Skip to main content

പലസ്തീൻ ജനതയ്ക്ക് രാഷ്ട്രമുണ്ടാകണം, യുഎൻ കാഴ്ചപ്പാട് അനുസരിച്ചുള്ള കാര്യങ്ങൾ നടക്കേണ്ടതുണ്ട്

1917ലെ ബാൽഫൂർ പ്രഖ്യാപനത്തിനു ശേഷം ഏകപക്ഷീയമായി ബ്രിട്ടൻ പ്രത്യേക ജൂതരാഷ്ട്രം രൂപീകരിച്ചത് അറബ് നേതാക്കൾക്കിടയിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചു. ഇതോടെ തങ്ങളുടെ പലസ്തീൻ , ജൂത കുടിയേറ്റക്കാർക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാട് വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ അറബികൾ സ്വീകരിച്ചു.
ഒന്നാം ലോകയുദ്ധം കഴിഞ്ഞതോടെ പലസ്തീൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രദേശങ്ങൾ ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും നിയന്ത്രണത്തിലായി. 1921ൽ ജൂതന്മാർക്ക് പലസ്തീനിൽ രാജ്യം രൂപീകരിക്കാനുള്ള അവകാശം സാമ്രാജ്യത്വ ശക്തികൾ നൽകുകയും ചെയ്തു. ഈ നയത്തിനെതിരെ വമ്പിച്ച ബഹുജനരോഷം വളർന്നുവന്നു. സർ. ഹെർബർട്ട് സാമൂൽ എന്ന ബ്രിട്ടീഷ് ജൂതന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഭരണം ഇവിടെ നിലവിൽ വന്നു.

ഒന്നാം ലോകയുദ്ധത്തിന്റെ ഘട്ടത്തിലാണ് 1917ൽ സോവിയറ്റ് വിപ്ലവം നടക്കുന്നത്. അതിനുശേഷം ലോകത്തെ ശാക്തിക ബലാബലത്തിൽ മാറ്റങ്ങളുണ്ടായി. ആ മാറ്റങ്ങൾ ലോക രാഷ്ട്രീയരംഗത്തും പ്രതികരണങ്ങളുണ്ടാക്കി. ലോകത്ത് നിലനിന്ന ഈ പ്രശ്നം ഐക്യരാഷ്ട്രസംഘടനയിൽ ചർച്ച ചെയ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. രണ്ടാം ലോകയുദ്ധത്തിൽ ഏറ്റവും പീഡനത്തിന് വിധേയമായ വിഭാഗമായിരുന്നു ജൂതന്മാർ. യുദ്ധം തുടങ്ങുന്നതിനു മുമ്പ് നാസി ജർമനിയിൽ തുടങ്ങിയ പീഡനം യുദ്ധകാലത്ത് ജർമനി പിടിച്ച രാജ്യങ്ങളിലും തുടർന്നു. അവരുടെ സംരക്ഷണം എന്നത് പ്രധാനമാണെന്ന പൊതു ധാരണ നിലനിൽക്കുന്ന ഘട്ടത്തിലായിരുന്നു ഈ സംഭവവികാസങ്ങൾ. ജർമനിയിൽ പീഡിപ്പിക്കപ്പെട്ട ജൂതന്മാർക്ക് പിന്തുണ നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് അറബ് ജനത നേരത്തേ സ്വീകരിച്ചിരുന്നു. ഈ അന്താരാഷ്ട്ര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ 1947 നവംബർ 11ന്‌ ഇതുമായി ബന്ധപ്പെട്ട പ്രമേയം അമേരിക്കയുടെയും സോവിയേറ്റ് റഷ്യയുടെയും പിന്തുണയോടെ ഐക്യരാഷ്ട്രസംഘടന അംഗീകരിച്ചു. അറബികൾക്കും ജൂതന്മാർക്കും പ്രത്യേകം പ്രത്യേകം രാഷ്ട്രമെന്ന നിർദേശം മുന്നോട്ടുവയ്ക്കപ്പെട്ടു. ജെറുസലേമിനെ അന്താരാഷ്ട്ര മേൽനോട്ടത്തിന് വിട്ടുകൊടുക്കാനും തീരുമാനമായി. അറബികൾക്ക് 45 ശതമാനവും ജൂതന്മാർക്ക് 55 ശതമാനവും ഭൂമി ലഭിക്കത്തക്ക നിലയിലാണ് വിഭജനരേഖ നിർമിച്ചത്. പലസ്തീന്റെ ജനസംഖ്യയിൽ ആ ഘട്ടത്തിൽ 68 ശതമാനം അറബികളായിരുന്നു. കുടിയേറിപ്പാർത്തതുൾപ്പെടെയുള്ള ജൂത ജനസംഖ്യ 31 ശതമാനവുമായിരുന്നു.

