Skip to main content

എൽ ഐ സി ഓഹരി വില്പന വലിയൊരു പൊതുമുതൽ കൊള്ളയാണ്

04.05.2022

ഇന്ന് മെയ് 4-നാണ് എൽഐസി ഓഹരി വിൽപ്പന ഔപചാരികമായി തുടങ്ങുന്നത്. ഇതിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ ഉച്ചയ്ക്ക് 2 മണിക്കൂർ നേരം വാക്കൗട്ട് പണിമുടക്കിൽ ഏർപ്പെടുകയാണ്. 1993-ലെ മൽഹോത്ര കമ്മിറ്റിയുടെ ശുപാർശയായിരുന്നു എൽഐസിയുടെ 50 ശതമാനം ഓഹരികൾ വിൽക്കണമെന്നുള്ളത്. ഏതാണ്ട് മൂന്നുപതിറ്റാണ്ട് വേണ്ടിവന്നു ഈ സ്വകാര്യവൽക്കരണ നിർദ്ദേശം പ്രാവർത്തികമാകാൻ. അത്രയ്ക്കു വലിയ ചെറുത്തുനിൽപ്പാണ് പാർലമെന്റിന് അകത്തും പുറത്തും ഉണ്ടായത്. ഇതിന്റെ മുന്നണിയിൽ എൽഐസി ജീവനക്കാരും ഏജന്റുമാരും ആയിരുന്നൂവെന്നതിൽ അവർക്ക് അഭിമാനിക്കാം. ഈ പോരാട്ടം പോളിസി ഉടമകളെക്കൂടി സംഘടിതമായി അണിനിരത്തിക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്.

മറ്റു സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ ഓഹരികൾ വിറ്റ വിലയ്ക്ക് എൽഐസി ഓഹരികൾ വിറ്റിരുന്നെങ്കിൽ ചുരുങ്ങിയത് 50000 കോടി രൂപയെങ്കിലും സർക്കാരിനു ലഭിച്ചേനേ. എന്നാൽ ഓഹരി വിലകുറച്ചു വിൽക്കാനാണ് കേന്ദ്രസർക്കാർ അവസാനം തീരുമാനിച്ചത്. ഷെയർ ഒന്നിന് 2200 രൂപ എന്നതിനു പകരം 949 രൂപയ്ക്കാണ് വിൽക്കുന്നത്. ഇപ്പോഴത്തെ കണക്കു പ്രകാരം 21000 കോടി രൂപയേ ലഭിക്കൂ. എത്ര നഷ്ടം വന്നാലും തങ്ങളുടെ ആദ്യത്തെ ഓഹരി വിൽപ്പന വിജയിപ്പിക്കാനുള്ള വാശിയിലാണു എൽഐസി ഓഹരി വില ഇത്രയും താഴ്ത്തി നിർത്തിയതെന്നു വ്യക്തം. നിക്ഷേപകരുമായുള്ള ചർച്ചയിൽ ഓഹരി വില താഴ്ത്തണമെന്ന് അവർ ആവശ്യപ്പെട്ടുവെന്ന് എൽഐസി മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനികളുടെ ആദ്യ ഓഹരി വിൽപ്പനവേളയിൽ അവ ചിലർ കുത്തകയായി കൈവശപ്പെടുത്താതിരിക്കാൻ നിക്ഷേപകരെ സെബി തന്നെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഐപിഒ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽതന്നെ ഓരോ വിഭാഗത്തിനും ഓഹരികളുടെ എത്ര ശതമാനം സംവരണം ചെയ്യുന്നൂവെന്നു വ്യക്തമാക്കേണ്ടതുണ്ട്. എൽഐസി ഐപിഒ-ന്റെ പ്രത്യേകത ജീവനക്കാരെയും പോളിസി ഉടമകളെയും പോക്കറ്റിലാക്കാൻ അവർക്കും പ്രത്യേക സംവരണം ഏർപ്പെടുത്തിയിരുന്നു. ഇരുവിഭാഗങ്ങൾക്കും വിലയിൽ ചില ഡിസ്ക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഓഹരി വാങ്ങണമെങ്കിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യുകയും ഡി-മാറ്റ് അക്കൗണ്ട് തുറക്കുകയും വേണം. എൽഐസിയുടെ ബഹുഭൂരിപക്ഷം പോളിസി ഉടമകൾക്കും ഇവയെല്ലാം വളരെ ശ്രമകരമായിരിക്കും. മാത്രമല്ല, ഡിസ്ക്കൗണ്ട് തട്ടിയെടുക്കാനായി ബ്രോക്കർമാർ വലിയ തോതിൽ പോളിസി ഉടമകളുടെ പേരിൽ ഡി-മാറ്റ് അക്കൗണ്ട് തുറന്ന് ഓഹരി വാങ്ങുന്നതിനുള്ള ശ്രമങ്ങളും പുറത്തുവന്നിട്ടുണ്ട്.

