Skip to main content

മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കാലത്തെ ശരിയായി വിശകലനം ചെയ്യാനും സാമൂഹ്യമാറ്റത്തിന്റെ പോരാട്ട രൂപങ്ങൾ ആവിഷ്കരിക്കാനും അതുവഴി മാനവ വിമോചനത്തിന്റെ ശരിയായ ദിശ ആവിഷ്കരിക്കുന്നതിനും ലെനിന്റെ സംഭാവനകളെ സമഗ്രമായി മനസ്സിലാക്കുന്നത് സഹായകരമാണ്

ലെനിനെ ആദ്യമായി നേരിൽക്കണ്ട അനുഭവം എം എൻ റോയി ആത്മകഥയിൽ വിവരിക്കുന്നുണ്ട്. റഷ്യക്കാർ പൊതുവെ സമയത്തെ ബഹുമാനിക്കാത്തവരാണെന്ന് സൂചിപ്പിക്കുന്ന റോയി, ലെനിൻ അതിൽനിന്ന് വ്യത്യസ്തനാണെന്നും കൃത്യനിഷ്ഠതയുടെ കാര്യത്തിൽ വേണമെങ്കിൽ ലെനിൻ റഷ്യക്കാരനല്ലെന്നുവരെ പറയാമെന്നും നർമത്തോടെ പറയുന്നു. റോയി ചെല്ലുമ്പോൾ മുറിയിൽ ലെനിൻ ഏകനായിരുന്നു. ലെനിനെ ആദ്യമായി കാണുന്നതിന്റെ പരിഭ്രമം തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ ‘നിങ്ങൾ വളരെ ചെറുപ്പമാണല്ലോ. ഞാൻ വിചാരിച്ചത് കിഴക്കുനിന്ന് തലനരച്ച ഒരാളായിരിക്കും വരുന്നതെന്നായിരുന്നു' എന്ന ലെനിന്റെ ആദ്യ പ്രതികരണം തന്നിലെ പരിഭ്രമത്തെ അലിയിച്ചു കളഞ്ഞുവെന്നും റോയി എഴുതുന്നു (Page 343, M N Roy Memoirs).

എന്നാൽ, എം എൻ റോയിയേക്കാൾ മുമ്പ് റാണാ മഹേന്ദ്ര പ്രതാപും മൗലാന ബർക്കുത്തള്ളയും ലെനിനെ സന്ദർശിച്ചിട്ടുണ്ട്. 1915ൽ അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ രൂപീകരിച്ച പ്രൊവിഷണൽ ഗവൺമെന്റ്‌ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്നു അവർ. റഷ്യയിൽ വിപ്ലവം വിജയിച്ചതിനെ തുടർന്ന് കാബൂളിൽനിന്ന്‌ ഇന്ത്യൻ വിപ്ലവകാരികൾ അയച്ച ആശംസയ്‌ക്ക് ലെനിൻ മറുപടി നൽകുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന പുരോഗമന വാദികളെ ലെനിൻ അഭിവാദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ തുടർച്ചയിലാണ് ഇരുവരും മോസ്കോയിലെത്തി ലെനിനെ കണ്ടത്.

കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസിനു മുന്നോടിയായാണ് അന്ന് മെക്സിക്കൻ കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എം എൻ റോയി ലെനിനെ കണ്ടത്. ഇന്റർനാഷണലിൽ കൊളോണിയൽ തിസീസ് അവതരിപ്പിക്കുന്നത് ലെനിനായിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള കൊളോണിയൽ രാജ്യങ്ങളിൽ ബൂർഷ്വാ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ പിന്തുണയ്‌ക്കണമെന്നതായിരുന്നു ലെനിൻ അവതരിപ്പിച്ച തിസീസിന്റെ പ്രധാന ഉള്ളടക്കം. അതിനോടുള്ള വിമർശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ലെനിൻ പറഞ്ഞപ്പോൾ യുവാവായ എം എൻ റോയി തന്റെ ചില വിയോജിപ്പുകൾ ഉന്നയിച്ചു. അനുബന്ധ തീസീസുമായി വരാൻ ലെനിൻ റോയിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. അടുത്ത സെഷനിൽ ലെനിൻ തന്റെ നിലപാട് വിശദീകരിച്ചതിനുശേഷം റോയി അദ്ദേഹത്തിന്റെ സപ്ലിമെന്ററി തീസീസ് അവതരിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ മുതലാളിത്തം ശക്തിപ്പെടുകയാണെന്നും അതുകൊണ്ട് വർഗബോധത്താൽ അധിഷ്ഠിതമായ തൊഴിലാളി- കർഷക മുന്നേറ്റമാണ് സാമൂഹ്യവിമോചന പ്രസ്ഥാനമായി മാറുന്നതെന്നും അതിന് ദേശീയ വിമോചന പ്രസ്ഥാനവുമായി ബന്ധമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതിനോട് ലെനിൻ വിയോജിച്ചു. എന്നാൽ, സപ്ലിമെന്ററി തീസീസ് അപ്പാടെ തള്ളിക്കളയുകയും ചെയ്തില്ല. എന്നു മാത്രമല്ല, താൻ അവതരിപ്പിച്ച കരടിൽ മൗലികമായ ഒരു മാറ്റവും അദ്ദേഹം വരുത്തി. ബൂർഷ്വാ ജനാധിപത്യ വിമോചന മുന്നേറ്റങ്ങൾ എന്ന വാക്കിന് പകരം ദേശീയ വിപ്ലവമുന്നേറ്റങ്ങൾ എന്ന പദം ഉപയോഗിച്ചു. അതുവഴി ദേശീയ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം പ്രശ്നാധിഷ്ഠിത സമീപനം സ്വീകരിക്കാനും കഴിയുമെന്ന് ലെനിൻ വ്യക്തമാക്കി.

രണ്ടു കാര്യം ഇതിൽനിന്നു വായിച്ചെടുക്കാം. വിമർശനാത്മക ജനാധിപത്യരീതി നയപരമായ തീരുമാനങ്ങളിൽ ഉറപ്പു വരുത്തി. രണ്ടാമതായി വിവിധ കൊളോണിയൽ രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക് ദിശാബോധം പകരുകയും ചെയ്തു. വിമർശനാത്മക നിലപാട് സ്വീകരിച്ച എം എൻ റോയിയെ പിന്നീട് ഇന്റർനാഷണലിന്റെ പ്രസീഡിയത്തിലും എക്സിക്യൂട്ടിവ് കമ്മിറ്റിയിലും രാഷ്ട്രീയ സെക്രട്ടറിയറ്റിലും ഉൾപ്പെടുത്തി. ലെനിൻ കഴിഞ്ഞാൽ ഈ ഉന്നത സമിതികളിലെല്ലാം അംഗമായ മറ്റൊരാൾ റോയി മാത്രമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന്‌ അകന്നുവെങ്കിലും അതുവരെയുള്ള കാലയളവിലെ എം എൻ റോയിയുടെ പ്രവർത്തനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെകൂടി ഭാഗമാണ്. അതോടൊപ്പം ആ കാലയളവിലെ ത്യാഗത്തിനും സംഭാവനകൾക്കും പ്രസ്ഥാനം അദ്ദേഹത്തോട് കടപ്പെടുകയും ചെയ്യുന്നു.