അറബികൾക്ക് ഉൾപ്പെടെ പ്രത്യേക രാജ്യം നൽകിക്കൊണ്ടുള്ള ഈ പ്രഖ്യാപനത്തെ ജൂതരാഷ്ട്രത്തിനുള്ള അംഗീകാരമായി കണക്കാക്കി അറബികളെ പുറത്താക്കാനുള്ള പ്രവർത്തനം ഇസ്രയേൽ ആരംഭിച്ചു. ഇതിനെതിരെ ശക്തമായി അറബ് രാഷ്ട്രങ്ങൾ പ്രതികരിച്ചു. എന്നാൽ, ഈ ഘട്ടത്തിൽ എല്ലാ അന്താരാഷ്ട്ര ധാരണകളെയും ലംഘിച്ചുകൊണ്ട് ബ്രിട്ടനും അമേരിക്കയും ജൂതന്മാർക്ക് ആയുധവും സൈന്യവും നൽകി. അക്കാലത്ത് 28 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക ഇസ്രയേലിന് നൽകിയത്.

അമേരിക്കൻ സഹായത്തോടെ ഇസ്രയേൽ അറബികളുടെ പട്ടണങ്ങൾ ഓരോന്നായി പിടിച്ചെടുക്കാൻ തുടങ്ങി. മെയ് 26ന് ഐക്യരാഷ്ട്രസംഘടന വെടിനിർത്താൻ ആവശ്യപ്പെട്ടു. അറബ് ലീഗ് യുദ്ധത്തിൽനിന്ന്‌ പിന്മാറി. അഞ്ചു ലക്ഷത്തിലധികം പലസ്തീനികൾ തങ്ങളുടെ ഭൂമിയിൽനിന്ന് പുറത്താക്കപ്പെട്ടു. അവർ മറ്റുരാജ്യങ്ങളിൽ അഭയം തേടി. അവശേഷിച്ച പലസ്തീനികൾക്ക് വലിയ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വന്തം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം പലസ്തീൻ ജനത പിന്നെയും തുടർന്നുകൊണ്ടിരുന്നു. ഇത് ബഹുജന പ്രസ്ഥാനമായി വളർന്നു. 1959ൽ ബെയ്‌റൂത്തിലെ അമേരിക്കൻ സർവകലാശാലയിൽ ജോർജ് ഹബ്ബാഷിന്റെ നേതൃത്വത്തിൽ അറബ് നാഷണലിസ്റ്റ് മൂവ്മെന്റ് ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്‌തീൻ ഇദ്ദേഹം തുടങ്ങിയ ഇടതുപക്ഷ സംഘടന ആണ്. ഈ പ്രസ്ഥാനം കമ്യൂണിസ്റ്റ് ആശയഗതി സ്വീകരിക്കുകയും ജനകീയ പോരാട്ടത്തിന് ആഹ്വാനം നൽകുകയും ചെയ്തു. ഇത്തരത്തിൽ ഉയർന്നുവന്ന വിവിധ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് 1964ൽ യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ നാഷണൽ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന നിലവിൽ വന്നു. പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ എന്ന പേരിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.

