അടിയന്താരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ രാജ്യം എങ്ങനെ അടിയന്തരാവസ്ഥയിലേക്കെത്തി എന്നതിന്റെ ചരിത്രപശ്ചാത്തലം നാം ഓർക്കേണ്ടതുണ്ട്.
അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്
ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും മഹാനായ ഒരു സ്വാതന്ത്ര്യസമര നേതാവും ജനാധിപത്യവാദിയുമായിരുന്നു ജവാഹർലാൽ നെഹ്രു. പക്ഷേ, ജനാധിപത്യവാദി എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ചെളി തെറിപ്പിച്ച നടപടികളായിരുന്നു തന്റെ ജീവിതസായാഹ്നത്തിൽ കോൺഗ്രസ് പ്രസിഡണ്ടായി സ്വന്തം മകളെ നിയമിച്ചതും മകളുടെ ഉപദേശപ്രകാരം കേരളത്തിലെ ഐതിഹാസികമായ ഇഎംഎസ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടതും. 1964ൽ ജവാഹർലാൽ നെഹ്രു അന്തരിച്ചതോടെ കൂടുതൽ ദുർബലയായ ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യനടപടികളിലൂടെയാണ് സ്വന്തം പാർടിക്കുള്ളിലും രാജ്യത്തും അധികാരം നിലനിറുത്താൻ ശ്രമിച്ചത്. 1967ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ യൂണിയൻ സർക്കാരിൽ നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്താനായെങ്കിലും കേരളവും പശ്ചിമബംഗാളും തമിഴ്നാടും അടക്കം നിർണായകമായ 9 സംസ്ഥാനങ്ങളിൽ പ്രതിപക്ഷം അധികാരത്തിലെത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം ആയപ്പോൾ ഉത്തർപ്രദേശിലും കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിന് ആദ്യമായി അധികാരമില്ലായ്മയുടെ അവസ്ഥയുണ്ടാവുകയായിരുന്നു. ഇത് ഇന്ദിരാ ഗാന്ധിയെ അസ്വസ്ഥയാക്കി. 1967ൽ തന്നെ പശ്ചിമബംഗാളിലെ ജ്യോതി ബാസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിട്ട ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് കേരളത്തിലെ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിനെയും കുത്തിത്തിരിപ്പിലൂടെ രാജി വയ്പിച്ചു. ഐക്യമുന്നണിയിൽ നിന്ന് സിപിഐ, മുസ്ലിംലീഗ്, ആർഎസ്പി, കെടിപി മന്ത്രിമാർ രാജി വയ്ക്കുകയും 1969 ഒക്ടോബറിൽ സി അച്യുതമേനോൻ സർക്കാർ അധികാരമേൽക്കുകയും ചെയ്തു.
പരാജയപ്പെട്ട ഗരീബി ഹഠാവോ
പക്ഷേ, 1969 ആയതോടെ കോൺഗ്രസിനുള്ളിൽ ഇന്ദിരാഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു തുടങ്ങി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസ് നിറുത്തിയ നീലം സഞ്ജീവ റെഡ്ഡിക്കെതിരെ വി വി ഗിരിയെ മത്സരിപ്പിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പദ്ധതി വിജയിച്ചില്ല. ഒടുവിൽ കോൺഗ്രസ് പ്രസിഡണ്ട് എസ് നിജലിംഗപ്പ ഇന്ദിരാ ഗാന്ധിയെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ഇന്ദിരാ കോൺഗ്രസ് ഉണ്ടാക്കിക്കൊണ്ട് പ്രതികരിച്ച ഇന്ദിരാ ഗാന്ധി പക്ഷേ, പിന്നീടൊരിക്കലും അധികാരത്തിൽ സ്വസ്ഥതയോടെയിരുന്നില്ല. കോൺഗ്രസിലെ വലതുപക്ഷത്തിനും പ്രതിപക്ഷത്തെ ജനസംഘം അടക്കമുള്ള കക്ഷികൾക്കും അമേരിക്കൻ സാമ്രാജ്യത്വ പിന്തുണയുണ്ടെന്നു കണ്ട ഇന്ദിരാ ഗാന്ധി സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടി ഉണ്ടാക്കി. ബംഗ്ലാദേശ് യുദ്ധത്തിലെ വിജയം, ബാങ്ക് ദേശസാല്ക്കരണം, മുൻ രാജകുടുംബങ്ങൾക്കു നല്കി വന്നിരുന്ന പണക്കിഴി നിറുത്തലാക്കൽ എന്നിവയും ഗരീബി ഹഠാവോ (പട്ടിണിയില്ലാതാക്കൂ!) എന്ന മുദ്രാവാക്യവുമായി 1971ലെ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടി. 1971ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക് ആർ എസ് എസിന്റെ പിന്തുണ ലഭിച്ചിരുന്നു എന്നത് പില്ക്കാലത്ത് വ്യക്തമായി. പക്ഷേ, ഇന്ത്യൻ ഭരണവർഗത്തിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ഇതുകൊണ്ടൊന്നും മൂടിവയ്ക്കാൻ അവർക്കായില്ല. കോൺഗ്രസിനുള്ളിൽ വീണ്ടും ആഭ്യന്തര പ്രശ്നങ്ങൾ ഉയർന്നുവന്നു. ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം വളരെ വേഗം വെളിച്ചത്താവുകയും രാജ്യം വലിയ പട്ടിണിയിലേക്കു നീങ്ങുകയും ചെയ്തു.
