Skip to main content

ഇടതുപക്ഷംകൂടി ഭാഗമായ ഇന്ത്യ കൂട്ടായ്‌മ വൻ മുന്നേറ്റം നടത്തുമെന്ന്‌ കണ്ടതോടെയാണ്‌ മോദി കടുത്ത വർഗീയ പ്രചാരണത്തിലേക്ക്‌ നീങ്ങിയത്‌

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന്‌ ഘട്ടം പൂർത്തിയായിരിക്കുന്നു. 543 അംഗ പാർലമെന്റിൽ 284 സീറ്റിലെ (52 ശതമാനം) വോട്ടെടുപ്പ്‌ പൂർത്തിയായി. മൂന്ന്‌ ഘട്ടത്തിലും വോട്ടെടുപ്പ്‌ കുത്തനെ കുറഞ്ഞത്‌ പല വ്യാഖ്യാനങ്ങൾക്കും ഇടം നൽകിയിരിക്കുകയാണ്‌. അതിൽ ഏറ്റവും പ്രധാനം ബിജെപിക്കും മോദിക്കും അനുകൂലമായ ഒരു തരംഗം ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമല്ല എന്നതാണ്‌. 2014ലും 2019ലും മോദിക്ക്‌ അനുകൂലമായി കണ്ട ജനവികാരം ഇക്കുറി ഹിന്ദി മേഖലയിൽപ്പോലും ദൃശ്യമല്ല. ‘അഛേ ദിൻ’ നൽകുമെന്നു പറഞ്ഞാണ്‌ മോദി അധികാരത്തിൽ വന്നത്‌. പുൽവാമ, ബലാകോട്ട്‌ വിഷയം ഉയർത്തി രാജ്യസുരക്ഷ പ്രധാന വിഷയമാക്കിയാണ്‌ 2019ൽ മോദി തുടർഭരണം നേടിയത്‌.

ഇക്കുറി ‘മോദി ഗ്യാരന്റി’ എന്ന മുദ്രാവാക്യമുയർത്തി മോദി എന്ന വ്യക്തിയിൽ കേന്ദ്രീകരിച്ചാണ്‌ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചത്‌. എന്നാൽ, 10 വർഷത്തെ ഭരണത്തിനിടയിൽ മോദി നൽകിയ ഒരു വാഗ്ദാനവും പാലിക്കാത്തതിനാൽ "മോദി ഗ്യാരന്റി'യിൽ വിശ്വാസമർപ്പിക്കാൻ ജനങ്ങൾ തയ്യാറായില്ല. വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത്‌ 15 ലക്ഷംരൂപ വീതം ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നും ഓരോവർഷവും രണ്ടു കോടി തൊഴിൽ നൽകുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പറഞ്ഞ്‌ അധികാരമേറിയ മോദി ഒരു വാഗ്ദാനംപോലും നടപ്പാക്കിയില്ല. അഴിമതി, കുടുംബരാഷ്ട്രീയം തുടങ്ങി മോദി ഉയർത്തിയ മുദ്രാവാക്യങ്ങളുടെ നിരർഥകതയും ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഇലക്ടറൽ ബോണ്ട്‌ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്‌. 8000 കോടിയിലധികം രൂപ ഇതുവഴി ബിജെപി കീശയിലാക്കി. ബിഹാറിൽ പസ്വാൻ കുടംബം, യുപിയിൽ അനുപ്രിയ പട്ടേൽ, കർണാടകത്തിൽ യെദ്യൂരപ്പ, മഹാരാഷ്ട്രയിൽ അജിത്‌ പവാർ തുടങ്ങി കുടുംബരാഷ്ട്രീയക്കാരെ കൂടെനിർത്തിയാണ് മോദി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പറയുന്നത്‌ ഒന്ന്‌ പ്രവർത്തിക്കുന്നത്‌ മറ്റൊന്ന് എന്ന പ്രതിച്ഛായയാണ്‌ മോദിക്കും ബിജെപിക്കുമുള്ളത്‌. അതോടൊപ്പം വിലക്കയറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയും പരിഹരിക്കാൻ ഒരു പദ്ധതിയും മുന്നോട്ടുവയ്‌ക്കാൻ മോദിക്ക്‌ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ, മോദിക്ക്‌ അനുകൂലമായ വികാരം എവിടെയും ദൃശ്യമല്ല. പല സംസ്ഥാനങ്ങളിലും മോദിക്കും ബിജെപിക്കുമെതിരായ വികാരം ശക്തമാണെന്നും മാധ്യമറിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും ബിജെപി വൻ മുന്നേറ്റം നടത്തിയ ഹിന്ദി സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലും ബിജെപിക്ക്‌ വൻ നഷ്ടമുണ്ടാകുമെന്നാണ്‌ റിപ്പോർട്ട്‌. യോഗേന്ദ്ര യാദവിന്റെ നിരീക്ഷണമനുസരിച്ച്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ വോട്ടെടുപ്പ് പൂർത്തിയായ 284 സീറ്റിൽ 40‐ 45 സീറ്റ്‌ ബിജെപിക്ക്‌ കുറയുമെന്നാണ്‌. ഇപ്പോൾ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ 284 സീറ്റിൽ 166 എണ്ണം നിലവിൽ ബിജെപിയുടേതായിരുന്നു. അതിൽ 40 സീറ്റ്‌ കുറഞ്ഞാൽത്തന്നെ ബിജെപിക്ക്‌ തനിച്ച്‌ ഭൂരിപക്ഷം ലഭിക്കില്ലെന്ന്‌ ഉറപ്പിക്കാം.

