Skip to main content

എന്തു ഹീനകൃത്യവും ചെയ്യാൻ മടിയില്ലാത്ത ക്രിമിനൽ മനസുമായി നടക്കുന്ന കോൺഗ്രസിൻ്റെ ഉന്നതനേതൃത്വം പ്രതികൂട്ടിലാണ്

'കോട്ടയം കുഞ്ഞച്ചൻ'മാർ കോൺഗ്രസിനെ നയിക്കുമ്പോൾ ...

തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിൻ്റെ മാനസികനില അപകടകരമാംവിധം മലിനമായിക്കൊണ്ടിരിക്കുകയാണ്.

കേരളം സ്നേഹാദരങ്ങളോടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച
കെ കെ ശൈലജ ടീച്ചറെയാണ് ഹീനമായ വ്യക്തിഹത്യക്കിരയാക്കാൻ ഇക്കൂട്ടർ ഇപ്പോഴിറങ്ങിത്തിരിച്ചിരിക്കുന്നത്.

തങ്ങളെ എതിർക്കുന്ന ഒരു സ്ഥാനാർത്ഥിയാണ് എന്ന ഒറ്റക്കാരണത്താൽ 68 വയസുള്ള ശൈലജ ടീച്ചർക്കെതിരെ അശ്ലീല പ്രചരണം നടത്താൻ കോൺഗ്രസ് ക്രിമിനലുകൾക്ക് ഒരു മടിയുമില്ല .
മനുഷ്യരായി പിറന്നവരാരും ചെയ്യാത്ത നെറികേട് പിടിക്കപ്പെടുകയും നാട് തിരിച്ചറിയുകയും ചെയ്തപ്പോൾ
അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന മട്ടിലാണ് പ്രതിപക്ഷ നേതാവു മുതൽ വടകര MLA വരെ പച്ചക്കള്ളം ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് അംഗം മുതൽ അഖിലേന്ത്യ കോ- ഓർഡിനേറ്ററായ യൂത്ത് നേതാവു വരെ പ്രതിക്കൂട്ടിൽ കയറി നിൽക്കുമ്പോഴാണ് ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന്, എല്ലാം വെറും പ്രചരണം മാത്രമെന്ന് ഇക്കൂട്ടർ ലജ്ജയില്ലാതെ ആവർത്തിക്കുന്നത്.

സൈബറിടങ്ങളിലെ വ്യക്തിഹത്യകൾക്കും സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കുമെതിരെ നിരന്തരം ആഞ്ഞടിക്കുന്ന പലരും ഇപ്പോൾ പാലിക്കുന്ന മൗനവും ശ്രദ്ധേയമാണ്.
ചിലർ ബാലൻസിങ് സിദ്ധാന്തങ്ങളുമായി രംഗത്തിറങ്ങാനുള്ള അസാമാന്യ തൊലിക്കട്ടിയും പ്രദർശിപ്പിക്കുന്നുണ്ട്.

എല്ലാ പാർട്ടിക്കാരും ഇത്തരത്തിലൊക്കെ ചെയ്യാറുണ്ടെന്ന് സമർത്ഥിച്ച് കോൺഗ്രസിനെ അത്തർ പൂശാൻ ശ്രമിക്കുന്നവരുടെ പിന്തുണയാണ് ക്രിമിനൽ ആഭാസൻമാർക്ക് ശക്തി നൽകുന്നത്.
സെെബർ അധിക്ഷേപങ്ങളുടെയും വ്യക്തിഹത്യകളുടെയും ചരിത്രം പരിശോധിച്ചാൽ ഇക്കാര്യത്തിലെ മാധ്യമങ്ങളുടെയും മറ്റു ചിലരുടെയും ഇരട്ടത്താപ്പ് വ്യക്തമാവും.

തങ്ങൾക്കിഷ്ടമില്ലാത്തവര തെറിവിളിക്കുന്ന, ലൈംഗികാധിക്ഷേപം നടത്തുന്ന സൈബർ ഭീരുക്കൾ എല്ലാ പാർട്ടിയിലുമില്ലേ?
എന്ന നിഷ്കളങ്ക ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്.
എന്താണ് വസ്തുത?
സൈബർ ഇടങ്ങളിൽ മുഖമുള്ളവരും ഇല്ലാത്തവരുമായ ഇത്തരക്കാർ എല്ലാ പാർട്ടികളെയും പിന്തുണക്കുന്നവരിൽ ഉണ്ട് എന്നത് സത്യമാണ്.
എന്നാൽ ഇത്തരക്കാരോട് ഓരോ പാർട്ടിയും പുലർത്തുന്ന സമീപനമെന്താണ്?
ഇത്തരം സംഭവങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ് ? എന്നതൊക്കെയാണ് പ്രസക്തം.