അതതു കാലത്തിന്റെ സാഹചര്യങ്ങൾ മൂർത്തമായി മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്ത്, ചലനാത്മകവും ശാസ്ത്രീയവുമായ പ്രയോഗത്തിലൂടെ ദർശനത്തെയും അർഥശാസ്‌ത്രത്തെയും രാഷ്ട്രീയത്തെയും സംഘടനയെയും കാലികമാക്കിയെന്നതാണ് ലെനിന്റെ പ്രധാന സംഭാവന. അതിന്റെ ഫലമായി ലോകത്ത് ആദ്യമായി വിജയകരമായ തൊഴിലാളിവർഗ വിപ്ലവത്തിന് നേതൃത്വം നൽകി ചരിത്രത്തിന്റെ ഭാഗമായി റഷ്യയിലും വിപ്ലവം നടന്നേക്കാമെന്ന് മാനിഫെസ്റ്റോയുടെ ആമുഖത്തിൽ മാർക്സ് ഒരിക്കൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃതികളുടെ കോപ്പികൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നതിനപ്പുറത്ത് ശാസ്ത്രീയമായ വിശദീകരണം ഉണ്ടായിരുന്നില്ല. ആ സാമൂഹ്യമാറ്റത്തിന് പ്രത്യയശാസ്ത്ര അടിത്തറ ലെനിനാണ് നൽകിയത്. ‘സാമ്രാജ്യത്വം; മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം’ എന്ന ലെനിന്റെ ക്ലാസിക് കൃതി കേവലമൊരു ധൈഷണിക വ്യായാമമായിരുന്നില്ല. മാർക്സിസത്തിന്റെ പ്രയോഗ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള രാഷ്ട്രീയമായ അന്വേഷണമാണ്. മുതലാളിത്തം വികസിച്ച രാജ്യങ്ങളിൽ ഉൽപ്പാദനശക്തികളും ഉൽപ്പാദന ബന്ധങ്ങളും തമ്മിലുള്ള വൈരുധ്യം മൂർച്ഛിക്കുകയും ഉൽപ്പാദന ബന്ധം ഉൾപ്പാദനശക്തികൾക്ക് കാൽ ചങ്ങലയായി മാറുകയും ചെയ്യുന്ന സന്ദർഭമാണ് വിപ്ലവ ഘട്ടമായി മാർക്സ് അവതരിപ്പിച്ചത്. മുതലാളിത്ത വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള റഷ്യയിൽ ഉൽപ്പാദനശക്തികളുടെ നിലവാരം പുറകിലായിരിക്കും.

അതുകൊണ്ടുതന്നെ, മാർക്സിന്റെ കാഴ്ചപ്പാട് അനുസരിച്ച് റഷ്യ, വിപ്ലവത്തിന് പാകമായിരുന്നില്ല. എന്നാൽ, മാർക്സിസം അടിസ്ഥാനമാക്കി ലോക മുതലാളിത്തത്തെ വിശകലനത്തിന് വിധേയമാക്കി റഷ്യയിൽ വിപ്ലവ ഘട്ടം എങ്ങനെ രൂപംകൊണ്ടെന്ന് ശാസ്ത്രീയമായി സ്ഥാപിക്കുകയാണ് ഈ കൃതിയിലൂടെ ലെനിൻ ചെയ്തത്. മുതലാളിത്തം കുത്തക മുതലാളിത്തമായി മാറിയത് സാമ്രാജ്യത്വത്തിന്റെ ലക്ഷണമായി കണ്ടു. കുത്തക എങ്ങനെയാണ് ലോകത്തെ പങ്കിട്ടെടുക്കുന്നതെന്ന് വിശദീകരിച്ചു. അസ്ട്രിയൻ കമ്യൂണിസ്റ്റായ റുഡോൾഫ് ഹിൽഫെർഡിങ്ങാണ് ആദ്യമായി സംഘടിത മുതലാളിത്ത (Organized capitalism) സിദ്ധാന്തം അവതരിപ്പിച്ചത്. ബാങ്ക് നിയന്ത്രിക്കുകയും വ്യവസായം ഉപയോഗിക്കുകയും ചെയ്യുന്ന ധന മുതലാളിത്തമെന്ന ഹിൽഫെർഡിങ്ങിന്റെ നിർവചനത്തെ ക്രിയാത്മമായി ലെനിൻ പുതുക്കി. കുത്തകയാൽ നയിക്കുന്ന, ധനമൂലധനത്തിന് ആധിപത്യമുള്ള മുതലാളിത്തം സാമ്രാജ്യത്വ ഘട്ടത്തിലാണെന്ന് ഈ കൃതിയിൽ മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തി ലെനിൻ പ്രഖ്യാപിച്ചു. ആ ചങ്ങലയിലെ ദുർബലമായ കണ്ണി പൊട്ടിക്കുക എന്ന കാഴ്ചപ്പാടിലൂടെ റഷ്യയിൽ ബോൾഷെവിക് പാർടിയുടെ വിപ്ലവതന്ത്രം ആവിഷ്കരിക്കുകയും ചെയ്തു. മാർക്സിസം ഒരേസമയം പ്രയോഗത്തിന്റെ രീതിശാസ്ത്രവും പ്രയോഗത്തിൽ നിരന്തരം പുതുക്കുന്ന ദർശനവുമാണെന്ന് ഇതുവഴി സാധൂകരിക്കപ്പെട്ടു.