പ്രധാനമായും ആറ്‌ സംസ്ഥാനങ്ങളിലാണ്‌ ഇക്കുറി ബിജെപിക്ക്‌ ചോർച്ചയുണ്ടാകുകയെന്നാണ് നിരീക്ഷണം. മഹാരാഷ്ട്രയിൽ ഇന്ത്യ കൂട്ടായ്‌മയ്‌ക്കനുകൂലമായ, അതായത്‌ ഉദ്ധവ്‌ താക്കറെയ്‌ക്കും ശരദ്‌ പവാറിനും അനുകൂലമായ വികാരമാണ്‌ ജനങ്ങൾക്കുള്ളതെന്നാണ്‌ പല മാധ്യമപ്രവർത്തകരും റിപ്പോർട്ട്‌ ചെയ്യുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 48 സീറ്റിൽ 42 സീറ്റും നേടിയത്‌ എൻഡിഎ ആയിരുന്നു. ഇക്കുറി പകുതി സീറ്റ് ബിജെപി സഖ്യത്തിന്‌ നഷ്‌ടമാകുമെന്നാണ്‌ വിലയിരുത്തൽ. ഗുജറാത്തിൽപ്പോലും ബിജെപിക്ക്‌ ഇക്കുറി 26ൽ 26 സീറ്റും ലഭിക്കില്ലെന്നാണ്‌ 4 pm പോലുള്ള യുട്യൂബ് ചാനലുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്തെങ്കിലും രാജസ്ഥാനിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത്‌ അരഡസനിലധികം സീറ്റെങ്കിലും ബിജെപിക്ക്‌ നഷ്ടപ്പെടുമെന്നാണ്‌ റിപ്പോർട്ട്‌. കർഷകസമരവും ജാട്ട് - രജപുത്ര വിഭാഗങ്ങളിൽ വളർന്നുവന്ന ബിജെപിവിരുദ്ധ വികാരവുമാണ്‌ ഇതിന് കാരണം. ഹരിയാനയിലും പശ്ചി‌മ യുപിയിലും ഇതേ ഘടകം ബിജെപിക്കെതിരായി പ്രവർത്തിക്കുന്നുണ്ട്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റിയെഴുതപ്പെടുമെന്നും അതോടെ സംവരണാനുകൂല്യങ്ങൾ ഇല്ലാതാകുമെന്ന ഭീതി ദളിത്‌ ആദിവാസി ജനവിഭാഗങ്ങളെയും ബിജെപിക്കെതിരായി തിരിച്ചിട്ടുണ്ടെന്ന വാർത്തയും വരുന്നുണ്ട്‌. ബിഹാറിലും ബിജെപിക്ക്‌ ഇക്കുറി തിരിച്ചടിയുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റും നേടിയ എൻഡിഎയ്‌ക്ക്‌ വലിയ നഷ്ടംതന്നെ ഉണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. നിതീഷ്‌ കുമാറിന്റെ ആവർത്തിച്ചുള്ള കാലുമാറ്റം അദ്ദേഹത്തിലുള്ള ജനവിശ്വാസം ചോർത്തിക്കളഞ്ഞിട്ടുണ്ട്‌. എൻഡിഎയിൽ നിതീഷ്‌കുമാറും ചിരാഗ്‌ പാസ്വാനും തുടരുന്ന ശീതസമരം ഇരുവിഭാഗത്തിന്റെയും വോട്ട്‌ പരസ്‌പരം ചോർത്തുന്നുവെന്നാണ് വിലയിരുത്തൽ. യുപിയിലും കഴിഞ്ഞ തവണ നേടിയ 64 സീറ്റ് നിലനിർത്താൻ എൻഡിഎയ്‌ക്ക് വിഷമമാകും. രാമക്ഷേത്രവിഷയം പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്ക് നൽകുന്നില്ല. പ്രാദേശിക വിഷയങ്ങളും ജാതിരാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പിനെ കൂടുതലായും സ്വാധീനിക്കുന്നത്. യോഗിയും അമിത് ഷായും തമ്മിലുള്ള ശീതസമരവും ചർച്ചയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിൽ ബിജെപിക്ക് തിരിച്ചടിയുണ്ടെന്ന് മനസ്സിലാക്കിയതോടെ അമിത് ഷാ യുപിയിൽത്തന്നെ നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കർണാടകത്തിലും ബിജെപിക്ക് മുൻസീറ്റുകൾ നിലനിർത്താനാകില്ല.

