Skip to main content

ബിജെപിക്ക് മകുടിയൂതുന്ന മാധ്യമങ്ങളും പണ്ഡിതരുമാണ് കേരളത്തിന്റെ യഥാർത്ഥ ഭാരം

കേരളത്തിൻ്റെ ഖജനാവ് കാലിയായി. ഇപ്പോൾ പൂട്ടും. ഇന്ന് അറിയാം. സോഫ്ട് വെയറിൽ രഹസ്യ നിയന്ത്രണങ്ങൾ... എന്തൊക്കെയായിരുന്നു പുകിൽ?

ഒന്നും സംഭവിച്ചില്ല. സംഭ്രമജനകമായ വാർത്തകൾ സൃഷ്ടിച്ചവർക്കു ചെറുതല്ല ചമ്മൽ. അതുകൊണ്ട് പ്ലേറ്റൊന്നു മാറ്റിയിട്ടുണ്ട്. മാധ്യമം പത്രം ചെറിയൊരു സാമ്പിൾ. “കേന്ദ്രത്തിൻ്റെ 960 കോടിയെത്തി. ഓവർ ഡ്രാഫ്റ്റിൽ നിന്നും രക്ഷപ്പെട്ട് കേരളം”.

റിസർവ്വ് ബാങ്കിൽ നിന്ന് അഡ്വാൻസ് എടുക്കുകയോ ഏതാനും ദിവസം ഓവർ ഡ്രാഫ്റ്റിൽ ആകുകയോ ചെയ്യുന്നത് അത്ര വലിയ മാനക്കേടായി കരുതേണ്ട കാര്യമൊന്നും ഇല്ലായെന്നു കഴിഞ്ഞൊരു പോസ്റ്റിൽ വിശദീകരിച്ചല്ലോ. 2019-20-ൽ ട്രഷറി 234 ദിവസം വെയ്സ് ആന്റ് മീൻസ് അഡ്വാൻസിലായിരുന്നു. 54 ദിവസം ഓവർ ഡ്രാഫ്റ്റിലും. 2020-21-ൽ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാൻസിലും 34 ദിവസം ഓവർ ഡ്രാഫ്റ്റിലും. പ്രത്യേകിച്ച് ഒരു അപകടവും ഉണ്ടായില്ല. ആരും ഒന്നും അറിഞ്ഞുമില്ല.

3.5% പലിശയ്ക്ക് 1400 കോടി രൂപ വരെ കിട്ടുന്ന റിസർവ്വ് ബാങ്ക് അഡ്വാൻസ് എന്തിനു വേണ്ടെന്നുവയ്ക്കണം? ഇനി ഓവർ ഡ്രാഫ്റ്റിലേക്കു വീണുപോയാൽ പരിഭ്രമിക്കേണ്ട കാര്യമൊന്നും ഇല്ല. 14 ദിവസത്തിനുള്ളിൽ പുറത്തുകടക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഇങ്ങനത്തെ ഒരു അവസ്ഥ എന്തോ വലിയ ഭീകരാവസ്ഥയാണെന്നു ധരിച്ചുവശായ മാധ്യമ പ്രവർത്തകരെക്കുറിച്ച് എന്തു പറയാൻ?

സ്വയം ന്യായീകരിക്കാൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഉപായം ഇതിനെക്കാൾ കഷ്ടമാണ്. ഒരു മുൻ മാധ്യമ പ്രവർത്തകൻ എഴുതിയ പോസ്റ്റിനു നൽകിയിരിക്കുന്ന ചിത്രം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കൈ പിടിച്ചു നിൽക്കുന്ന ചിത്രമാണ്. സഹായത്തിനുള്ള ദയനീയ അഭ്യർത്ഥനയിൽ കേന്ദ്രം കനിഞ്ഞത്രേ. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ദയാദാക്ഷണ്യത്തിൽ കഴിയുന്നവരാണെന്ന പൊതുബോധ്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാഖ്യാനങ്ങൾ.

സൗകര്യത്തിനുവേണ്ടി കൂടുതൽ നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണു ഭരണഘടനയിൽ നൽകിയത്. ഈ പിരിക്കുന്ന നികുതിയിൽ ഒരു ഭാഗം സംസ്ഥാനങ്ങൾക്കുള്ളതാണ്. അത് എത്രയെന്നു നിശ്ചയിക്കാൻ അഞ്ച് വർഷംതോറും ധനകാര്യ കമ്മീഷനെ നിശ്ചയിക്കുന്നു. ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരം കേരളത്തിനു കിട്ടേണ്ടുന്ന അർഹമായ തുകയാണ് 960 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ്.

