Skip to main content

വ്യത്യസ്ത തലങ്ങളിൽ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തെ എല്ലാവർക്കും പ്രാപ്യമാക്കാൻ പ്രവർത്തിക്കുന്നതോടൊപ്പം രാജ്യത്ത് രൂപപ്പെട്ട പുതിയ സാധ്യതകളെക്കൂടി ഉപയോഗപ്പെടുത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്

ഈ വർഷത്തെ ബജറ്റ് അവതരണത്തിനുശേഷം കേരളത്തിൽ ഒരു പ്രത്യേക ചർച്ച ഒരുവിഭാഗം നടത്തുന്നുണ്ട്. എൽഡിഎഫിനും ആ മുന്നണിയെ നയിക്കുന്ന സിപിഐ എമ്മിന് പ്രത്യേകിച്ചും നയവ്യതിയാനം സംഭവിച്ചുവെന്നും സ്വകാര്യമേഖലയ്‌ക്ക് പരിഗണന നൽകുന്നതിലേക്ക് മാറിയെന്നുമാണ് ഈ പ്രചാരവേലയുടെ ഊന്നൽ. സിപിഐ എമ്മിന്റെ അഖിലേന്ത്യ നേതൃത്വത്തിന്റെ നയപരമായ നിലപാടിനെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഇവർ വാദിക്കുന്നു. സിപിഐ എമ്മും സർക്കാരും ഒന്നല്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതിനെ ഇക്കൂട്ടർ പരിഹസിക്കുകയും ചെയ്യുന്നു.

യഥാർഥത്തിൽ ഇത് പുതിയ പ്രചാരവേലയല്ല. 1957ൽ കമ്യൂണിസ്റ്റ് പാർടി നയിച്ച ആദ്യത്തെ സർക്കാർ അധികാരത്തിൽ വന്ന നാൾമുതൽ സമാനമായ പ്രചാരവേലകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ചുമതലയെടുക്കുന്നതിന് മുമ്പുതന്നെ, നിയുക്ത മുഖ്യമന്ത്രിയായ ഇ എം എസ് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുകയുണ്ടായി. “ഞാൻ രൂപീകരിക്കാൻ പോകുന്ന സർക്കാർ കമ്യൂണിസ്റ്റ് പാർടിയുടെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള അടിയന്തര പരിപാടി നടപ്പിൽ വരുത്തുന്ന ഒരു ഗവൺമെന്റായിരിക്കും. അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഗവൺമെന്റായിരിക്കുകയില്ല. ഞാൻ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിനാണ്. എന്നാൽ, ഈ ഗവൺമെന്റ്‌ അത്തരത്തിലുള്ള സമുദായം സ്ഥാപിക്കാൻ ശ്രമിക്കുകയില്ല. (ഇ എം എസ്, സമ്പൂർണ കൃതികൾ, സഞ്ചിക 18)

സാധ്യമായ ബദലുകൾ
ഇന്ത്യക്കകത്ത് അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതിയെ സംബന്ധിച്ച ശരിയായ കാഴ്ചപ്പാടാണ് ഇ എം എസ് അന്നേ പറഞ്ഞുവച്ചത്. കമ്യൂണിസം കെട്ടിപ്പടുക്കുന്നതിനു മാത്രമല്ല, സിപിഐ എമ്മിന്റെ എല്ലാ നയങ്ങളും നടപ്പാക്കാൻപ്പോലും സംസ്ഥാന സർക്കാരിനു കഴിയുകയില്ല. കേന്ദ്രനയങ്ങൾ നടപ്പാക്കുമ്പോൾ, രാജ്യത്തെ ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്ന്, സാധ്യമായ ബദൽപ്രയോഗങ്ങൾ മാത്രമേ കഴിയൂ. സംസ്ഥാനത്തിന് തനതായി അധികാരമുള്ള മേഖലകളിൽ തങ്ങളുടെ നയം നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യാം. ഇക്കാര്യം വളച്ചുകെട്ടലുകളില്ലാതെ ഇ എം എസ് അന്നേ വ്യക്തമാക്കിയിരുന്നു. “ഔപചാരികമായി നോക്കിയാൽ കമ്യൂണിസ്റ്റ് പാർടിയുടെ ഏകകക്ഷി ഗവൺമെന്റാണെങ്കിലും അതിന്റെ പ്രവർത്തനം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയെന്ന നിലയിലായിരിക്കും. കോൺഗ്രസ് മന്ത്രിസഭകൾ നടപ്പാക്കാൻ കൂട്ടാക്കാത്ത കോൺഗ്രസ് നയങ്ങൾ നടപ്പിൽ വരുത്തുകയാണ് അല്ലാതെ കമ്യൂണിസ്റ്റ് പാർടിയുടെ നയങ്ങൾ നടപ്പിൽ വരുത്തലല്ല കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നയസമീപനമെന്ന് പ്രഖ്യാപിക്കപ്പെട്ടു'' (ഇ എം എസ്, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം പേജ് 139,140) .

