്നു. "സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം' എന്ന് താൻ വിശേഷിപ്പിച്ച മാർക്സിസത്തിന്റെ പ്രയോഗക്ഷമത അങ്ങേയറ്റം ഫലപ്രദമായി ആവിഷ്കരിക്കപ്പെട്ടത് ലെനിന്റെ നേതൃത്വത്തിലായിരുന്നു. 1921ലെ പുതിയ സാമ്പത്തികനയം (NEP) ഉൾപ്പെടെയുള്ള നടപടികൾ വഴി അതിസാഹസികതയുടെ ചതിക്കുഴിയിൽ വീഴാതെ താൻ പടുത്തുയർത്തിയ വിപ്ലവത്തെ അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. പിന്നാലെ വന്ന പതിറ്റാണ്ടുകളിൽ ലോകത്തുടനീളം അലയടിച്ചുയർന്ന വിമോചനപ്പോരാട്ടങ്ങളുടെയെല്ലാം പ്രഭവവും പ്രചോദനവുമായി റഷ്യൻ വിപ്ലവവും അത് ജന്മം നൽകിയ ജീവിതക്രമവും മാറി. ‘പുതിയ ലോകം! പുതിയ ആകാശം’ എന്ന് മനുഷ്യവംശം പ്രത്യാശയോടെ ശിരസ്സുയർത്തി.