1974ൽ അറബ് സംഘടനകളുടെ യോഗത്തിൽവച്ച് പിഎൽഒയെ പലസ്തീനികളുടെ ആധികാരിക സംഘടനയായി അംഗീകരിച്ചു. 1974 നവംബറിൽ യാസർ അറാഫത്ത് പലസ്തീൻ ജനതയ്‌ക്കുവേണ്ടി യുഎൻഒയിൽ പ്രസംഗിച്ചു. പിഎൽഒയ്‌ക്ക് ഐക്യരാഷ്ട്ര സംഘടനയിൽ നിരീക്ഷക പദവി ലഭിച്ചു. 1948ൽ ഐക്യരാഷ്ട്രസംഘടന പാസാക്കിയ പ്രമേയം അംഗീകരിച്ചുള്ള നിലപാട് യാസർ അറാഫത്ത് സ്വീകരിച്ചു. എന്നാൽ, പലസ്തീൻ ജനതയ്ക്ക് അത് സ്വീകാര്യമായില്ല. ഇൻതിഫാദ എന്ന പലസ്തീൻ വിമോചനസമരം അവിടെ മുന്നോട്ടുപോയി. 1988 ഡിസംബർ 15ന് യാസർ അറാഫത്ത് ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്തുകൊണ്ട് ഇസ്രയേലും പലസ്തീനും വ്യത്യസ്ത രാജ്യങ്ങൾ എന്ന കാഴ്ചപ്പാടുകളെ അംഗീകരിച്ചു.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ബലത്തിൽ എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ആദ്യഘട്ടത്തിൽ രൂപീകരിക്കപ്പെട്ടത്. ഈ അനീതി തുടച്ചുനീക്കാനുള്ള കരുത്ത് അറബ് രാഷ്ട്രങ്ങൾക്ക് ഉണ്ടായിരുന്നില്ല. സാമ്രാജ്യത്വ ശക്തികളുടെ ഇസ്രയേലിനുള്ള പിന്തുണയായിരുന്നു അതിനു കാരണം. 1948ൽ ഇസ്രയേലിന് വിട്ടുകൊടുത്ത ഭൂമിയിൽ അവർക്ക് അവകാശം നൽകുകയെന്ന നയം യാസർ അറാഫത്ത് ആവർത്തിച്ചുറപ്പിച്ചു. ഈ ഘട്ടത്തിൽ ലബനനിൽനിന്ന് പിന്മാറണമെന്ന ഇസ്രയേലിന്റെ ആവശ്യവും പിഎൽഒ അംഗീകരിച്ചു. ഇസ്രയേൽ ആക്രമണം ഇവിടെ ഉണ്ടാകില്ലെന്ന ഉറപ്പ് കാറ്റിൽപ്പറത്തിക്കൊണ്ട് ക്രിസ്ത്യൻ, മിലീഷ്യ, ശബ്റാ–- ശത്തീല ക്യാമ്പുകളിൽ ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടു. നൂറുകണക്കിനു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

പലസ്തീൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ രൂപീകരണം അംഗീകരിച്ചുകൊണ്ടുള്ള ഒത്തുതീർപ്പുകൾക്ക് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന പിഎൽഒയും അറബ് രാഷ്ട്രങ്ങൾ പൊതുവിലും തയ്യാറായി. എന്നിട്ടും പലസ്തീൻ പ്രദേശങ്ങളെ ഒന്നൊന്നായി കീഴടക്കുകയെന്ന നയം സാമ്രാജ്യത്വ പിന്തുണയോടെ അവർ തുടർന്നു. ആക്രമണങ്ങളുടെ പരമ്പര തുടർന്നുകൊണ്ടിരുന്നു. ഇപ്പോൾ ഗാസയും വെസ്റ്റ് ബാങ്കും മാത്രമായി അവശേഷിച്ചിരിക്കുന്നു. വെസ്റ്റ് ബാങ്ക് ഇപ്പോഴും ഇസ്രയേൽ അധിനിവേശത്തിൽ ഉള്ള സ്ഥലമാണ് ബാക്കി പ്രദേശങ്ങൾ ഇസ്രയേൽ കീഴടക്കി കഴിഞ്ഞു.

യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒ ഒത്തുതീർപ്പിന് (1993 ലെ ഓസ്‌ലോ കരാർ) തയ്യാറായിട്ടും സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമായില്ല. ആക്രമണത്തിന് മുതിരുന്ന ഇസ്രയേലിനെതിരെ വമ്പിച്ച വികാരം പലസ്തീനിലുണ്ടായി. ഒത്തുതീർപ്പിന് തയ്യാറായ പിഎൽഒയ്ക്കെതിരെയും വികാരം വളർത്തിക്കൊണ്ടുവരുന്നതിന് തീവ്രവാദ നിലപാടുകൾ സ്വീകരിക്കുന്ന ഹമാസിന് കഴിഞ്ഞു. യുവാക്കളെ ആകർഷിക്കാൻ ഇവർക്കായി. 1987ൽ രൂപീകരിക്കപ്പെട്ട ഈ സംഘടന ആഗോള ഇസ്ലാമിക കാഴ്ചപ്പാടുമായി ബന്ധമുള്ളവരാണ്. പലസ്തീനിലെ അഗതികളും ദുർബലരുമായവരെ സഹായിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് ഇവരെ ജനപ്രിയരാക്കിയത്. ഈ വ്യത്യസ്ത നിലപാടുകൾ തമ്മിലുള്ള സംഘർഷം പലസ്തീനിൽ നിലവിലുണ്ട്.

ഹമാസും പിഎൽഒയും സ്വീകരിച്ച പാതയെ പിന്തുണയ്ക്കുന്ന ചിന്തകൾ വികസിച്ചുവരുന്നതായുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഗാസ ഹമാസിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ, വെസ്റ്റ്ബാങ്ക് മിതവാദ നിലപാട് സ്വീകരിക്കുന്ന ഫത്ത പാർടിയുടെ നിയന്ത്രണത്തിലാണ്. ഹമാസിന്റെ രീതികളോട് നമുക്ക് വിയോജിപ്പുകൾ രേഖപ്പെടുത്താം. എന്നാൽ, പശ്ചിമേഷ്യയെ കലുഷിതമാക്കുന്ന ഇസ്രയേലിന്റെ അധിനിവേശത്തെയും ആക്രമണത്തെയും അംഗീകരിക്കാനേയാകില്ല. പലസ്തീൻ രാഷ്ട്രമെന്ന ആവശ്യത്തോടും ഒരിക്കലും പുറന്തിരിഞ്ഞ് നിൽക്കാനാകില്ല.
അറബ് രാഷ്ട്രങ്ങൾ പൊതുവിൽ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായി സൗഹൃദമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ആ മേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു നിർത്തുകയെന്ന കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ് ഇസ്രയേലിനെ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ പിന്തുണച്ചത്. അമേരിക്കയിലെ സജീവ സാന്നിധ്യമായ സിയോണിസ്റ്റ് ആശയങ്ങളുടെ ഇടപെടലും ഇതിനു പിന്നിലുണ്ട്. ആയുധ വ്യാപാരം സമ്പദ്‌ഘടനയുടെ പ്രധാനപ്പെട്ട അടിത്തറയായ അമേരിക്കയ്ക്ക് യുദ്ധങ്ങൾ സമ്പത്ത് വാരിക്കൂട്ടാനുള്ള ഉപാധിയുമാണ്.

അമേരിക്കൻ ആയുധബലത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്ന പ്രശ്നം പലസ്തീൻ ജനതയ്ക്ക് മുമ്പിലുണ്ട്. എങ്കിലും കീഴടങ്ങാൻ അവർ തയ്യാറല്ല. ഇൻതിഫാദയെന്ന ചെറുത്തുനിൽപ്പിന്റെ പാത അവർ സ്വീകരിച്ചതങ്ങനെയാണ്. കീഴടങ്ങാൻ തങ്ങൾ തയ്യാറല്ലെന്ന് കല്ലെറിയുന്നതിലൂടെ കാണിച്ചുകൊണ്ടാണ് ആ പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഈ ചെറുത്തുനിൽപ്പിനെയാണ് ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നത്. പലസ്തീൻ ജനതയ്ക്ക് രാഷ്ട്രമുണ്ടാകണം. യുഎൻ കാഴ്ചപ്പാട് അനുസരിച്ചുള്ള കാര്യങ്ങൾ നടക്കേണ്ടതുണ്ട്. പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകണം; സ്വന്തം നാട്ടിൽ അന്യരാക്കപ്പെട്ട വിവിധ മതവിശ്വാസികളായ പലസ്തീനികൾക്ക് സ്വന്തമായി രാഷ്ട്രം നൽകിക്കൊണ്ട്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.