ഈ കാഴ്ചപ്പാടിലാണ് ആ സർക്കാർ എല്ലാ മേഖലകളിലും നയങ്ങൾ ആവിഷ്കരിച്ചത്. അവയിൽ പലതിനെയും വിപ്ലവകരമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാർഥത്തിൽ രാജ്യത്ത് സർക്കാർ പ്രയോഗത്തിൽ കൊണ്ടുവരാത്ത കോൺഗ്രസിന്റെ നയങ്ങൾതന്നെയായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ സ്വകാര്യ സ്വത്തിനെ ഇല്ലാതാക്കലാണ് കമ്യൂണിസ്റ്റ് പാർടിയുടെ പരിപാടിയെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചവരാണ് ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുന്ന പരിഷ്കരണം നടപ്പാക്കിയത്. അന്നത്തെ കാലത്ത് മാത്രമല്ല, ഇന്നും ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ പരിഷ്കാരങ്ങളിലൊന്നാണത്. പക്ഷേ, ഭൂരിപക്ഷം സംസ്ഥാനങ്ങളും യഥാർഥത്തിൽ അത് നടപ്പാക്കിയില്ലെന്നുമാത്രം.

രാജ്യത്തെ വ്യവസായ നയത്തിനെ ആധാരമാക്കിയാണ് ഇ എം എസ് സർക്കാർ സംസ്ഥാന നയവും നടപ്പാക്കിയത്. ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങൾമാത്രം പൊതുമേഖലയിൽ ആരംഭിക്കുകയും മറ്റു വ്യവസായങ്ങളെല്ലാം സ്വകാര്യമേഖലയ്‌ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതായിരുന്നു ആദ്യ സർക്കാരിന്റെ നയം. പിപിപിയൊന്നും ചിന്തയിൽ വരാത്ത ആകാലത്ത് സ്വകാര്യ വ്യവസായങ്ങളുടെ മൊത്തം ഓഹരിയിൽ ചെറുതല്ലാത്ത വിഹിതം സർക്കാർ എടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവഴി സ്വകാര്യ സംരംഭകർക്ക് ആത്മവിശ്വാസം പകരുകയാണ് ചെയ്തത്.

വിദേശമൂലധനത്തോടുള്ള സമീപനം
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതിയെന്ന് ചൈനയിൽ ദെങ് സിയാവോ പിങ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കേരളത്തിൽ ഇ എം എസ് വിദേശ മൂലധനത്തോടുള്ള സമീപനം വ്യക്തമാക്കി. “വ്യവസായവും കച്ചവടവും വളർത്താനും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മുതലാളിമാരെ പ്രോത്സാഹിപ്പിക്കും. പാർടിയെ സംബന്ധിച്ചാണെങ്കിൽ എവിടെനിന്നുള്ള മൂലധനവും അമേരിക്കൻ മൂലധനത്തെക്കൂടി സ്വാഗതം ചെയ്യുന്നതാണ്. എന്നാൽ, അത് ന്യായമായ വ്യവസ്ഥകളിലായിരിക്കണമെന്നുമാത്രം''(ഇ എം എസ് സമ്പൂർണ കൃതികൾ സഞ്ചിക 18). മുതലാളിത്ത വികസനം നടപ്പാക്കുന്ന രാജ്യത്തിനകത്തെ സംസ്ഥാന സർക്കാരിന് സാധ്യമായ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തി അമേരിക്കൻ മൂലധനത്തെവരെ സ്വാഗതം ചെയ്യാനാണ് ആദ്യ ഇ എം എസ് സർക്കാർ ശ്രമിച്ചത്. ഈ നയത്തിന്റെകൂടി ഭാഗമായാണ് കുത്തകയായ ബിർളയെ ക്ഷണിച്ച്, ആവശ്യമായ ഇളവുകൾ നൽകി കേരളത്തിൽ വ്യവസായം ആരംഭിച്ചത്.

