നവകേരളത്തിനായുള്ള പുതുവഴികളിൽ നാഴികക്കല്ലാണ് വിഴിഞ്ഞം തുറമുഖം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് ഈ തുറമുഖം നാടിന് സമർപ്പിച്ചപ്പോൾ ലോക സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളവും ഇടം നേടുകയായിരുന്നു. സിംഗപ്പുർ, കൊളംബോ തുടങ്ങിയ തുറമുഖങ്ങളോട് കിടപിടിക്കുന്ന വാണിജ്യ തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ കേരളത്തിന്റെ വാണിജ്യകവാടമാണ് തുറക്കപ്പെടുന്നത്. രാജ്യത്തെ ചരക്കുനീക്കത്തിന്റെ സിരാകേന്ദ്രമായി ഇനി വിഴിഞ്ഞം മാറും. രാജ്യത്തിനുതന്നെ അഭിമാനസ്‌തംഭമായ ഈ പദ്ധതിയുടെ വിജയം സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെയും ജനങ്ങളുടെയും വിജയമായി ചരിത്രം രേഖപ്പെടുത്തും.
നാല് സുപ്രധാന ഘടകങ്ങളാണ് തുറമുഖത്തെ ലോകോത്തരമാക്കുന്നത്. അതിലൊന്ന് അതിന്റെ സ്വാഭാവികമായ 18–20 മീറ്റർ ആഴമാണ്. അതിനാൽ വലിയ കപ്പലുകൾക്ക് ഡ്രഡ്‌ജിങ് നടത്താതെ തീരമടുക്കാൻ കഴിയും. ലോകത്ത് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്യുന്ന (3.7 കോടി ടിഇയു -ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി വലിപ്പമുള്ള കണ്ടെയ്നർ) തുറമുഖങ്ങളിലൊന്നായ സിംഗപ്പുരിന് സമാനമായ ആഴമാണിത്. 1.9 കോടി ടിഇയു ചരക്ക് കൈകാര്യം ചെയ്യുന്ന യുഎഇയിലെ ജബൽ അലി തുറമുഖത്തുപോലും 16-18 മീറ്റർ ആഴം മാത്രമാണുള്ളത്. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ മുംബൈയിലെ ജവാഹർലാൽ നെഹ്റു, ഗുജറാത്തിലെ മുന്ദ്ര, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലെല്ലാം വലിയ കപ്പലുകൾ അടുക്കണമെങ്കിൽ നിരന്തരം ഡ്രഡ്‌ജിങ് ആവശ്യമാണ്. വിഴിഞ്ഞം പദ്ധതി പൂർത്തിയായാൽ 2000 മീറ്റർ ബർത്തിൽ ഒരേസമയം അഞ്ച് മദർഷിപ്പ്‌വരെ അടുപ്പിക്കാനാകും. സ്വാഭാവികമായും ലോകത്തിലെ പ്രധാന ചരക്കുഗതാഗത കേന്ദ്രമായി വിഴിഞ്ഞം മാറും.
മറ്റൊരു പ്രധാന പ്രത്യേകത ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും നടക്കുന്ന ഏഷ്യ–യൂറോപ് രാജ്യാന്തര കപ്പൽ പാതയുമായി ഏറ്റവും അടുത്തു കിടക്കുന്ന രാജ്യത്തെ തുറമുഖമാണ് വിഴിഞ്ഞം എന്നതാണ്. 10 നോട്ടിക്കൽ മൈൽ ദൂരമാണ് ഈ പാതയുമായി വിഴിഞ്ഞത്തിനുള്ളത്. കൊളംബോപോലും 30 നോട്ടിക്കൽ മൈൽ ദൂരെയാണ്. മുന്ദ്ര 250 നോട്ടിക്കൽ മൈൽ അകലെയാണ്. രാജ്യാന്തര കപ്പൽ പാതയിലാണ് സിംഗപ്പുർ എന്നതാണ് ലോകത്തിലെ പ്രധാന ചരക്കു ഗതാഗത കേന്ദ്രമായി ആ തുറമുഖം മാറാനുള്ള കാരണം. സ്വാഭാവികമായും കപ്പൽ പാതയുമായുള്ള സാമീപ്യം വിവിധ ആവശ്യങ്ങൾക്കായി കപ്പലുകളെ വിഴിഞ്ഞത്തേക്ക് നയിക്കും.
