മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ അതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചത് എന്ന് വ്യക്തമാകുകയാണ്. വ്യാജ അപേക്ഷകൾ ശുപാർശ ചെയ്‌ത സർക്കാരിന് സമർപ്പിച്ചവരുടെ കുട്ടത്തിൽ ആറ്റിങ്ങിലിൽ നിന്നുള്ള കോൺഗ്രസ് എംപിയും മുൻ മന്ത്രിയുമായ അടൂർ പ്രകാശും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുണ്ടെന്ന കാര്യമാണ് പുറത്തുവന്നിട്ടുള്ളത്. കേവലം ഒന്നോ രണ്ടോ പേരുടെ അപേക്ഷകളിലാണ് ഇത് സംഭവിച്ചതെങ്കിൽ സ്വാഭാവികമായ ശ്രദ്ധക്കുറവെന്ന് ധരിക്കാം. പക്ഷേ, ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ഏജൻസിയായി ചിലർ പ്രവർത്തിച്ചുവെന്ന് വേണം കരുതാൻ. സിപിഐ എമ്മിന് വേണ്ടപ്പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്ന് ആക്ഷേപിക്കുന്ന യുഡിഎഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും എന്തേ ഇക്കാര്യം മറച്ചുവെക്കാൻ ശ്രമിക്കുന്നത്? വ്യാജ അപേക്ഷകരെ പ്രോത്‌സാഹിപ്പിച്ച് സുതാര്യമായി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രതിഛായ തകർക്കാനുള്ള ഗുഢാലോചനയും ഇതിന് പിന്നിലുണ്ടോ എന്നും സംശയിക്കണം.പഴുതടച്ച അന്വേഷണവും തുടർനടപടികളും ഇക്കാര്യത്തിൽ വേണം. ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പം നില്ക്കാൻ കേരളത്തെ പ്രാപ്തമാക്കുന്ന നവകേരള കർമ്മപദ്ധതിയാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്.
കോൺഗ്രസിന്റെ തകർച്ചക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് പാർടിക്കുള്ളിലെ ജനാധിപത്യമില്ലായ്‌മയാണ്. പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ കാരണമായി കോൺഗ്രസ് മുന്നോട്ടുവെക്കുന്ന കാരണമാണ് വിചിത്രം. നിയമസഭാ , ലോകസഭാ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുന്നതിന് പാർടിയിൽ ഐക്യം ആവശ്യമാണെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടന്നാൽ ഈ ഐക്യം തകരുമെന്നുമാണ്. ജനാധിപത്യവഴിയേ സഞ്ചരിച്ചാൽ പാർടിയിൽ ഐക്യം നഷ്ടപ്പെടുമെന്നും അതിനാൽ നോമിഷേൻ മതിയെന്നുമാണ് തീരുമാനം. അതിന് പാർടി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരിക്കുയാണ്.
കോഴിക്കോട് എൻഐടിയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗങ്ങളുടെ തുടർച്ചയാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേസരി ഭവന് കീഴിലുള്ള മാഗ്കോം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ധാരണാപത്രം. കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ എൻഐടിയിൽ നടന്ന ചടങ്ങിലാണ് അക്കാദമിക് ധാരണാപത്രം ഒപ്പിട്ടത്. ഇതിന് കളമൊരുക്കാനാണ് വിദ്യാർഥി രാഷ്ട്രീയം വിലക്കുന്നത്. സംഘപരിവാര അനുകൂല വാർത്തയെഴുത്തുകാരെ സൃഷ്ടിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം. കോഴ്‌സുകൾക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ ഇവിടുത്തെ അധ്യാപകർക്കൊപ്പം മാഗ്‌കോം നിശ്‌ചയിക്കുന്നവരായിരിക്കും ക്ലാസ് നയിക്കുക. ആർഎസ്‌എസുമായും സംഘപരിവാരവുമായും അടുത്ത ബന്ധം പുലർത്തുന്ന എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയാണ് കാവിവൽക്കരണത്തിൻ്റെ സൂത്രധാരൻ. കഴിഞ്ഞ ദിവസം എബിവിപി പരിപാടിയിൽ അതിഥികളായി എൻഐടി ഡയറക്ടറും വിദ്യർഥി ക്ഷേമവിഭാഗം ഡീനും പങ്കെടുത്തിരുന്നു. ക്യാമ്പസിൽ വിദ്യർഥി രാഷ്ട്രീയം അനുവദിക്കില്ലെന്ന് ശഠിക്കുന്നവർ തന്നെയാണ് എബിവിപി പരിപാടിക്ക് അനുമതി നൽകിയതും പങ്കെടുത്തതും. മതനിരപേക്ഷതക്ക് ഏറെ വേരോട്ടമുള്ള കേരളത്തിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.