ഇടതുപക്ഷത്തെ പിന്തുണക്കുന്ന ആരെങ്കിലും ഒരാൾ സൈബർ ഇടത്തിൽ അനുചിതമായി പെരുമാറിയാൽ അയാളെ പിന്തുണക്കാനോ ഏറ്റെടുക്കാനോ ഇടതു നേതൃത്വത്തിൽ ആരും തയാറാവുന്നില്ല എന്ന വസ്തുത പലരും കണ്ടില്ലെന്ന് നടിക്കുന്നു .
മാത്രവുമല്ല ഇത്തരം തെറ്റായ പ്രവണതകൾക്കതിരെ നിരന്തരം ശബ്ദിക്കാനും ഇടതുപക്ഷം തയ്യാറാവുന്നു .
ഇക്കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രതയും ചെറുതല്ല.

മറിച്ച് വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിൻ്റെ സമീപനമെന്താണ് ? സൈബർ ക്രിമിനൽ സംഘത്തെ പിന്തുണയ്ക്കുന്നു എന്ന് മാത്രമല്ല ഇത്തരം വ്യക്തിഹത്യാ പരിപാടികൾക്കായി പണം കൊടുത്ത് വികൃതമനസ്കരെ നിയോഗിച്ചിരിക്കുകയാണ് കോൺഗ്രസും ലീഗും ബി ജെ പിയും.

ഈയടുത്താണ് ഇടതുപക്ഷ യുവജന നേതാക്കളുടെ ഭാര്യമാർക്കെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീല അക്രമണവുമായി 'കോട്ടയം കുഞ്ഞച്ചൻ' എന്ന പ്രൊഫൈൽ രംഗത്തു വന്നത്. യുവജന നേതാക്കളോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ അവരുടെ ഭാര്യമാരെ വ്യക്തിഹത്യ ചെയ്യാനാണ് ഈ മലിനമനസ്കൻ പുറപ്പെട്ടത്. അന്തരിച്ച പി ബിജുവിൻ്റെ ഭാര്യയെ പോലും ഈ നരാധമൻ അധിക്ഷേപിച്ചു. ഈ വ്യാജ പ്രൊഫൈലിനെതിരെ നിയമനടപടി സ്വീകരിക്കുകയുണ്ടായി . കോട്ടയം കുഞ്ഞച്ചൻ എന്ന അശ്ലീല അക്കൗണ്ടിൻ്റെ യഥാർത്ഥ മുഖം സൈബർ പോലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ കെ എസ് യു നേതാവായിരുന്നു പ്രതി. ഇയാളെ ജാമ്യത്തിൽ പുറത്തിറക്കാൻ കെ പി സി സി നേരിട്ടാണ് രംഗത്തിറങ്ങിയത്.

സൈബർ രംഗത്തെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും വ്യക്തിഹത്യയ്ക്കും നേതൃത്വം കൊടുക്കുന്ന നെറികേടിൻ്റെ ആൾരൂപമായ നേതാവു തന്നെ ജാമ്യമെടുത്തതിൽ മേനിനടിച്ചുകൊണ്ട് ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഇത്തരം ക്രിമിനലുകളെ തുടർന്നും സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
ഈ കുറ്റവാളി അടുത്ത ദിവസം സമാന കേസിൽ പാലക്കാട്ട് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു . ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ഈ ക്രിമിനലിനെ കോൺഗ്രസ് നേതൃത്വം
കെ എസ് യു ജില്ലാ സെക്രട്ടറിയായി നിയമിച്ചു !
എന്തു സന്ദേശമാണ് സൈബർ ക്രിമിനലുകൾക്ക് കോൺഗ്രസ് പകർന്നു നൽകുന്നത് ?
എന്തു ഹീനകൃത്യം നടത്തിയാലും സംരക്ഷിക്കാനും ജാമ്യത്തിലെടുക്കാനും നേതൃസ്ഥാനങ്ങൾ നൽകാനും തങ്ങളുണ്ടെന്ന് പരസ്യമായി വിളിച്ചു പറയുന്ന വലതുപക്ഷ ജീർണത കണ്ടില്ലെന്നു നടിക്കുന്നവരോട് ഒന്നും പറയാനില്ല .
ഇതാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്. ക്രിമിനൽ സംഘത്തെ തീറ്റ കൊടുത്ത് പോറ്റുന്ന കോൺഗ്രസ് എതിരാളെ വേട്ടയാടാൻ മനോവൈകൃതമുള്ള ഇക്കൂട്ടരെയാണ് ഉപയോഗിക്കുന്നത്.

