സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്. 2014-ൽ അധികാരത്തിലേറിയതിനെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പാണ് ഉണ്ടായത്. തുടർന്ന് മോദി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നു പാർലമെന്റിൽ പ്രഖ്യാപിച്ചു. കാരണം “കോൺഗ്രസ് സർക്കാരിന്റെ മഠയത്തരത്തിന്റെ സ്മാരകമായി അത് നിലനിൽക്കട്ടെ”.
അപര്യാപ്തമാണെങ്കിൽപ്പോലും വാർഷിക അടങ്കൽ വർദ്ധിച്ചുകൊണ്ടുമിരുന്നു. കോവിഡ് കാലത്ത് 75000 കോടി രൂപയിൽ നിന്നും 1.11 ലക്ഷം കോടി രൂപയായി അടങ്കൽ ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചത്. ബിജെപി നേതാക്കളിൽ ഒരാൾ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജിയും കൊടുത്തു. അതിൽ അദ്ദേഹം അനാവശ്യ സൗജന്യത്തിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പാണ്.
തൊഴിലുറപ്പ് സംരക്ഷിക്കുന്നതിനുവേണ്ടി ഒക്ടോബർ 12ന് തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ചെയ്യുകയാണ്. ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിക്കൊണ്ടിരുന്ന ത്രിപുരയിൽ (85 ദിവസത്തിലേറെ) ബിജെപി ഭരണത്തിനുകീഴിൽ തൊഴിൽദിനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴ്ന്ന് 46 ദിവസങ്ങളായി ചുരുങ്ങി.