പശ്ചിമ ബംഗാളിലാകട്ടെ ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 18 സീറ്റ്‌ നിലനിർത്താനും കഴിയില്ല. മമതയ്‌ക്കും ബിജെപിക്കുമെതിരെ നിലകൊള്ളുന്ന ഇടതുപക്ഷവും കോൺഗ്രസും സീറ്റ്‌ ധാരണയോടെ മത്സരിക്കുന്നതാണ്‌ ബിജെപിയുടെ മുന്നേറ്റത്തെ പ്രധാനമായും തടയുന്നത്‌. അതുകൊണ്ടുതന്നെ, ബംഗാളിൽ ഇക്കുറി ഇടതുപക്ഷം സീറ്റ്‌ നേടുമെന്ന കാര്യത്തിൽ സംശയമില്ല. മൂർഷിബാദിൽ മത്സരിക്കുന്ന സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും പാർടി സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ്‌ സലീം ഉൾപ്പെടെ വിജയിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ എം 23 സീറ്റിലാണ്‌ മത്സരിക്കുന്നത്‌. കടുത്ത ത്രികോണമത്സരം നടക്കുന്നതിനാൽ ഇക്കുറി സീറ്റ്‌ നേടാനാകുമെന്നതിൽ സംശയമില്ല. ബംഗാളിൽ മാത്രമല്ല, ത്രിപുരയിലും സിപിഐ എം മത്സരിക്കുന്ന ഒരു സീറ്റിൽ കടുത്ത മത്സരമാണ്‌ കാഴ്ചവയ്‌ക്കുന്നത്‌.