ഇനി മറ്റൊരു കാര്യം:
ക്രിമിനൽ സംഘത്തെ സൈബർ ഇടങ്ങളിൽ കൂലിക്ക് ഉപയോഗിക്കുക മാത്രമല്ല
കോൺഗ്രസ് നേതാക്കൻമാർ തന്നെ സെബർ കുറ്റകൃത്യങ്ങൾക്കും വ്യക്തിഹത്യയ്ക്കും നേരിട്ട് നേതൃത്വം നൽകുന്നതും പതിവുകാര്യം മാത്രം.
വിയോജിപ്പിൻ്റെ പേരിൽ പ്രശസ്ത എഴുത്തുകാരി ശ്രീമതി കെ ആർ മീരയെ അധിക്ഷേപിക്കുകയും കടിച്ചു കീറാനായി തങ്ങളുടെ സൈബർ അടിമകൾക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തത് വിവരമില്ലാത്ത ഏതെങ്കിലുമൊരു കോൺഗ്രസ് അണിയായിരുന്നില്ല നേതാവ് തന്നെയായിരുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയിൽ നിന്നും LDF കൺവീനർ ഇപി ജയരാജൻ്റെ ഭാര്യയുടെ തലവെട്ടിമാറ്റി സ്വർണക്കടത്തു കേസിലെ പ്രതിയുടെ തല മോർഫു ചെയ്തുചേർത്ത വ്യാജ ചിത്രവുമായി നടത്തിയ നുണപ്രചരണത്തിൻ്റെ നേതൃത്വം കൊല്ലം ഡിസിസി പ്രസിഡൻ്റിനും എറണാകുളത്തെ കെ പി സി സി ജനറൽ സെക്രട്ടറിയ്ക്കുമായിരുന്നു എന്നതും മറക്കാറായിട്ടില്ല. ഇത്തരമൊരു നികൃഷ്ടമായ ചെയ്തി ഏതെങ്കിലും സി പി ഐ (എം) ജില്ലാ സെക്രട്ടറിയാണ് ചെയ്തതെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും.
ഇവിടെയും നേതാക്കൾ നേരിട്ടാണ് മോർഫിങ്ങ് പരിപാടിയ്ക്ക് നേതൃത്വം കൊടുത്തത് . മുഖമില്ലാത്ത അണികളായ അടിമകളെയല്ല നേതാക്കളെയാണ് ആദ്യം എതിർക്കേണ്ടതും തുറന്നു കാട്ടേണ്ടതും.

കുറച്ചു നാൾമുമ്പ് ,
മന്ത്രിയായിരുന്ന
മേഴ്‌സി കുട്ടിയമ്മയ്ക്കെതിരെ അശ്ലീല ആക്ഷേപങ്ങൾ ചൊരിഞ്ഞ് വ്യക്തിഹത്യ നടത്തിയതിന് കേസിൽ പ്രതിയായത് പ്രതിപക്ഷനേതാവിൻ്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്നു എന്നത് എത്ര ഭംഗിയായാണ് ഇപ്പോൾ ചിലർ മറന്നു കളയുന്നത് .

എന്തിനധികം
സ്വന്തം വെരിഫൈഡ് ഐഡിയിലൂടെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തിക്കൊണ്ട് കോൺഗ്രസ് സംസ്കാരം പ്രദർശിപ്പിച്ചത് സാക്ഷാൽ പ്രതിപക്ഷ നേതാവായിരുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ വ്യാജ അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ക്രിമിനലുകളെ ന്യായീകരിച്ചതും, " ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് " എന്ന വഷളത്തരം പറഞ്ഞതും അദ്ദേഹം തന്നെയായിരുന്നല്ലോ.
ആ പ്രതിപക്ഷ നേതാവിനെ പത്ര സമ്മേളന വേദിയിൽ വെച്ച് കണ്ണുപൊട്ടുന്ന തെറി വിളിച്ച കെ പി സി സി പ്രസിഡൻ്റിനെയും അടുത്ത കാലത്ത് കേരളം കണ്ടു.
ഇവരിൽ നിന്നൊക്കെ എന്തു മാന്യതയാണ് പ്രതീക്ഷിക്കാനാവുക?