അതുപോലെതന്നെ രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖവും ആദ്യ ഓട്ടോമേറ്റഡ് തുറമുഖവുമാണ് വിഴിഞ്ഞം. ഒരു കപ്പലിലെത്തുന്ന ചരക്കുകൾ മറ്റ് കപ്പലിലേക്ക് മാറ്റി കയറ്റാനുള്ള സൗകര്യമുള്ള തുറമുഖമാണ് ഇതെന്നർഥം. ഓട്ടോമേറ്റഡ് ആയതിനാൽ ഈ പ്രവൃത്തിക്ക് വേഗവും ലഭിക്കും. സ്വാഭാവികമായും വൻ കപ്പലുകൾ ഉൾപ്പെടെ ഈ തീരമടുക്കും. തുറമുഖത്തിന്റെ പ്രവർത്തനം പൂർണ സജ്ജമാകുന്നതോടെ ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ സിംഹഭാഗവും വിഴിഞ്ഞം വഴിയാകും. നിലവിൽ ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖം വഴിയാണ്. വർഷത്തിൽ 50 ലക്ഷം ടിഇയു ശേഷിയാണ് വിഴിഞ്ഞത്തിന് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ 15 ലക്ഷം ടിഇയു ശേഷിയാണുള്ളത്. ഡിസംബർ മൂന്നിന് കൊമേഴ്‌സ്യൽ ഓപ്പറേഷൻ തുടങ്ങി അഞ്ച് മാസത്തിനകം 283 കപ്പലുകൾ വിഴിഞ്ഞത്തെത്തി. ആറു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 15 ലക്ഷം ടിഇയു എന്ന ഇപ്പോഴത്തെ ലക്ഷ്യം എളുപ്പം കൈവരിക്കാൻ കഴിയുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. കൊളംബോ തുറമുഖത്തിന് 70 ലക്ഷം ടിഇയു ശേഷിയാണുള്ളത്. രണ്ടാംഘട്ട പ്രവർത്തനം പൂർത്തിയാകുന്നതോടെതന്നെ 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്.
തുറമുഖത്തിന്റെ മറ്റൊരു പ്രത്യേകത മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ജേഡ് സർവീസ് ശൃംഖലയിൽ ഉൾപ്പെടുത്തി എന്നതാണ്. കപ്പൽ ചരക്കുഗതാഗത മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണിത്. വലിയ കപ്പലുകൾക്ക് നങ്കൂരമിടാനും കാര്യക്ഷമമായി കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമേ എംഎസ്‌സി ജേഡ് സർവീസിൽ ഉൾപ്പെടുത്തൂ. ഈ സർവീസിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക തുറമുഖവും വിഴിഞ്ഞമാണ്. ഇതിന്റെ ഫലമായി കൂടുതൽ കപ്പലുകൾ തുറമുഖത്തെത്തും. ഇത് വരുമാന വർധനയ്ക്ക് വഴിവയ്ക്കും.
വിഴിഞ്ഞം തുറമുഖത്തിനൊപ്പം ഈ നാടും വികസിക്കണമെന്ന കാഴ്‌ചപ്പാടാണ് എൽഡിഎഫിനുള്ളത്. അതിന്റെ ഭാഗമായാണ് വിഴിഞ്ഞത്ത് ലോജിസ്റ്റിക്കൽ ടൗൺഷിപ്പും കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്ബും കാട്ടാക്കട ഗ്രീൻ ആൻഡ് സ്‌മാർട്ട് ഇൻഡസ്ട്രി ഹബ്ബും കിളിമാനൂരിലും കല്ലമ്പലത്തും ആഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് ഹബ്ബും വിഭാവനം ചെയ്തത്. വിഴിഞ്ഞം–- നാവായിക്കുളം ഇടനാഴിയും ഇതിന്റെ ഭാഗമാണ്. തുറമുഖത്തേക്കും പുറത്തേക്കും കണ്ടെയ്നറുകളുടെ നീക്കം ത്വരിതവേഗത്തിലാക്കുകയാണ് ഇടനാഴിയുടെ ലക്ഷ്യം. ഇടനാഴിയുടെ വശങ്ങളിൽ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ഈ ഹബ്ബുകൾ ഉയരുക. സ്ഥലം വിട്ടുനൽകുന്നവരെ പങ്കാളിയാക്കുന്ന ലാൻഡ് പൂളിങ് സംവിധാനമാണ് നടപ്പാക്കുക. ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ഇതിനകം 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുതുതായി രൂപം കൊള്ളാൻ പോകുന്ന നഗരവികസനത്തിന്റെ നട്ടെല്ലായി ഇതു മാറും. തിരുവനന്തപുരത്തിന്റെ മുഖച്ഛായ ഇതോടെ മാറും.
ചൈനയിലെ ഷെൻഷെൻ, ഷാങ്ഹായ്, തെക്കൻ കൊറിയയിലെ ഇഞ്ചിയോൺ എന്നിവപോലെ വൻ തുറമുഖ നഗരമായി തിരുവനന്തപുരം മാറും. കഴിഞ്ഞ നാല് ദശാബ്‌ദത്തിനിടയിൽ ചൈന നേടിയ അഭൂതപൂർവമായ സാമ്പത്തിക വളർച്ചയ്ക്കു പിന്നിൽ തുറമുഖ നഗരങ്ങൾ വഹിച്ച പങ്ക് പ്രസിദ്ധമാണ്. സമാനമായ വികസനത്തിലേക്ക് കേരളത്തെ നയിക്കാൻ വിഴിഞ്ഞം തുറമുഖത്തിനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സ്വപ്‌നം യാഥാർഥ്യമാകണമെങ്കിൽ വിഴിഞ്ഞത്തിന് റെയിൽവേയുമായും വിമാനത്താവളവുമായും ബന്ധം സ്ഥാപിക്കപ്പെടണം. അതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞത്തെത്തുന്ന ചരക്കുകളുടെ 30 ശതമാനം റെയിൽവേ വഴി കൈകാര്യം ചെയ്യാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. റെയിൽ വ്യോമ ബന്ധം യാഥാർഥ്യമാകുന്നതോടെ കയറ്റുമതിയും ഇറക്കുമതിയും വർധിക്കും. അതുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളും ഈ മേഖലകളിൽ സ്ഥാപിക്കപ്പെടും. ചുരുങ്ങിയത് മൂന്നു ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടും. വിഴിഞ്ഞം തുറമുഖത്തുമാത്രം 774 പേർക്ക് ഇതിനകം നേരിട്ട് തൊഴിൽ ലഭിച്ചു. അതിൽ 534 പേർ (68 ശതമാനം) കേരളത്തിൽനിന്നുള്ളവരാണ്. ഇതിൽത്തന്നെ 286 പേർ (37 ശതമാനം) വിഴിഞ്ഞം നിവാസികളുമാണ്.