ഹിന്ദി മേഖലയിലും ഇക്കുറി ഇടതുപക്ഷ പാർടികൾക്ക്‌ നല്ല വിജയ പ്രതീക്ഷയാണുള്ളത്‌. ബിഹാറിൽ ഇടതുപക്ഷ പാർടികൾ അഞ്ച്‌ സീറ്റിൽ മത്സരിക്കുന്നുണ്ട്‌. സിപിഐ എംഎൽ മൂന്ന്‌ സീറ്റിലും സിപിഐയും സിപിഐ എമ്മും ഓരോ സീറ്റിലും. 25 വർഷം മുമ്പാണ്‌ ഒരിടതുപക്ഷ പാർടിക്ക്‌ ബിഹാറിൽ ലോക്‌സഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നത്‌. എന്നാൽ, ഇക്കുറി ഇടതുപക്ഷത്തിന്‌ ഒന്നിലധികം സീറ്റ്‌ ബിഹാറിൽനിന്ന്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. സിപിഐ എം മത്സരിക്കുന്ന ഖഗാരിയയിൽ സിപിഐ എമ്മിലെ സഞ്ജയ് കുമാർ ഖുശ്വാഹയ്ക്ക് വിജയസാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രം റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. രാജസ്ഥാനിലെ ശെഖാവതി മേഖലയിലുള്ള സിക്കറിൽ ഇന്ത്യ കൂട്ടായ്‌മയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന കർഷക സമരനേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ അമ്ര റാമും വിജയിക്കുമെന്നാണ്‌ പല ഹിന്ദിമാധ്യമങ്ങളും വിലയിരുത്തുന്നത്‌. അതായത്‌ ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ചും സിപിഐ എമ്മിന്‌ ഇക്കുറി കേരളത്തിനു പുറത്ത്‌ ഹിന്ദി മേഖലയിലും പ്രാതിനിധ്യമുണ്ടാകും. ബിജെപിക്കെതിരെ ഇഞ്ചോടിഞ്ച്‌ പൊരുതുന്ന പ്രസ്ഥാനമാണ്‌ സിപിഐ എമ്മും ഇടതുപക്ഷവും എന്നത്‌ അംഗീകരിക്കപ്പെടുമെന്നുതന്നെയാണ്‌ വിശ്വാസം.

ഇടതുപക്ഷംകൂടി ഭാഗമായ ഇന്ത്യ കൂട്ടായ്‌മ വൻ മുന്നേറ്റം നടത്തുമെന്ന്‌ കണ്ടതോടെയാണ്‌ വികസിത ഭാരതം ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച്‌ മോദി കടുത്ത വർഗീയ പ്രചാരണത്തിലേക്ക്‌ നീങ്ങിയത്‌. സ്വന്തം മാനിഫെസ്‌റ്റോയെക്കുറിച്ച്‌ ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രി പ്രതിപക്ഷ കക്ഷികളുടെ മാനിഫെസ്‌റ്റോകളിൽ മുസ്ലിംലീഗിന്റെ ചിന്താപദ്ധതിയുണ്ടെന്ന്‌ ആരോപിക്കുകയും രാഷ്ട്രത്തിന്റെ വിഭവങ്ങൾ മുസ്ലിങ്ങൾക്ക്‌ നൽകാനാണ്‌ ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നതെന്ന്‌ ആരോപിക്കുകയും ചെയ്തു. ജാതി സർവേ വേണമെന്ന ഇന്ത്യ കൂട്ടായ്‌മയുടെ നിലപാടും മോദിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. വീട്ടിലെ സാധനങ്ങൾപോലും എക്സ്‌റേയിലൂടെ കണ്ടെത്തി മുസ്ലിങ്ങൾക്ക്‌ നൽകുമെന്നാണ് മോദി പറയുന്നത്. പരാജയ ഭീതി പ്രധാനമന്ത്രിയുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വർഗീയതയും വർഗീയ ലഹളയും കുത്തിയിളക്കാനാണ്‌ പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിപോലും ഇത്രയും തരംതാഴ്ന്ന ഭാഷയിൽ സംസാരിച്ചിട്ടില്ല. രാജ്യത്തിനുതന്നെ അപമാനം വരുത്തിവയ്‌ക്കുന്ന വർഗീയ പ്രസംഗമാണ് പ്രധാനമന്ത്രിയുടേത്. ഇത്‌ തടയേണ്ട തെരഞ്ഞെടുപ്പ്‌ കമീഷനാകട്ടെ അതിന് കൈയടിക്കുകയുമാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.