നക്സലൈറ്റ് ഭീഷണി എന്ന തൊടുന്യായം
1967ൽ പശ്ചിമബംഗാളിലെ നക്സൽബാരിയിൽ ഉണ്ടായ കർഷകപ്രക്ഷോഭവും തുടർന്ന് രാജ്യത്ത് പലയിടത്തും ഉണ്ടായ ഇടതുസാഹസിക പ്രസ്ഥാനവും രാജ്യത്ത് അരാജകത്വം ഉണ്ടാകുന്നു എന്നും അതിനെ അടിച്ചമർത്താനുള്ള അമിതാധികാര പ്രയോഗം നീതീകരിക്കത്തക്കതാണെന്നും ഇന്ദിരാ ഗാന്ധിയും ഇന്ത്യൻ ഭരണവർഗവും വാദിച്ചു. ഇത് ഒരു കാരണമാക്കിക്കൊണ്ട് പശ്ചിമബംഗാളിൽ സിദ്ധാർത്ഥ ശങ്കർ റായി എന്ന ഏറ്റവും വലിയ കോൺഗ്രസ് സ്വേച്ഛാധിപതിയുടെ നേതൃത്വത്തിൽ കടുത്ത അർദ്ധ ഫാസിസ്റ്റ് ഭരണം 1972 മാർച്ച് മുതൽ ആരംഭിച്ചു. സിപിഐ എം പ്രവർത്തകർ വ്യാപകമായി വേട്ടയാടപ്പെട്ടു, കൊല്ലപ്പെട്ടു. കൊൽക്കത്തയിലെ കോളേജ് വിദ്യാർഥികളായ നിരവധി കമ്യൂണിസ്റ്റ് അനുഭാവികൾ തടവിലാക്കപ്പെടുകയോ ഗുണ്ടകളാലോ പൊലീസിനാലോ കൊല്ലപ്പെടുകയോ ചെയ്തു. 1969നും 1972നും ഇടയിൽ കോൺഗ്രസ് സർക്കാർ സിപിഐ എം പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 656 പാർടി അംഗങ്ങൾ രക്തസാക്ഷികളായി. കോൺഗ്രസ് ഗുണ്ടകൾ ഗ്രാമങ്ങൾ കൊള്ളയടിച്ചു. വീടുകൾ കത്തിച്ചു. പ്രവർത്തകരെ കൊലപ്പെടുത്തി. സിപിഐ എമ്മിന് അധികാരം നിഷേധിക്കുന്നതിനായി 1972 ലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ചു. പ്രതിപക്ഷത്തെ തകർക്കാൻ കൂട്ട അറസ്റ്റുകളും പീഡനവും മാധ്യമ സെൻസർഷിപ്പും നത്തി.
നിരവധി നക്സലൈറ്റുകൾ കൊല്ലപ്പെടുകയും ഭരണകൂട ഭീകരതയുടെ ഇരകൾ ആവുകയും ചെയ്തു. സിപിഐ എം ജനങ്ങളുടെ ഒപ്പം നിൽക്കുകയും ജനങ്ങളെ സംഘടിപ്പിച്ച് ഇന്ദിരയുടെയും സിദ്ധാർത്ഥ് ശങ്കർ റായിയുടെയും ഏകാധിപത്യത്തിനെതിരായി ജനങ്ങളെ അണിനിരത്തുകയും ചെയ്തു. ഇതിനു ജനങ്ങൾ നൽകിയ പിന്തുണയുടെ തെളിവായാണ് 1977ൽ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പശ്ചിംബംഗാളിൽ അധികാരത്തിലേറിയത്.
കേരളത്തിലും നക്സലൈറ്റുകളുടെ ഒരു ചെറുഗ്രൂപ്പ് ഉണ്ടായിരുന്നു. അവരെ കാണിച്ചാണ് അന്നത്തെ പൊലീസ് ഭീകരത നടപ്പാക്കിയത്. നക്സലൈറ്റുകളും അവരോടു ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവരും ഒക്കെ അന്നത്തെ സി അച്യുതമേനോൻ സർക്കാരിന്റെ പൊലീസ് വേട്ടയ്ക്ക് ഇരയായി. പക്ഷേ, സിപിഐ എമ്മിനെയും തൊഴിലാളി സംഘടനകളെയും വിദ്യാർഥി സംഘടനയെയും ഇല്ലാതാക്കുകയായിരുന്നു അർധ- ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മുഖ്യലക്ഷ്യം. അക്കാര്യത്തിൽ നക്സലൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ജനങ്ങളെ ചേർത്തുപിടിച്ച്, അവരുടെ ഇടയിൽ പ്രവർത്തിച്ച്, ജനങ്ങളെ അനാഥരാക്കാതെ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയത് ഇഎംഎസും എകെജിയും സിഎച്ച് കണാരനും നേതൃത്വം നൽകിയ സിപിഐ എം ആണ്. 1977ലെ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയപാർടികളും ഒരു സിപിഐ എം വിരുദ്ധ മുന്നണിയായി എതിർത്തതിനാൽ പരാജയപ്പെട്ടുവെങ്കിലും പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർടി ആയി സിപിഐ എം വളർന്നു വരുന്നതിൽ അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങൾക്കിടയിൽ വെള്ളത്തിൽ മീനെന്നവണ്ണം നടത്തിയ പ്രവർത്തനം വലിയ പങ്ക് വഹിച്ചു.
