Skip to main content

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ വിജയമായത് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ വിജയമായത് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്. മോദി ഭരണത്തിൻ കീഴിൽ സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുസ്സഹമായി എന്നതിന്റെ പ്രതിഫലനംകൂടിയാണ് പണിമുടക്കിന് അനുകൂലമായി അവർ നടത്തിയ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷം നൽകാതെ മോദിയെ ശിക്ഷിച്ച ജനങ്ങൾ കൂടുതൽ പ്രഹരം നൽകാൻ അവസരം കാക്കുകയാണെന്ന് പണിമുടക്ക് വിജയം വ്യക്തമായ സൂചന നൽകുന്നു. ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്ന മോദി ഭരണത്തിനെതിരെ തൊഴിലാളികളും കർഷകരും ജീവനക്കാരും കൈകോർക്കുകയാണെന്ന് പണിമുടക്ക് തെളിയിക്കുന്നു.

പുതിയ തൊഴിൽചട്ടങ്ങൾ പിൻവലിക്കുക, ഒരു ദശാബ്ദമായി ചേരാത്ത ലേബർ കോൺഫറൻസുകൾ ചേരുക, മിനിമം വേതനം 26,000 രൂപയായി നിശ്ചയിക്കുകയും അഞ്ചു വർഷം കൂടുമ്പോൾ വിലനിലവാരത്തിന് അനുസരിച്ച് വർധിപ്പിക്കുകയും ചെയ്യുക, എട്ട് മണിക്കൂർ തൊഴിൽ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, മുക്കാൽക്കോടി വരുന്ന ബീഡി തൊഴിലാളികളെയും നിർമാണത്തൊഴിലാളികളെയും ഇഎസ്ഐസി പദ്ധതിക്ക് കീഴിൽ കൊണ്ടുവരിക, അതിഥിത്തൊഴിലാളികൾക്കായി ദേശീയനയം രൂപീകരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങി തൊഴിലാളികളും സാധാരണ ജനങ്ങളും അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ് സിഐടിയുവും എഐടിയുസിയും ഐൻടിയുസിയും അടക്കമുള്ള പത്തോളം ട്രേഡ് യൂണിയൻ സംഘടനകൾ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ ബാനറിൽ ഈ പണിമുടക്ക് നടത്തിയിട്ടുള്ളത്. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിഎംഎസ് മാത്രമാണ് വിട്ടുനിന്നത്. എന്നാൽ, അതിന്റെ കീഴിൽ അണിനിരന്ന തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തെന്ന് വർധിച്ച പങ്കാളിത്തം തെളിയിക്കുന്നു.

കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികളും വൈദ്യുതി, തപാൽ, ടെലികോം, പെട്രോളിയം മേഖലയിലെ തൊഴിലാളികളും വർധിച്ച തോതിൽ പണിമുടക്കിൽ പങ്കെടുത്തു. സംയുക്ത കിസാൻ മോർച്ച പൂർണ പിന്തുണ പ്രഖ്യാപിച്ചതിനാൽ കർഷകരും കർഷക തൊഴിലാളികളും വലിയതോതിൽ അണിചേർന്നു. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എൻആർഇജിഎ (തൊഴിലുറപ്പ്) സംഘർഷ് മോർച്ച, ഭൂമി അധികാർ ആന്ദോളൻ, ഭക്ഷ്യസുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ, ദളിത്, ആദിവാസി സംഘടനകൾ എന്നിവയും ഇക്കുറി അണിനിരന്നു. വർഷങ്ങളായി നടത്തിയ പോരാട്ടങ്ങളുടെ ഫലമായി നേടിയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പണിമുടക്ക് എന്ന് കാണാം. വിശാല അർഥത്തിൽ രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു അഖിലേന്ത്യ പണിമുടക്ക്. ജനങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഉയർന്നുകേട്ടത്.

