Skip to main content

'കടം' കഥ ഒരു കള്ളക്കഥ

വീണ്ടും കടപ്പേടിക്കാർ നിലവിളി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കടം “ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ആർബിഐ റിപ്പോർട്ട്” എന്നതാണ് മനോരമയിലെ ഹൈലൈറ്റ്.

കടത്തിന്റെ കണക്ക് 2006 മുതലാക്കിയതുകൊണ്ട് ഏറ്റവും ഉയർന്ന നിരക്കെന്നു പറയാം. കുറച്ചുകൂടി പുറകോട്ടുപോയാൽ എ.കെ. ആന്റണി ഭരിച്ചിരുന്ന 2003-04 ആണ് കേരളത്തിന്റെ കടം ജിഎസ്ഡിപി തോത് ഉച്ചസ്ഥായിയിൽ എത്തിയത്: 40.49%. ഇത് പിന്നെ കുറഞ്ഞു തുടങ്ങി. 2011-12-ൽ 26.5 ശതമാനത്തിലെത്തി. പിന്നെ പതുക്കെപതുക്കെ ഉയരുന്ന പ്രവണതയാണ്. 2019-20-ൽ 32.46 ശതമാനമായി. അതാണ് 2020-21-ൽ 39.9 ശതമാനമായി ഉയർന്നത്. എന്തുകൊണ്ട്?

കോവിഡ് കാലത്ത് സംസ്ഥാനങ്ങളുടെ വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്താൻ അനുവദിച്ചു. കേരളം അതു പൂർണ്ണമായും വിനിയോഗിച്ചു. 5.1 ശതമാനം ആയിരുന്നു ആ വർഷം കേരളത്തിന്റെ ധന കമ്മി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ശരാശരി ധന കമ്മി 3.7 ശതമാനം മാത്രമായിരുന്നു. കോവിഡ് പ്രതിസന്ധിയായിട്ടും അനുവദിച്ച വായ്പയെടുത്തു ജനങ്ങളെ സഹായിക്കാൻ പല സംസ്ഥാനങ്ങളും മുൻകൈ എടുത്തില്ല. ഏതാണ് ശരിയായ നയമെന്നാണ് മനോരമയുടെ അഭിപ്രായം? മറ്റുപല സംസ്ഥാനങ്ങളിലെന്നപോലെ മരുന്നും ഭക്ഷണവുമില്ലാതെ ദുരിതത്തിൽ മുങ്ങാൻ അനുവദിക്കണമായിരുന്നോ? മറ്റൊന്നുകൂടി പറയാം. സംസ്ഥാനങ്ങൾ ശരാശരി 3.7 ശതമാനം വായ്പയെടുത്തെങ്കിലും അതിൽ 1.5 ലക്ഷം കോടി രൂപ ചെലവഴിക്കാതെ ട്രഷറിയിൽ സൂക്ഷിക്കുകയായിരുന്നു. കാരണം കമ്മി പേടി! കടം വാങ്ങിയ പണം ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റു ദൈനംദിന ചെലവുകൾക്കും ഉപയോഗിക്കാൻ പാടില്ലായെന്നാണല്ലോ നിയമം. അവർ നിയമം പാലിച്ചു. നമ്മൾ പാലിച്ചില്ല. ജനങ്ങൾക്ക് എത്ര സഹായം നൽകാൻ കഴിയുമോ അത്രയും നൽകി. ഏതാണ് മനോരമയുടെ അഭിപ്രായത്തിൽ ശരി?