പ്രധാനമായും സാംസ്കാരിക പ്രവർത്തകരായിരുന്ന കേരളത്തിലെ നക്സലൈറ്റുകൾ അവരുടെ ആത്മനിഷ്ഠമായ അനുഭവക്കുറിപ്പുകൾ ആയിരാമത്തെ തവണയും എഴുതിപ്പൊലിപ്പിച്ച് തങ്ങളുടെ ത്യാഗം സ്ഥാപിച്ചെടുക്കുന്നതിൽ ഒരു പങ്ക് വിജയിച്ചിട്ടുണ്ട്. വ്യക്തികളെ കുറ്റം പറയുന്നതിൽ അർത്ഥമില്ലാത്തതിനാൽ അതിലേക്കൊന്നും ഞാൻ പോവുകയില്ല. മാത്രവുമല്ല, അവർ എഴുതുന്നത് അവരുടെ അനുഭവമാണ്. അതിനുള്ള അവകാശം അവർക്ക് തീർച്ചയായുമുണ്ട്. പക്ഷേ, പിൽക്കാലത്ത് നക്സലൈറ്റുകൾ കേരളരാഷ്ട്രീയത്തിൽ എവിടെയെത്തി എന്നത് അടിയന്തരാവസ്ഥക്കാലത്തെ അവരുടെ തെറ്റായ രാഷ്ട്രീയത്തിന്റെ തെളിവാണ്. അവർ തന്നെയും അംഗീകരിച്ചതാണ് ഈ വസ്തുത.
1972ലെ സിപിഐഎമ്മിന്റെ മധുര കോൺഗ്രസ്
1972 ജൂൺ 27 മുതൽ ജൂലൈ 2 വരെ മധുരയിൽ നടന്ന സിപിഐ എമ്മിന്റെ ഒമ്പതാം കോൺഗ്രസിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഗുരുതരമായ പ്രശ്‌നങ്ങളും 1971ലെ തിരഞ്ഞെടുപ്പുകളിൽ നൽകിയ വാഗ്ദാനങ്ങളും ‘ഗരീബി ഹഠാവോ' ഉൾപ്പെടെ - നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും - ഇന്ത്യൻ പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി സൃഷ്ടിക്കുന്നുണ്ടെന്നത് വ്യക്തമാക്കപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാരിന്റെ കീഴിൽ ഒരു "അർദ്ധ-ഫാസിസ്റ്റ് ഭരണം" ഉയർന്നുവന്നുവെന്ന് "പശ്ചിമ ബംഗാളിലെ അർദ്ധ-ഫാസിസ്റ്റ് ഭീകരതയെയും രാജ്യവ്യാപകമായ അടിച്ചമർത്തലിനെയും കുറിച്ച്’ എന്ന ജ്യോതി ബസു അവതരിപ്പിച്ച പ്രമേയം പറഞ്ഞു. ഈ കോൺഗ്രസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ, ഇന്ദിരാഗാന്ധി ഭരണകൂടം വേഗത്തിൽ ഒരു അടിച്ചമർത്തൽ സ്വേച്ഛാധിപത്യ ഭരണകൂടമായി മാറുകയാണെന്ന് പ്രസ്താവിച്ചു. ഔപചാരിക ജനാധിപത്യ ഘടനകൾ (ഉദാ. തിരഞ്ഞെടുപ്പുകൾ, ജുഡീഷ്യറി) വ്യവസ്ഥാപിതമായ ഭരണകൂട അക്രമം, സെൻസർഷിപ്പ്, വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നിവയുമായി സഹവർത്തിക്കുന്ന ‘സങ്കര സ്വേച്ഛാധിപത്യ ഭരണകൂടത്തെ’യാണ് അർധ ഫാസിസ്റ്റ് എന്ന പദം കൊണ്ട് വിവരിച്ചത്. ക്ലാസിക്കൽ ഫാസിസത്തിൽ നിന്ന് വ്യത്യസ്തമായി, അത് ഒരൊറ്റ ഫാസിസ്റ്റ് പാർട്ടിയെക്കാൾ ഭരണകക്ഷി, പൊലീസ്, അർധ സൈനിക സേനകൾ എന്നിവ തമ്മിലുള്ള ‘ഒത്തുചേരലിനെ’ ആശ്രയിക്കുന്നു. ഭരണഘടനാ ഭരണത്തിന്റെ ഒരു മുഖംമൂടി നിലനിർത്തിക്കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റുകളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ലക്ഷ്യം വച്ചാണ് ഈ സംവിധാനം പ്രവർത്തിച്ചതെന്ന് സിപിഐ എം എടുത്തുകാട്ടി. പാർലമെന്ററി രൂപങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ, ഭീകരതയിലൂടെ അവയുടെ സത്തയെ അട്ടിമറിച്ചുകൊണ്ട് അർധ ഫാസിസം പൂർണ ഫാസിസത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് സിപിഐ എം ഊന്നിപ്പറഞ്ഞു.
