Skip to main content

വിടവാങ്ങിയത് ധീരപോരാളി

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പാർടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസിന്റെ അപ്രതീക്ഷിതവും അകാലികവുമായ നിര്യാണം ഏറെ വേദനാജനകമാണ്‌. കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അഗർത്തലയിലെ ആശുപത്രിയിൽനിന്ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കൊൽക്കത്തയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, വ്യാഴം രാവിലെ ഏഴോടെ മരണം സംഭവിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1968ൽ പാർടി അംഗമായി. ത്രിപുരയിലെ പാർടി മുഖപത്രമായ ദേശേർ കഥയുടെ സ്ഥാപക എഡിറ്ററായുന്നു. 1979ലാണ് ദേശേർ കഥ ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. അതിനുമുമ്പ് അത് വാരികയായി പ്രസിദ്ധീകരിക്കുകയായിരുന്നപ്പോഴും അതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു. നൃപൻ ചക്രവർത്തിയുടെ മാർഗനിർദേശത്തിലാണ് ഗൗതം പ്രത്യയശാസ്ത്രരംഗത്തും മാധ്യമ മേഖലയിലും കൂടുതൽ കേന്ദ്രീകരിച്ചത്. ദീർഘകാലം ത്രിപുരയിൽ ഇടതുപക്ഷ മുന്നണിഭരണം തുടർന്നെങ്കിലും പാർടി നേതൃത്വത്തിന്റെ ഭാഗമായിരുന്ന ഗൗതം പാർലമെന്ററി പദവികളിൽ താൽപ്പര്യം കാട്ടിയില്ലെന്നത് എടുത്തുപറയേണ്ട തൊഴിലാളിവർഗ ഗുണവിശേഷമാണ്.

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായി ദേശേർ കഥയെ ഉയർത്തുന്നതിൽ ഗൗതം ദാസ് പ്രത്യേക ശ്രദ്ധ ചെലുത്തി. പാർടി ലഘുലേഖകളും പ്രചാരണസാമഗ്രികളും എഴുതുന്നതിലും സാംസ്കാരികരംഗത്ത് ഇടപെടുന്നതിലും മറ്റും ഇതോടൊപ്പം അദ്ദേഹം കൂടുതൽ താൽപ്പര്യമെടുത്തു. അഗർത്തല പ്രസ്‌ ക്ലബ്ബിന്റെ സ്ഥാപകനേതാവായ അദ്ദേഹം രണ്ട് സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപനത്തിലും ശാക്തീകരണത്തിലും വളരെ വലിയ പങ്കുവഹിച്ചു. ‘ഗണതാന്ത്രിക് ലേഖക് ഔർ ശിൽപ്പി സംഘട്ടൻ' ആണ് അതിലൊന്ന്. ‘ത്രിപുര സംസ്കൃതി സമന്വയ കേന്ദ്രമാണ് 'മറ്റൊന്ന്. രണ്ടാമത്തേതിന്റെ സ്ഥാപക സെക്രട്ടറിയായി ഗൗതം പ്രവർത്തിച്ചു. 1970ൽ തിരുവനന്തപുരത്തു നടന്ന എസ്എഫ്ഐ ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ ത്രിപുരയിൽനിന്നുള്ള വിദ്യാർഥിനേതാക്കളിൽ ഒരാളായി പങ്കെടുത്ത അദ്ദേഹം അന്നത്തെ ട്രെയിൻ യാത്രയെപ്പറ്റി ഒരു ഓർമ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരു സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്ന എബിവിപിക്കാർ, അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായി ട്രെയിനിൽ വരികയായിരുന്ന എസ്എഫ്ഐ സഖാക്കളെ മാരകമായി കടന്നാക്രമിച്ചു. വിവരമറിഞ്ഞെത്തിച്ചേർന്ന നാട്ടുകാരും സഖാക്കളും അക്രമികളായ വർഗീയ സംഘത്തെ പിന്തിരിപ്പിക്കുകയും പിന്മാറാൻ നിർബന്ധിതരാക്കുകയും ചെയ്തു. ആ തൽസമയ പ്രതികരണം വലിയ ആവേശത്തോടെയാണ് ഗൗതം അനുസ്മരിക്കാറുള്ളത് എന്നോർക്കുന്നു.

1986ൽ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലേക്കും 1994ൽ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2018ലാണ് ഗൗതം ദാസ്‌ പാർടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയിൽ പാർടി സഖാക്കൾക്കുനേരെ സംഘപരിവാർ നിരന്തരം നടത്തിക്കൊണ്ടിരുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ എപ്പോഴും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇൻ്റർനാഷണൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ സഹായമായിരുന്നു; വിശേഷിച്ച് അയൽരാജ്യമായ ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. അവിടെ കമ്മ്യൂണിസ്റ്റ് പാർടിയുമായും വർക്കേഴ്സ് പാർടിയുമായും സിപിഐ എം പുലർത്തുന്ന ഊഷ്മളമായ സൗഹാർദബന്ധം ശക്തിപ്പെടുത്തുന്നതിൽ, അദ്ദേഹത്തിന്‌ ആ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റിയുള്ള പ്രത്യേക പരിജ്ഞാനം വളരെ സഹായകമായിരുന്നു. അതുകൊണ്ടുതന്നെ ധാക്കയിൽ നടക്കുന്ന മിക്ക പരിപാടിക്കും 2015 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ ധൈര്യപൂർവം ഏകാംഗ പ്രതിനിധിയായി അയക്കാൻ കഴിയുമായിരുന്നു. ഗൗതം ദാസിന്റ നിര്യാണം പാർടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ്.

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.