ഈ അടിസ്ഥാന കാഴ്ചപ്പാടിൽനിന്നുതന്നെയാണ് പിന്നീട് കേരളത്തിലും ബംഗാളിലും ത്രിപുരയിലും അധികാരത്തിൽ വന്ന ഇടതു സർക്കാരുകൾ പ്രർത്തിച്ചതും. നവ ഉദാരവൽക്കരണ നയം രാജ്യത്ത് നടപ്പാക്കുന്നതിനെ എതിർക്കുമ്പോൾത്തന്നെ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ട സമീപനം നയപരമായ പ്രശ്നങ്ങളായി കണ്ട് പാർടി രേഖകൾ അംഗീകരിച്ചതും ഈ സമീപനത്തിൽത്തന്നെയാണ്.

ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിൽ വിദേശ സർവകലാശാലകളെ സംബന്ധിച്ച് പരിശോധിക്കുമെന്ന് പരാമർശിക്കുന്ന സന്ദർഭത്തിൽ ധനമന്ത്രി ഒരു വ്യവസ്ഥകൂടി കൃത്യമായും കൂട്ടിച്ചേർത്തത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. സുതാര്യതയിലും തുല്യതയിലും വിട്ടുവീഴ്ച ചെയ്യാതെയുള്ള സാധ്യതകൾ പരിശോധിക്കുമെന്നാണ് വ്യക്തമാക്കിയത്. ഇതോടൊപ്പം സ്വകാര്യ സർവകലാശാലകൾകൂടി ആരംഭിക്കുമെന്ന് സൂചിപ്പിച്ചതോടെ ആദ്യം സൂചിപ്പിച്ച പ്രചാരവേല ശക്തമായി. വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനത്തെ എതിർത്തവർക്ക് എങ്ങനെ ഈ നയം നടപ്പാക്കാൻ കഴിയുമെന്ന് അനുബന്ധ ചോദ്യവും ഉയർത്തുകയുണ്ടായി. പൊതുവെ വിദേശമൂലധനത്തെ ഉൾപ്പെടെ സ്വാഗതംചെയ്ത ഘട്ടത്തിലും വിദ്യാഭ്യാസരംഗത്ത് അത്തരം നിലപാട് സ്വീകരിച്ചില്ലെന്നത് യാഥാർഥ്യമാണ്. അതിനൊരു പശ്ചാത്തലവുമുണ്ടായിരുന്നു. 1976ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാഭ്യാസം കൺകറന്റ്‌ ലിസ്റ്റിലേക്ക് മാറ്റിയിരുന്നെങ്കിലും സർവകലാശാലകളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാന ലിസ്റ്റിൽത്തന്നെ തുടർന്നിരുന്നു. അതുകൊണ്ട് യൂണിയൻ ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ നയങ്ങൾ അതുപോലെ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല. എന്നാൽ, സമീപ കാലത്ത് സുപ്രീംകോടതിയുടെ വിധികൾ ഈ സാഹചര്യത്തിൽ മാറ്റം വരുത്തി. സംസ്ഥാന നിയമങ്ങൾക്ക് മുകളിലാണ് യുജിസി വ്യവസ്ഥകൾ എന്ന സ്ഥിതിവന്നു. സംസ്ഥാന സർക്കാരിന്റെയോ സർവകലാശാലയുടെയോ നിരാക്ഷേപ പത്രം (എൻഒസി) പോലുമില്ലാതെ ഏതു കോളേജും സ്വയംഭരണ കോളേജാക്കി യുജിസിക്ക് പ്രഖ്യാപിക്കാം. സംസ്ഥാന സർക്കാരുകൾ അറിയാതെ ഡീംഡ് ടു ബി സർവകലാശാലകൾ ആരംഭിക്കാം. ഇത്തരം സാഹചര്യത്തിൽ സുതാര്യതയും തുല്യതയും സാധ്യമായ രീതിയിൽ ഉറപ്പുവരുത്താൻകൂടി കഴിയുന്ന നിയമങ്ങൾ, യുജിസിയുടെ പൊതു വ്യവസ്ഥകൾക്ക് വിരുദ്ധമാകാതെ എത്രമാത്രം സാധ്യമാകുമെന്നാണ് ഇടതുപക്ഷ സർക്കാർ ആലോചിക്കുന്നത്.