അർധ -ഫാസിസം പശ്ചിമ ബംഗാളിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ലെന്നും ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്റെ ഒരു പൊതുപ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രമേയം മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനും കോൺഗ്രസ് പാർട്ടി ഭരണസംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നും പ്രമേയം പറഞ്ഞു.
തൊഴിലാളിവർഗ സമരങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്ന മുതലാളിത്ത- ഭൂപ്രഭു താൽപര്യങ്ങൾ സംരക്ഷിക്കുന്ന കോൺഗ്രസ് ഭരണകൂടത്തിന്റെ സാമ്പത്തിക പ്രതിസന്ധികളെ (ഉദാ: നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയം) അഭിസംബോധന ചെയ്യാൻ ഭരണവർഗങ്ങളുടെ കഴിവില്ലായ്മയിൽ നിന്നും ജനകീയ അതൃപ്തിയിൽ നിന്നുമാണ് അർധ-ഫാസിസ്റ്റ് മാതൃക ഉയർന്നുവന്നതെന്ന് സിപിഐ എം അന്നുതന്നെ വ്യക്തമാക്കി.
വർധിക്കുന്ന അധികാര കേന്ദ്രീകരണം, ഫെഡറലിസത്തിന്റെ ശോഷണം, തൊഴിലാളിവർഗ ഐക്യത്തെ തകർക്കാൻ വർഗീയ അക്രമം ഉപയോഗിക്കുന്ന വലതുപക്ഷ ശക്തികളുടെ വർധിച്ചുവരുന്ന സ്വാധീനം (ഉദാ: മഹാരാഷ്ട്രയിലെ ആർഎസ്‌എസ്-ശിവസേന സഖ്യം) എന്നിവയുടെ ഭാഗമായി സിപിഐ എം ഈ പ്രവണതയെ അന്നുതന്നെ കണ്ടു.
കോൺഗ്രസിനെയും അതിന്റെ സഖ്യകക്ഷികളെയും ഒറ്റപ്പെടുത്തുന്നതിന് തൊഴിലാളി-കർഷക സഖ്യങ്ങൾ, ട്രേഡ് യൂണിയനുകൾ, ജനാധിപത്യ സഖ്യങ്ങൾ എന്നിവയിലൂടെ ബഹുജന പ്രതിരോധം നടത്താൻ പാർടി കോൺഗ്രസ് ആഹ്വാനം ചെയ്തു. മതേതരത്വത്തെ പ്രതിരോധിക്കുന്നതിനും അർധ-ഫാസിസ്റ്റ് പ്രവണതകളെ വഷളാക്കിയ വർഗീയ ശക്തികളെ (ആർഎസ്‌എസ് -ശിവസേന പോലുള്ളവ) എതിർക്കുന്നതിനും വേണ്ടി സിപിഐ എം പാർടി കോൺഗ്രസ് രാഷ്ട്രീയപ്രമേയം വാദിച്ചു.
പശ്ചിമ ബംഗാളിൽ 1971ൽ ആരംഭിച്ച "അർധ-ഫാസിസ്റ്റ് ഭീകരത’ യെ തുടർന്നാണ് ഈ പ്രമേയം അംഗീകരിക്കപ്പെട്ടതെങ്കിലും 1975 ലെ അടിയന്തരാവസ്ഥാപ്രഖ്യാപനത്തെിനു മുമ്പുതന്നെ സ്വേച്ഛാധിപത്യ പ്രവണതയെക്കുറിച്ചുള്ള സിപിഐ എം നല്കിയ മുന്നറിയിപ്പായി ഈ പ്രമേയം. ഇന്ത്യയെ ഒരു "ബൂർഷ്വാ-ഭൂപ്രഭു രാഷ്ട്രം’ ആയി വിശകലനം ചെയ്തതിൽ നിന്നാണ് പാർട്ടിയുടെ നിലപാട് ഉയർന്നുവന്നത്. അവിടെ ഭരണവർഗങ്ങൾ അധികാരം നിലനിർത്താൻ ഭരണഘടനാ വിരുദ്ധ രീതികൾ അവലംബിക്കും.
ഭരണകൂട അടിച്ചമർത്തലിനെതിരായ സിപിഐ എമ്മിന്റെ പോരാട്ടത്തെയും ഒരു ബദലായി ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന അതിന്റെ കാഴ്ചപ്പാടിനെയും മനസ്സിലാക്കുന്നതിനുള്ള ഒരു നിർണായക സൂചകമായി 9-ാം കോൺഗ്രസ് പ്രമേയം തുടരുന്നു.
അടിയന്തരാവസ്ഥയും സിപിഐഎമ്മും
ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് (1975-1977) സിപിഐ എം വ്യവസ്ഥാപിതവും കഠിനവുമായ ഭരണകൂട അടിച്ചമർത്തലിനെ നേരിട്ടു. കൂട്ട അറസ്റ്റുകളും അക്രമാസക്തമായ അടിച്ചമർത്തലും സംഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായുണ്ടായി.
