സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിലേക്ക് സിപിഐ എം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയെ പൊലീസ് ക്രൂരമായി കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. പിബി അംഗം സ. വിജൂ കൃഷ്ണൻ അടക്കമുള്ള നേതാക്കളെയും നിരവധി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിനെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധത്തെ പൊലീസ് ബലം പ്രയോഗിച്ച് അടിച്ചമർത്തുകയായിരുന്നു. നേരത്തെ ഇഡി ആസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പ്രവർത്തകരെ തടയാൻ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