ഇതു തന്നെയാണ് 2021-22-ലും സംഭവിച്ചത്. 4.5 ശതമാനം വായ്പയെടുക്കാൻ അനുവാദമുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങൾ എടുത്തതോ? 3.7 ശതമാനം മാത്രം. നടപ്പുവർഷം 4 ശതമാനം വായ്പയെടുക്കാം. എന്നാൽ സംസ്ഥാനങ്ങൾ മൊത്തത്തിൽ 3.4 ശതമാനമേ വായ്പയായി എടുക്കൂവെന്നാണ് ആർബിഐയുടെ മതിപ്പുകണക്ക്. ഏതാണ് ശരിയായ നയം? അനുവദനീയമായ വായ്പപോലും എടുക്കാതെ കടം-ജിഡിപി തോത് കുറച്ചുകൊണ്ടുവരലാണോ? മനോരമയുടെ അഭിപ്രായത്തിൽ അതാണു ചെയ്യേണ്ടത്. കാരണം ഭയങ്കരനൊരു ധനകാര്യതത്വം ഇന്നത്തെ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. “സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോയെന്നു വിലയിരുത്തുന്നത് കടം ജിഎസ്ഡിപിയുടെ നിശ്ചിത ശതമാനം കടന്നോയെന്നു നോക്കിയാണ്”. 29 ശതമാനമാണ് ആ പരിധി. ഒരു കാര്യം പറയട്ടെ 21 സംസ്ഥാനങ്ങളുടെ കടം-ജിഎസ്ഡിപി തോത് 29 ശതമാനത്തിനു മുകളിലാണ്. ധനകാര്യ കമ്മീഷൻ ചെയർമാൻ അഭിപ്രായപ്പെട്ടപോലെ 20 ശതമാനം ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നും മനോരമയ്ക്ക് അഭിപ്രായമുണ്ട്. “ഇതനുസരിച്ച് നോക്കുമ്പോൾ കേരളം ഈ പരിധിയുടെ ഇരട്ടിയോളം കടഭാരത്തിലാണ് ഇപ്പോൾ.” അമേരിക്കയടക്കമുള്ള സമ്പദ്ഘടനകൾ ഈ അളവനുസരിച്ച് കടഭാരത്തിൽ തകർന്നു തരിപ്പണം ആയിട്ടുണ്ടാകണമല്ലോ. ജപ്പാന്റെ തോത് 237-ഉം അമേരിക്കയുടേത് 107-ഉം ആണ്. ബ്രിട്ടന്റേത് 80-ഉം ഇന്ത്യയുടേത് 69-ഉം ആണ്. വെറുതേ മനുഷ്യരെ പറഞ്ഞു വിരട്ടരുത്.

നിശ്ചയമായും കേരളത്തിന്റെ കടം-ജിഎസ്ഡിപി തോത് കുറഞ്ഞുവരും. കാരണം അടുത്ത വർഷം മുതൽ 3 ശതമാനത്തിനപ്പുറം കേന്ദ്ര സർക്കാർ വായ്പ അനുവദിക്കുമെന്നു തോന്നുന്നില്ല. ഇപ്പോൾ തന്നെ കോവിഡ് കഴിഞ്ഞപ്പോൾ 2021-22-ൽ കേരളത്തിന്റെ കടം-ജിഎസ്ഡിപി തോത് 37.25 ശതമാനമായി താഴ്ന്നു. ബജറ്റ് രേഖ പ്രകാരം 2022-23-ൽ പ്രതീക്ഷിക്കുന്നത് 37.18 ശതമാനമാണ്. പക്ഷേ റിസർവ്വ് ബാങ്കിന്റെ കണക്കിൽ രണ്ട് വർഷവും കടത്തിന്റെ തോത് കൂടുകയാണുണ്ടായത്. എന്താണ് കണക്കിലെ വ്യത്യാസത്തിനു കാരണം?

ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾ വായ്പയെടുക്കണം എന്നായിരുന്നല്ലോ കേന്ദ്രത്തിന്റെ നിർദ്ദേശം. അതിനെ സംസ്ഥാനങ്ങൾ ഒന്നടങ്കം എതിർത്തപ്പോൾ 2020-21-ലും 2021-22-ലും കേന്ദ്ര സർക്കാർ വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു നൽകുകയാണു ചെയ്തത്. ഭാവിയിൽ ഇത് കോമ്പൻസേഷൻ സെസിൽ നിന്ന് കേന്ദ്ര സർക്കാർ തന്നെ തിരിച്ചടയ്ക്കും. 2020-21-ലെ കോമ്പൻസേഷൻ വായ്പയായി കിട്ടിയ 5766 കോടി രൂപയും 2021-22 ൽ 8739 കോടി രൂപയും നമ്മുടെ തിരിച്ചടവു ബാധ്യതയല്ല. അതിനാൽ ഇതു കുറച്ചിട്ടാണ് നമ്മുടെ കട ബാധ്യത ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കടവും പലിശയും മാത്രമല്ല കൂട്ടുപലിശയും വരുമത്രേ. ഇതുവച്ച് എന്തൊരു കഥയാണ് മെനഞ്ഞത്. ഇതൊക്കെ വായിച്ച് ആരും പരിഭ്രമിക്കേണ്ടതില്ല. വരും വർഷങ്ങളിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന വായ്പാ പരിധി താഴും. ജിഎസ്ഡിപിയുടെ വർദ്ധന സാധാരണഗതിയിലാകും. അപ്പോൾ കടഭാരം താനേ കുറഞ്ഞോളും.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.