രാജ്യവ്യാപകമായി മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം വിചാരണ കൂടാതെ 1,000- ത്തിലധികം സിപിഐ എം നേതാക്കളെയും കേഡർമാരെയും ജയിലിലടച്ചു. ഇതിൽ ജനറൽ സെക്രട്ടറി ഇഎംഎസ്. നമ്പൂതിരിപ്പാടും പാർലമെന്റിലെ കക്ഷിനേതാവ് എകെജിയും പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ജ്യോതിബസു തുടങ്ങിയവർ ഒഴികെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി പ്രൊമോദ് ദാസ്ഗുപ്ത അടക്കമുള്ള നേതാക്കളും ഈ ലേഖകനടക്കമുള്ള വിദ്യാർഥി നേതാക്കളും ഒക്കെ ഉൾപ്പെട്ടിരുന്നു.
സോഷ്യലിസ്റ്റുകൾക്കും ജനസംഘം പ്രവർത്തകർക്കും പുറമേ, രാഷ്ട്രീയ തടവുകാരിൽ ഒരു പ്രധാന പങ്കും സിപിഐ എം അംഗങ്ങളായിരുന്നു. എസ്എഫ്ഐ നേതാക്കളെ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് മുമ്പുതന്നെ പശ്ചിമ ബംഗാളിലെ സിപിഐ എം കേഡർമാർ ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള അക്രമം നേരിട്ടു. കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകൾ 1,100-ലധികം സിപിഐ എം അംഗങ്ങളെ കൊലപ്പെടുത്തി. പാർട്ടി ഓഫീസുകൾ കത്തിച്ചു. വീടുകൾ നശിപ്പിച്ചു. പ്രവർത്തകരെ കൂട്ടത്തോടെ കുടിയിറക്കി.
പീപ്പിൾസ് ഡെമോക്രസി പോലുള്ള സിപിഐ എം പ്രസിദ്ധീകരണങ്ങൾ നിരോധിച്ചു.
സിപിഐ എം സംഘടിപ്പിച്ച എല്ലാ പൊതു പ്രതിഷേധങ്ങളും പണിമുടക്കുകളും രാഷ്ട്രീയ യോഗങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. സിഐടിയു പ്രവർത്തനം സ്തംഭിപ്പിച്ചു. രാജ്യവ്യാപകമായി പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യുകയോ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. പാർടി രേഖകളും പ്രിന്റിംഗ് പ്രസ്സുകളും കണ്ടുകെട്ടി. കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്തെ സിപിഐ എം സംസ്ഥാന നേതാക്കളുടെ അറസ്റ്റ്, പൊലീസ് റെയ്ഡുകൾ, സെൻസർഷിപ്പ് എന്നിവയെ ആണ് നേരിട്ടതെങ്കിൽ ത്രിപുരയിൽ പാർടിപ്രവർത്തകർക്കുനേരെ അർധസൈനിക സേനയുടെ അക്രമമുണ്ടായി. ആദിവാസി കേഡറുകൾക്കെതിരായ ആക്രമണം രൂക്ഷമായിരുന്നു. പാർടി ഓഫീസുകൾ കത്തിച്ചു. പ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. ഉത്തർപ്രദേശ് പോലെ പാർട്ടിക്ക് ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിലും വിദ്യാർഥി പ്രവർത്തകർ അറസ്റ്റു ചെയ്യപ്പെട്ടു. ട്രേഡ് യൂണിയനുകളെ അടിച്ചമർത്തി.എസ്‌എഫ്‌ഐ നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു.
ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും രഹസ്യയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനും സിപിഐ എം അണ്ടർഗ്രൌണ്ട് സെല്ലുകൾ സ്ഥാപിച്ചു. കേരളത്തിൽ, കേഡർമാർക്കുവേണ്ടി ചിന്ത, ഒരു രഹസ്യ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു. പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും പാർട്ടി സോഷ്യലിസ്റ്റുകളുമായും പൗരസ്വാതന്ത്ര്യ ഗ്രൂപ്പുകളുമായും സഹകരിച്ച് ജനാധിപത്യ പുനഃസ്ഥാപനത്തിനായുള്ള ദേശീയ ഏകോപന സമിതി രൂപീകരിച്ചു.
1972-ലെ അതിന്റെ കോൺഗ്രസിൽ, ഇന്ദിരാഗാന്ധിയുടെ കീഴിലുള്ള "ഏകകക്ഷി സ്വേച്ഛാധിപത്യ ഭരണം’ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയത് സിപിഐ എം ആയിരുന്നു. അടിയന്തരാവസ്ഥയെ പുതുമുതലാളിത്തത്തിനും ഫ്യൂഡൽ ആധിപത്യത്തിനും കീഴിലുള്ള ഭരണവർഗങ്ങളുടെ പ്രതിസന്ധിയുമായി അത് ബന്ധിപ്പിച്ചു.