വിപ്ലവത്തിന്റെ അടവുകളിലും പുതിയ രീതികൾ അദ്ദേഹം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ പങ്കെടുക്കരുതെന്ന വാദത്തെ ലെനിൻ തള്ളിക്കളഞ്ഞു. ജനങ്ങളിലേക്ക് രാഷ്ട്രീയം ഏറ്റവും കൂടുതൽ എത്തിക്കാൻ കഴിയുന്ന സന്ദർഭമാണ് തെരഞ്ഞെടുപ്പ് എന്നും അതുകൊണ്ട് റഷ്യൻ പാർലമെന്റായ ദൂമയിൽ പങ്കെടുക്കണമെന്ന അടവുനയം ആവിഷ്കരിക്കുകയും ഇടതുപക്ഷ കമ്യൂണിസത്തിന്റെ ബാലാരിഷ്ടതകളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകൾ പാർലമെന്ററിസത്തിന് അനുകൂലമായി നിൽക്കുന്ന രാജ്യത്ത് പാർലമെന്റ്‌ കാലഹരണപ്പെട്ടെന്ന് എങ്ങനെയാണ് പറയുകയെന്ന ചോദ്യം അദ്ദേഹം ഉയർത്തി. എന്നാൽ, വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ ഒരു തീസീസ്, ലെനിന്റെകൂടി നേതൃത്വത്തിൽ ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് അംഗീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർടികളും പാർലമെന്ററിസവും എന്ന തീസീസ് പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർടിക്ക് ഭൂരിപക്ഷം സീറ്റുകൾ ലഭിക്കുകയാണെങ്കിൽ സർക്കാർ രൂപീകരിക്കണമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. തീസിസിന്റെ 13-ാം ഖണ്ഡിക ക്ഷേമപ്രവർത്തനങ്ങൾ പരമാവധി ചെയ്യുന്നതോടൊപ്പം കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന പരിമിതികൾ തുറന്നുകാണിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്യണം. 1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി സർക്കാർ രൂപീകരിച്ച തീരുമാനവുമായി ബന്ധപ്പെട്ട് ഈ രേഖ ചർച്ച ചെയ്തതായി കാണുന്നില്ല. എന്നാൽ, പ്രയോഗത്തിൽ ഇതേ സമീപനംതന്നെ പിന്തുടരുന്നതായി കാണാം.

മാർക്സിസ്റ്റ് വിശകലനത്തിൽ ഭരണകൂടത്തെ വിശകലനം ചെയ്ത് വിപ്ലവതന്ത്രത്തിന്റെ മൗലിക കാഴ്ചപ്പാടുകൾ അവതരിപ്പിച്ചതും വിപ്ലവ പ്രയോഗത്തിന്റെ അനിവാര്യതയിൽനിന്നാണ്. ഭരണവർഗത്തിന്റെ അടിച്ചമർത്തൽ ഉപകരണമാണ് ഭരണകൂടമെന്ന മാനിഫെസ്റ്റോയിലെ വാചകത്തിൽനിന്ന് താൻ പ്രവർത്തിക്കുന്ന കാലത്തിന്റെയും രാജ്യത്തിന്റെയും സവിശേഷതകൾകൂടി വിലയിരുത്തിയ ശാസ്ത്രീയ വിശകലനമാണ് ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയിൽ അദ്ദേഹം നടത്തുന്നത്.
വിപ്ലവാനന്തര റഷ്യയിലെ ഭരണകൂട രൂപം എല്ലാ കാലത്തും ഒരേ രൂപമായിരിക്കില്ലെന്നും ഓരോ ഘട്ടത്തിലെയും തൊഴിലാളിവർഗ താൽപ്പര്യമനുസരിച്ച് രൂപങ്ങളിൽ മാറ്റം വരുമെന്നും ലെനിൻ പിന്നീട് കണ്ടിരുന്നു. തൊഴിലാളിവർഗം അധികാരത്തിൽ വന്നാൽ ഭൂരിപക്ഷത്തിന്റെ ജനാധിപത്യമായി വികസിക്കണമെന്ന് പറഞ്ഞ ലെനിൻ എല്ലാ അധികാരവും സോവിയറ്റുകൾക്ക് നൽകുന്ന നിലപാട് സ്വീകരിച്ചു.