അവകാശങ്ങൾ സംരക്ഷിക്കാൻ
കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. കട -കമ്പോളങ്ങളും വ്യവസായ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തുകയും സമരകേന്ദ്രങ്ങൾ തുറക്കുകയും ചെയ്തു. റോഡുകളിൽ വാഹനങ്ങളും കുറവായിരുന്നു. കേരളത്തിന് അർഹമായ വിഹിതം നിഷേധിച്ചും സാമ്പത്തികമായി ഉപരോധം ഏർപ്പെടുത്തിയും ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനും കാവിവൽക്കരിക്കാനും ഗവർണറെ ഉപയോഗിച്ച് നടത്തുന്ന നീക്കത്തിനെതിരായ പ്രതിഷേധവും പണിമുടക്കിൽ പ്രതിഫലിച്ചു. കേരളത്തെ സ്‌നേഹിക്കുന്നവർ പണിമുടക്കിൽ അണിനിരക്കണമെന്ന സിപിഐ എം ആഹ്വാനം ജനങ്ങൾ ചെവിക്കൊണ്ടെന്ന് പണിമുടക്ക് വിജയം വ്യക്തമാക്കുന്നു.

ബിഹാറിൽ വൻജനമുന്നേറ്റം
മോദി സർക്കാരിനെതിരെ ബിഹാറിലും വൻ രോഷപ്രകടനമാണ് ഉണ്ടായതെന്ന് മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നു. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന മോദി സർക്കാരിനെതിരെ സാധാരണ തൊഴിലാളികളുടെ കൈവശമുള്ള ഫലപ്രദമായ ആയുധമായ വോട്ടവകാശംകൂടി കവരാൻ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് നടത്തുന്ന നീക്കമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. റെയിൽ– -റോഡ് ഗതാഗതം ഉപരോധിക്കാനും വൻ പ്രകടനങ്ങൾ നടത്താനും അവിടത്തെ ജനങ്ങൾ തയ്യാറായി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിന്റെ ജനമനസ്സ് ബിജെപിക്ക് എതിരാണെന്ന് പണിമുടക്കിന്റെ വിജയം വിളിച്ചോതുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കർഷകരും വലിയതോതിൽ അണിനിരന്നു. രാജ്യത്തെമ്പാടും 25 കോടിയോളംപേർ പങ്കെടുത്തു.

രാജ്യത്ത് നവ ഉദാരവാദ സാമ്പത്തിക നയങ്ങൾ നടപ്പാക്കിയതിന് (1991ൽ) ശേഷം നടക്കുന്ന 22-–ാ-മത്തെ പണിമുടക്കാണിത്. സ്ഥിരംജോലി, എട്ട് മണിക്കൂർ ജോലി എന്നിവ ഇല്ലാതാകുന്ന കാലമാണിത്. കേന്ദ്ര സർവീസിലും റെയിൽവേയിലുമായി 10 ലക്ഷത്തിലധികം ഒഴിവുകളിൽ നിയമനം നടക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതോടെ തൊഴിൽ ലഭ്യതയും കുറഞ്ഞു. സ്ഥിരംതൊഴിൽ അതിവേഗം ഇല്ലാതാകുന്നു. പ്രതിരോധം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽപ്പോലും 70 ശതമാനം കരാർ ജീവനക്കാരാണ്. തൊഴിലില്ലായ്മാ നിരക്കാകട്ടെ കുത്തനെ കൂടുകയാണ്. 15നും 29 വയസ്സിനും ഇടയിലുള്ളവരുടെ തൊഴിലില്ലായ്മയാകട്ടെ 15 ശതമാനവും. ആഴ്‌ചയിൽ ഒരു മണിക്കൂർപോലും തൊഴിലെടുക്കുന്നവരെയും ഉൾപ്പെടുത്തിയാണ്‌ നിരക്ക്‌ കണക്കാക്കിയത്‌.