ഭരണകൂടത്തോടുള്ള ആർഎസ്എസ് നേതാക്കളുടെ ക്ഷമാപണം (ഉദാഹരണത്തിന്, ഇന്ദിരാഗാന്ധിയുമായി സഹകരണം വാഗ്ദാനം ചെയ്യുന്ന ആർഎസ്എസ് മേധാവി ബാലാസാഹേബ് ദേവറസിന്റെ കത്തുകൾ) പാർട്ടി തുറന്നുകാട്ടി. സിപിഐ എംന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അതിനെ താരതമ്യം ചെയ്തു.
അടിയന്തരാവസ്ഥയിൽ സിപിഐ എം നടത്തിയ ചെറുത്തുനിൽപ്പ്, സ്വേച്ഛാധിപത്യത്തിനെതിരെ മതേതര ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ ഉദാഹരിച്ചു. ഇന്ദിരാഗാന്ധിക്കും അപ്പുറം ബൂർഷ്വാ- ഭൂപ്രഭു ഭരണത്തിന്റെ ഘടനാപരമായ പ്രതിസന്ധികളിലേക്കും അവരുടെ വിമർശനം വ്യാപിച്ചു. ഭരണകൂട അടിച്ചമർത്തൽ ഇപ്പോഴും ചൂഷണ സംവിധാനങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു ഉപകരണമാണെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ നവലിബറൽ-സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരായ നിലവിലെ പോരാട്ടങ്ങളെ പാർട്ടിയുടെ പാരമ്പര്യം അറിയിക്കുന്നു.
അടിയന്തരാവസ്ഥയും ആർഎസ്എസും
ആർ എസ് എസ് അടിയന്തരാവസ്ഥയ്ക്കെതിരായി പോരാടി എന്നൊരു വ്യാജചിത്രം സൃഷ്ടിക്കാൻ അതിന്റെ വൈതാളികർ ബദ്ധപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്ന ഹിന്ദുത്വവാദികൾ ദേശീയതാല്പര്യത്തിനായി ഈ സമരത്തിലെങ്കിലും പങ്കെടുത്തു എന്നു വരുത്തിക്കാണിക്കാനാണിത്. പക്ഷേ, അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ കോൺഗ്രസ് സർക്കാരിനെതിരെ പ്രകടനങ്ങളും പ്രസ്താവനകളും നടത്തി അറസ്റ്റിലായ ആർഎസ്എസുകാർ ഇന്ദിരയുടെ അർധ ഫാസിസ്റ്റ് ഭരണത്തിൻറെ പ്രത്യയശാസ്ത്രം കോൺഗ്രസിന്റെ സ്വാതന്ത്ര്യസമരപാരമ്പര്യത്തെക്കാൾ തങ്ങളുടെ സ്വേച്ചാധിപത്യമൂല്യങ്ങളോടാണ് കൂടുതൽ യോജിക്കുന്നതെന്നു കണ്ടെത്തുകയും വളരെ വേഗത്തിൽ ഇരുപതിനപരിപാടിയുടെ ഭക്തരായി മാറുകയും ചെയ്തു. നക്സലൈറ്റുകളെയും ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഇന്ദിരാഗാന്ധി നിരോധിച്ചുവെങ്കിലും ആർഎസ്എസ് അതിവേഗത്തിൽ ഒരു ഒത്തുതീർപ്പിനു ശ്രമിച്ചു. ആർഎസ്‌എസ് സർസംഘചാലകായിരുന്ന മധുകർ ദത്താത്രയ ദേവറസ് മാപ്പ് തേടി ഇന്ദിരാഗാന്ധിക്ക് കത്തുകൾ എഴുതി. ദേവറസ് എഴുതിയ ഈ കത്തുകളുടെ ഒരു പകർപ്പ് അദ്ദേഹം രചിച്ച "ഹിന്ദു സംഗതൻ ഔർ സത്തവാദി രാജനീതി’ എന്ന പുസ്തകത്തിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. 1975 ഓഗസ്റ്റ് 22-ന് എഴുതിയയ ഒരു കത്തിൽ, ഇന്ദിരാഗാന്ധി രാഷ്ട്രത്തോടു ചെയ്ത അഭിസംബോധനയെ ‘സമയബന്ധിതവും സന്തുലിതവും' എന്ന് പ്രശംസിച്ചുകൊണ്ടാണ് ദേവറസ് ആരംഭിച്ചത്. തന്റെ ഉദ്ദേശ്യങ്ങൾ വ്യക്തമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്: "ഇത് മനസ്സിൽ സൂക്ഷിക്കാനും ആർഎസ്‌എസിന്റെ നിരോധനം പിൻവലിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഉചിതമെന്ന് തോന്നുകയാണെങ്കിൽ നിങ്ങളെ നേരിട്ട് കാണാൻ കഴിയുന്നത് എനിക്ക് വലിയ സന്തോഷം നൽകും’.