31 ശതമാനം റീടെയിൽ ഇൻവെസ്റ്റേഴ്സിനും 13 ശതമാനം ഓഹരി നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിനും 18 ശതമാനം ഓഹരി ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിനുമാണ്. ഏറ്റവും പ്രധാന വിഭാഗം 27 ശതമാനം അലോക്കേഷൻ ലഭിച്ചിട്ടുള്ള ആങ്കർ ഇൻവെസ്റ്റേഴ്സാണ്. ഇവർ വലിയ നിക്ഷേപക ധനകാര്യ സ്ഥാപനങ്ങളാണ്. വലിയ തോതിൽ ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളോടു പ്രത്യേകം ചർച്ച നടത്തി ഓഹരി വിൽപ്പന സംബന്ധിച്ച് ധാരണയിലെത്തുകയാണു പതിവ്. ഇവയിൽ വിദേശ കമ്പനികളും, രാജ്യത്തു രജിസ്റ്റർ ചെയ്തിട്ടുള്ള മൂച്വൽ ഫണ്ടുകൾ പോലുള്ള കമ്പനികളുമുണ്ടാവാം.

ഇന്നത്തെ പത്രവാർത്ത പ്രകാരം ആങ്കർ ബുക്കിൽ 71 ശതമാനമേ അലോക്കേഷൻ ഉണ്ടായിട്ടുള്ളൂ. ഓഹരിക്ക് ഇത്ര വിലകുറച്ചു നിർത്തുമ്പോൾ ഇതു പൂർണ്ണമായും വിറ്റുപോകുന്നതിന് പ്രയാസമുണ്ടാവില്ലായെന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത്. വിദേശത്തുനിന്നുള്ള നിക്ഷേപം നന്നേ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശനിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള തത്രപ്പാടിലാണ്. ഇതു ഗൗരവമായ സ്ഥിതിവിശേഷമാണെന്ന് ബിസിനസ് ലൈൻ പത്രത്തിലെ മുഖലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. പുറത്തുനിന്നും വിദേശനാണയം ഇന്ത്യയിലേക്കു കൊണ്ടുവരാൻ അവർക്കു താൽപ്പര്യമില്ല. എന്നാൽ ഇന്ത്യയിൽ അവർക്കു പങ്കാളിത്തമുള്ള നിക്ഷേപ കമ്പനികൾ എൽഐസി ഓഹരി വിൽപ്പനയിൽ സജീവമായി പങ്കെടുത്തിട്ടുമുണ്ട്.

ഇതു വലിയൊരു പൊതുമുതൽ കൊള്ളയാണ്. പോളിസി ഉടമകൾക്ക് ഭാവിയിൽ ബോണസായി കിട്ടേണ്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് ഓഹരി ഉടമസ്ഥരുടെ ഭാവി വരുമാനമായി കാണിച്ചുകൊണ്ട് എൽഐസിയുടെ ഓഹരി വിൽപ്പന നടത്തുന്നത്.

എൽഐസി അധികൃതരുടെ വിശദീകരണം യുക്രെയ്ൻ യുദ്ധത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഈ വിലയേ കിട്ടൂവെന്നാണ്. യുദ്ധത്തിന്റെ പേരെല്ലാം പറഞ്ഞ് വൻകിട നിക്ഷേപകർ സർക്കാരിനുമേൽ ചെലുത്തിയ സമ്മർദ്ദത്തിന് സർക്കാർ കീഴടങ്ങിയിരിക്കുകയാണ്. വേറെ നിർവ്വാഹമില്ലായെന്ന വിശദീകരണക്കാരോട് നമ്മുടെ ലളിതമായ ചോദ്യം ഇതാണ് - എന്തുകൊണ്ട് ഇന്നത്തെ നിക്ഷേപാന്തരീക്ഷം മാറാൻവേണ്ടി ഏതാനും മാസങ്ങൾകൂടി കാത്തിരുന്നുകൂടാ? ഇതിനിടയിൽ രാജ്യത്തിന് എന്തെങ്കിലും അപരിഹാര്യമായ നഷ്ടമുണ്ടാകുമോ?

ഇപ്പോൾ 3.5 ശതമാനം ഓഹരിയാണല്ലോ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. ഒരു മുതൽമുടക്കും ഇല്ലാതെ ഇന്ത്യാ സർക്കാരിന് ഭാവി ബാധ്യതകൾ സൃഷ്ടിക്കാതെ 20000-ൽപ്പരം കോടി രൂപ കിട്ടുകയാണ്. മധുരം നുണഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കൂടുതൽ വിൽപ്പന അധികം താമസിയാതെ പ്രതീക്ഷിക്കാം. എന്നാൽ ഇത്തവണത്തേത് അവസാനത്തെ വിൽപ്പനയാകുമെന്ന് ഉറപ്പുവരുത്താനാകുംവിധം ദേശീയതലത്തിൽ ഒരു രാഷ്ട്രീയ പ്രശ്നമായി എൽഐസി സ്വകാര്യവൽക്കരണം ഉയർത്തിക്കൊണ്ടു വരാനാണ് എൽഐസി സംരക്ഷണപ്രസ്ഥാനം ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.