ജനാധിപത്യ രാജ്യങ്ങളായി അറിയപ്പെടുന്ന അമേരിക്കയിലുൾപ്പെടെ സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടാകാതിരുന്ന കാലത്ത് സോവിയറ്റ് യൂണിയനിൽ സ്ത്രീകൾ വോട്ടു ചെയ്യുകയും പാർലമെന്റിൽ ഉൾപ്പെടെ പ്രതിനിധികളാകുകയും ചെയ്തു. അധികാര വികേന്ദ്രീകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഈ വിശാല മാതൃക ലെനിന്റെ കാലശേഷം തുടരാൻ കഴിയാതെ പോയത് സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

മാർക്സിസ്റ്റ് പ്രയോഗത്തിന്റെ മറ്റൊരു ഭാഗം പുതിയ സാമ്പത്തിക നയത്തിന്റെ രൂപീകരണത്തിലും കാണാം. മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ ഉരുവിട്ടാൽമാത്രം മതിയെന്നും അതോടുകൂടി സാമൂഹ്യമാറ്റം തനിയെ സംഭവിക്കുമെന്ന് കരുതുന്ന കമ്യൂണിസ്റ്റ് പാർടി അംഗം അഹങ്കാരിയായ ബാധ്യത മാത്രമാണെന്ന് ലെനിൻ പ്രഖ്യാപിച്ചു. ഭരണകൂട നിയന്ത്രണമുള്ള മുതലാളിത്തവും സ്വതന്ത്രകമ്പോളവും ആ ഘട്ടത്തിൽ റഷ്യയിൽ ആവശ്യമാണെന്ന് കണ്ടു. സ്വകാര്യ മൂലധനം മാത്രമല്ല, വിദേശമൂലധനവും ഉപയോഗിച്ച് തൊഴിലവസരം സൃഷ്ടിക്കണം. പൊതുസംഭരണത്തിനൊപ്പം അധിക വിള വിൽക്കുന്നതിന് കർഷകന് അവകാശം നൽകുകയും ചെയ്തു. നിർബന്ധിത സംഭരണത്തിന് പകരം കാർഷിക ഉൽപ്പാദനത്തിന് അനുസരിച്ച് നികുതി പിരിക്കുന്ന രീതി സ്വീകരിച്ചതോടെ ഉൽപ്പാദനം വർധിച്ചു. തൊഴിലാളി നിയമങ്ങൾ ഉൽപ്പാദനക്ഷമതയ്‌ക്ക് മുൻതൂക്കം നൽകി. ഇത് തൊഴിലാളികളുടെ ഉത്തരവാദിത്വം വർധിപ്പിച്ചു. സോഷ്യലിസ്റ്റ് നിർമാണത്തിന് വ്യത്യസ്ത ഘട്ടങ്ങളുണ്ടാകാമെന്നും വിദേശ മൂലധനംവരെ ഉപയോഗിക്കേണ്ടത് സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും ലെനിൻ വ്യക്തമാക്കി. ഉൽപ്പാദന നിലവാരം പുറകിൽ നിൽക്കുന്ന, അവികസിത മുതലാളിത്ത രാജ്യമായ റഷ്യയിൽ സ്വതന്ത്രമായ മത്സരത്തിലൂടെ വളർച്ചയുടെ സാഹചര്യം രൂപപ്പെടുത്തണമെന്ന ശാസ്ത്രീയ കാഴ്ചപ്പാട് ഈ നയത്തിലൂടെ സ്ഥാപിച്ചു. സോവിയറ്റ് യൂണിയനെ ലോകത്തെ പ്രധാന ശക്തിയാക്കി മാറ്റുന്നതിൽ പുതിയ സാമ്പത്തിക നയം പ്രധാന സംഭാവന നൽകി.
മാർക്സിസ്റ്റ് രീതിശാസ്ത്രമനുസരിച്ച് സംഘടനയെയും അദ്ദേഹം പുതുതായി നിർവചിച്ചു. സിദ്ധാന്തവും പ്രയോഗവും തമ്മിൽ ബന്ധപ്പെടുത്തുന്ന സംവിധാനത്തിന്റെ രൂപമാണ് സംഘടനയെന്ന് ലൂക്കാച്ചാണ് നിർവചിച്ചത്. അമിതാധികാര സാറ്റിസ്റ്റ് ഭരണകാലത്ത് ലെനിൻ ആവിഷ്കരിച്ച പ്രത്യേക സംഘടനാ രൂപമാണ് ജനാധിപത്യ കേന്ദ്രീകരണം. കേന്ദ്രീകരണവും ജനാധിപത്യവും തമ്മിലുള്ള അനുപാതം സ്ഥായിയല്ലെന്നും വ്യക്തം. യുദ്ധകാലത്ത് കൂടുതൽ കേന്ദ്രീകരണവും സമാധാനകാലത്ത് കൂടുതൽ ജനാധിപത്യപരവുമായ ഘടനയാണ് യഥാർഥത്തിൽ ജനാധിപത്യ കേന്ദ്രീകരണം. എന്നാൽ, കേന്ദ്രീകൃത ജനാധിപത്യം (Centralised democracy)എന്നല്ല ലെനിൻ ഉപയോഗിച്ചത്. യഥാർഥത്തിൽ democratic centralism, ജനാധിപത്യ കേന്ദ്രീകരണം എന്ന പദംതന്നെ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.