സഹായം കോർപറേറ്റുകൾക്ക്‌ മാത്രം
അതുപോലെ മോദിക്കാലത്തെ തൊഴിൽനിയമ പരിഷ്കാരങ്ങൾ പൂർണമായും തൊഴിലാളിവിരുദ്ധവും കോർപറേറ്റ് അനുകൂലവുമാണ്. ഇതിന്റെ ഭാഗമായാണ് തൊഴിൽ സമയം വർധിപ്പിക്കാനും കൂലി കുറയ്‌ക്കാനുമുള്ള നീക്കം. എട്ട് മണിക്കൂർ അടിസ്ഥാനമാക്കി ആഴ്ചയിൽ 40– --48 മണിക്കൂർ എന്ന ജോലി സമയം 70ഉം 90ഉം മണിക്കൂറാക്കാനാണ് നീക്കം. കോർപറേറ്റുകളുടെ ഈ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കുന്ന നിർദേശങ്ങളാണ് തൊഴിൽചട്ടങ്ങളിൽ ഉള്ളത്. ഇക്കാര്യത്തിൽ തൊഴിലുടമകൾക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള "ഹയർ ആൻഡ്‌ ഫയറി’നുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. അതോടൊപ്പം വിലനിലവാരവുമായി താരതമ്യപ്പെടുത്തിയാൽ മുൻവർഷങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. 2024ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്തന്നെ പറയുന്നത് സാധാരണ കൂലിവേലക്കാരുടെ വേതനം 2023–24ൽ 2017-18നേക്കാൾ കുറവാണെന്നാണ്. രാജ്യം മോദിയുടെ നേതൃത്വത്തിൽ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുകയാണെന്ന് അവകാശപ്പെടുന്നവർ ഈ വസ്തുത മനസ്സിലാക്കണം. സാധാരണ കൂലിവേലക്കാരിൽ പുരുഷ തൊഴിലാളികളുടെ ശരാശരി വേതനം 203 രൂപ മുതൽ 242 വരെയാണെങ്കിൽ സ്ത്രീകളുടേത് 128 മുതൽ 159 രൂപ വരെയാണ്. മോദി ഭരണകാലത്ത് ദാരിദ്ര്യം 17 ശതമാനം വർധിച്ചെന്നാണ് കണക്ക്. ഇതേസമയം കോർപറേറ്റുകളുടെ ലാഭം കുന്നുകൂടുകയാണ്.

അടിമസമാനമായ തൊഴിലാളികളെയും തൊഴിലിടങ്ങളും സൃഷ്ടിച്ച് കോർപറേറ്റുകളെ വഴിവിട്ട് സഹായിക്കാനാണ് മോദി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് 51 ശതമാനം പേരുടെ പിന്തുണയുള്ള തൊഴിലാളിസംഘടനകളെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ തുടങ്ങിയ നിബന്ധനകൾ. കൂട്ടായ വിലപേശലും പരാതി സമർപ്പണവുംപോലും ക്രിമിനൽ പ്രവർത്തനമായാണ് ഭാരതീയ ന്യായ സംഹിത കാണുന്നത്. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കുപോലും പരാതി നൽകാൻ കടമ്പ ഏറെയാണ്. ശതാബ്ദങ്ങളായി തൊഴിലാളിവർഗം നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളിലൂടെയാണ് ട്രേഡ് യൂണിയൻ അവകാശങ്ങളും പണിമുടക്കാനുള്ള അവകാശവും എട്ട് മണിക്കൂർ ജോലിയും മറ്റും നേടിയത്. അത് തട്ടിയെടുക്കാനുള്ള നീക്കം എന്തു വിലകൊടുത്തും തടയണം. ഈ പണിമുടക്ക് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ഇത്തരം വർഗപോരാട്ടങ്ങളെ ജാതിയും മതവും വർഗീയതയും ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തളർത്താനുമാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. അതിനാൽ നവഉദാരവാദ സാമ്പത്തിക നയങ്ങൾക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ വർഗീയശക്തികൾക്കെതിരായ സമരവുമായി അതിനെ കണ്ണിചേർക്കണം. എങ്കിലേ പ്രതീക്ഷിത വിജയം നേടാനാകൂ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.