സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്‌തീനിന്റെ പോരാട്ടത്തിനൊപ്പമാണ് സിപിഐ എം. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിനൊപ്പം സിപിഐ എമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കും.
പലസ്‌തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് നടത്തിയ പരിപാടിക്ക് ആര്യാടൻ ഷൗക്കത്തിനെതിരായി നോട്ടീസ് കൊടുത്തു. അതാണ് കോൺഗ്രസ് നിലപാട്. ഷൗക്കത്തിനെപ്പോലെയുള്ള കോൺഗ്രസുകാരേയും സിപിഐ എം ക്ഷണിക്കും. അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്. അവരെയെല്ലാം ഉൾക്കൊള്ളും.
1936 ൽ പലസ്‌തീൻ ദിനം ആചരിച്ച ചരിത്രമാണ് ദേശീയ പ്രസ്ഥാനത്തിനുള്ളത്. ഗാന്ധിയും നെഹ്‌റുവും മുതൽ രാജീവ് ഗാന്ധിവരെ ഈ നിലപാട് തുടർന്നു. നരസിംഹറാവുവിന്റെ കാലത്താണ് അത് ഇസ്രയേലിന് അനുകൂലമായി മാറ്റിയത്. കേരളത്തിലെ കോൺഗ്രസ് ഇസ്രയേലിനൊപ്പമാണ്. ശശി തരൂരിന്റെ പ്രസംഗം കോൺഗ്രസ് നിലപാടാണ്. ബിജെപിയുമായിവരെ സഖ്യമുണ്ടാക്കാനാണ് അവരുടെ ശ്രമം. കേരളത്തിൽ ഇഡി വരുന്നത് ശരിയാണെന്നും, തങ്ങൾക്കെതിരായി വരുമ്പോൾ മാത്രം വേട്ടയാടലാണെന്നും പറയുന്നത് അതുകൊണ്ടാണ്.