ലെനിൻ വിഭാവനംചെയ്ത ജനാധിപത്യ കേന്ദ്രീകരണം ശരിയായി പ്രയോഗത്തിൽ വരണമെങ്കിൽ പാർടി അംഗത്തിന് അച്ചടക്കം മാത്രംപോര, നല്ല രാഷ്ട്രീയ അവബോധമുണ്ടായിരിക്കണം. അല്ലെങ്കിൽ മുകളിൽനിന്നുള്ള തീരുമാനങ്ങളുടെ യാന്ത്രിക നടത്തിപ്പുകാരായി മാറും. റോസ ലക്സംബർഗും മറ്റുമായി നടത്തിയ സംവാദങ്ങളിൽ ഈ പരികൽപ്പനയ്‌ക്ക് കൂടുതൽ വ്യക്തത വരുത്തുകയും ചെയ്യുന്നുണ്ട്. താൻ അവതരിപ്പിക്കുന്ന നിലപാടുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ലെനിൻ തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു.
ദാർശനിക വെല്ലുവിളികളെ മാർക്സിസം നേരിട്ടപ്പോഴും ലെനിൻ ശക്തമായ പ്രതിരോധം തീർത്തു. പദാർഥമാണ് പ്രാഥമികം എന്ന കാഴ്ചപ്പാട് ശാസ്ത്രംതന്നെ ചർച്ച ചെയ്ത ഘട്ടത്തിൽ ഭൗതികവാദവും എംപീരിയോ ക്രിട്ടിസിസവും എന്ന കൃതിയിലൂടെ മാർക്സിസത്തിന്റെ ശാസ്ത്രീയത അദ്ദേഹം ആധികാരികമാക്കി. മാർക്സിസത്തെ യാന്ത്രിക വ്യാഖ്യാനങ്ങളിലൂടെ നിശ്ചലമാക്കുകയല്ല ലെനിൻ ചെയ്തത്. പകരം ജൈവ വിശകലനത്തിലൂടെ പുതിയ പ്രയോഗരീതികൾ ആവിഷ്കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്ത മാർക്സിസ്റ്റ് ആയിരുന്നു ലെനിൻ.

പുതിയ രൂപത്തിലുള്ള സാമ്രാജ്യത്വമായ ആഗോളവൽക്കരണ കാലത്താണ് ലെനിന്റെ നൂറാം ചരമവാർഷികദിനം ആചരിക്കുന്നത്. മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കാലത്തെ ശരിയായി വിശകലനം ചെയ്യാനും സാമൂഹ്യമാറ്റത്തിന്റെ പോരാട്ട രൂപങ്ങൾ ആവിഷ്കരിക്കാനും അതുവഴി മാനവ വിമോചനത്തിന്റെ ശരിയായ ദിശ ആവിഷ്കരിക്കുന്നതിനും ലെനിന്റെ സംഭാവനകളെ സമഗ്രമായി മനസ്സിലാക്കുന്നത് സഹായകരമാണ്. 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.