മലയാളി ഉള്ള കാലത്തോളം മറക്കാത്ത പേരുകളിൽ ഒന്നാണ് സ. നായനാരുടേത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 20 വർഷംമുമ്പ് 2004 മേയ് 19 ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.
സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു.
സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽ വാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഈ ഘട്ടത്തിൽ ഒളിവിൽ പോയി.
കയ്യൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.
ത്യാഗോജ്വലമായ സമരസംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന് എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. 1970ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലം മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.
കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടിയേക്കാൾ വലുതായൊന്നും നായനാർക്കുണ്ടായിരുന്നില്ല.
നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. ആദ്യത്തെ ഐടി പാർക്ക് സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ചപ്പാടുകൾ പ്രായോഗികമാക്കപ്പെട്ടത് നായനാർ നയിച്ച ഇടതുഭരണകാലത്താണ്.
രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിലാണ് ഇക്കുറി നാം നായനാർ ദിനം ആചരിക്കുന്നത്. കടുത്ത കോർപ്പറേറ്റ് പ്രീണനവും മുരത്ത വർഗീയതയും മാത്രം കൈകാര്യം ചെയ്ത മോദി സർക്കാരിനെ ചെറുത്ത് തോൽപിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ. ഈ പോരാട്ടത്തിൽ ജനങ്ങൾക്കാകും അന്തിമ വിജയം എന്ന് ഉറപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. ബി ജെ പി നേതൃത്വം കൊടുക്കുന്ന തീവ വർഗീയ, പിന്തിരിപ്പൻ മുന്നണി വലിയ പരാജയം നേരിടുകയും മോദി ഭരണം അവസാനിക്കുകയും ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.
കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ കൈകാര്യം ചെയ്യാനുള്ള മോഡിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരിക്കുന്നത്. തന്റെ അമിതാധികാര തീവ്ര വർഗീയ ശ്രമങ്ങൾക്ക് തിരിച്ചടി ഏൽക്കുന്നു എന്ന് മനസിലാക്കിയ പ്രധാനമന്ത്രി കൂടുതൽ അപകടകരമായ വർഗീയ വിദ്വേഷം വമിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അഖിലേന്ത്യാ തലത്തിൽ പ്രാദേശിക പാർടികളുടെ ഒരു മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മ വളർത്തിയെടുക്കാനുള്ള നമ്മുടെ പാർടിയുടെ ശ്രമങ്ങൾ അവേശകരമായി മുന്നേറുന്ന ഘട്ടത്തിലാണ് സ. നായനാരുടെ ചരമദിനം കടന്നുവരുന്നത്. ഏതു പ്രതിസന്ധിയും മുറിച്ചുകടന്ന് മുന്നോട്ടുകുതിക്കാൻ കരുത്തുപകരുന്നതാണ് നായനാരുടെ ഓർമകൾ. ജനങ്ങൾ സ്നേഹിച്ച, ജനങ്ങളെ സ്നേഹിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരി നായനാരുടെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലി. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കൂടുതൽ ശക്തിയായി മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതിജ്ഞ നമുക്ക് പുതുക്കാം.