ഫിനാൻസ് കമ്മീഷൻ ഗ്രാന്റ് മുൻകാലങ്ങളിൽ ശമ്പളവുമെല്ലാം കൊടുക്കേണ്ടിവരുന്ന ആദ്യവാരത്തിൽ തന്നെ ലഭിക്കുമായിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്നശേഷം ഇത് രണ്ടാംവാരത്തിലേക്കു മാറ്റി. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും ശമ്പള ആഴ്ച ഒരു തലവേദനയാണ്. നമുക്ക് കിട്ടേണ്ട തുക വൈകിയാണെങ്കിലും വന്നതുകൊണ്ട് ഓവർ ഡ്രാഫ്റ്റിലേക്കുപോലും പോകേണ്ടി വന്നില്ല. ഇനി ഓവർ ഡ്രാഫ്റ്റിൽ ആയാൽപ്പോലും ഈ പണം വരുമ്പോൾ അതിനു പുറത്തുകടക്കും. ഇതിന്റെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കോലാഹലം മുഴുവൻ.

കേരളത്തിന്റെ ധനകാര്യ ഞെരുക്കത്തിന്റെ മുഖ്യകാരണം കേന്ദ്രത്തിൽ നിന്ന് ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരവും മറ്റു മാർഗ്ഗങ്ങൾ മുഖേനയും നമുക്ക് ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കുറവാണെന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു ശരാശരി അവരുടെ റവന്യു വരുമാനത്തിന്റെ 50% കേന്ദ്ര ധനസഹായമായി ലഭിക്കുമ്പോൾ കേരളത്തിനു ലഭിക്കുന്നത് 30 ശതമാനത്തിൽ താഴെയാണ്. ഇതാണ് കേരളത്തിലെ ധനകാര്യ ഞെരുക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം.

ധനകാര്യ കമ്മീഷന്റെ തീർപ്പ് മാനദണ്ഡങ്ങൾ പ്രകാരമല്ലേ? അതിനെ വിവേചനമെന്ന് എങ്ങനെ പറയുമെന്ന ചോദ്യമാണ് ചിലർ ഉയർത്തുക. അതേ മാനദണ്ഡങ്ങൾ നമുക്ക് അനുയോജ്യമല്ലായെന്നതു തന്നെയാണു പ്രശ്നം. കേന്ദ്രം തരുന്ന മൊത്തം ധനസഹായത്തിന്റെ 60-70 ശതമാനം വരും ധനകാര്യ കമ്മീഷന്റേത്. ബാക്കി പദ്ധതി ധനസഹായവും കേന്ദ്രത്തിന്റെ മറ്റു ഗ്രാന്റുകളാണ്. ഇവിടെയാണ് കൊടിയ വിവേചനം.

ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ് പദ്ധതി ധനസഹായം ഗാഡ്ഗിൽ ഫോർമുലയുടെ അടിസ്ഥാനത്തിൽ പ്ലാനിംഗ് കമ്മീഷനാണ് വിതരണം ചെയ്തിരുന്നത്. മോദി പ്ലാനിംഗ് നിർത്തലാക്കി. പദ്ധതി തുക മുഴുവൻ ധനമന്ത്രിയുടെ തന്നിഷ്ടപ്രകാരം കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലും സംസ്ഥാനങ്ങളിലുമായി വീതംവയ്ക്കുകയാണ്. ബിജെപി സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ കേരളത്തിനു നക്കാപ്പിച്ചയാണ് തരുന്നത്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പോയി പ്രഖ്യാപിച്ച പാക്കേജുകളുടെ വലിപ്പം നോക്കിയാൽ മതി എത്ര വിവേചനപരമായിട്ടാണ് കേന്ദ്ര ധനസഹായം നൽകുന്നതെന്നു മനസിലാക്കാൻ.

ഇതൊക്കെ തുറന്നുകാണിക്കുന്നതിനു പകരം ഫിനാൻസ് കമ്മീഷന്റെ തീർപ്പു പ്രകാരം നമുക്കു ലഭിക്കുന്ന അർഹതപ്പെട്ട ഗ്രാന്റുപോലും കേന്ദ്രത്തിന്റെ ഔദാര്യംകൊണ്ടു ലഭിക്കുന്നതാണെന്ന പൊതുബോധം സൃഷ്ടിക്കാൻ എന്തൊരു പ്രയത്നമാണ് ചില പണ്ഡിതന്മാരും മാധ്യമ പ്രവർത്തകരുംകൂടി ചെയ്തുകൊണ്ടിരിക്കുന്നത്.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.