വിദേശ സർവകലാശാലകൾ രാജ്യത്ത് ആദ്യമായി വരുന്നത് അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റിയിലാണ്. അറിവ് അധിഷ്ഠിത വ്യവസായങ്ങൾക്കൊപ്പം ധനസ്ഥാപനങ്ങളും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. പലതിനും അന്താരാഷ്ട്ര നിയമങ്ങളാണ് ബാധകം. കേന്ദ്രവും സംസ്ഥാനവും പങ്കാളിത്തം വഹിക്കുന്ന എസ്‌പിവിയുടെ പൂർണ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ ഗിഫ്റ്റ് സിറ്റി കേരളത്തിലാണ് വരുന്നത്. കൊച്ചി – -ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാണിത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെതന്നെ ഗിഫ്റ്റ് സിറ്റിയിൽ വിദേശ സർവകലാശാലകൾക്ക് പ്രവർത്തിക്കാൻ കഴിയും. ഇതെല്ലാം മുൻകൂട്ടി കണ്ട് സുതാര്യതയും തുല്യതയും എത്രമാത്രം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നാണ് പരിശോധിക്കുന്നത്.

സ്വകാര്യമൂലധനവും സ്വകാര്യവൽക്കരണവും
സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതും സ്വകാര്യവൽക്കരണ നടപടിയും രണ്ടാണ്. പൊതുമേഖലയെ കൈയൊഴിഞ്ഞ് ഒരു മേഖലയുടെ പൂർണ നിയന്ത്രണം സ്വകാര്യ മൂലധനത്തിന് വിട്ടുനൽകാനാണ് സ്വകാര്യവൽക്കരണത്തിലൂടെ ശ്രമിക്കുന്നത്. വിദേശവും തദ്ദേശീയവുമായ സ്വകാര്യ മൂലധന സാധ്യതകൾ ഉന്നത വിദ്യാഭ്യാസരംഗത്ത് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ച ഈ സർക്കാർതന്നെയാണ് ഏറ്റവും കൂടുതൽ വകയിരുത്തൽ ഉന്നത വിദ്യാഭ്യാസരംഗത്ത് നടത്തുന്നത്. ഏറ്റവും നൂതനമായ കോഴ്സുകൾ പഠിപ്പിക്കുന്ന ഡിജിറ്റൽ സർവകലാശാല രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ചത് കേരളത്തിലാണ്. സർക്കാർ സർവകലാശാലകളുടെ മുൻകൈയിൽ സയൻസ് പാർക്കുകൾ എന്ന പുതിയ ലോകോത്തര കാഴ്ചപ്പാട് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചതും ഇതേ സർക്കാരാണ്. അതിന്റെ ഭാഗമായി ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണം നടന്നുവരുന്നു. എല്ലാ സർവകലാശാലകളുടെയും നാക് ഗ്രേഡിങ് ഉയർന്നതും സർക്കാർ പിന്തുണയോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമാണ്. വൈജ്ഞാനിക മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെ വികാസത്തുടർച്ചയ്‌ക്ക് സർക്കാർ മുൻകൈയിൽ സെന്റർ ഓഫ് എക്സലൻസുകൾ ആരംഭിച്ചതും ഇവിടെത്തന്നെയാണ്. ഏതു സാമ്പത്തിക, സാമൂഹ്യ വിഭാഗത്തിൽപ്പെട്ടവർക്കും ഈ നൂതന കോഴ്സുകളിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. അതോടൊപ്പം പുതുതലമുറ കോഴ്സുകൾ സർക്കാർ, എയ്ഡഡ് കോളേജുകളിലും ആരംഭിക്കുന്നു.

സാമ്പത്തികമായി മെച്ചപ്പെട്ടവരും വായ്പയെടുക്കാൻ കഴിയുന്നവരുമായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കാൻ വിദേശത്ത് പോകുന്ന പ്രവണത രാജ്യത്താകെയുണ്ട്. എന്നാൽ, എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദേശത്ത് പഠിക്കുന്നതിനും സാമ്പത്തിക പിന്തുണ നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തെ എല്ലാവർക്കും പ്രാപ്യമാക്കാൻ പ്രവർത്തിക്കുന്നതോടൊപ്പം രാജ്യത്ത് രൂപപ്പെട്ട പുതിയ സാധ്യതകളെക്കൂടി ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ വിഭാഗവുമായി ചർച്ച ചെയ്തും വിദഗ്ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലും സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കകത്തുനിന്ന് സുതാര്യമായി സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതിനാണ്‌ ഈ സർക്കാർ ശ്രമിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് സർക്കാർ തയ്യാറാകുന്നില്ലെന്ന് അധിക്ഷേപിച്ചവരാണ് പെട്ടെന്ന് തീവ്ര ഇടതുപക്ഷ വാചകമടിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നതുകൂടി കാണേണ്ടതുണ്ട്. കേരള വിരുദ്ധതയുടെ ഈ രാഷ്ട്രീയം നാട് തിരിച്ചറിയുകതന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.