വിഴിഞ്ഞത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഒരു സംസ്ഥാന സർക്കാരിന് കൂടുതൽ നിക്ഷേപമുള്ള പദ്ധതിയാണ് ഇതെന്നതാണ്. ഒന്നാംഘട്ടത്തിന് മൊത്തം ചെലവ് 8686.80 കോടി രൂപയാണ്. ഇതിൽ 5370.86 കോടി രൂപ കേരള സർക്കാരാണ് നിക്ഷേപിച്ചിട്ടുള്ളത്. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുത്ത അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് കമ്പനി 2497 കോടി രൂപയാണ് വഹിച്ചത്. കേന്ദ്രം നേരിട്ട് ചില്ലിക്കാശുപോലും തന്നിട്ടില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ 818 കോടി രൂപയാണ് കേന്ദ്ര വിഹിതം. അതും വായ്‌പയായാണ്. മൊത്തം ചെലവിന്റെ ഒമ്പതു ശതമാനം മാത്രമാണിത്. എന്നിട്ടാണ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന മട്ടിൽ പത്രങ്ങളിൽ പരസ്യം നൽകിയത്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ ഇതുകൊണ്ടൊന്നും പറ്റിക്കാമെന്ന് കരുതേണ്ട എന്നു മാത്രമേ പറയുന്നുള്ളൂ.
ആദ്യം പദ്ധതിയെ എതിർക്കുകയും ബോധപൂർവം വൈകിപ്പിക്കുകയും ചെയ്തവർ ഇപ്പോൾ തങ്ങളാണ് പദ്ധതിയുടെ ഉപജ്ഞാതാക്കൾ എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് കോൺഗ്രസും മറുഭാഗത്ത് ബിജെപിയുമാണ് ഈ അവകാശവാദം ഉയർത്തുന്നത്. പതിവ് മാനദണ്ഡം ലംഘിച്ച് പഞ്ചായത്ത് മെമ്പറുപോലുമല്ലാത്ത വ്യവസായിയായ ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് ശരിയായ നടപടിയല്ല, ജനാധിപത്യത്തിന് ഭൂഷണമല്ല. അദ്ദേഹമാകട്ടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായിട്ടും രണ്ട് മണിക്കൂർ മുമ്പെത്തി ഏകനായി വേദിയിലിരിക്കുകയും മോദിസർക്കാരിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് ചടങ്ങിന്റെ അന്തസ്സ് കെടുത്താനും ശ്രമിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഗാർഡുകൾ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇത്. മറ്റേതെങ്കിലും കക്ഷിനേതാവോ ജനപ്രതിനിധിയോ ആണ് ഇങ്ങനെ പെരുമാറിയതെങ്കിൽ "വൻ സുരക്ഷാ വീഴ്ച’ എന്നായിരിക്കില്ലേ ആഖ്യാനം. കേരളം ലോകോത്തര വികസനലക്ഷ്യം നേടുന്ന വേളയിൽ സംസ്ഥാനത്തെ നാണം കെടുത്തുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തം.
പ്രതിപക്ഷ നേതാവാകട്ടെ ക്ഷണമുണ്ടായിട്ടും പരിപാടിയിൽ പങ്കെടുക്കാതെ വികസിത കേരളത്തിന് എതിരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി പ്രതിനിധി വളഞ്ഞ വഴിയിൽ സദസ്സിലെത്തി ചെയ്തതും നേരായ വഴിയിൽ സദസ്സിൽ ഇരിപ്പിടമുണ്ടായിട്ടും അത് ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാവ് ചെയ്തതും ഒരേ കാര്യമാണ്. വികസിത കേരളത്തിനു നേരെ കൊഞ്ഞനം കുത്തുകയായിരുന്നു ഇരുവരും. കേന്ദ്ര അവഗണനയും പ്രകൃതിക്ഷോഭങ്ങളും പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങളും കോവിഡും അതിജീവിച്ച് പദ്ധതി യാഥാർഥ്യമായത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായാണ്. ആരാണ് പദ്ധതിയെ എതിർത്തത്, താമസിപ്പിക്കാൻ ശ്രമിച്ചത് എന്ന കാര്യത്തെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതേക്കുറിച്ച് നാളെ.