1975 നവംബർ 10-ന് എഴുതിയ മറ്റൊരു കത്തിൽ അന്നത്തെ സർക്കാർ വിരുദ്ധ പ്രസ്ഥാനങ്ങളിൽ നിന്ന് ആർഎസ്‌എസിനെ അകറ്റിനിർത്തുന്നതായി പറഞ്ഞു. അദ്ദേഹം എഴുതി: ‘ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്‌എസിന്റെ പേര് നൽകിയിരിക്കുന്നത്. ഗുജറാത്ത് പ്രസ്ഥാനവുമായും ബിഹാർ പ്രസ്ഥാനവുമായും സർക്കാർ ആർഎസ്‌എസിനെ ഒരു കാരണവുമില്ലാതെ ബന്ധിപ്പിച്ചിട്ടുണ്ട്… സംഘിന് ഈ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല… ’ വീണ്ടും, നിരോധനം പിൻവലിക്കണമെന്ന് ഇന്ദിരാഗാന്ധിയോട് അഭ്യർഥിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു ആർഎസ്‌എസിന്റെ സഹകരണം വാഗ്ദാനം ചെയ്തു: ‘ലക്ഷക്കണക്കിന് ആർഎസ്‌എസ് പ്രവർത്തകരുടെ നിസ്വാർത്ഥ പരിശ്രമങ്ങൾ സർക്കാരിന്റെ വികസന പരിപാടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഉപയോഗിക്കാം.’ ഈ സമീപനത്തിന്റെ ഫലമായി ഭാരതീയ ജനസംഘത്തിന്റെ ഉത്തർപ്രദേശ് ഘടകം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികമായ 1976 ജൂൺ 25-ന് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു എന്നതാണ്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന് അവർ പ്രതിജ്ഞയെടുത്തു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിച്ച മുൻ മേധാവി ടിവി രാജേശ്വർ, തന്റെ ‘ഇന്ത്യ: ദി ക്രൂഷ്യൽ ഇയേഴ്‌സ്' എന്ന പുസ്തകത്തിൽ ദേവറസ് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ആശയവിനിമയം നടത്തിയതായും "രാജ്യത്ത് ക്രമസമാധാനവും അച്ചടക്കവും നടപ്പിലാക്കാൻ സ്വീകരിച്ച നിരവധി നടപടികൾക്ക് ശക്തമായ പിന്തുണ പ്രകടിപ്പിച്ചതായും’ എഴുതുന്നു. സഞ്ജയ് ഗാന്ധിയുടെ കുടുംബാസൂത്രണ പദ്ധതിയോടുള്ള, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കിടയിൽ അതിന്റെ നടപ്പാക്കലിനോടുള്ള അഭിനന്ദനവും ഇതിൽ ഉൾപ്പെടുന്നു.
2000 ജൂൺ 13-ന് ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ‘ദി അൺലേൺഡ് ലെസൺസ് ഓഫ് എമർജൻസി' എന്ന ലേഖനത്തിൽ മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, ഈ കാലയളവിൽ ആർഎസ്എസും അതിന്റെ നേതാക്കളും വഹിച്ച സംശയാസ്പദമായ പങ്കിനെ കൂടുതൽ തുറന്നുകാട്ടുന്നു. അടൽ ബിഹാരി വാജ്‌പേയി ഏതാനും ദിവസങ്ങൾ മാത്രമേ ജയിലിൽ കഴിഞ്ഞുള്ളൂവെന്നും അടിയന്തരാവസ്ഥയുടെ ശേഷിച്ച കാലയളവിൽ പരോളിൽ പുറത്തായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറത്തിറങ്ങിയാൽ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് വാജ്‌പേയി ഇന്ദിരാഗാന്ധിയുമായി ഒരു കരാറിൽ എത്തിയെന്നും സ്വാമി അവകാശപ്പെടുന്നു. സ്വാമിയുടെ അഭിപ്രായത്തിൽ, "പരോളിൽ പുറത്ത് ചെലവഴിച്ച സമയത്തേക്ക് സർക്കാർ പറഞ്ഞത് വാജ്‌പേയി ചെയ്തു’. 1976 നവംബറിൽ, മുതിർന്ന ആർഎസ്എസ് നേതാവ് മാധവറാവു മുലെ തന്റെ ചെറുത്തുനിൽപ്പ് ശ്രമങ്ങൾ നിർത്താൻ ഉപദേശിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു, കാരണം "ജനുവരി അവസാനം ഒപ്പിടേണ്ട കീഴടങ്ങൽ രേഖ ആർഎസ്എസ് അന്തിമമാക്കിയിരുന്നു". അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ് വഹിച്ച ഇരട്ടത്താപ്പ് ഇങ്ങനെയായിരുന്നു, ആ കാലഘട്ടത്തെ അവർ ഇപ്പോൾ വീരോചിതമായി ചെറുത്തുനിന്നതായി അവകാശപ്പെടുന്നു!
അടിയന്തരാവസ്ഥക്കാലം
ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനം ഒരു തരത്തിലും ഒരു തൽക്ഷണ തീരുമാനമായിരുന്നില്ല. ജെ പി പ്രസ്ഥാനം അതിവേഗം പ്രചാരം നേടുകയും വിദ്യാർഥികളും യുവാക്കളും ‘സമ്പൂർണ വിപ്ലവം' എന്ന ആഹ്വാനത്തെ പിന്തുണച്ച് വലിയ തോതിൽ രംഗത്തെത്തുകയും ചെയ്തു. ഇത് ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും അടിച്ചമർത്തലിന്റെ പാതയിലേക്ക് നയിച്ചു. 1974 ലെ റെയിൽവേ പണിമുടക്ക് സർക്കാരിനെ പിടിച്ചുകുലുക്കി. അതിനെതിരെ നടന്ന ഉന്നതതല അടിച്ചമർത്തൽ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. ഗുജറാത്തിലെ കോൺഗ്രസ് സർക്കാർ ജനങ്ങളുടെ രോഷം സഹിക്കാനാവാതെ വീണു. തിരഞ്ഞെടുപ്പ് നടന്നില്ല. മൊറാർജി ദേശായി അതിനെതിരെ നിരാഹാര സമരം നടത്തി. ഒടുവിൽ ഒരു വഴിയുമില്ലാതെ, ഇന്ദിരാഗാന്ധി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിർബന്ധിതയായി.