ഏതെങ്കിലും വിവരം കെട്ട സൈബർ ക്രിമിനലിനെക്കുറിച്ചല്ല പരാതി. എന്തു ഹീനകൃത്യവും ചെയ്യാൻ മടിയില്ലാത്ത ക്രിമിനൽ മനസുമായി നടക്കുന്ന കോൺഗ്രസിൻ്റെ ഉന്നതനേതൃത്വമാണ് പ്രതിക്കൂട്ടിൽ.
നിങ്ങളുടെ സ്ത്രീവിരുദ്ധ - തൊഴിലാളി വിരുദ്ധ - കീഴാളവിരുദ്ധ മനസാണ് പ്രശ്നം. നിങ്ങളെ നയിക്കുന്ന മലിന ചിന്തകളാണ് പ്രശ്നം.

ശൈലജ ടീച്ചറെ "വെറും തുന്നൽ ടീച്ചർ " എന്ന് പരിഹസിക്കുകയും നവകേരള നിർമിതിക്ക് നേതൃത്വം നൽകിയ
ടി എം തോമസ് ഐസക്കിനെ കയറു പിരിശാസ്ത്രജ്ഞൻ എന്നാക്ഷേപിക്കുകയും ചെയ്തത് വലതു പക്ഷ നേതൃത്വത്തിൻ്റെ മലിന മനസാണ്. അതിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം വടകരയിൽ മുഴങ്ങിയ "തൊഴിലുറപ്പിൻ പെണ്ണുങ്ങളല്ലാ" എന്ന നാറുന്ന മുദ്രാവാക്യം
സ്ത്രീയും, തൊഴിലാളിയും, ദളിതരും എല്ലാം നിങ്ങൾക്ക് ആക്ഷേപമായി തോന്നുന്നതിൽ അഭ്ഭുതമില്ല. കാരണം മനുഷ്യ രൂപമുണ്ടെങ്കിലും മനുഷ്യത്വത്തിൽ നിന്നും പ്രകാശവർഷങ്ങൾക്കകലെ കഴിയുന്നവരാണ് നിങ്ങൾ.

തുന്നൽ ടീച്ചർ എന്നു പരിഹസിച്ച് പ്രചരണം നടത്തിയവർക്ക് ശൈലജടീച്ചർ അന്നു നൽകിയ മറുപടി ഞാൻ തുന്നൽ ടീച്ചറല്ല, ഫിസിക്സ് ടീച്ചറാണ് എന്നായിരുന്നില്ല , മറിച്ച്
"തുന്നൽ ടീച്ചർക്കെന്താ കുഴപ്പം?" എന്നായിരുന്നു.
മനുഷ്യവിരുദ്ധതയുടെ മാലിന്യം ഭക്ഷിച്ചു ജീവിക്കുന്ന ഭീരുക്കളേ നിങ്ങൾക്ക് ആ മറുപടിയുടെ ഔന്നത്യം മനസിലാവില്ല .

അഖിലേന്ത്യാ കോ-ഓർഡിനേറ്റർ മുതൽ ഗ്രാമ പഞ്ചായത്തംഗം വരെ കെ കെ ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തിയതിൻ്റെ സ്ക്രീൻ ഷോട്ടുകൾ നവമാധ്യമങ്ങളിൽ പറന്നു നടക്കുമ്പോഴും തങ്ങൾ ഇതൊന്നും കണ്ടിട്ടില്ലെന്നും ശൈലജ ടീച്ചർക്കെതിരെ ആരും സൈബർ അക്രമണം നടത്തിയിട്ടില്ലെന്നും നിരന്തരം നുണ പറയുന്ന നീചരെ, നിങ്ങളെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.
നിങ്ങളെ രക്ഷിക്കാൻ നെറികെട്ട കൂലിയടിമകളുടെ ആഭാസ പ്രകടനങ്ങൾക്കാവില്ല.

ഇത് ശൈലജ ടീച്ചറാണ്..
ഇടതു പക്ഷമാണ്....
മഹാവ്യാധികളെ പൊരുതിത്തോൽപിക്കാൻ കേരളത്തെ നയിച്ച ടീച്ചറെ വടകര ഹൃദയത്തിൽ സ്വീകരിക്കുക തന്നെ ചെയ്യും.
നിപയും , കോവിഡും , കോൺഗ്രസും നാടിനാപത്താണെന്ന് ജനങ്ങൾക്കറിയാം.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.