ഗുജറാത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിധിയും ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധിയും 1975 ജൂൺ 12 ന് ഒരേ ദിവസം തന്നെയാണ് വന്നത്. രണ്ടിലും ഇന്ദിരാഗാന്ധിയും കോൺഗ്രസ് പാർട്ടിയും അപമാനകരമായ പരാജയമാണുണ്ടായത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്ക് അന്നത്തെ പ്രധാനമന്ത്രി കുറ്റക്കാരിയാണെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ആറ് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പദവികൾ വഹിക്കുന്നതിൽ നിന്നോ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്നോ അവരെ വിലക്കുകയും ചെയ്തു. നിരുപാധികമായ ഒരു സ്റ്റേയ്ക്ക് വേണ്ടി അവർ സുപ്രീം കോടതിയെ സമീപിച്ചു. എന്നിരുന്നാലും ജസ്റ്റിസ് കൃഷ്ണയ്യർ അവർക്ക് അപമാനകരമായ ഒരു സോപാധിക സ്റ്റേ മാത്രമാണ് നൽകിയത്. അതിനാൽ, അധികാരത്തിൽ തുടരാൻ മറ്റു മാർഗമില്ലാതെ വന്ന അവർ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് കേവലം ഒരു സ്വേച്ഛാധിപത്യ നടപടിയല്ല, നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ ഒരു പ്രഖ്യാപനം കൂടിയായിരുന്നു. സ്വന്തം മന്ത്രിസഭയുമായി കൂടിയാലോചിക്കാതെയാണ് അന്നത്തെ പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് ഷാ കമ്മീഷൻ കണ്ടെത്തിയിരുന്നു!
ഒരു ‘ജനാധിപത്യ സഭ'യിൽ 'സ്വേച്ഛാധിപത്യത്തിന് ഇടമുണ്ടാകുമെന്ന് പറയപ്പെടുന്നു. ആധുനിക ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം മുതലായവ അതിന്റെ ഭാഗമാണ്. എന്നിരുന്നാലും ജനകീയ പ്രസ്ഥാനങ്ങളിലൂടെ ഒരു ചൂഷണ വ്യവസ്ഥയെ ഒരു സമത്വ വ്യവസ്ഥ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോൾ, അത്തരം സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അപ്രത്യക്ഷമാകും. അപ്പോൾ, ബൂർഷ്വാ ജനാധിപത്യത്തിന്റെ തിളങ്ങുന്ന മുഖച്ഛായയ്ക്ക് കീഴിൽ മറഞ്ഞിരിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകൾ അതിന്റെ വൃത്തികെട്ട കൂടാരങ്ങൾ വെളിപ്പെടുത്തും.
1977 ലെ തിരഞ്ഞെടുപ്പുകളിൽ ആഭ്യന്തര അടിയന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും നിർണായകമായി പ്രതികരിച്ചത് ഇന്ത്യയിലെ സാധാരണക്കാരാണ്, പ്രത്യേകിച്ച് നമ്മുടെ ജനസംഖ്യയിലെ ദരിദ്രരും ഗ്രാമീണ ജനവിഭാഗങ്ങളുമാണ്. വാസ്തവത്തിൽ, അടിയന്തരാവസ്ഥയിൽ ഏർപ്പെടുത്തിയ ചില വ്യവസ്ഥകളിൽ ഇളവ് വരുത്തിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്, ഇന്ദിരാഗാന്ധിയും കോൺഗ്രസും ഇന്ത്യൻ ജനതയുടെ കൈകളിൽ നിന്ന് അപമാനകരമായ പരാജയം ഏറ്റുവാങ്ങിയതിനുശേഷം മാത്രമാണ് യഥാർത്ഥ അടിയന്തരാവസ്ഥ പിൻവലിച്ചത്.
ഇന്ത്യയുടെ ആഭ്യന്തര അടിയന്തരാവസ്ഥ നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് ജനങ്ങൾ പരമോന്നതരാണെന്നും അവർ എത്ര ഉന്നതരും ശക്തരുമാണെങ്കിലും അവരെ ചവിട്ടിമെതിക്കുന്ന ഒരു ഭരണ സംവിധാനത്തെയും അവർ സഹിക്കില്ല എന്ന വസ്തുതയാണ്. ജനങ്ങൾക്കുവേണ്ടിയും അവരോടൊപ്പം നിന്നുകൊണ്ട് നമ്മുടെ പോരാട്ടം ഉറച്ചുനിൽക്കാനും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
